നിങ്ങളുടെ ഒരു പുഞ്ചിരി തന്നെ ചിലപ്പോള്‍ ഈ ലോകത്തെ മാറ്റിമറിക്കാന്‍ ധാരാളമാണ്. പക്ഷേ, അതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത്, ഈ ലോകം സഹജമായ ആ പുഞ്ചിരിയെ  മാറ്റിമറിക്കാതെ ശ്രദ്ധിക്കണമെന്നുള്ളതിലാണ്. ഏതു സാഹചര്യങ്ങളിലും പ്രകോപിതരാ കാതിരിക്കുക എന്നത് മനോബലം കൊണ്ട് സ്വായത്തമാക്കാവുന്ന ഒരു കലയാണ്.

ജീവിതം അഗാധമായ ഒരു ഗര്‍ത്തത്തില്‍ വീണ് തകര്‍ന്നടിയാവുന്ന  സാഹചര്യത്തില്‍പോലും ശുഭചിന്തകളോടെ മുന്നോട്ടുപോകു ന്നവരുണ്ട്. നമ്മളെ ഉണര്‍ത്താനായല്ല ഒരു സൂര്യനും ഉദിക്കുന്നതെന്നും ഓരോരുത്തരും തനതായ പടവുകള്‍ കെട്ടിപ്പടുത്ത് മുന്നേറണമെന്നും തിരിച്ചറിയുന്നവരാണവര്‍.

വസ്തുതകളെ സമചിത്തതയോടെ നേരിടുന്നവരെ വിഡ്ഢിത്തം കാട്ടുന്നവരെന്നും അപരാധികളോട് ക്ഷമിക്കുന്നവരെ  ദുര്‍ബലമനസ്‌കരെന്നും കളിയാക്കുന്നവരുണ്ട്. അത്തരം സ്വഭാവസവിശേഷതയുള്ളവര്‍ക്ക്  സ്‌നേഹനിര്‍ഭരവും നന്മ നിറഞ്ഞതുമായ ഒരു മനസ്സുണ്ടെന്നതാണ്  സത്യം. ആ മനസ്സുതന്നെയാണ് ഏത് പ്രതിസന്ധി ഘട്ടത്തിലും നമുക്ക് കരുത്ത് പകരുന്നത്.
വെറുപ്പിക്കുന്ന സാഹചര്യങ്ങളില്‍പ്പോലും സമചിത്തതയോടെ ഏങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുന്ന ഒരു ജീവിതാനുഭവം വ്യക്തമാക്കാം.

ഏഴ് ദശാബ്ദങ്ങള്‍ക്കുമുന്‍പത്തെ സംഭവമാണ്. ബസില്‍ യാത്രചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യന്‍അമേരിക്കന്‍ വിദ്യാര്‍ഥിയുടെ സീറ്റില്‍ കറുത്ത് തടിച്ച ഒരു മനുഷ്യന്‍ വന്നിരുന്നു. ഒരു ആഫ്രിക്കന്‍ വംശജന്‍ തന്റെ സീറ്റില്‍ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. നീരസം പ്രകടമാക്കിക്കൊണ്ട് അവന്‍ തന്റെ  അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാന്‍ തുടങ്ങി. അയാള്‍ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരന്‍ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാന്‍ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേര്‍ന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസില്‍നിന്ന് ഇറങ്ങുന്നതിനുമുന്‍പ് അദ്ദേഹം പോക്കറ്റില്‍നിന്ന് തന്റെ ബിസിനസ് കാര്‍ഡ് എടുത്ത് വിദ്യാര്‍ഥിക്ക് നല്‍കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

തന്റെ കൈയിലിരിക്കുന്ന കാര്‍ഡിലേക്ക് അലസഭാവത്തില്‍ നോക്കിയ കൗമാരക്കാരന്‍ ഞെട്ടിപ്പോയി. അതില്‍ രേഖപ്പെടുത്തിയിരുന്നത് ഇപ്രകാരമായിരുന്നു:
'ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യന്‍.'

1937 മുതല്‍ 1949 വരെ തുടര്‍ച്ചയായി ലോക ബോക്‌സിങ് ചാമ്പ്യന്‍പട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കില്‍ തന്നെ തള്ളിനീക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലുകളുടെ  ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല.

എന്നാല്‍ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന്  ആ കൗമാരക്കാരനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. അതിനായി താന്‍ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്റെ അഡ്രസ് കാര്‍ഡ് നല്‍കുകമാത്രം ചെയ്തു. എന്താണിങ്ങനെ  പെരുമാറാന്‍ കാരണമെന്ന് ആലോചിക്കുന്നവര്‍ക്ക് ജോ ലൂയിസിന്റെ മറുപടി അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തിയില്‍ ത്തന്നെയുണ്ടായിരുന്നു. ജോ ലൂയിസിന്റെ ശരീരത്തെക്കാള്‍ കൂടുതല്‍ കരുത്ത് മനസ്സിനുണ്ടായിരുന്നു. തിരിച്ചടിക്കാന്‍ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കില്‍ ആന്തരികബലം ഉണ്ടാകണം.

മനോഹരമായ ഒരു ജീവിതം ആരംഭിക്കുന്നത് മനോഹരമായ ഒരു മനസ്സില്‍നിന്നാണ്.  മനസ്സിന് ശക്തിയില്ലാത്തവര്‍ എപ്പോഴും, പ്രത്യേകിച്ച്  എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കില്‍ അവര്‍ക്ക് സ്വസ്ഥതയുണ്ടാവില്ല. എന്നാല്‍ കാണുന്നതിനോടും കേള്‍ക്കുന്നതിനോടും ആവശ്യമില്ലാതെ  എപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുന്നവര്‍  തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുകയാണ് ചെയ്യുന്നത്. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം അനാവശ്യ പ്രതികരണങ്ങളാലുമാണ്.

എത്ര നന്നാക്കിയാലും പിന്നെയും ആളുകളില്‍ കുറവുകുറ്റങ്ങള്‍ ശേഷിക്കും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തില്‍ ശരികേടുകളുമുണ്ടാകും. അതിനാല്‍ ക്ഷമാപൂര്‍വം പലതിനെയും ഉള്‍ക്കൊള്ളാനും കൂടി നാം പഠിക്കേണ്ടതുണ്ട്. അല്ലെങ്കില്‍  അവരവരുടെ ആന്തരികബലം തന്നെയാണ് നശിച്ചുപോകുന്നത്.