യര്‍ന്ന മാര്‍ക്ക് നേടിയുളള ഉപരിപഠനം, പഠനം കഴിഞ്ഞയുടന്‍ ആറക്ക ശമ്പളമുളള ജോലി, ജീവിതത്തില്‍ നേടേണ്ടതെല്ലാം നേടിയെന്ന ആത്മവിശ്വാസം. ഇതെല്ലാം നേടിയിട്ടും തീരെ സന്തോഷമില്ലാതിരിക്കുന്ന ഒരവസ്ഥ എത്ര നിരാശാജനകമായിരിക്കും. ചുറ്റുമുളളതിലൊന്നും സന്തോഷം കണ്ടെത്താനാവാതെ എപ്പോഴും വിഷാദം വേട്ടയാടുന്നുണ്ടെങ്കില്‍ എന്താണ് കാരണം? ഈ അവസരത്തിലാണ് പലരും ശരീരത്തിലുപരി മനസ്സിനെക്കുറിച്ച് ചിന്തിക്കുക.

 ഇവിടെ വില്ലന്‍ മനസ്സ് തന്നെയാണ്. മനസ്സിലെ ചിന്തകളെ വേണ്ട രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണം. ഇത്തരത്തില്‍ മനസ്സിന്റെ ശക്തി ചോര്‍ന്നു പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. മാത്രമല്ല മനസ്സിന് ശക്തി പകരുകയെന്നത് അത്ര എളുപ്പമുളള കാര്യവുമല്ല. സന്തോഷിപ്പിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍..

നിങ്ങളിലുളള വിശ്വാസം ചോര്‍ന്നുപോകാതെ നോക്കുക

മറ്റുളളവര്‍ എന്തു പറയുന്നു, എന്തു ചിന്തിക്കുന്നു എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നതാണ് ജീവിതത്തില്‍ വിജയം നേടാനുളള ആദ്യ പടി. നിങ്ങളില്‍ നിങ്ങള്‍ക്കുളള വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക. നിങ്ങളുടെ പഴയകാലത്തെ നേട്ടങ്ങളും നിങ്ങളെ സ്‌നേഹിക്കുന്നവരുടെ പിന്തുണയും നിങ്ങളുടെ ലക്ഷ്യങ്ങളും ഇടയ്ക്ക് ഓര്‍ത്തെടുക്കുക. നെഗറ്റീവ് ചിന്തകളെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുക. ഇത് മനസ്സിന് ധൈര്യം പകരാനും പുതിയ കാര്യങ്ങള്‍ ചെയ്യാനും നിങ്ങള്‍ക്ക് പ്രചോദനമാകും. 

പാഴാക്കാതിരിക്കാം മനസ്സിന്റെ ഊര്‍ജ്ജം

നമുക്കു ചുററും ദിവസവും നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും കൂടാതെ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നരും ഉണ്ടായിരിക്കും. എന്നാല്‍ നമുക്ക് പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുളളൂ. ഇത് മനസ്സിനെ അലട്ടുന്ന സാഹചര്യത്തിലേക്ക് നമ്മളെ നയിക്കുകയും ചെയ്യും. മറിച്ച് കാര്യക്ഷമമായ കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് ശ്രദ്ധ തിരിക്കുക. 

നെഗറ്റീവ് ചിന്തകളെ അകറ്റിനിര്‍ത്താം

നിരാശബോധം സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ചും ദുഖകരമായ അനുഭവങ്ങളെക്കുറിച്ചുമുളള ഓര്‍മ്മപ്പെടുത്തലാണ്. വെറുതെയിരിക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്ന അത്തരം ചിന്തകളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം അവസരത്തില്‍ വായനയിലേക്കോ സംഗീതത്തിലേക്കോ ശ്രദ്ധ തിരിച്ച് മനസ്സിനെ തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഒരു സൂഹൃത്തിനോട് സംസാരിക്കുകയും ചെയ്യാം. ഏത് രീതിയിലുളള ചിന്തകളാണ് നിങ്ങളെ അലോസരപ്പെടുത്തുന്നതെന്ന് മനസ്സിലാക്കിയ ശേഷം അത്തരം ചിന്തകള്‍ മനസ്സിലേക്ക് കടന്നുവരുമ്പോള്‍ ചിന്തകളുടെ ശ്രദ്ധതിരിക്കുന്ന പ്രവൃത്തിയില്‍ മുഴുകുക. 

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പരിശീലിക്കുക

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശീലിക്കുക എന്നതാണ് മനസ്സിന് സന്തോഷം പകരാനുളള മറ്റൊരു മാര്‍ഗം. പ്രതികൂല സാഹചര്യങ്ങള്‍ക്ക് നിങ്ങളെ കീഴ്‌പെടുത്താനുളള അവസരമൊരുക്കാതെ മനസ്സിനെ സംയമനം പാലിക്കാന്‍ പതുക്കെ പരിശീലിപ്പിക്കാം. നിങ്ങള്‍ കാണാനും ഇടപഴകാനും ആഗ്രഹിക്കുന്ന ഒരാളായി സ്വയം മാറാന്‍ ശ്രമിക്കുക. ഇത് പെട്ടെന്ന് സാധ്യമല്ലെങ്കിലും നിരന്തര പരിശ്രമത്തിലൂടെ നേടാന്‍ സാധിക്കും.

ദിവസവും നിങ്ങളുടെ മാറ്റങ്ങള്‍  വിലയിരുത്തുക 

മനസ്സിനെ ഇത്തരത്തില്‍ പ്രചോദിപ്പിക്കുന്നതിനോടൊപ്പം നിരന്തരമായ പരിശീലനത്തിലൂടെ നിങ്ങള്‍ ആര്‍ജ്ജിക്കുന്ന മനക്കരുത്ത് സ്വയം വിലയിരുത്തി ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക.