'ന്റെ ഫോണ്‍ എന്റെ ലോകമായിത്തീര്‍ന്നിരിക്കുന്നു. എന്റെയൊരു അവയവം പോലെയായിരിക്കുന്നു.' ഇങ്ങനെയുള്ള ചിന്താഗതിയുള്ള ആളാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളെ ബാധിച്ചിരിക്കുന്നത് നോമോഫോബിയ എന്ന മാനസിക പ്രശ്‌നമാണ്. 

'നോ മൊബൈല്‍ ഫോബിയ' എന്നതിന്റെ ചുരുക്കരൂപമാണ് നോമോഫോബിയ. സ്വന്തം ഫോണിനെ അല്‍പ്പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴോ അതേപറ്റി ചിന്തിക്കുമ്പോള്‍ പോലുമോ വല്ലാത്ത ഉത്കണ്ഠ തോന്നുന്ന സ്ഥിതിവിശേഷത്തിന്റെ പേരാണ് ഇത്. പുതിയ ജനറേഷന്‍ കുട്ടികളുടെ ഇടയില്‍ ഇത് ഏറെ സ്വാഭാവികമായി കണ്ടുവരുന്നു. 

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠനഫലം അനുസരിച്ച് നാല്‍പ്പത് ശതമാനത്തോളം വിദ്യാര്‍ഥികളെ നോമോഫോബിയ പിടികൂടിയിട്ടുണ്ടെന്നാണ് ഫലം. ഫോണിലൂടെ അല്ലാതെയുള്ള ആശയവിനിമയത്തിന് പ്രാപ്തിക്കുറവുള്ളവരെ ഇത് കൂടുതലായി ബാധിക്കാം. 

ബ്രിട്ടണ്‍ ആസ്ഥാനമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 1000 പേരില്‍ 66 ശതമാനം പേര്‍ക്കും നോമോഫോബിയ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പുള്ള കണക്കുകളെ അപേക്ഷിച്ച് പുതിയ പഠനഫലത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടായതായാണ് പഠനഫലം.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് നമ്മുടെ വികാരങ്ങളേയും ചിന്തകളേയും വഴിതിരിച്ചു വിടാനുള്ള നെഗറ്റീവ് എനര്‍ജി ഉണ്ട്. ഏതൊരു പ്രശ്‌നമുണ്ടായാലും പരിഹാരത്തിന് ഫോണിനേയും ഇന്റര്‍നെറ്റിനേയും കൂട്ടുപിടിക്കുന്നവര്‍ക്ക് കാര്യകാരണങ്ങള്‍ മനസ്സിലാക്കാനും പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനുമുള്ള കഴിവ് ദുര്‍ബലമായിത്തീരും. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ആവശ്യമായ മുന്‍കരുതലുകളും നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവ നമ്മളെ പൂര്‍ണമായും കീഴടക്കുന്ന കാലം അതിവിദൂരമാവില്ലെന്ന് ഓര്‍ക്കുക.

(ജനുവരി ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)

Content Highlight: Nomophobia,Mobile Phone Addiction, Cell Phone Addiction, Mobile Phone and Addiction