തനിക്കോ പ്രിയപ്പെട്ടവര്‍ക്കോ കോവിഡ് വന്നേക്കുമോ, ഞാനെങ്ങാനും സ്വയമറിയാതെ മറ്റുള്ളവര്‍ക്കു രോഗം പടര്‍ത്തുന്നുണ്ടോ, ഈ ബുദ്ധിമുട്ടുകളൊക്കെ എന്നാണ് ഒന്നൊതുങ്ങുക തുടങ്ങിയ ആധികള്‍ ഏറെപ്പേര്‍ പ്രകടമാക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. സാമ്പത്തികവൈഷമ്യങ്ങള്‍, ഭക്ഷണസാധനങ്ങളും മറ്റും കിട്ടാനുള്ള ക്ലേശങ്ങള്‍, കുടുംബാംഗങ്ങളെല്ലാം സദാ വീട്ടില്‍ക്കഴിയാന്‍ തുടങ്ങിയപ്പോള്‍ വര്‍ധിച്ച ജോലിഭാരം തുടങ്ങിയവ പലര്‍ക്കും മനോവിഷമം ഉണ്ടാക്കുന്നുമുണ്ട്. മഹാമാരികള്‍ പടരുന്ന ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഒരല്‍പം ഉത്ക്കണ്ഠയും ആശങ്കയും സാധാരണമാണ്. പക്ഷേ ചിലര്‍ക്കു പക്ഷേ മാനസികസമ്മര്‍ദ്ദം അമിതമാകാന്‍ ഇത് മതി. ഇവര്‍ക്ക് ഒരുകൈസഹായം നല്‍കാന്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം ബാധ്യതയുണ്ട്.
മാനസിക സമ്മര്‍ദ്ദം തിരിച്ചറിയാം
മാനസിക സമ്മര്‍ദ്ദം പ്രകടമാകുന്നതു പല രൂപത്തിലാകാം.
1. വൈകാരിക ലക്ഷണങ്ങള്‍: പ്രത്യാശയില്ലായ്മ, വൈകാരികമായ മരവിപ്പ്, നിസ്സാരതാബോധം, ഉത്സാഹക്കുറവ്.
2. ചിന്തയിലെ മാറ്റങ്ങള്‍: ഏകാഗ്രതയില്ലായ്ക, തീരുമാനങ്ങളെടുക്കാന്‍ ക്ലേശം, ഓര്‍മക്കുറവ്, സ്വയംമതിപ്പു നഷ്ടമാകല്‍,ആകുലത, സ്വയം കുറ്റപ്പെടുത്തല്‍
3. ശാരീരിക വിഷമതകള്‍: തളര്‍ച്ച, ഉറക്കത്തിനോ വിശപ്പിനോ ലൈംഗികതാല്‍പര്യത്തിനോ ഉള്ള വ്യതിയാനങ്ങള്‍, ഉറക്കത്തില്‍ പേടിസ്വപ്‌നങ്ങള്‍ കാണുക, ശരീരത്തില്‍ പലയിടത്തും വേദന.
4. പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍: കരച്ചില്‍, ഒതുങ്ങിക്കൂടല്‍, വൃത്തിയും വെടിപ്പും കുറയുക.
ഇത്തരത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നമ്മുടെ രോഗപ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുകയും അതുവഴി അണുബാധകള്‍ക്കുള്ള സാദ്ധ്യത കൂട്ടുകയും ചെയ്യാം.
എങ്ങിനെ തടയാം?
ഈ അവസ്ഥയില്‍ മാനസിക സമ്മര്‍ദ്ദം അതിരുവിടാതെ കാക്കാന്‍ ഉപയോഗിക്കാവുന്ന പല വിദ്യകളും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
1. പരസ്പരവിരുദ്ധവും അടിസ്ഥാനരഹിതവുമായ ഏറെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അവ ചിന്താക്കുഴപ്പത്തിനും ആകുലതകള്‍ക്കും വഴിവെക്കാം. വിശ്വസനീയ സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ അറിഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവ മാത്രം മുഖവിലയ്‌ക്കെടുക്കുക.
2. ബന്ധുമിത്രാദികളിലോ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലോ നിന്നു കിട്ടുന്ന വിവരങ്ങള്‍ വിശ്വസിക്കുംമുമ്പ് അവ വാസ്തവമാണെന്ന് മുഖ്യധാരാ മാദ്ധ്യമങ്ങളിലോ സര്‍ക്കാര്‍ സ്രോതസ്സുകളിലോ ആരോഗ്യപ്രവര്‍ത്തകരിലോ നിന്ന് ഉറപ്പുവരുത്തുക.
3. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു വേണ്ടി ഇടയ്ക്കിടെ നെറ്റില്‍ക്കയറുകയോ ടീവി നോക്കുകയോ ചെയ്യാതിരിക്കുക. ഇതൊക്കെ ടെന്‍ഷന്‍ കൂടാന്‍ കാരണമാകും. ദിവസത്തില്‍ ഒന്നോ രണ്ടോ തവണയേ വാര്‍ത്ത ചെക്ക് ചെയ്യൂ എന്നു നിശ്ചയിക്കുന്നതും നന്നാകും.
4. വാര്‍ത്തകള്‍ അറിയാനും മറ്റുള്ളവരോടു ബന്ധം പുലര്‍ത്താനുമൊക്കെ ഇന്ന് സോഷ്യല്‍ മീഡിയ നല്ലൊരു മാര്‍ഗം തന്നെയാണ്. എന്നാല്‍ ആളുകള്‍ സ്വന്തം ആശങ്കകളും അബദ്ധ ധാരണകളും വ്യാജവാര്‍ത്തകളും കിംവദന്തികളുമൊക്കെ പരത്തുമെന്നും അതു നമ്മുടെ ഭീതികള്‍ കൂട്ടാമെന്നും ഓര്‍ക്കുക.
5. തുമ്മലോ ചൊറിച്ചിലോ പോലെ ഓരോ ലക്ഷണങ്ങളും കോവിഡോ മറ്റോ ആണോ എന്നറിയാന്‍ ഗൂഗിളില്‍ക്കയറുന്ന ശീലം ഒഴിവാക്കുക.
6. ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങള്‍ മുന്‍കൂര്‍ നേരാംവിധം പ്ലാന്‍ ചെയ്ത് അതു നടപ്പാക്കാന്‍ ശ്രദ്ധിക്കുക. ലോക്ക് ഡൌണ്‍ തുടങ്ങുന്നതിനു മുമ്പ് കാര്യങ്ങള്‍ എങ്ങിനെയായിരുന്നോ, കഴിവതും അതേ രീതി തുടരാന്‍ ശ്രമിക്കുക. ഉറങ്ങുന്നതും ഉണരുന്നതും കുളിക്കുന്നതുമൊക്കെ പഴയ ചിട്ടയ്ക്കു തന്നെയാകുന്നതു നന്നാകും. വിശേഷിച്ചും വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് തിരിച്ചു വീണ്ടും ജോലിസ്ഥലത്തു പോയിത്തുടങ്ങുമ്പോള്‍ ഇത് ഉപകാരപ്രദമാകും.
7. പങ്കാളികള്‍ പരസ്പരം എല്ലാ ജോലികളും പങ്കുവച്ച് ചെയ്യാന്‍ ശ്രമിക്കണം. ഓഫീസ് വര്‍ക്കും കുട്ടികളുടെ അവധിക്കാലവും വീട്ടുപണികളും... എല്ലാം വീട്ടിലെ സ്ത്രീയുടെ തോളില്‍മാത്രമാക്കരുത്.
നല്ല ചില പൊതുനടപടികള്‍
1. ഡയറിയെഴുതുന്നത് ചിന്തകള്‍ക്ക് അടുക്കും ചിട്ടയും ലഭിക്കാന്‍ സഹായകമാകും.
2. ലോക്ക് ഡൗണില്‍ അധികമായി സമയം കൈവന്നിട്ടുണ്ടെങ്കില്‍ തിരക്കു നിമിത്തം മുമ്പു ചെയ്യാനാകാതെ പോയിരുന്ന വായന, പാട്ടു കേള്‍ക്കല്‍, ഇതര ഹോബികള്‍ തുടങ്ങിയവക്കു വിനിയോഗിക്കുക.
3. വീഡിയോ ചാറ്റും മറ്റും വഴി പ്രിയപ്പെട്ടവരോടു ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുക.
4. ആവശ്യത്തിന് ഉറങ്ങുക. ആരോഗ്യകരവും സന്തുലിതവുമായ ആഹാരം കഴിക്കുക. മുടങ്ങാതെ വ്യായാമം ചെയ്യുക. ഇവയൊക്കെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തും.
പ്രശ്‌നങ്ങള്‍ പരിഹരിക്കാം
മനസ്സ് ആകെ കലുഷിതമാണെങ്കില്‍, കൃത്യമായും എന്തൊക്കെ ചിന്തകളാണ് തന്നെ അലട്ടുന്നത് എന്നതിന്റെ കണക്കെടുക്കുക. ഒപ്പം, അവയില്‍ ഓരോന്നും തന്നെ ബാധിക്കാനുള്ള സാധ്യത എത്രത്തോളമാണെന്നും നോക്കുക. അങ്ങനെ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്കു കുറച്ചു കൂടി വ്യക്തത കിട്ടും. പല ഭീതികളും യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത തുലോം തുച്ഛമാണ് എന്ന് മനസ്സിലാക്കാം. അങ്ങിനെയുള്ളവയെ വെട്ടിക്കളഞ്ഞ് അവശേഷിക്കുന്നവയെ ആത്മവിശ്വാസത്തോടെ നേരിടാനുമാകും.
അങ്ങിനെ ബാക്കി കിട്ടുന്നവയെ നിയന്ത്രിക്കാവുന്നവ, അങ്ങിനെയല്ലാത്തവ എന്നിങ്ങനെ വിഭജിക്കുക. ഉദാഹരണത്തിന്, ലോക്ക് ഡൗണ്‍ എന്നു തീരുമെന്നത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. മറിച്ച്, രോഗം പിടികൂടുമോയെന്ന ഭീതിയെ ഇടയ്ക്കിടെ കൈ കഴുകുക, ആളുകളോട് അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ വഴി നമുക്കു കുറേ നിയന്ത്രിക്കാനാകും.
റിലാക്‌സേഷന്‍ വിദ്യകള്‍
അമിതമായ ഉത്ക്കണ്ഠയുള്ളവര്‍ക്ക് ഈ വ്യായാമങ്ങള്‍ പരീക്ഷിക്കാം:
1. ക്രിയേറ്റീവ് വിഷ്വലൈസേഷന്‍: സൗകര്യപ്രദമായ ഒരു പൊസിഷനില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. കണ്ണുകളടയ്ക്കുക. രണ്ടുമൂന്നു പ്രാവശ്യം ആഴത്തില്‍ ശ്വാസം വലിച്ചുവിടുക. ശ്രദ്ധ പുറംലോകത്തു നിന്നു കഴിയുന്നത്ര ചുരുക്കി, സ്വന്തം മനസ്സിലും ശരീരത്തിലുമായി കേന്ദ്രീകരിക്കുക. നല്ല മനശ്ശാന്തി കിട്ടാറുള്ള ഒരു സ്ഥലം, പൂന്തോട്ടമോ കടല്‍ത്തീരമോ മറ്റോ ആവുന്നത്ര വ്യക്തതയോടെ ഉള്‍ക്കണ്ണുകളില്‍ സങ്കല്‍പ്പിക്കുക. ദൃശ്യം മാത്രമല്ല, ആ സ്ഥലത്തെ ശബ്ദങ്ങള്‍, സ്പര്‍ശങ്ങള്‍, ഗന്ധങ്ങള്‍ എന്നിവയും മനസ്സിലേക്കു കൊണ്ടുവരിക.
2. ഡയഫ്രമാറ്റിക് ബ്രീത്തിംഗ്: അയവുകുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, തലക്കും കാല്‍മുട്ടുകള്‍ക്കും താഴെ രണ്ടു തലയിണകള്‍ വീതം വെച്ച് (ഇതു നിര്‍ബന്ധമില്ല), കിടക്കയില്‍ കാലുനീട്ടിക്കിടക്കുക. ഒരു കൈ നെഞ്ചിന്റെയും മറുകൈ വയറിന്റെയും മുകളില്‍ വെക്കുക. വയറ്റില്‍വെച്ച കൈ ഉയരുന്നുണ്ടെന്നും നെഞ്ചിലെ കൈ അധികം ഇളകുന്നില്ലെന്നും ഉറപ്പുവരുത്തിക്കൊണ്ട്, മൂക്കിലൂടെ പതിയെ ശ്വാസമെടുക്കുക. എന്നിട്ട്, കവിളുകള്‍ വീര്‍പ്പിച്ച് ശ്വാസം വായിലൂടെ പതിയെ പുറത്തേക്കു വിടുക; ഒപ്പം വയറ്റിലെ പേശികളെ ബലംകൊടുത്ത് ഉള്ളിലേക്കു വലിക്കുകയും നെഞ്ചിലെ കൈ അപ്പോഴും അധികം ഇളകാതെ ശ്രദ്ധിക്കുകയും വേണം. മേല്‍പ്പറഞ്ഞ സ്റ്റെപ്പുകള്‍ അഞ്ചുപത്തു മിനിട്ട് ആവര്‍ത്തിക്കുക. (കുറച്ചു നാള്‍ പരിശീലിച്ചാലേ ഇതിന്റെ ഫലം കിട്ടിത്തുടങ്ങൂ. പിന്നീട് മാനസികസമ്മര്‍ദ്ദമോ ഉത്ക്കണ്ഠയോ തോന്നുമ്പോഴൊക്കെ ആശ്വാസത്തിന് ഇതിനെ ആശ്രയിക്കാം.)
3. ചിന്തകള്‍ക്കു കടിഞ്ഞാണിടാം: ആശങ്കകള്‍ മറ്റുള്ളവരോടു പങ്കുവെക്കുക. പുതിയ വീക്ഷണകോണുകള്‍ കിട്ടാന്‍ അതുപകരിക്കും.
ബാധിക്കാം, കുട്ടികളേയും
ഇത്തരം പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതലായി കുട്ടികളെ മാനസികമായി ബാധിക്കാം. രോഗവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയുണ്ടാവാന്‍ സാധ്യതകൂടുതലാണ്. സംഭവങ്ങളെ പറ്റി അത്ര ബോധവാന്‍മാരായില്ലെങ്കിലും വീടിനുള്ളിലെ ടെന്‍ഷനുകള്‍ കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. അമിതമായ കരച്ചില്‍, ദേഷ്യം, പേടി, സങ്കടം, ഉറക്കത്തിലോ വിശപ്പിലോ വ്യതിയാനങ്ങള്‍, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍, ശരീര ഭാഗങ്ങളില്‍ വേദന തുടങ്ങിയവ അവര്‍ പ്രകടിപ്പിക്കാം.
കുട്ടികള്‍ക്ക് വേണ്ടി ചെയ്യാവുന്നത്
1. അവര്‍ക്കു പറയാനും ചോദിക്കാനും ഉള്ളതെല്ലാം സശ്രദ്ധം കേള്‍ക്കുക. സംശയങ്ങള്‍ക്ക് നേരാംവണ്ണം നിവാരണം നടത്തിക്കൊടുക്കുക. പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്.
2. ഇത്തരം സന്ദര്‍ഭങ്ങളില്‍ വികാരവിക്ഷോഭങ്ങള്‍ സ്വാഭാവികം മാത്രമാണെന്നും നിങ്ങള്‍ക്കും സങ്കടവും ടെന്‍ഷനുമൊക്കെയുണ്ടെന്നും അറിയിക്കുക. നിങ്ങളെടുക്കുന്ന മുന്‍കരുതലുകള്‍ ബോദ്ധ്യപ്പെടുത്തുക.
3. ഈ സാഹചര്യത്തെ സംയമനത്തോടെ നേരിടുന്നതെങ്ങിനെ എന്ന് സ്വയം കാണിച്ചുകൊടുക്കുക. നിങ്ങള്‍ ശാന്തതയും സമചിത്തതയും കൈവിടാതിരുന്നാല്‍ അവര്‍ക്കും ധൈര്യവും സമാധാനവും കിട്ടും.
4. സ്ഥിരീകരിച്ചിട്ടില്ലാത്ത വാര്‍ത്തകളും മറ്റും അവരുടെ മുമ്പില്‍വെച്ചു ചര്‍ച്ച ചെയ്യാതിരിക്കുക.
വിഷാദമാണോ എന്നറിയാം
സ്ത്രീകളില്‍ നാലിലൊന്ന് പേരെ വിഷാദരോഗം (ഡിപ്രഷന്‍) ബാധിക്കാറുണ്ട്. ഇതുപോലുള്ള സമ്മര്‍ദ്ദവേളകളിലാകാം ചിലരില്‍ ഈ പ്രശ്‌നം ആദ്യമായി തലപൊക്കുന്നതോ വീണ്ടും വരുന്നതോ. ഇതിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നു:
- മിക്ക നേരവും നൈരാശ്യം അനുഭവപ്പെടുക.
- ഒന്നിലും താല്‍പര്യം തോന്നാതെയോ ഒന്നില്‍നിന്നും സന്തോഷം കിട്ടാതെയോ ആവുക.
- വിശപ്പോ തൂക്കമോ വല്ലാതെ കുറയുകയോ കൂടുകയോ ചെയ്യുക.
- ഉറക്കം നഷ്ടമാവുകയോ അമിതമാവുകയോ ചെയ്യുക.
- ചിന്തയും ചലനങ്ങളും സംസാരവും, മറ്റുള്ളവര്‍ക്കു തിരിച്ചറിയാനാകുംവിധം, മന്ദഗതിയിലോ അസ്വസ്ഥമോ ആവുക.
- ഒന്നിനുമൊരു ഊര്‍ജം തോന്നാതിരിക്കുകയോ ആകെ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുക.
- താന്‍ ഒന്നിനും കൊള്ളാത്ത ഒരാളാണെന്നോ അമിതമായ, അസ്ഥാനത്തുള്ള കുറ്റബോധമോ തോന്നിത്തുടങ്ങുക.
- ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കഴിവു കുറയുക.
- മരണത്തെയോ ആത്മഹത്യയെയോ പറ്റി സദാ ആലോചിക്കാന്‍ തുടങ്ങുക.
മേല്‍നിരത്തിയവയില്‍ ആദ്യ രണ്ടെണ്ണത്തില്‍ ഏതെങ്കിലും ഒന്നുള്‍പ്പെടെ ആകെ അഞ്ചെണ്ണമെങ്കിലും, രണ്ടാഴ്ചയിലേറെ, മിക്ക ദിവസവും, നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രതയോടെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിഷാദരോഗത്തിലന്റെ പിടിയിലാണെ് നിങ്ങളെന്ന് പറയാം. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ വിദഗ്ദ്ധസഹായം തേടേണ്ടതുണ്ട്.
ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്
തന്റെയും കുഞ്ഞിന്റെയും ആരോഗ്യത്തെപ്രതി ഗര്‍ഭിണികള്‍ക്ക് ഏറെ ആശങ്കയുണ്ടാകാം. അവര്‍ താഴെപ്പറയുന്ന വസ്തുതകള്‍ അറിഞ്ഞിരിക്കണം.
- കോവിഡ് അബോര്‍ഷനു വഴിവെക്കുന്നില്ല
- വൈറസ് അമ്മയുടെ ശരീരത്തില്‍നിന്നു കുഞ്ഞിലേക്കു പ്രവേശിക്കുമെന്നതിനു തെളിവുകളില്ല
- മുലപ്പാലിലൂടെ പകരുമെന്നതിനും തെളിവില്ല
മദ്യമില്ലാതെയാവുമ്പോള്‍
വീട്ടില്‍ ആരെങ്കിലും നിത്യേന മദ്യപിക്കുന്നവര്‍ ആയിരുന്നെങ്കില്‍, അവര്‍ മദ്യം മുടങ്ങുന്നതിന്റെ അസ്വസ്ഥതകള്‍ വല്ലതും പ്രകടമാക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണം. ഉറക്കം കുറയുക, കൈ വിറയ്ക്കുക, അമിത ടെന്‍ഷന്‍ തുടങ്ങിയവ ചിലരില്‍ കാണാം. നന്നായി വെള്ളം കുടിക്കാനും ആവുന്ന രീതിയില്‍ ആഹാരമെടുക്കാനും പ്രേരിപ്പിക്കുക.
ഉറക്കം കുറയുക, കൈവിറയല്‍ അധികമാകുക, മുമ്പു മദ്യം നിര്‍ത്തിയപ്പോള്‍ അപസ്മാരമോ ഓര്‍മക്കുറവോ വന്നിരുന്നവര്‍, ഏറെ വര്‍ഷം കൂടി മദ്യം കഴിക്കാതെ ആവുക... ഇത്തരം സാഹചര്യങ്ങളാണെങ്കില്‍ ഒരു ഡോക്ടറെ കാണുന്നതാകും നല്ലത്.
മരുന്നു കഴിക്കുന്നവര്‍
ഏതെങ്കിലും മാനസികപ്രശ്‌നങ്ങള്‍ക്ക് മരുന്നെടുത്തു കൊണ്ടിരിക്കുന്നവര്‍ ഈ സമയത്ത് അവ മുടങ്ങിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മരുന്നിന്റെ സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണ്, ദൂരെയുള്ള ആശുപത്രിയിലേക്ക് യാത്ര ചെയ്യുക പ്രായോഗികമല്ല ഇവയാണ് സാഹചര്യം എങ്കില്‍ കണ്ടുകൊണ്ടിരുന്ന ഡോക്ടറെ ബന്ധപ്പെട്ട് ഒരു പ്രിസ്‌ക്രിപ്ഷന്‍ അയച്ചു തരാന്‍ പറയാം. അതുപയോഗിച്ച് അടുത്തുള്ള മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്നു വാങ്ങാം.
ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്‍ എഡിറ്ററാണ് ലേഖകന്‍
Contenmt Highlights: Managing anxiety at home during Covid-19