കൊച്ചി: സംസ്ഥാനത്ത് മാനസിക സംഘർഷവും ആത്മഹത്യയും കൂടുന്നു. രാജ്യത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്താണ്. 2019- ലെ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒരു ലക്ഷം പേരിലെ ആത്മഹത്യാ തോത് 24.3 ആണ്. ഇന്ത്യയിലെ ആകെ ആത്മഹത്യകളുടെ ശരാശരി നിരക്കിനെക്കാൾ (10.2) കൂടുതലാണിത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയാണ് ആത്മഹത്യാ നിരക്കിൽ മുന്നിൽ. 2003-ൽ ഒരു ലക്ഷത്തിൽ 29 ആയിരുന്നു ആത്മഹത്യാ നിരക്ക്. 2015-ൽ ഇത് 21.2 ആയി കുറഞ്ഞെങ്കിലും 2019-ൽ 24.3 ആയി ഉയർന്നു.

മാനസിക സാക്ഷരതയിൽ പിന്നിൽ

മാനസിക സാക്ഷരതയിൽ കേരളം പിന്നിലാണെന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് അരുൺ ബി. നായർ പറഞ്ഞു. ചികിത്സിക്കപ്പെടാത്ത വിഷാദ രോഗമാണ് ആത്മഹത്യാ കാരണങ്ങളിൽ മുന്നിൽ. ചികിത്സ തേടാൻ മടിക്കുന്നവർ അധികമാണ്. സ്കൂൾ മുതൽ മാനസികാരോഗ്യത്തെ കുറിച്ചും ചികിത്സ തേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം ഉണ്ടാകണം. ‌

നൽകാം മാനസികാരോഗ്യ പ്രഥമശുശ്രൂഷ

അഞ്ച് ഘട്ടങ്ങളിലാണ് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ നൽകുന്നത്.

  • ബുദ്ധിമുട്ടുന്ന വ്യക്തിയെ സമീപിച്ച് പ്രയാസം അന്വേഷിക്കുക
  • നല്ല ശ്രോതാവാകുക
  • മനസ്സിലെ തെറ്റിദ്ധാരണകൾ നീക്കി, ആശ്വസിപ്പിക്കുക
  • മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം നൽകുക
  • ഒറ്റപ്പെട്ടു പോകാതിരിക്കാൻ സാമൂഹിക പിന്തുണ ഉറപ്പാക്കുക

ലോക്ഡൗണിൽ 67.7 ശതമാനം വർധന

ഇന്റർനാഷണൽ ജേണൽ ഓഫ് മെന്റൽ ഹെൽത്ത് സിസ്റ്റംസ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 2020-ലെ കോവിഡ് ലോക്‌ഡൗൺ സമയത്ത് ആത്മഹത്യകളിൽ 67.7 ശതമാനത്തിന്റെ വർധനയാണുള്ളത്. ഈ കാലത്ത് 369 ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്നിട്ടുണ്ട്. 2019-ൽ ഇതേ കാലത്ത് 220 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. ലോക്‌ഡൗൺ സമയത്ത് ആത്മഹത്യ ചെയ്തവരിൽ കൂടുതലും 31-നും 50-നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും പുരുഷൻമാരാണ്.

- ഡോ. കാത്‌ലീൻ ആൻ മാത്യു

അമൃത ആശുപത്രി സൈക്യാട്രി ആൻഡ് ബിഹേവിയർ മെഡിസിൻ വിഭാഗം സീനിയർ റെസിഡന്റ്