മീകൃതമല്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലായ്മയും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഇതോടൊപ്പം മാനസികാരോഗ്യസംബന്ധമായ വിഷയങ്ങളും ഹൃദ്രോഗകാരണങ്ങളാകുന്നു.

വിഷാദരോഗം, ഉത്‌കണ്ഠ, ഉറക്കക്കുറവ്, മാനസികസമ്മർദം എന്നിവയൊക്കെ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ ഹൃദ്രോഗബാധിതരിൽ മാനസികപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇവരിൽ മാനസികാരോഗ്യസംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്ന സംഗതിയാണെന്ന് പഠനങ്ങൾ അടിവരയിടുന്നു. മുൻകരുതലുകളെടുക്കേണ്ടതും പ്രാരംഭലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നൽകേണ്ടതും അനിവാര്യമാണ്.

വിഷാദരോഗം

ഹൃദ്രോഗബാധിതരിൽ 31 ശതമാനംതൊട്ട് 45 ശതമാനംവരെ ആളുകൾക്ക് അനുബന്ധമായി വിഷാദരോഗം ഉണ്ടാകാം. മാത്രമല്ല ഹൃദ്രോഗികളിൽ വിഷാദരോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കാതിരുന്നാൽ ഹൃദയാഘാതം ആവർത്തിക്കാനുള്ള സാധ്യത നാലുമടങ്ങുവരെ വർധിക്കുന്നതായും കണക്കാക്കുന്നു.

ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ വിഷാദരോഗം തിരിച്ചറിയാൻ ഷോൺ എൻഡികോട്ട് വികസിപ്പിച്ചെടുത്ത രോഗനിർണയമാനദണ്ഡം നിലവിലുണ്ട്. താഴെപ്പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടാഴ്ച തുടർച്ചയായി കണ്ടാൽ വിഷാദരോഗമുണ്ടെന്ന് സംശയിക്കാം.

  1. രാവിലെതൊട്ട് വൈകീട്ടുവരെ വിഷാദഭാവം.
  2. മുൻകാലങ്ങളിൽ ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താത്‌പര്യമില്ലായ്മ.
  3. ദീർഘനേരം ചിന്തയിൽ മുഴുകിയിരിക്കുക, സ്വന്തം ജീവിതത്തെക്കുറിച്ച് നിരന്തരം പരിതപിക്കുക, ശുഭാപ്തിവിശ്വാസമില്ലായ്മ.
  4. മുൻകാലങ്ങളിൽ ധാരാളമായി സാമൂഹികബന്ധങ്ങൾ പുലർത്തിയിരുന്ന വ്യക്തി പെട്ടെന്ന് ഒറ്റപ്പെട്ട് ഇരിക്കാൻ താത്‌പര്യപ്പെടുക.
  5. മുഖത്ത് നിരന്തരമായ ഭയമോ ഇടയ്ക്കിടെ കരച്ചിൽ വരുകയോ ചെയ്യുക.
  6. ഒരുകാര്യവും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ. എന്ത് കണ്ടാലും സന്തോഷം തോന്നാത്ത സ്ഥിതിവിശേഷം. വയോജനങ്ങൾക്ക് സ്വന്തം കൊച്ചുമക്കളെ കണ്ടാൽപോലും സന്തോഷം തോന്നാത്ത അവസ്ഥ.
  7. ചിന്തകളുടെയും പ്രവൃത്തികളുടെയും ഗതിവേഗത്തിൽ ഉണ്ടാകുന്ന കുറവ്.
  8. നിരാശ, പ്രതീക്ഷ ഇല്ലായ്മ, ആരും സഹായിക്കാനില്ലെന്ന തോന്നൽ, അകാരണമായ കുറ്റബോധം, താൻ ഉപയോഗശൂന്യമാണെന്ന തോന്നൽ.
  9. മരണചിന്തകളും ആത്മഹത്യാപ്രവണതയും.
  10. വിഷാദരോഗബാധിതരായ വ്യക്തികളുടെ തലച്ചോറിൽ സിറടോണിൻ, നോർ എപ്പിനെഫ്രീൻ എന്നീ രാസവസ്തുക്കളുടെ അളവ് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കളുടെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങളാണ് ചികിത്സയിൽ പ്രധാനം.

ഹൃദ്രോഗബാധിതരായ വ്യക്തികൾ ശാരീരികാരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കുതന്നെ ഒട്ടേറെ മരുന്നുകൾ കഴിക്കുന്നവരായിരിക്കും. ഹൃദ്രോഗം, അമിത രക്തസമ്മർദം, അമിത കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ. ഇത്തരം മരുന്നുകളുമായി പ്രതിപ്രവർത്തനമുണ്ടാകാൻ സാധ്യതയില്ലാത്ത വിഷാദവിരുദ്ധ ഔഷധങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

സുരക്ഷിതമായ മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ ക്രമീകരിക്കാൻ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ, വ്യക്തിബന്ധങ്ങളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ സഹായിക്കുന്ന മനശ്ശാസ്ത്രചികിത്സ, സമ്മർദ നിയന്ത്രണ മാർഗങ്ങൾ, ആക്സെപ്റ്റ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി എന്നിവയൊക്കെ വിഷാദരോഗം നിയന്ത്രണവിധേയമാക്കാൻ സഹായകമാണ്. നിശ്ചിത കാലം മരുന്നുകളും മനശ്ശാസ്ത്രചികിത്സയും ജീവിതശൈലീക്രമീകരണങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മിക്കവാറുംപേരിലെ വിഷാദരോഗം പൂർണമായും നിയന്ത്രിക്കാൻ കഴിയാറുണ്ട്.

ഉത്‌കണ്ഠ

വ്യത്യസ്ത തരത്തിലുള്ള ഉത്‌കണ്ഠരോഗങ്ങൾ ഹൃദ്രോഗികളിൽ കാണപ്പെടാറുണ്ട്. 'പാനിക് ഡിസോഡർ'പോലെ പൊടുന്നനെ വരുന്ന തീവ്രമായ ഉത്‌കണ്ഠാവസ്ഥകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. എന്നാൽ ഏറ്റവും സാധാരണമായി ഹൃദ്രോഗികളിൽ കാണപ്പെടുന്നത് 'പൊതുവായ ഉത്‌കണ്ഠരോഗ'മാണ് (Generalised Anxitey Disorder). ഹൃദ്രോഗബാധിതരിൽ 20 ശതമാനം പേർക്ക് ചികിത്സ ആവശ്യമുള്ളതരത്തിൽ ഉത്‌കണ്ഠരോഗങ്ങൾ ഉണ്ടാകാറുണ്ട്.

വെറുതേയിരിക്കുന്ന സമയത്തുപോലും അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദനയോ അസ്വസ്ഥതയോ തോന്നുക, ശരീരമാസകലം വിയർത്തൊലിക്കുക, കണ്ണിൽ ഇരുട്ടുകയറുക, വയറ്റിൽ കത്തൽ അനുഭവപ്പെടുക, കൈകാൽവിരലുകൾ തണുത്ത് മരവിക്കുക, ശ്വാസംകിട്ടാതെവരുക, താൻ ഇപ്പോൾ മരിച്ചുപോകും എന്ന് തോന്നുക, മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമോ എന്ന് തോന്നുക തുടങ്ങിയ ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽതന്നെ കുറയുകയും ചെയ്യുന്ന അവസ്ഥയാണ് 'പാനിക് അറ്റാക്ക്'. ഒരുമാസക്കാലം പാനിക് അറ്റാക്കുകൾ ആവർത്തിച്ച് വരുന്ന അവസ്ഥയെയാണ് പാനിക് ഡിസോഡർ എന്ന് വിശേഷിപ്പിക്കുന്നത്.

സദാസമയവും മനസ്സ് അസ്വസ്ഥമാവുകയും ശരീരം പലപ്പോഴും വലിഞ്ഞുമുറുകുകയും ചെറിയ കാര്യങ്ങൾക്കുപോലും ഞെട്ടൽ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് 'പൊതുവായ ഉത്‌കണ്ഠരോഗം'. നിരന്തരം പ്രയാസം ഉളവാക്കുന്ന അസ്വസ്ഥത ശരീരത്തിലും മനസ്സിലും ഒരുപോലെ പ്രകടമായിരിക്കും. ശാന്തമായി ഇരിക്കാൻ മിക്കവാറും ഇത്തരക്കാർക്ക് കഴിയാറില്ല.

തലച്ചോറിലെ സിറടോണിൻ, നോർ എപിനെഫ്രിൻ, GABA എന്നീ രാസവസ്തുക്കളുടെ അളവിലെ കുറവ് ഉത്‌കണ്ഠരോഗികളിൽ കാണപ്പെടാം. മേൽപ്പറഞ്ഞ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളോടൊപ്പം മനശ്ശാസ്ത്രചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും ശീലിക്കുന്നത് ഇത്തരക്കാർക്ക് ഏറെ ഗുണകരമായിരിക്കും.

പലപ്പോഴും ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് പാനിക് ഡിസോഡർപോലെയുള്ള ഉത്‌കണ്ഠരോഗങ്ങളുള്ളവരിലും പ്രകടമാകുന്നത്. എന്നാൽ പരിശോധനകളിലും ടെസ്റ്റുകളിലും ഹൃദയത്തിന് പുതിയതായി തകരാറുകളൊന്നും കണ്ടെത്താനും കഴിയാറില്ല. എങ്കിലും ഇത്തരം ലക്ഷണങ്ങൾ രോഗികളെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. വീണ്ടും ഹൃദയാഘാതം വരുകയാണ് എന്ന ആശങ്ക ഇത്തരം സന്ദർഭങ്ങളിൽ അവരെ പിടികൂടാറുണ്ട്. തന്മൂലം ഇവർ പരിഭ്രാന്തരാകുകയും അർധരാത്രിയിൽപോലും ആശുപത്രിയിലേക്ക് പോകാൻ നിർബന്ധം പിടിക്കുകയും ചെയ്തേക്കും.

എന്നാൽ ശരീരപരിശോധനകളിൽ കുഴപ്പം കണ്ടെത്താൻ കഴിയാതെവരുന്നതോടെ ഇവർ മനപ്പൂർവം കള്ളംപറയുന്നതാണെന്ന് ബന്ധുക്കൾ തെറ്റിദ്ധരിക്കും. ഇത് പലപ്പോഴും രോഗബാധിതരും ബന്ധുക്കളും തമ്മിൽ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇക്കാരണംകൊണ്ടുതന്നെ ഉത്‌കണ്ഠരോഗലക്ഷണങ്ങൾ കണ്ടാൽ 'ഇതെല്ലാം നിങ്ങളുടെ തോന്നൽ മാത്രമാണ്' എന്നുപറഞ്ഞ് നിസ്സാരവത്‌കരിക്കതെ അവരുടെ പ്രയാസം മനസ്സിലാക്കാൻ ശ്രമിക്കണം. മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ആശങ്കകൾ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.

ഉറക്കം

ഹൃദ്രോഗബാധിതരിൽ 30 ശതമാനത്തിലേറെ വ്യക്തികളിൽ ഉറക്കപ്രശ്നങ്ങൾ കാണപ്പെടാറുണ്ട്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശാരീരികവേദനകൾ, ശ്വാസമെടുക്കാൻ പ്രയാസം എന്നിവയൊക്കെ ഉറക്കക്കുറവിന് കാരണമാകാം. അതോടൊപ്പം മാനസികസമ്മർദവും ഉറക്കക്കുറവിന് വഴിവയ്ക്കാറുണ്ട്. വിഷാദരോഗവും ഉത്‌കണ്ഠയടക്കമുള്ള മാനസികപ്രശ്നങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ലഹരിയുപയോഗങ്ങളും കാരണമായേക്കാം.

നിദ്ര ശുചിത്വ വ്യായാമങ്ങൾ

ഹൃദ്രോഗബാധിതർക്ക് നല്ല ഉറക്കം ലഭിക്കാൻ ചില ജീവിതശൈലീക്രമീകരണങ്ങൾ നടത്താറുണ്ട്. ഇവയെ 'നിദ്ര ശുചിത്വ വ്യായാമങ്ങൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട നിർദേശങ്ങൾ ഇവയാണ്:
1. നിശ്ചിത സമയത്തുതന്നെ എന്നും ഉറങ്ങാൻ കിടക്കുക. കൃത്യമായ സമയത്തുതന്നെ ഉണരുക.
2. ഉറങ്ങാൻകിടക്കുന്നതിന് തൊട്ടുമുൻപായി 15 മിനിറ്റുമുതൽ അരമണിക്കൂർവരെ ശ്വസനവ്യായാമങ്ങൾപോലെയുള്ള ലഘുവായ റിലാക്സേഷൻ രീതികൾ പരിശീലിക്കുക.
3. ഉച്ചയ്ക്കുശേഷം ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പൂർണമായും ഒഴിവാക്കുക.
4. ദിവസേന വൈകുന്നേരം 30 മിനിറ്റ് സൂര്യപ്രകാശമേറ്റ് ലഘുവ്യായാമം ചെയ്യുക. നടത്തംപോലെയുള്ള വ്യായാമങ്ങൾ സഹായകമാകും.
5. ഉറങ്ങാൻകിടക്കുന്നതിന് ചുരുങ്ങിയത് ഒരുമണിക്കൂർ മുൻപെങ്കിലും മൊബൈൽഫോൺ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക.
6. കിടക്കയിൽ കിടന്നുകൊണ്ട് വായിക്കുകയോ ടി.വി. കാണുകയോ മൊബൈൽ നോക്കുകയോ പാടില്ല.
7. ഉറക്കം വരുമ്പോൾ മാത്രം കിടക്കാൻപോകുന്നത് ശീലമാക്കുക.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights:Mental health and Heart health all you needs to know, Health, Mental Health, Heart Health

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)