സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റു പല മനോരോഗങ്ങളിലും കാണാറുണ്ടങ്കിലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷണല്‍ ഡിസോര്‍ഡര്‍. തെളിവുകൊണ്ടോ യുക്തികൊണ്ടോ മാറ്റാന്‍ പറ്റാത്തതും അതേ സമയം യഥാര്‍ഥമല്ലാത്ത തുമായ വിശ്വാസങ്ങളാണ് ഡെലൂഷന്‍ അഥവാ മിഥ്യാവിശ്വാസം. പക്ഷേ ഈ വ്യക്തി മിഥ്യാവിശ്വാസത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ പലപ്പോഴും ഇത് യാഥാര്‍ഥ്യമാണോ എന്ന് നമുക്ക് തോന്നിപ്പോകും. 

ഉദാഹരണത്തിന് ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു സംഘമോ, തന്നെ കൊല്ലാനായി ഗൂഡാലോചന നടത്തുന്നു, പിന്‍തുടരുന്നു എന്നിങ്ങനെ വിശ്വസിപ്പിക്കാനായി നിരവധി തെളിവുകള്‍ ഇവര്‍ നിരത്തിയേക്കാം. എന്നാല്‍ മറ്റൊരു തരം ഡെല്യൂഷനില്‍ അത് കേള്‍ക്കുമ്പോള്‍ തന്നെ സംഗതി പ്രശ്‌നമാണെന്ന് മറ്റുളളവര്‍ക്ക് മനസ്സിലാകും. ഉദാഹരണത്തിന് അന്യഗ്രഹത്തില്‍നിന്നും ചില ജീവികള്‍ അയാളെ നിരീക്ഷിക്കുന്നു, കൊല്ലാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള ചിന്തകള്‍. ഇത്തരം മിഥ്യധാരണകളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും  രോഗി തികച്ചും സാധാരണ സ്വഭാവമാണ് കാണിക്കുക. 

സമൂഹത്തില്‍ പതിനായിരം പേരില്‍ മൂന്ന് പേര്‍ക്കെങ്കിലും ഈ അസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 വയസ്സു മുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ അസുഖം ഉണ്ടാകാമെങ്കിലും ഏകദേശം 40 കളിലാണ് സാധാരണ ആരംഭം. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ രോഗസാധ്യത അല്പം കൂടുതല്‍.

സംശയരോഗം അഞ്ചുതരത്തില്‍ 

'ഫോണ്‍ ബന്ധം വിഛേദിച്ചു, ഗെയിറ്റിനും മതിലിനും ഉയരംകൂട്ടി' ഭാര്യ ചതിക്കുന്നുണ്ടോ? 

മറ്റുള്ളവര്‍ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിക്കുന്നു എന്ന തോന്നല്‍ (പെര്‍സെക്യൂട്ടറി ടൈപ്പ്) 

ഭാര്യയ്ക്ക് ഭര്‍ത്താവിന്റെയോ, ഭര്‍ത്താവിന് ഭാര്യയുടെയോ ചാരിത്ര്യശുദ്ധിയിലുള്ള സംശയം (ജെലസ് ടൈപ്പ്)

തന്നേക്കാളുയര്‍ന്ന പദവിയിലുള്ള ഒരാള്‍ തന്നെ പ്രേമിക്കുന്നു എന്ന അടിയുറച്ച വിശ്വാസം (ഇറോട്ടോമാനിയ) 

തനിക്ക് ശാരീരികമായി തകരാറുണ്ടെന്ന തോന്നല്‍ (സൊമാറ്റിക് ടൈപ്പ്)

തനിക്ക് മറ്റുള്ളവരേക്കാള്‍ പ്രത്യേക കഴിവുകളുണ്ടെന്ന/സ്വത്തുണ്ടെന്ന ഉറച്ച വിശ്വാസം (ഗ്രാന്‍ഡിയോസ് ടൈപ്പ്)

ഈ അഞ്ച് രോഗലക്ഷണങ്ങളില്‍ ഒന്നിലധികം ഒരാള്‍ക്കുണ്ടാകുകയാണെങ്കില്‍ മിക്‌സഡ് ടൈപ്പ് എന്നാണ് ആ രോഗാവസ്ഥയെ വിളിക്കുക.

ചതിക്കുമെന്ന സംശയം

50 വയസ്സുള്ള, രണ്ട് കുട്ടികളുടെ പിതാവായ മാധവന്‍ ഒരു എയ്ഡഡ് സ്‌കൂളിലെ ഹെഡ്മാസ്റ്ററും അതേ സ്‌കൂളിന്റെ മാനേജരും കൂടിയാണ്. സ്വതവേ മിതഭാഷിയും, സൗമ്യനുമായ അദ്ദേഹം സമീപകാലങ്ങളില്‍ സഹപ്രവര്‍ത്തകരോടെല്ലാം നിസ്സാരകാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടാന്‍ തുടങ്ങി. കുറച്ചുകാലങ്ങളായി അദ്ദേഹം പറയുന്നത് സ്‌കൂളിലെ മറ്റു ടീച്ചര്‍മാര്‍ എല്ലാവരുംകൂടി തന്റെ ഹെഡ്മാസ്റ്റര്‍സ്ഥാനം തട്ടിയെടുക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ്. ഓഫീസ് മുറിയില്‍ അദ്ദേഹം ഉപയോഗിക്കുന്ന ഫയലുകളിലും ഹാജര്‍ പുസ്തകങ്ങളിലും മറ്റും വിഷകരമായ ഒരു പൊടി വിതറി അത് തന്റെ ശരീരത്തിലെത്തിയിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ബലമായ സംശയം.

ഇത് മൂലം വയറില്‍ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ഇദ്ദേഹം വയറിന്റെ സ്‌പെഷ്യലിസ്റ്റടക്കം നിരവധി ഡോക്ടര്‍മാരെ കണ്ട് പരിശോധനകള്‍ നടത്തി. പക്ഷേ ആര്‍ക്കും വയറിന്റെ അസ്വസ്ഥതയ്ക്ക് കാരണം കണ്ടെത്താനായില്ല. ഇദ്ദേഹത്തിന്റെ വിശദീകരണങ്ങളില്‍ സംശയം തോന്നിയ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ മനോരോഗവിദഗ്ധന്റെ അടുത്ത് എത്തിച്ചത്. സമൂഹത്തില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന സംശയരോഗം ഇതാണ്. താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള്‍ (പെര്‍സെക്യൂട്ടറി ടൈപ്പ്).

നിരവധി സാങ്കല്പികസാഹചര്യങ്ങള്‍ ഒന്നൊന്നായി കൂട്ടിയിണക്കി വളരെ സങ്കീര്‍ണമായ സംശയാവസ്ഥ ഇവര്‍ മനസ്സില്‍ വളര്‍ത്തിയെടുക്കുന്നു. ഇത്തരം സാങ്കല്പിക സംശയ സാഹചര്യങ്ങളില്‍നിന്നും രക്ഷ നേടാനായി അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക, പോലീസില്‍ പരാതി നല്‍കുക, ജോലി രാജിവെച്ച് വീട്ടിലിരിക്കുക, വീട്ടില്‍നിന്നോ പരിചയമുള്ള സ്ഥലങ്ങളില്‍നിന്നോ ഭക്ഷണം കഴിക്കാതിരിക്കുക എന്നിങ്ങനെ പല പ്രതിരോധ മാര്‍ഗങ്ങളും ഇവര്‍ ആവിഷ്‌ക്കരിക്കാറുണ്ട്. 

ചാരിത്ര്യ സംശയരോഗം 

45 വയസ്സുള്ള എഞ്ചിനീയറിങ് ഡിപ്ലോമക്കാരനായ യുവാവ് നാട്ടില്‍ സ്വന്തമായി ഒരു ഇന്‍ഡസ്ട്രി നടത്തിവരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അതേ സ്ഥലത്ത് നാഷണലൈസ്ഡ് ബാങ്കില്‍ ക്ലാര്‍ക്കാണ്. വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചിരുന്ന ഈ ദമ്പതിമാരില്‍ കുറച്ചുകാലങ്ങളായി ചില അലോസരങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കുറച്ചു മാസങ്ങളായി അയാള്‍ ഭാര്യയോട് അകാരണമായി ദേഷ്യപ്പെടുവാനും അവരുടെ ഓരോ പെരുമാറ്റങ്ങളേയും നിരീക്ഷിക്കാനും ചെറിയ കാര്യങ്ങള്‍ക്ക് പോലും ചോദ്യം ചെയ്യാനും ആരംഭിച്ചു. ഓഫീസ് വിട്ട് വീട്ടില്‍ വന്നാല്‍ ഭാര്യയുടെ ഹാന്‍ഡ് ബാഗ്, മൊബൈല്‍ഫോണ്‍ കോള്‍ ലിസ്റ്റ്, മറ്റ് സ്വകാര്യ വസ്തുക്കള്‍ എന്നിവ പരിശോധിക്കുന്നതും ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും വഴക്കിടുന്നതും നിത്യസംഭവമായി.

ഭാര്യ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാന്‍ അവരെ രാവിലെയും വൈകിട്ടും ബാങ്കില്‍ കൊണ്ടുവിടാനും കൊണ്ടുവരാനും ആരംഭിച്ചു. എന്നിട്ടും വിശ്വാസം വരാതെ ബാക്കി സമയവും അവരെ നിരീക്ഷിക്കാനായി ഇന്‍ഡസ്ട്രി അടച്ചുപൂട്ടി മുഴുവന്‍ സമയവും ബാങ്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ കാവല്‍ നില്‍ക്കുക പതിവാക്കി. മാത്രമല്ല വൈകിട്ട് വീട്ടില്‍ വന്നതിന് ശേഷവും ഭാര്യ അയല്‍വാസികളോടോ മറ്റുള്ളവരോടോ സംസാരിക്കാതിരിക്കാനായി ഫോണ്‍ ബന്ധം വിഛേദിക്കുകയും മതിലിന്റെയും ഗെയിറ്റിന്റെയും ഉയരം അസാധാരണമാംവിധം കൂട്ടുകയും ചെയ്തു. എന്നിട്ടും ഭാര്യ തന്നെ വഞ്ചിക്കുന്നു എന്ന സംശയംകൊണ്ട് കിടപ്പുമുറിയടക്കം വീടിന്റെ ഓരോ മുറിയും രാത്രി കിടക്കുന്നതിന് മുമ്പ് താഴിട്ട് പൂട്ടാനും തുടങ്ങി.

ഇരുപത്തിനാലു മണിക്കൂറും ഭാര്യയുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് ചിന്തിച്ച് മാനസികമായി തളര്‍ന്ന് ഉറക്കം നഷ്ടപ്പെട്ട അയാള്‍ മനോരോഗവിദഗ്ധനെ സമീപിച്ചത് ഭാര്യയെ ഹിപ്പ്‌നോട്ടൈസ് ചെയ്ത് അവരുടെ രഹസ്യവേഴ്ചയുടെ വിശദാംശങ്ങള്‍ സംഘടിപ്പിക്കുന്നതിനായിരുന്നു. 

പങ്കാളിയുടെ ചാരിത്ര്യത്തിലുളള സംശയമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം (ജെലസ് ടൈപ്പ്). കൂടുതലും പുരുഷന്‍മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടംപോലും സൂക്ഷ്മമായി വിശകലനം ചെയ്ത് തന്റെ സംശയത്തിന് അനുകൂലമായ തെളിവുകള്‍ ഭാര്യയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. സംശയത്തിനാസ്പദമായ തെളിവുകള്‍ ഇവര്‍ പങ്കാളിയുടെ കിടക്കവിരിയില്‍ നിന്നോ അടിവസ്ത്രങ്ങളില്‍നിന്നോ മറ്റു സ്വകാര്യ വസ്തുക്കളില്‍നിന്നോ ശേഖരിക്കുന്നു.

പങ്കാളിയുടെ അവിശ്വാസ്യത കണ്ടുപിടിക്കുന്നതിന് അവരെ രഹസ്യമായി പിന്തുടരുക, ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യുക, മാനസികവും ശാരീരികവുമായി പീഡിപ്പിക്കുക എന്നിവ ഇവരുടെ പ്രത്യേകതയാണ്. ഇത്തരത്തിലുള്ള സംശയരോഗവും ആത്മഹത്യ, കൊലപാതകം എന്നിവയ്ക്ക് രോഗിയെ പ്രേരിപ്പിച്ചേക്കാം. മദ്യപാനികളില്‍ സാധാരണ കാണപ്പെടുന്ന ഈ ഡെലൂഷനെ ഡെലൂഷ്യന്‍ ഓഫ് ഇന്‍ഫെഡിലിറ്റി അഥവാ ഒഥല്ലോ സിന്‍ഡ്രോം എന്നു പറയും. വിശ്വവിഖ്യാത സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' എന്ന കൃതിയിലും ജയരാജിന്റെ 'കളിയാട്ടം' എന്ന സിനിമയിലും മുഖ്യ പ്രതിപാദ്യവിഷയം ഈ സംശയരോഗം ആണ്.

ശാരീരിക രോഗസംശയം

മുപ്പത്തിരണ്ട് വയസ്സുള്ള അവിവാഹിതനായ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഏകദേശം പതിനേഴ് വയസ്സ് പ്രായമുള്ളപ്പോള്‍ ഹെര്‍ണിയക്കായി അദ്ദേഹത്തിന് ഒരു ഓപ്പറേഷന്‍ വേണ്ടിവന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ബലമായ സംശയം യഥാര്‍ഥത്തില്‍ മുമ്പ് ചെയ്ത ഓപ്പറേഷന്‍ കുടലിലെ ഒരു കാന്‍സര്‍ നീക്കം ചെയ്യുന്നതിനായിരുന്നു, പക്ഷേ അത് മുഴുവനായും നീക്കം ചെയ്യപ്പെട്ടില്ല എന്നാണ്. ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍പോലും പറഞ്ഞത് വിശ്വസിക്കാനാവാതെ തന്റെ സംശയം ദുരീകരിക്കാനായി അയാള്‍ ഒട്ടേറെ ഡോക്ടര്‍മാരെ കാണുകയും നിരവധി പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്തു.

എന്നിട്ടും ആശ്വാസം കിട്ടാതെ കടുത്ത സംശയംമൂലം മാനസികവും ശാരീരികവുമായി തളര്‍ന്ന് ഉറക്കവും, വിശപ്പും, ഉന്മേഷവും നഷ്ടപ്പെട്ട് കടുത്ത വിഷാദാവസ്ഥയിലാണ് അയാള്‍ മനോരോഗവിദഗ്ധന്റെ അടുത്ത് എത്തിപ്പെടുന്നത്.  ഹൈപ്പോക്രോണ്‍ഡ്രിയാക് ഡെലൂഷണല്‍ ഡിസോര്‍ഡര്‍ എന്ന അസുഖത്തിന്റെ ഉദാഹരണമാണിത്. ശാരീരികരോഗ സംശയം (സൊമാറ്റിക് ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍) പല തരത്തിലാകാം. വായയില്‍നിന്നോ മൂക്കില്‍നിന്നോ വിയര്‍പ്പില്‍നിന്നോ ദുര്‍ഗന്ധം വമിക്കുന്നു.

മുടിയിലോ, ചെവിയിലോ അല്ലെങ്കില്‍ ശരീരത്തിന്റെ ഉള്‍ഭാഗത്തോ പ്രാണികള്‍ അരിച്ച് നടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, ചുണ്ട്, ചെവി മുതലായവ വൃത്തികെട്ട ആകൃതിയിലാണ്, ശരീരാവയവങ്ങളായ കുടല്‍, തലച്ചോറ് എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ നിരവധി തരത്തിലും രൂപത്തിലും സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. 

താന്‍ വലിയ ആളാണെന്ന സംശയം

ഇത്തരം സംശയരോഗ ത്തില്‍ (ഗ്രാന്‍ഡിയോസ് ഡെല്യൂഷന്‍) രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്റെ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉന്മാദ രോഗത്തില്‍ ഇത്തരം മിഥ്യാചിന്തകള്‍ സാധാരണമാണ്.

ആരും കാണാതെ പ്രേമിക്കുന്നു കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. പ്രേമമെന്ന സംശയരോഗമുള്ള ( ഇറോട്ടോമാനിയ) സ്ത്രീ പലപ്പോഴും ഏകാന്ത പഥികയായിരിക്കും. തന്നെക്കാള്‍ ഉന്നതിയിലുള്ള ഒരു വ്യക്തി തന്നെ മറ്റുള്ളവര്‍ കാണാതെ തന്നെ രഹസ്യമായി പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിന്റെ മുഖ്യലക്ഷണം. ടെലിഫോണ്‍, ഇ-മെയില്‍, കത്ത് എന്നിവ മുഖേനയോ സമ്മാനങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ പ്രത്യേക സന്ദര്‍ഭങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കിയോ ഈ വ്യക്തി തന്നെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു എന്ന് ഇവര്‍ അടിയുറച്ച് വിശ്വസിക്കുന്നു.

മറിച്ച് ഇതൊന്നും ഇല്ലെന്ന് എത്രതന്നെ പറഞ്ഞാലും ഇവര്‍ വിശ്വസിക്കുകയില്ല. പ്രശസ്തരായ പല വ്യക്തികള്‍ക്കും ഇത്തരം സംശയങ്ങള്‍മൂലം നിരന്തര ശല്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് മണിക്കൂറുകളോളം ഒരു സ്ത്രീ കാത്തു നില്‍ക്കാറുണ്ടായിരുന്നു. കൊട്ടാരത്തിന്റ ജനല്‍ കര്‍ട്ടന്‍ ഇളക്കി രാജാവ് തന്നോടുള്ള പ്രണയം വെളിപ്പെടുത്തുന്നു എന്നായിരുന്നു ആ സ്ത്രീയുടെ വിശ്വാസം. 

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.പി.എന്‍. സുരേഷ്‌കുമാര്‍
പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
കെ.എം.സി.ടി.മെഡിക്കല്‍ കോളേജ്, കോഴിക്കോട്