ജീവിതത്തെ പരിമിതപ്പെടുത്തുന്ന അനവധി അകാരണ ഭീതികളുണ്ട്. ഈ ഭീതിയില്‍ യുക്തിയില്ലെന്ന ഉള്‍ക്കാഴ്ച കുറേയൊക്കെയുണ്ടാകും. എന്നാലും അതിജീവിക്കാന്‍ കഴിയില്ല. നാലാള്‍ കൂടുന്നിടത്ത് പോകാന്‍ പേടിക്കുന്നവരുണ്ട്. ആളുകള്‍ നിരീക്ഷിക്കുമെന്നും പരിഹസിക്കപ്പെടുമെന്നുമൊക്കെയുള്ള വിചാരത്തിനടിമപ്പെട്ടുപോകും ഇവര്‍. അത്തരമൊരു അനുഭവമാണ് ഇനി പറയുന്നത്.

''ഞാന്‍ ഇരുപത്തിയെട്ട് വയസ്സുള്ള അവിവാഹിതയാണ്. ഐ.ടി. പ്രൊഫഷണലാണ്. ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടാണ് എന്റെ പ്രശ്നം. ഇത് എപ്പോഴാണ് തുടങ്ങിയതെന്ന് കൃത്യമായി ഓര്‍മയില്ല.
രണ്ട് പെണ്‍കുട്ടികളില്‍ ഇളയവളാണ് ഞാന്‍. അമ്മ കുറച്ച് കൂടുതല്‍ വെപ്രാളമുള്ളയാളാണ്. ചേച്ചി മെഡിക്കല്‍ ഡോക്ടറാണ്. അവള്‍ക്ക് യാതൊരു പ്രശ്നവുമില്ല. രോഗികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറാണ്. എല്ലാവരുമായി നന്നായി ഇടപെടും. 

കുട്ടിയായിരുന്നപ്പോള്‍ ഞാനും അങ്ങനെയായിരുന്നുവെന്ന് അമ്മ പറയുന്നു. ടീനേജില്‍ എത്തിയപ്പോള്‍ ഞാന്‍ വല്ലാതെ തടിച്ചു. മുഖക്കുരുവും ഉണ്ടായി. അന്ന് സഹപാഠികള്‍ വല്ലാതെ പരിഹസിച്ചത് വേദനിപ്പിക്കുന്ന ഓര്‍മയാണ്. അതോടെ കൂട്ടുകാര്‍ വല്ലാതെ കുറഞ്ഞു. ആരെങ്കിലുമൊക്കെ കളിയാക്കുമോയെന്ന് പേടിയുണ്ടായിരുന്നു.

പത്താംക്ലാസ് കഴിഞ്ഞപ്പോഴുള്ള അവധിക്കാലത്ത് വണ്ണം കുറയ്ക്കാന്‍ വലിയ ശ്രമം നടത്തി. മാതാപിതാക്കളുടെയും ചേച്ചിയുടെയും വലിയ പിന്തുണയുണ്ടായി. വീട്ടിലെ ആഹാരക്രമംപോലും എനിക്കായി ക്രമീകരിച്ചു. എല്ലാവരും വ്യായാമത്തില്‍ ഏര്‍പ്പെട്ടു. അത് വലിയ ഉത്തേജനമായി. എന്റെ വണ്ണം ഗണ്യമായി കുറഞ്ഞു. മുഖക്കുരുവിനും ശമനമുണ്ടായി. പക്ഷേ, എന്നിട്ടും എനിക്ക് ധൈര്യം വന്നില്ല. പരിചയമില്ലാത്ത ആളുകളുടെ മുന്‍പിലെ എന്റെ പെരുമാറ്റം പരിഹാസ്യമാകുമോയെന്ന വിചാരം പിടികൂടി. എന്റെ ശരീരത്തിലെയോ, മുഖഭാവത്തിലെയോ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കളിയാക്കുമോയെന്ന സംശയം പോയില്ല. അതുകൊണ്ട് എനിക്ക് പഴയപോലെയാകാന്‍ കഴിഞ്ഞില്ല. അടുപ്പമുള്ള രണ്ടോ മൂന്നോ ആളുകളുടെ ഇടയില്‍ ഒരുവിധം സംസാരിക്കാന്‍ പറ്റും. അപരിചിതരുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും വിഷമമായിരുന്നു. ഞാന്‍ ചവയ്ക്കുന്നതൊക്കെ വൃത്തികെട്ട രീതിയിലാകുമോയെന്ന ഭയമുണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും ഞാന്‍ പഠനത്തില്‍ ശ്രദ്ധിച്ചു. ട്യൂഷന് പോകുന്നത് ഒഴിവാക്കാന്‍ വേണ്ടി വീട്ടിലിരുന്ന് നന്നായി പഠിച്ചു. ആളുകള്‍ കൂടുന്നിടത്ത് പോകാതിരിക്കാനായി ഞാന്‍ എന്റെ ജീവിതരീതികള്‍ തന്നെ മാറ്റി. വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഞാന്‍ എന്റെ മുറിയില്‍നിന്ന് ഇറങ്ങിവരാതെയായി. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാല്‍ മനസ്സില്ലാമനസ്സോടെ പോകും. വിളറിയ ചിരി കാണിക്കും. മികച്ച മാര്‍ക്ക് കിട്ടുന്നതുകൊണ്ടും, 'അടക്കവും ഒതുക്കവും' ഉള്ളതുകൊണ്ടും എല്ലാവരും എന്നെക്കുറിച്ച് നല്ലതേ പറയുമായിരുന്നുള്ളൂ. എന്റെ വിഷമം ഞാന്‍ ഉള്ളിലൊതുക്കി.

സ്‌കൂളിലെ പാഠ്യേതര കാര്യങ്ങളില്‍നിന്ന് ഞാന്‍ വിട്ടുനിന്നു. സ്ഥിരം സംസാരിക്കുന്ന രണ്ടോ മൂന്നോ പേരില്‍ കൂട്ടുകെട്ടുകള്‍ ഒതുക്കി. കുട്ടിയായിരിക്കെ നല്ലൊരു പാട്ടുകാരിയെന്ന പേരുണ്ടായിരുന്നു. സ്റ്റേജിലൊക്കെ പാടുമായിരുന്നു. ഈ മാനസികനില വന്നതിനുശേഷം ഞാന്‍ പൊതുവേദിയില്‍ കയറിയിട്ടില്ല. ഭയങ്കര പേടിയായിരുന്നു. സ്റ്റേജില്‍ കയറി പാടിയാല്‍ ബോറാകുമെന്നും   കേള്‍ക്കുന്നവര്‍ കൂവുമെന്നുമൊക്കെയായിരുന്നു ചിന്ത. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ നെഞ്ചിടിക്കും, മുഖം ചുവക്കും, ചുണ്ടു വരളും, കൈകാല്‍ വിറയ്ക്കും. ഞാന്‍ ഇതൊക്കെ പണ്ട് എങ്ങനെയാണ് ചെയ്തിരുന്നതെന്ന് ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നും.

പന്ത്രണ്ടാംക്ലാസും എന്‍ട്രന്‍സുമൊക്കെ കഴിഞ്ഞ് വീട്ടില്‍ വെറുതെയിരിക്കുന്ന നാളുകളില്‍ മറ്റൊരു സംഭവമുണ്ടായി. അന്ന് വല്ലാത്ത ഏകാന്തതയായിരുന്നു. ചേച്ചിയുമായി അടുപ്പത്തിലായിരുന്നു. പക്ഷേ, അവള്‍ക്ക് മെഡിസിന്‍ പഠനത്തിന്റെ തിരക്കായിരുന്നു. അതുകൊണ്ട് ഞാനുമായി വര്‍ത്തമാനം പറയാന്‍ നേരമില്ലായിരുന്നു. അതുകൊണ്ട് കൂടുതല്‍ സമയം ഞാന്‍ കംപ്യൂട്ടറിലും സ്മാര്‍ട്ട്‌ഫോണിലും ചെലവഴിച്ചു. ഒരു കൗതുകത്തിന് ഓണ്‍ലൈന്‍ ചാറ്റിങ് പരീക്ഷിച്ചു. വ്യക്തിയെ നേരില്‍ കാണാതെ ചുമ്മാ എന്തെങ്കിലും ടൈപ്പ് ചെയ്താല്‍ മതിയല്ലോയെന്ന സൗകര്യമുണ്ടായിരുന്നു. പരിചയമില്ലാത്തവരാണെങ്കിലും വലിയ ആധി തോന്നിയില്ല. അതൊരു ഹരമായി. സ്‌കൂളില്‍ സീനിയറായി പഠിച്ച ഒരാളുമായി വലിയ കൂട്ടായി. അയാള്‍ അന്യസംസ്ഥാനത്ത് പഠിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വര്‍ത്തമാനത്തിന്റെ പരിധികളൊക്കെ ചെറുതായി ലംഘിച്ചു. നേരില്‍ കാണണമെന്നായി അവന്‍. കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പേടിയായി. എന്റെ കുറ്റവും കുറവും തിരിച്ചറിയുമോയെന്ന ആധിയായി. അവനെ നേരിടാനുള്ള ആത്മധൈര്യം ചോര്‍ന്നുപോയി. ഞാന്‍ ഈ ബന്ധത്തില്‍നിന്ന് പിന്‍വാങ്ങി. ഈ ആപല്‍സാധ്യതയെക്കുറിച്ച് മനസ്സിലായതോടെ ഓണ്‍ലൈന്‍ ചാറ്റിങ് അവസാനിപ്പിച്ചു.

പന്ത്രണ്ട് കഴിഞ്ഞാല്‍ എന്‍ജിനീയറിങ്ങിന് പോകണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആളുകളെ അധികം കാണാതെ കംപ്യൂട്ടറില്‍ ചെയ്യാവുന്ന ജോലികളെക്കുറിച്ച് അന്നേ ഗവേഷണം നടത്തിയിരുന്നു. എന്‍ജിനീയറിങ് കോളേജില്‍ വല്ലപ്പോഴുമൊക്കെ സെമിനാറുകള്‍ ചെയ്യാന്‍ ഞാന്‍ കഷ്ടപ്പെട്ടു. നല്ല മാര്‍ക്കുണ്ടായിരുന്നതുകൊണ്ട് അധ്യാപകര്‍ കുറ്റം പറഞ്ഞില്ല. പ്രൊഫഷണല്‍ കോളേജിലെ 'അടിച്ചുപൊളി' സംസ്‌കാ
രത്തില്‍ ഞാന്‍ ചേര്‍ന്നില്ല. ആഗ്രഹം ഇല്ലാതിരുന്നിട്ടല്ല; അപരിചിതരുമായി ഇടപെടുമ്പോഴുണ്ടാവാനിടയുള്ള വേവലാതി ഓര്‍ത്തിട്ടാണ്. നാലുവര്‍ഷം എന്‍ജിനീയറിങ് പഠനകാലത്ത് മൂന്നോ നാലോ സുഹൃത്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വലിയ ബഹളത്തിനൊന്നും പോകാതെ ഒതുങ്ങിക്കൂടി. മനുഷ്യപ്പറ്റില്ലാത്ത ജന്തുവെന്ന പഴിയും കേട്ടു. എന്തായാലും എനിക്ക് നല്ല ജോലി കിട്ടി. കൂടുതല്‍ ആളുകളുമായി മുഖാമുഖം ഇടപെടേണ്ടതില്ലാത്ത ജോലിയായിരുന്നു. ടീമില്‍ നാലോ അഞ്ചോ പേരേ ഉണ്ടാകൂ. ആദ്യമൊക്കെ വിഷമമായിരുന്നുവെങ്കിലും പരിചയപ്പെട്ടുകഴിഞ്ഞാല്‍ കുഴപ്പമില്ലാതെയായി. എന്നാല്‍ അവരുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനൊക്കെ പ്രയാസമായിരുന്നു. അത് ഞാന്‍ ഒഴിവാക്കി. പുതിയ സാമൂഹിക സാഹചര്യങ്ങളില്‍ നേരിട്ട് പോകുന്നത് ഞാന്‍ തന്ത്രപൂര്‍വം ഒഴിവാക്കി. കഴിയുന്നത്ര ഇ-മെയില്‍ വഴിയൊക്കെ കാര്യം സാധിച്ചു. എന്നാലും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുമായിരുന്നു. സമനില തെറ്റിപ്പോകുമോയെന്ന് വരെ ഞാന്‍ ഭയന്നിട്ടുണ്ട്.

ഞാനിപ്പോള്‍ ഒരു പുതിയ പ്രതിസന്ധിയിലാണ്. വീട്ടുകാര്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. സത്യത്തില്‍ എനിക്കും വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. ആ വ്യക്തിയുമായി ഇടപെടുന്നതില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാവില്ല. ആദ്യത്തെ പേടിയൊക്കെ ക്രമേണ ഇല്ലാതായേക്കാം. പക്ഷേ, വിവാഹത്തിന്റെ ചടങ്ങുകള്‍ക്കായി ബന്ധുമിത്രാദികളുടെ മുന്‍പില്‍ നില്‍ക്കണമല്ലോ? അത് ആലോചിക്കുമ്പോള്‍ പേടിയാണ്. വിവാഹശേഷം മറ്റ് പല ബന്ധുവീടുകളിലും പോകേണ്ടിവരും. അടുത്ത് പരിചയമില്ലാത്തവരുമായി ഔപചാരികമായി സംസാരിക്കേണ്ടിവരും. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കേണ്ടിവരും. എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാലോയെന്ന ചിന്ത വിഷമിപ്പിക്കുന്നു. ധാരാളം പേരുമായി ഇടപെടാന്‍ എന്റെ ആധി അനുവദിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ വിവാഹത്തിന് സമ്മതം മൂളാതെ നില്‍ക്കുകയാണ്.
ഞാന്‍ പ്രശ്നം ചേച്ചിയോട് പറഞ്ഞു. ഇത് സോഷ്യല്‍ ഫോബിയയാണെന്നാണ് അവള്‍ പറഞ്ഞത്. ഞാനിത് നെറ്റിലൊക്കെ തപ്പി. നേരിടാനുള്ള ടിപ്‌സും വായിച്ചു. ഭയപ്പെടുന്ന സാഹചര്യത്തിലേക്ക് പോകണമെന്നാണ് പറയുന്നത്. അത് എങ്ങനെ സാധിക്കും? അതല്ലേ എന്റെ പ്രശ്നം? എനിക്ക് വിദേശത്ത് പോകാനുള്ള അവസ്ഥയൊക്കെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പേടി കാരണം സ്വീകരിച്ചിട്ടില്ല. എനിക്ക് ഒരു സാധാരണ ജീവിതം സാധ്യമാണോ?''

നാലാള്‍ കൂടുന്നിടത്ത് പോകുമ്പോള്‍ അകാരണമായ പേടിക്ക് അടിമപ്പെടുകയും അതുകൊണ്ട് സാമൂഹിക സന്ദര്‍ഭങ്ങളെ ഒഴിവാക്കുകയും ചെയ്യുന്ന അവസ്ഥയുടെ ചിത്രമാണ് കത്തില്‍. സാമൂഹികമായ ഇടപെടലുകള്‍ മനുഷ്യജീവിതത്തില്‍ അത്യാവശ്യമാണ്. അത് ആധിയില്ലാതെ അനായാസം നിര്‍വഹിക്കണം. മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയണം. സ്വന്തം ശരീരഭാഷയെക്കുറിച്ചും വര്‍ത്തമാന ശൈലിയെക്കുറിച്ചും പരിധിവിട്ട് ചിന്തിച്ചാല്‍ ഇത് എളുപ്പമാവില്ല.ഇടപെടുന്ന വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് പരിഗണന നല്‍കി വേണം പെരുമാറാന്‍. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അംഗീകരിക്കേണ്ട കാര്യങ്ങളെ പ്രോത്സാഹിപ്പിക്കണം. വിയോജിപ്പുകള്‍ ആദരം നഷ്ടപ്പെടുത്താതെ, വിനയത്തോടെ പ്രകടിപ്പിക്കണം. പരിഹാസവും കുറ്റപ്പെടുത്തലും പരമാവധി ഒഴിവാക്കണം. 

സാമൂഹികമായ പെരുമാറ്റങ്ങളില്‍ ഇങ്ങനെയൊക്കെയാകണമെന്ന് ഈ യുവതിക്ക് തീര്‍ച്ചയായും അറിയാം. എന്നാല്‍ യുക്തിരഹിതമായ ഒരു ഭീതിമൂലം ഇതൊന്നും സാധ്യമാകുന്നില്ല. ആളുകളുമായി ഇടപെടണമെന്ന മോഹമുണ്ട്. പക്ഷേ, കഴിയുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മുഖഭാവം ചതിക്കുമോയെന്ന വിചാരമാണ്. അതുകൊണ്ട് പരിഹാസത്തിന് ഇരയാകുമോയെന്ന ആശങ്കയാണ്. കൗമാരത്തില്‍ കളിയാക്കലുകളെ നേരിട്ട അനുഭവമുണ്ട്. വണ്ണം കൂടിപ്പോയി, മുഖക്കുരുവുണ്ടായിപ്പോയി, നാണം കെടുത്തുന്ന വര്‍ത്തമാനങ്ങള്‍ കേട്ടപ്പോള്‍ കൂട്ടുകെട്ടുകളില്‍ നിന്നുമകന്നു. ആളുകള്‍ പരിഹസിക്കാമെന്നൊരു സാധ്യത ഉള്ളില്‍ വേരുറച്ചു. ദുര്‍മേദസ്സ് പോയി, മുഖത്തെ കുരുക്കള്‍ പോയി. എന്നിട്ടും ഈ യുവതിയുടെ മനസ്സില്‍ കുടിയേറിയ അപകര്‍ഷബോധവും സ്വയം മതിപ്പില്ലായ്മയും ഇറങ്ങിപ്പോയില്ല. ഈ അടിത്തറയിലാണ് ഇപ്പോഴത്തെ മാനസികാരോഗ്യപ്രശ്നം വളര്‍ന്നുവന്നത്.

വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കൗമാരത്തിലും യുവത്വത്തിലുമൊക്കെ ഒരല്പം ലജ്ജയൊക്കെ വരാം. എതിര്‍ലിംഗത്തിലുള്ളവരെ കാണുമ്പോള്‍ ചിലര്‍ക്ക് നെഞ്ചിടിപ്പുണ്ടാകും. അപരിചിതരോ സ്ഥാനംകൊണ്ട് ഉയര്‍ന്നവരോ ആയ വ്യക്തികളെ കാണുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ പലരും ശ്രമിക്കും. അവരുടെ മുഖത്ത് നോക്കി സംസാരിക്കുമ്പോള്‍ വെപ്രാളം തോന്നാം. ഭൂരിപക്ഷത്തിനും ഇത് താത്കാലികമായ മാനസികാവസ്ഥകള്‍ മാത്രമാണ്. ജീവിതം നല്‍കുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെയും അവസരങ്ങളുടെയും പിന്തുണയോടെ അതിജീവിക്കും. നേരിടാന്‍ ശ്രമിക്കാതെ ഒഴിവാക്കുന്നവരിലാണ് ഇത് സോഷ്യല്‍ ഫോബിയയെന്ന അവസ്ഥയിലേക്ക് എത്തുന്നത്. എത്ര ആസൂത്രിതമായിട്ടാണ് ഈ യുവതി ഒഴിവാക്കലുകള്‍ നടപ്പിലാക്കുന്നത്. ആളുകളെ അഭിമുഖീകരിക്കാനുള്ള സാഹചര്യമുള്ള തൊഴില്‍മേഖലകള്‍ വേണ്ടെന്നുവയ്ക്കുന്നു. വിവാഹം ആഗ്രഹമുണ്ടെങ്കിലും അതുമൂലം ചെയ്യേണ്ട സാമൂഹികമര്യാദകളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ആസൂത്രിതമായി ഘട്ടംഘട്ടമായി നേരിടുകയെന്ന തന്ത്രം ഇതുവരെ പ്രയോഗിച്ചിട്ടില്ല. ചെയ്തതൊക്കെയും ആധിയെ വളര്‍ത്താനുള്ള നടപടികളായിമാറുകയും ചെയ്തു.
സൂക്ഷ്മമായി വിശകലനംചെയ്യുമ്പോള്‍ ഈ യുവതിയുടെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രണ്ട് ഘടകങ്ങള്‍ കാണാം. പൊതു ഇടത്തില്‍ നിരീക്ഷിക്കപ്പെടുമെന്നും പരിഹാസം നേരിടേണ്ടിവരുന്ന പെരുമാറ്റശൈലികള്‍ പ്രകടിപ്പിക്കുമെന്നുമുള്ള വിചാരങ്ങളാണ് ആദ്യത്തെത്. സാമൂഹികസാഹചര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്ന പ്രവണതയാണ് രണ്ടാമത്തെത്. അകമ്പടിയായി ഉത്കണ്ഠയുമുണ്ടാകും. ഇവയെല്ലാം പരിഗണിക്കപ്പെടേണ്ടതുണ്ട്. യുക്തിരഹിതമായ ചിന്തയെ വെല്ലുവിളിക്കുകയും തിരുത്തുകയും ചെയ്യണം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിദഗ്ധരില്‍നിന്ന് സ്വീകരിക്കണം. അഭിമുഖീകരിക്കുകയെന്ന കൃത്യമാണ് അടുത്തത്. ആധിയുടെ തോതനുസരിച്ച് സാമൂഹികസാഹചര്യങ്ങളെ തരംതിരിക്കുക. ഏറ്റവും കുറവ് ഭീതിയുണ്ടാക്കുന്നതുമുതല്‍ ഏറ്റവും കൂടുതല്‍ സൃഷ്ടിക്കുന്നതുവരെയുള്ളതിന്റെ ലിസ്റ്റ് തയ്യാറാക്കുക. ഏറ്റവും കുറവ് പേടിയുള്ള സാഹചര്യങ്ങള്‍ ആദ്യം നേരിടുക. അത് എളുപ്പത്തില്‍ ചെയ്യാനാകും. ആ ആത്മധൈര്യത്തിന്റെ ചിറകിലേറി അടുത്തത് പരീക്ഷിക്കാം. കോണിപ്പടി കയറുന്നതുപോലെ ഘട്ടംഘട്ടമായി എല്ലാ സാമൂഹികസാഹചര്യങ്ങളെയും നേരിടാം. ഒഴിവാക്കലിനെ ഒഴിവാക്കാതെ സോഷ്യല്‍ ഫോബിയയെ കീഴടക്കാനാവില്ല. ഉത്കണ്ഠയുടെ പെരുമ്പറകൊട്ടലിനെ മയപ്പെടുത്താന്‍ ധ്യാനമുറകളോ ശ്വസനവ്യായാമമോ പോലെയുള്ള ചിട്ടകള്‍ ഒപ്പത്തിനൊപ്പം ചെയ്യണം. മന:ശാസ്ത്രപരമായ ഈ ഘട്ടങ്ങളില്‍ ചുവടുറപ്പിച്ചുനില്‍ക്കാന്‍വേണ്ടിയുള്ള ഫലപ്രദങ്ങളായ ഔഷധങ്ങളും ഇന്ന് ലഭ്യമാണ്. നേരിടുമെന്നും അതിജീവിക്കുമെന്നുമുള്ള ദൃഢനിശ്ചയമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് പരിഹരിക്കാം. സാധാരണ ജീവിതം നയിക്കുകയും ചെയ്യാം. സ്വയം നിര്‍മിച്ചെടുത്ത ഈ ജയിലില്‍നിന്ന് പുറത്തുചാടാന്‍ ആദ്യം തയ്യാറാവുക. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അതിനെ നേരിടാനുള്ള മാര്‍ഗങ്ങളുമുണ്ട്.

സോഷ്യല്‍ ഫോബിയയുടെ അടിമകളാകുന്ന ചില വ്യക്തികളെങ്കിലും സാമൂഹികസാഹചര്യങ്ങളില്‍ പോകേണ്ട സന്ദര്‍ഭങ്ങളില്‍ ധൈര്യത്തിനായി മദ്യത്തെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് വലിയ അപകടത്തിലേക്ക് നയിക്കും. ഈ ലക്ഷ്യത്തോടെ മദ്യത്തെ കൂട്ടുപിടിക്കുന്നവര്‍ പതിയേ അമിതമദ്യപാനരോഗത്തിലേക്ക് വഴുതിവീഴുന്നതായിട്ടാണ് കാണുന്നത്. മദ്യം അനുവദനീയമല്ലാത്ത സാമൂഹികസാഹചര്യങ്ങളില്‍ കുടിച്ച് ചെല്ലുന്നതുകൊണ്ടുള്ള പുലിവാലുകള്‍ വേറെ.

Content Highlights: Mental Health, How to overcome social phobia, Health

ആരോഗ്യമാസിക വാങ്ങാം