രേ സംഭവത്തെപ്പറ്റി പല  ആളുകൾ പല തരത്തിൽ വിവരണം നൽകുന്നത് സ്വഭാവികമാണ്. ഒരേ കാര്യത്തെപ്പറ്റി ഒരു വ്യക്തി തന്നെ പല സമയത്തു പല തരത്തിലുള്ള വിവരങ്ങൾ  നൽകുന്നതും  നമ്മൾ ശ്രദ്ധിക്കാറുണ്ട്‌. പലപ്പോഴും  ഇത്  ആ വ്യക്തി അറിഞ്ഞു കൊണ്ട് വരുത്തുന്ന ഒരു "കഥ മിനയൽ" തന്ത്രമായി   വ്യാഖ്യാനിക്കപ്പെടാറുണ്ട്.

നമ്മുടെ മസ്തിഷ്കത്തെ കുറിച്ചും നമ്മുടെ  ഓർമ്മയെ കുറിച്ചുമെല്ലാം തെറ്റായ ധാരണയാണ് നമുക്കുള്ളത് . നാം  കാണുന്നതും കേൾക്കുന്നതുമെല്ലാം ഒരു ഡിജിറ്റൽ റെക്കോർഡർ പോലെ സൂക്ഷിച്ചുവെക്കുന്ന ഒന്നാണ് നമ്മുടെ മസ്തിഷ്കം എന്നാണ് നമ്മൾ കരുതുന്നത്.
അഥവാ ചില കാര്യങ്ങൾ മറന്നു പോയാലും മനസ്സിന്റെ ഉള്ളറകളിൽ ഒരു പോറൽ പോലുമേൽക്കാതെ ഉറങ്ങിക്കിടക്കുന്ന ഒന്നാണ് ഓർമ്മ എന്ന് സിഗ്മണ്ട്  ഫ്രോറോയിഡ് പോലും പറഞ്ഞപ്പോൾ,(Repressed Memories  ) നാം നമ്മുടെ ഓർമ്മയുടെ മഹത്വത്തെ കുറിച്ച്    വല്ലാതെ തെറ്റിദ്ധരിക്കുകയാണ്  ചെയ്തത്.

ഫ്ലാഷ് ബൾബ് മെമ്മറി

അതിവൈകാരികമായ സംഭവങ്ങളെ കൃത്യമായി സൂക്ഷിക്കുകയും ,വളരെ നാളുകൾക്ക് ശേഷവും സൂക്ഷ്മമായിത്തന്നെ  തന്നെ അവ വീണ്ടെടുക്കുയും  ചെയ്യുവാൻ സാധിക്കുന്ന ഫ്ലാഷ് ബൾബ് മെമ്മറിയെ പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്  . എത്രനാൾ കഴിഞ്ഞാലും നമ്മുടെ ഓർമ്മയിൽ ഒരു വർണചിത്രം പോലെ സ്ഥിരമായി  നിൽക്കുന്ന ഒന്നാണ് വൈകാരിക നിമിഷങ്ങൾ എന്നാണ്  നമ്മുടെ ധാരണ. എന്നാൽ മനഃശാസ്ത്രജ്ഞന്മാർ നടത്തിയ സാമൂഹിക പരീക്ഷണങ്ങളിൽ നിന്നും മനസ്സിലാകുന്ന കാര്യങ്ങൾ ഈ വിശ്വാസത്തെ തള്ളിക്കളയുന്നതാണ്. അമേരിക്കയിൽ നടന്ന ഒരു മനഃശാസ്ത്ര പരീക്ഷങ്ങളിൽ  കത്രിന കൊടുങ്കാറ്റ് , വേൾഡ് ട്രേഡ് സെന്ററിന്റെ പതനം ,ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവയെക്കുറിച്ചെല്ലാം   ഒരേ സ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ പലരീതിയിലുള്ള വിവരണങ്ങളാണ് നൽകിയത്. ഒരേ ആളുകൾ ആഴ്ചകൾ കൊണ്ട് തന്നെ പല കാര്യങ്ങളും മാറ്റി പറയുകയും ചെയ്തു.

നിരന്തരം തിരുത്തി എഴുതപ്പെടുന്ന നമ്മുടെ ഓർമ്മ 

നമ്മുടെ ഓർമ്മശക്തിക്ക് നമ്മൾ നൽകിയിരിക്കുന്ന വിശേഷണങ്ങളും വിശ്വാസ്യതയും തികച്ചും ആയാഥാർത്ഥ്യം ആണ്. ഓർമ്മയെന്നു പറയുന്നത് ഒരു ഡിജിറ്റൽ റിക്കോർഡർ പോലെ കാര്യങ്ങൾ ഒപ്പിയെടുക്കുകയും അത് തികഞ്ഞ പരിപൂർണതയോടെ  സൂക്ഷിച്ചുവെക്കുകയും ഒട്ടും പോറലേൽക്കാതെ വീണ്ടെടുക്കുകയും ചെയ്യുന്ന ഒന്നല്ല .ഓർമ്മയെന്നത് അവിടെയും  ഇവിടെയും  ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും വികാരങ്ങളും എല്ലാം കൂടിയ ഒരു ആകത്തുക മാത്രമാണ്. ഈ വിവരങ്ങൾ ഇടയ്ക്കിടെ തിരുത്തി എഴുതപ്പെടുകയും  ചെയ്യും .നമ്മുടെ അനുഭവങ്ങൾ, മാനസികവും, ശാരീരികവും, ആരോഗ്യപരമായ നമ്മുടെ അവസ്ഥകൾ,  വിശ്വാസസംഹിതകൾ , വിദ്യാഭ്യാസം,സംസ്ക്കാരം  തുടങ്ങിയവയെല്ലാം ഈ ഓർമ്മകളുടെ ക്രമത്തെ  തിരുത്തിയെഴുന്നതിൽ സ്വാധീനം ചെലുത്തുന്നവയാണ്. 

ഓർമ്മകൾ കൃത്രിമമായി നട്ടു പിടിപ്പിക്കുമ്പോൾ

മനുഷ്യ മസ്തിഷ്‌കത്തിൽ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ തിരുത്തി എഴുതിപ്പിക്കുന്നുണ്ട് എന്ന്  പറഞ്ഞല്ലോ.എന്നാൽ ബോധ പൂർവ്വം ഒരാളുടെ ഓർമ്മയിൽ ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവങ്ങൾ ചേർക്കുവാൻ സാധിക്കും.അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റർവകലാശാലയിൽ നടന്ന മനശാസ്ത്ര സാമൂഹിക പരീക്ഷങ്ങളിൽ ഇത് തെളിഞ്ഞിട്ടുണ്ട്. ഇപ്രകാരം തന്നെ സൈക്കോതെറാപ്പി, ഹിപ്നോസിസ്, പോളിഗ്രാഫ് പോലുള്ള നുണ പരിശോധനകൾ തുടങ്ങിയവയിലെല്ലാം മറ്റു വ്യക്തികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച്  വ്യക്തികളുടെ ഓർമ്മകൾ ദിശ മാറി സഞ്ചരിക്കാറുണ്ട്.

ഈ മേഖലയിൽ ഏറ്റവും അധികം പഠനം നടത്തിയിട്ടുള്ള ഗവേഷകരിൽ ഒരാളായ  ഡോ.എലിസബത്ത് ടോഫുവിന്റെ(അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റർവകലാശാല) അഭിപ്രായത്തിൽ നമ്മുടെ ഓർമ്മ എന്ന് പറയുന്നത് വിക്കിപീഡിയ പോലെയാണ് . ഒരിക്കൽ നമ്മൾ പകർത്തിയ വിവരങ്ങൾ നമ്മളും മറ്റുള്ളവരും മാറ്റി എഴുതുന്നു. ഇത് ഫലപ്രദമായി ഉപയോഗിച്ചാൽ  മോശം ശീലങ്ങളിൽ നിന്ന്  കുട്ടികളിൽ നിന്ന് മാറ്റിയെടുക്കാൻ ഉപകരിക്കുന്നതാണ് .

എത്ര പെട്ടെന്നാണ് നമ്മൾ മറക്കുന്നത്

നമ്മൾ കാര്യങ്ങൾ വളരെ  സാവധാനത്തിലാണ് മറക്കുന്നത് എന്നാണ് മനഃശാസ്ത്രജ്ഞന്മാർ ഉൾപ്പടെയുള്ളവർ ഈ അടുത്ത കാലം വരെ വിശ്വസിച്ചിരുന്നത് .വാസ്തവത്തിൽ ഒരു പഴയ സിനിമയുടെ റീൽ  മങ്ങി തുടങ്ങുന്നതുപോലെ   വളരെ സാവകാശം അല്ല നമ്മൾ കാര്യങ്ങൾ മറക്കുന്നത്.ഒരു സംഭവം ഉണ്ടായതിന് ശേഷം ഉടൻ തന്നെ മറവിയും തുടങ്ങും.

ആത്മവിശ്വാസം ഓർമ്മശക്തിയുടെ കൃത്യതയുടെ ലക്ഷണമല്ല:

ലോകത്തെങ്ങുമുള്ള നിയമ വ്യവസ്ഥിതിയിൽ ദൃക്ക്സാക്ഷികൾക്ക് അമിത പ്രാധാന്യം നൽകുന്നുണ്ട് പ്രത്യേകിച്ച് ദൃക്സാക്ഷി വളരെ ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിൽ. പക്ഷേ   ഈ വിഷയത്തിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നത് ആത്മവിശ്വാസവും  ഓർമ്മയുടെ കൃത്യതയുമായി വലിയ ബന്ധമൊന്നുമില്ല എന്നാണ്.  നമുക്ക് പുറമെ നിന്ന്  നൽകപ്പെടുന്ന നിർദേശങ്ങൾ  കൂടുതൽ ആത്മവിശ്വാസം  നൽകുമെങ്കിലും ഓർമ്മയുടെ കൃത്യതയുമായി ഇവയ്ക്ക്  കാര്യമായ ബന്ധമൊന്നുമില്ല.
നിർദ്ദേശങ്ങൾ അനുസരിച്ചു ഭാവനകൾ രൂപപ്പെടുകയും അവർ ഓർമയാണെന്നു തെറ്റി ധരിക്കുകയും ചെയ്യുന്നു.

ഓർമ്മളെ സംശയിച്ചു തുടങ്ങാം.

ഒരാൾ വളരെ ആത്‌മവിശ്വാസത്തോടെ, വൈകാരികമായി,  കൃത്യമായ വിവരണങ്ങളോടെ  ഒരു കാര്യം അവതരിപ്പിക്കുന്നതു കൊണ്ട് മാത്രം ഒരു കാര്യം സത്യമാകണമെന്നില്ല. അത് പോലെ തന്നെ ദൃക്‌സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ ശിക്ഷക്ക് വിധിക്കപെട്ടുമ്പോൾ അയാൾ നിരപരാധിയായി കൂടേ  എന്നും സംശയിക്കാം. ഒരു വ്യക്തി തന്നെ ഒരു കാര്യം മാറ്റി മാറ്റി വിവരിക്കുന്നതു അയാൾ കള്ളം പറയുന്നതിന്റെ ലക്ഷണം ആയികൊള്ളേണമെന്നില്ല. നമ്മുക്ക് സ്വയം നമ്മുടെ ഓർമകളെ സംശയിച്ചു തുടങ്ങാം.

(ബിഹേവിയറൽ സൈക്കോളജിസ്റ്റാണ് ലേഖകൻ )