ല്ല സെക്‌സ് നല്ല ആരോഗ്യത്തിന് സഹായിക്കും. എന്നാല്‍ അമിത സെക്‌സ്, സെക്‌സിനോട് അഡിക്ഷന്‍  തുടങ്ങിയ അവസ്ഥകളുമുണ്ട്. ഇവ രണ്ടും ശാരീരിക, മാനസിക ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. 

എന്താണ് സെക്‌സ് അഡിക്ഷന്‍?

ഒരു വ്യക്തിക്ക് സ്വന്തം ലൈംഗിക പെരുമാറ്റത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതിനെയാണ് സെക്‌സ് അഡിക്ഷന്‍ എന്ന് വിളിക്കുന്നത്. ഹൈപ്പര്‍ സെക്ഷ്വാലിറ്റി, സെക്ഷ്വല്‍ ഡിപന്‍ഡന്‍സി, കംപൾസീവ് സെക്ഷ്വല്‍ ബിഹേവിയര്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

സ്ഥിരമായ ലൈംഗിക വിചാരം മൂലം ഇത്തരക്കാര്‍ക്ക് ജോലി ചെയ്യുന്നതിനും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. സാധാരണഗതിയില്‍, സെക്‌സ് അഡിക്ഷനുള്ളവര്‍ ഒന്നിലധികം പങ്കാളികളുമായി ബന്ധം പുലര്‍ത്തുന്നവരോ മൃഗങ്ങളുമായി പ്രകൃതിവിരുദ്ധ രീതിയില്‍ ബന്ധപ്പെടുന്നതിനു ശ്രമിക്കുന്നവരോ ആയിരിക്കും. മതിവരാത്ത രീതിയിലുള്ള സ്വയംഭോഗം, പോണ്‍ കാണുക അല്ലെങ്കില്‍ ലൈംഗികോത്തേജനം ലഭിക്കുന്ന സാഹചര്യങ്ങളില്‍ കഴിയുക തുടങ്ങിയവയും സെക്‌സ് അഡിക്ഷന്റെ ഭാഗമാണ്. 

സെക്‌സ് അഡിക്ഷന്‍ മാനോവൈകല്യം തന്നെ

സെക്‌സ് അഡിക്ഷന്‍ ഒരു മനോ വൈകല്യമാണെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. മാനസിക പ്രശ്‌നങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് ഇപ്പോഴാണ്. സെക്‌സ് അഡിക്ഷനൊപ്പം ഗെയിമിങ് അഡിക്ഷനേയും ലോകാരോഗ്യ സംഘടന ഈ അടുത്തായി പുറത്തിറക്കിയ മാനസികരോഗങ്ങളുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കാരണങ്ങള്‍ 

ഇതിന്റെ കൃത്യമായ കാരണം എന്തെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഇനി പറയുന്ന തരത്തിലുള്ള നിരവധി ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുവെന്ന് കരുതുന്നു;

 • ജൈവരാസ മാറ്റങ്ങള്‍ ഉള്‍പ്പെടെ തലച്ചോറില്‍ ഉണ്ടാകുന്ന ഏതു തരം മാറ്റങ്ങളും
 • കെട്ടുറപ്പില്ലാത്ത കുടുംബന്ധങ്ങള്‍: മിക്ക സെക്‌സ് അഡിക്റ്റുകളും ഇത്തരം സാഹചര്യങ്ങളില്‍ നിന്നുള്ളവരായിരിക്കും
 • ലൈംഗിക ഉള്ളടകങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത്
 • മയക്കുമരുന്ന് ഉപയോഗം
 • സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പരിചയക്കാര്‍ അമിതമായി ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോ അല്ലെങ്കില്‍ പോണ്‍ കാണുന്നവരോ ആണെങ്കില്‍, അത് ഒരാളെ സെക്‌സ് അഡിക്ഷനിലേക്ക് നയിക്കാം.

സെക്‌സ് അഡിക്ഷന്റെ ലക്ഷണങ്ങള്‍

സെക്‌സ് അഡിക്ഷന്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അഡിക്ഷനുള്ള മിക്ക ആളുകളും പങ്കാളികളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഇത് മറച്ചുവയ്ക്കുകയാണ് പതിവ്. സെക്‌സ് അഡിക്റ്റിനെ തിരിച്ചറിയുന്നതിന് ഇനി പറയുന്ന ഏതെങ്കിലും ഒരു ലക്ഷണമോ അല്ലെങ്കില്‍ എല്ലാ ലക്ഷണങ്ങളുമോ സഹായിക്കും;

 • അപരിചിതര്‍ ഉള്‍പ്പെടെ ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗികബന്ധം
 • സ്വയംഭോഗം മതിവരാത്ത അവസ്ഥ
 • അരക്ഷിതമായ ലൈംഗികബന്ധം
 • ശല്യപ്പെടുത്തുന്ന രീതിയിലുള്ള ലൈംഗിക ചിന്തകള്‍
 • സൈബര്‍ സെക്‌സ്
 • ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള കമ്പം
 • ലൈംഗിക സ്വഭാവം അല്ലെങ്കില്‍ പ്രവൃത്തി നിയന്ത്രിക്കാന്‍ കഴിയാതെവരിക
 • ലൈംഗികത്തൊഴിലാളികളെ സന്ദര്‍ശിക്കുക
 • ലൈംഗികമായ പ്രവൃത്തി അല്ലെങ്കില്‍ പെരുമാറ്റത്തിനു ശേഷം കുറ്റബോധം തോന്നുക.
 • അഡിക്ഷനെക്കുറിച്ച് കള്ളം പറയുക
 • തൊഴിലിനെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെങ്കില്‍ക്കൂടി ലൈംഗികതയ്ക്ക് പ്രാധാന്യം നല്‍കുക
 • ലൈംഗിക പ്രവൃത്തിമൂലം സ്വയം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അപകടം വരുത്തുക.

ഒരു സെക്‌സ് അഡിക്റ്റിന് ലൈംഗികാഹ്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല, ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ തടയുന്നതിനുമാവില്ല. മറ്റ് അഡിക്ഷനുകളെപ്പോലെ സെക്‌സ് അഡിക്ഷനും ചികിത്സ ആവശ്യമാണ്.

അമിത ലൈംഗീകാസക്തിക്ക് ചികിത്സയുണ്ടോ?  

ഇന്‍ പേഷ്യന്റ് ചികിത്സ: ഒരു മാസക്കാലത്തേക്ക് സെക്‌സ് അഡിക്റ്റുകളെ അവരുടെ സാധാരണ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തി ലൈംഗിക പ്രചോദനങ്ങള്‍ക്കു മേല്‍ നിയന്ത്രണം കൈവരിക്കുന്നതിനു സഹായിക്കല്‍.
കൊഗ്‌നിറ്റീവ് ബിഹേവീയറല്‍ തെറാപ്പി: ഒരു മനോരോഗ വിദഗ്ധന്‍/വിദഗ്ധയുമായി ഒറ്റയ്ക്കുള്ള ചര്‍ച്ചയിലൂടെ പ്രേരകങ്ങളെ തിരിച്ചറിയുകയും അവയെ വിജയകരമായി നേരിടുകയും ചെയ്യല്‍.

സങ്കീര്‍ണതകള്‍ ഉണ്ടോ?

സെക്‌സ് അഡിക്ഷന് ചികിത്സ നല്‍കിയില്ലെങ്കില്‍, അപകടകരമായ ലൈംഗിക സ്വഭാവത്തിനു കാരണമായേക്കാം. അരക്ഷിതമായ ലൈംഗികബന്ധം, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം എന്നിവ മൂലം അഡിക്റ്റുകള്‍ അവരുടെയും പങ്കാളിയുടെയും ആരോഗ്യം അപകടത്തിലാക്കുന്നു. വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതു മൂലം വിവാഹബന്ധം തകരുന്നതിനു കാരണമായേക്കാം. പീഡനം, ബാല ലൈംഗികപീഡനം തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതു മൂലം സെക്‌സ് അഡിക്റ്റുകള്‍ക്ക് ജയില്‍ ജീവിതം നയിക്കേണ്ടിവരികയും ചെയ്‌തേക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: മോഡസ്റ്റ

Content Highlight: Sex addiction, Mental Illness