മുപ്പത്തഞ്ചു വയസുള്ള യുവാവ്. നല്ല വിദ്യാഭ്യാസയോഗ്യതയുള്ളയാള്‍. ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ട്. ഒരു വലിയ കെട്ടു പരിശോധന റിപ്പോര്‍ട്ടുമായിട്ടാണു ഓരോ ഡോക്ടറെയും കാണാന്‍ പോകുന്നത്. അതില്‍ എം.ആര്‍.ഐ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പല കാലത്തായി ചെയ്ത വിവിധതരം രക്തപരിശോധനഫലങ്ങളും ഉണ്ട്. പത്തു വര്‍ഷമായി തുടങ്ങിയ രോഗാന്വേഷണയാത്രയാണ്. രോഗമില്ലെന്ന് എല്ലാ ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിട്ടും വിശ്വാസം വരുന്നില്ല. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ആദ്യം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യും. മുമ്പില്‍ ലഭിക്കുന്ന കുറെ രോഗലക്ഷണവുമായി ഡോക്ടറെ സമീപിക്കും. ഇത് ആ രോഗമല്ലാ മറ്റെ രോഗമല്ലെയെന്നും ഡോക്ടര്‍മാരോടു ചോദിച്ചു കൊണ്ടെയിരിക്കും. ചിലര്‍ ഡോക്ടര്‍മാര്‍ ദേഷ്യപ്പെടും. മറ്റുചിലര്‍ കൂടുതല്‍ ടെസ്റ്റുകള്‍ എഴുതി കൊടുക്കും.
എത്ര വട്ടം അസുഖമില്ലെന്ന് കാര്യകാരണം സഹിതം പറഞ്ഞാലും ചെറുപ്പക്കാരന്റെ മുഖത്ത് ആശ്വാസം ഉണ്ടാവില്ല. രോഗം കണ്ടുപിടിക്കാനായില്ലെന്ന നൈരാശ്യമാകും ഉണ്ടാകുക. ഇത്തരത്തിലുള്ള മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ നിരവധിയുണ്ട്. ഇവരോട് പ്രശ്‌നം മാനസികമാണ് എന്ന് പറഞ്ഞാലും സമ്മതിക്കില്ല. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടു തോന്നിയാല്‍ ഉടന്‍ തന്നെ തന്റെ രോഗം എന്താണെന്നറിയാന്‍ സേര്‍ച്ചു ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. എനിക്ക് രോഗമുണ്ട് എന്നു സംശയിക്കുന്നവര്‍ക്ക് (illness anxiety disorder) ഡി.എ.എസ്.എം. 5-ല്‍ രോഗനിര്‍ണ്ണയ പട്ടികയില്‍ ഇടം നല്‍കിട്ടുണ്ട്. ഹൈപ്പോകോണ്‍ഡ്രിയയുടെ പുതിയ പേരാണ് ഇത്. ഗൗരവമുള്ള രോഗമുണ്ടെന്നോ പിടികൂടാന്‍ ഇടയുണ്ടെന്നോ ഉള്ള ആധിയും ചിന്തയുമാണ് പ്രധാന ലക്ഷണം. നേരിയ മാനസികാസ്വസ്ഥ്യങ്ങളെ മനസ് പെരുപ്പിച്ചെടുത്ത് ഭീകരരോഗത്തിന്റെ സൂചനയാക്കി മാറ്റും.
കുടലില്‍ സ്വഭാവികമായി ഉണ്ടാകുന്ന ഗ്യാസിന്റെ ശബ്ദങ്ങളെ കാന്‍സറിന്റെ സൂചനകളാക്കി മാറ്റിക്കളയും. ചിലപ്പോള്‍ ഈ ശാരീരിക പ്രശ്‌നങ്ങള്‍ പോലും ആധിയുടെ വികൃതിയാകാം. ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ് സ്ഥായിഭാവം. ഇത് പെരുമാറ്റത്തില്‍ രണ്ടു രീതിയില്‍ പ്രകടമാകാം. ആരോഗ്യ പരിപാലനത്തിനായും രോഗം കണ്ടുപിടിക്കാനായും പലവിധ രോഗപരിശോധനകള്‍ക്കായി ആശുപത്രിയില്‍ കയറിയിറങ്ങുന്ന ഒരുകൂട്ടര്‍. ഭീതി കാരണം ഡോക്ടര്‍ സന്ദര്‍ശനം ഒഴിവാക്കി നടക്കുന്ന മറ്റൊരു കൂട്ടര്‍. ഇരുട്ടുമുറിയില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പിപിടിക്കുന്നതിനു സമാനമാണ് ഡോക്ടര്‍ ഷോപ്പിങ്ങിനു പോകുന്നവരുടെ അവസ്ഥ. ഒട്ടേറെ അനാവശ്യ പരിശോധനകള്‍ക്ക് ഇവര്‍ വിധയരാകും. എന്നാല്‍ മനഃസമാധനം ഉണ്ടാകില്ല. ആറു മാസത്തില്‍ കൂടുതല്‍ ഇത്തരമൊരു വിഷയവുമായി നടന്നാല്‍ അതൊരു മനസ്സിന്റെ രോഗമായി കണക്കാക്കണം. എനിക്ക് രോഗമുണ്ട് എന്ന പേടി അതിരുവിടുന്നു എന്ന് സാരം.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സി.ജെ. ജോണ്‍
ചീഫ് സൈക്യാസ്ട്രിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പറ്റില്‍,
കൊച്ചി
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
content highlights: mental health