വിവാഹമോചനം നേടിയ വ്യക്തികള്‍ പുനര്‍വിവാഹം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. യുക്തിയില്ലാത്തൊരു അരക്ഷിതാവസ്ഥ വളര്‍ത്തിയെടുത്ത് കിട്ടുന്ന ഒരാളെ പെട്ടെന്ന് ജീവിതത്തിലേക്ക് സ്വീകരിക്കരുത്. വിവാഹമോചനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ രണ്ടാളും തുറന്ന് ചര്‍ച്ച ചെയ്യണം. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇവിടെ കുറിക്കുന്നത്. കത്തിലെ വിവരങ്ങള്‍ ഇതാണ്. 

''മുപ്പത്തിയെട്ടുവയസ്സുള്ള സ്ത്രീയാണ് ഞാന്‍. പത്തുവര്‍ഷം മുന്‍പ് വിവാഹമോചിതയായി. ആ ബന്ധത്തില്‍ ഒരു മകനുണ്ട്. അവനിപ്പോള്‍ പതിനാറ് വയസ്സ്. ഞാന്‍ മൂന്നുവര്‍ഷംമുന്‍പ് പുനര്‍വിവാഹിതയായി. ഭര്‍ത്താവിന് നാല്പത്തിരണ്ട് വയസ്സ്. അദ്ദേഹത്തിന്റെയും പുനര്‍വിവാഹമാണ്. അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ മകന്‍ ഒപ്പമുണ്ട്. അവന് പതിന്നാല് വയസ്സ്. ഞാനും അദ്ദേഹവും രണ്ടുകുട്ടികളും ഒരുമിച്ച് എന്റെ വീട്ടിലാണ് കഴിയുന്നത്. ഭര്‍ത്താവിന് പ്രൈവറ്റ് കമ്പനിയില്‍ ജോലിയുണ്ട്. എനിക്ക് ജോലിയില്ല. എന്നാല്‍ സ്വത്തുണ്ട്. സ്ഥിരവരുമാനം വാടകയിനത്തില്‍ ലഭിക്കുന്ന കെട്ടിടങ്ങളുണ്ട്. ഇതാണ് ജീവിതസാഹചര്യം.
ആദ്യവിവാഹത്തില്‍നിന്ന് മോചനം കിട്ടിയശേഷം മറ്റൊരു വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു ഞാന്‍. അത്രയധികം പീഡനം നേരിട്ടു. അയാള്‍ സംശയരോഗിയായിരുന്നു. സഹിക്കാന്‍ പറ്റാതായപ്പോള്‍ വീട്ടുകാരെ അറിയിച്ചു. കൗണ്‍സലിങ്ങിന് പോയി. മരുന്ന് കഴിക്കേണ്ടിവരുമെന്നദ്ദേഹത്തിനോട് നിര്‍ദേശിച്ചപ്പോള്‍ പിണങ്ങി ഇറങ്ങിപ്പോയി. ചികിത്സകള്‍ക്ക് സഹകരിക്കാതെയായി. രക്ഷപ്പെട്ട് ദാമ്പത്യത്തില്‍നിന്ന് പുറത്തുചാടുകയായിരുന്നു.

വിവാഹമോചനശേഷം ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ എനിക്കുമുണ്ടായി. അതുകൊണ്ടാണ് വിവാഹം കഴിക്കേണ്ടെന്ന തീരുമാനം മാറ്റിയത്. വിവാഹമോചിതര്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റില്‍ വിവരങ്ങളിട്ടു. അങ്ങനെയാണ് ഈ വിവാഹാലോചന വന്നത്. ഇദ്ദേഹം മാന്യനാണെന്നാണ് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. മുന്‍ ഭാര്യക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ഇദ്ദേഹത്തില്‍നിന്ന് വിവാഹമോചനം നേടിയശേഷം ആ സ്ത്രീ കാമുകനെ വിവാഹം കഴിച്ചുവെന്നും അറിയിച്ചു. മകനെ ഇദ്ദേഹത്തിന് വിട്ടുനല്‍കുകയും ചെയ്തു. വളരെ നന്നായി സംസാരിക്കുമായിരുന്നു. വിശ്വസനീയമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അതുകൊണ്ട് കൂടുതല്‍ അന്വേഷിക്കാന്‍ പോയില്ല. രണ്ടു മക്കള്‍ക്കും നല്ല മാതാപിതാക്കളായിരിക്കണമെന്ന ആവശ്യത്തോട് കക്ഷിയോജിക്കുകയും ചെയ്തു. എന്റെ സ്വത്തില്‍ തീരെ താത്പര്യമില്ലെന്നും വളരെ നല്ല വരുമാനമുണ്ടെന്നുമാണ് പറഞ്ഞത്. ആലോചന വന്ന് മൂന്നുമാസത്തിനുള്ളില്‍തന്നെ കല്യാണം നടന്നു. എന്റെ വിവാഹം നടക്കണമെന്ന ധൃതി വീട്ടുകാര്‍ക്കുമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് അഞ്ചുമാസം വളരെ സന്തോഷകരമായി പോയി. എന്റെ മകനോട് മാന്യമായും വാത്സല്യത്തോടെയും പെരുമാറിയെങ്കിലും അവന്‍ അടുത്തില്ല. ഞാന്‍ രാത്രി അദ്ദേഹത്തിനൊപ്പം കിടക്കാന്‍ പോകുമ്പോള്‍ അവന്‍ അസ്വസ്ഥനായിരുന്നു. ഇതൊക്കെ പതിയെ മാറ്റിയെടുക്കാമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ എളുപ്പത്തില്‍ എന്നോട് അടുത്തു.
പിന്നീട് ഭര്‍ത്താവിന്റെ സ്വഭാവത്തിലും സംസാരരീതികളിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. എന്റെ സ്വത്തുവിവരങ്ങളും വരുമാനവുമൊക്കെ അറിയാന്‍ നിര്‍ബന്ധം പിടിച്ചു. അതിലൊരു പങ്ക് വേണമെന്ന് വാശികാട്ടി. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റെ വരുമാനത്തെക്കുറിച്ച് അന്വേഷിച്ചത്. പറഞ്ഞ ശമ്പളത്തിന്റെ നാലിലൊന്നുപോലും അദ്ദേഹത്തിനില്ലായിരുന്നു. കുട്ടിയുടെ സ്‌കൂള്‍ ഫീസ് നല്കാന്‍പോലും ബുദ്ധിമുട്ടിയിരുന്നു. ഇത് ഞാന്‍ മനസ്സിലാക്കിയെന്നറിഞ്ഞതോടെ ഭയങ്കരമായി ദേഷ്യപ്പെട്ടു. 'ദുര്‍നടപ്പുമൂലം ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയെ' സ്വീകരിച്ചത് കാശ് മോഹിച്ചാണെന്ന് പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ പതിവായി. ചോദിക്കാതെ പണം നല്കിയാലേ സമാധാനമാകൂവെന്ന നിലവന്നു.

ഈ അവസ്ഥയില്‍ അദ്ദേഹത്തിന്റെ പൂര്‍വവിവാഹ വിശേഷങ്ങള്‍ ഞാന്‍ അന്വേഷിച്ചു. ആ സ്ത്രീക്ക് കാമുകനൊന്നുമില്ലായിരുന്നു. സ്വത്തിനോടുള്ള ആര്‍ത്തി തന്നെയായിരുന്നു പ്രശ്നം. എത്ര കൊടുത്താലും മതിയാകാത്ത പ്രകൃതമായിരുന്നു. ഉപദ്രവം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഇട്ടേച്ച് പോയതാണ്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ മകനെ ഇദ്ദേഹത്തിന് വിട്ടുകൊടുക്കേണ്ടിവന്നു. കോടതിവിധിപ്രകാരം ഇടയ്ക്കൊക്കെ മകനെ ഒപ്പം താമസിപ്പിക്കാന്‍ ആ സ്ത്രീക്ക് അനുവാദം കിട്ടിയിട്ടുണ്ട്. എന്നാല്‍ അമ്മ ചീത്തയാണെന്ന കഥ വിശ്വസിച്ചിരിക്കുന്നതുകൊണ്ട് അവന്‍ പോകില്ല. എന്നെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി മകന്‍ കാണാന്‍ വരുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഞാന്‍ ഈ വിവരങ്ങളൊക്കെ മനസ്സിലാക്കിയെന്ന് ഭര്‍ത്താവിന് അറിയാം. എന്നിട്ടും ഒരു കൂസലുമില്ല. ബുദ്ധിയുള്ള ആണുങ്ങള്‍ അങ്ങനെ പലതും ചെയ്യുമെന്നാണ് ന്യായംപറയുന്നത്.

ഇപ്പോള്‍ നിത്യവും വഴക്കാണ്. എന്റെ സ്വത്തില്‍നിന്നും വാടകക്കാശില്‍നിന്നും എത്ര വാങ്ങിയെടുക്കാമെന്ന വിചാരം മാത്രമേയുള്ളൂ. എന്നെയോ കുട്ടികളെയോ സ്നേഹിക്കണമെന്നൊന്നുമില്ല. പണത്തിനായി ബഹളം കൂട്ടുമ്പോള്‍ നല്‍കേണ്ടെന്ന് തോന്നും. എന്നാല്‍ വീട്ടില്‍ സമാധാനമുണ്ടാകട്ടെയെന്ന് കരുതി കൊടുക്കും. ഈ പണമൊക്കെ ധൂര്‍ത്തടിച്ച് ചെലവാക്കുകയാണ്. കുടിയും വലിയുമൊന്നുമില്ല. സ്വന്തം മകനുപോലും ഒന്നും വാങ്ങിക്കൊടുക്കുന്നത് കണ്ടിട്ടില്ല. തികഞ്ഞ സ്വാര്‍ഥനാണ്. അദ്ദേഹത്തിന്റെ മകനും എന്നോടാണ് കൂടുതല്‍ അടുപ്പം. ഞാനെന്തുചെയ്താലും പുനര്‍വിവാഹിതയായ നീ വിവാഹമോചനത്തിന് പോവില്ലെന്ന് ഇടയ്ക്കൊക്കെ പറയും. ശരിയാണ്, ഇതുതന്നെയാണ് എന്റെയും പ്രശ്നം. രണ്ടാമത് കല്യാണം കഴിച്ചിട്ടും കെട്ടുപൊട്ടിച്ച് പുറത്തുവന്നവളെന്ന് വീട്ടുകാരും നാട്ടുകാരും പഴിപറയുമോയെന്ന പേടിയുണ്ട്. അദ്ദേഹത്തിന് ലൈംഗികമായിപ്പോലും താത്പര്യങ്ങളില്ല. ഞാനും രണ്ടുമക്കളും വേറെ മുറിയിലാണ് കിടക്കുന്നത്. എല്ലാം സഹിച്ച് കടിച്ചുപിടിച്ചാണ് ജീവിക്കുന്നത്. എനിക്ക് തീരെ ഉറക്കമില്ല. മനസ്സിന് സമാധാനവുമില്ല. എന്നെ ഈ വ്യക്തി കൊന്നുകളയുമോ എന്ന പേടിപോലുമുണ്ട്. അതുകൊണ്ട് ഞാന്‍ അദ്ദേഹമറിയാതെ വില്‍പ്പത്രമെഴുതി രജിസ്റ്റര്‍ ചെയ്തുവെച്ചു. ഒരു കെണിയില്‍പെട്ട അവസ്ഥ. ഞാനിപ്പോള്‍ പെട്ടെന്ന് കോപിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് സങ്കടപ്പെടും. ഒന്നും ചെയ്യാനുള്ള താത്പര്യമില്ല. ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ വളരെ സമാധാനമായിരുന്നു. പുനര്‍വിവാഹം ചെയ്തപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന കുറ്റബോധമുണ്ട്. എന്റെ മകനും ഇതില്‍ പെട്ടു.  ഈ പ്രതിസന്ധിയെ എങ്ങനെ നേരിടും?''

വിവാഹമോചനനിരക്ക് വര്‍ധിക്കുന്ന കേരളത്തില്‍ ഏറെ പ്രസക്തമാകുന്ന വിഷയമാണ് ഈ കത്ത് അവതരിപ്പിക്കുന്നതെന്നതില്‍ സംശയമില്ല. വിവാഹമോചനം പരസ്പരസമ്മതപ്രകാരം കാലതാമസംകൂടാതെയോ ദീര്‍ഘമായ വ്യവഹാരത്തിനുശേഷമോ സംഭവിക്കാം. ദമ്പതികള്‍ ഒരുമിച്ച് ചെലവഴിച്ച കാലയളവിന് വ്യത്യാസങ്ങള്‍ ഉണ്ട്. ഒരു രാത്രി മാത്രം കഴിഞ്ഞ് പിരിഞ്ഞവരുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം വേര്‍പെട്ടവരുമുണ്ട്. ഇതിലേക്ക് നയിക്കുന്നത് വൈവിധ്യങ്ങളായ കാരണങ്ങളാണ്. ഒരു പ്രധാന അസ്വാരസ്യത്തിലേക്ക് മറ്റുപലതും ക്രമേണ ഉരുണ്ട് കയറും. ചിലര്‍ വീണ്ടുമൊരു വിവാഹത്തിന് തയ്യാറാവില്ല. ഭൂരിപക്ഷവും പുനര്‍വിവാഹിതരാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനുശേഷം നല്ല ജീവിതം നയിക്കുന്നവര്‍ ധാരാളമുണ്ട്. കത്തിനെ മാനദണ്ഡമാക്കി എല്ലാം കുഴപ്പമെന്ന് വിചാരിക്കേണ്ട. തകര്‍ന്ന വിവാഹത്തില്‍ കുട്ടികളുണ്ടായിട്ടുണ്ടെങ്കില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ആശങ്കകള്‍ കൂടും. മക്കള്‍ ഒപ്പമുള്ള ചില സ്ത്രീകള്‍ വീണ്ടുമൊരു ദാമ്പത്യപരീക്ഷണത്തിന് പോകാതിരിക്കുന്ന ശൈലി പ്രകടിപ്പിക്കുന്നുമുണ്ട്. മക്കള്‍ക്കൊപ്പം മതി ശിഷ്ടകാലമെന്ന ചിന്തയാണ് പ്രേരകശക്തി.
പുനര്‍വിവാഹ തീരുമാനം തികച്ചും വ്യക്തിപരമായിരിക്കണം. ഉറ്റവരും ഉടയവരുംകൂടി അടിച്ചേല്‍പ്പിക്കുന്ന ഒന്നാകരുത്. തിരഞ്ഞെടുക്കല്‍ ബുദ്ധിപരമായിരിക്കണം. ഈ തത്ത്വങ്ങള്‍ ഈ യുവതിയുടെ പുനര്‍വിവാഹത്തിന് പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. വേണ്ടത്ര ആലോചനയും അന്വേഷണങ്ങളും നടന്നിട്ടില്ല. ഏതൊരു വിവാഹത്തിലും ഇത് അനിവാര്യമാണ്. ബന്ധത്തിന്റെ ചരട് മുറുകിക്കഴിഞ്ഞാല്‍ പിന്നെ വൈകാരികമായും നിയമപരമായും അഴിയാന്‍ ഏറെ ബുദ്ധിമുട്ടുമെന്നതുതന്നെ കാരണം.

ആദ്യ വിവാഹത്തെക്കാള്‍ കൂടുതല്‍ ലക്ഷ്യബോധവും ഉത്തരവാദിത്വവും പുനര്‍വിവാഹത്തില്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. സാമൂഹിക സുരക്ഷിതത്വമോ സാമ്പത്തിക സുരക്ഷിതത്വമോ മാത്രം ലക്ഷ്യമാക്കിയാല്‍ പോര. ഈ ദാമ്പത്യത്തിലെ പങ്കാളികള്‍ക്ക് ഇത്തരത്തിലുള്ള ചുരുങ്ങിയ വിചാരങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ ഉള്ളിലിരിപ്പ് ഭാര്യക്ക് മനസ്സിലായതുമില്ല.പുനര്‍വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി തന്റെ പൂര്‍വ ദാമ്പത്യത്തില്‍ വരുത്തിയ വീഴ്ചകളെക്കുറിച്ച് പറയാതെ പങ്കാളിയുടെ കുറ്റംമാത്രം പറയുന്ന മട്ടിലായാല്‍ സൂക്ഷിക്കണം. വീണ്ടും വിവാഹം കഴിക്കുമ്പോള്‍ ഇതേ രീതി തുടരാനാണ് സാധ്യത. സ്വന്തം വീഴ്ചകള്‍ വിലയിരുത്തിയും പങ്കാളിയെ മനസ്സിലാക്കിയും വിട്ടുവീഴ്ചകള്‍ ചെയ്തുമൊക്കെയല്ലേ നല്ല ദാമ്പത്യമുണ്ടാകുന്നത്. പൂര്‍വ വിവാഹത്തില്‍ വന്ന തെറ്റുകള്‍ തിരുത്താനുള്ള മനസ്സുവേണം. ആദ്യ ഭര്‍ത്താവിന്റെ സംശയരോഗത്തെക്കുറിച്ച് യുവതി പറഞ്ഞ വിവരങ്ങള്‍ വളച്ചൊടിച്ചു. ധനത്തോടുള്ള ആര്‍ത്തിമൂലം ആദ്യ ഭാര്യയുടെ മനസ്സിനെ നോവിക്കും വിധത്തില്‍ പെരുമാറിയത് മറച്ചുവെച്ചു. ഇതൊന്നും നല്ല ലക്ഷണങ്ങളല്ല. ഇത് അന്വേഷണത്തില്‍ വ്യക്തമാകുമായിരുന്നു. രണ്ടാളും വിവാഹ മോചിതരെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറുകയും ഒരു തുറന്ന ആശയ വിനിമയത്തിലൂടെ ആശങ്കകള്‍ ദൂരീകരിക്കുകയും ചെയ്യുന്നതാണ് മാതൃകാപരമായ നടപടി. രേഖകളിലുള്ളത് എല്ലാം വസ്തുതകളാകണമെന്നില്ലെന്ന കാര്യം ഓര്‍ക്കുകയും വേണം. പുനര്‍വിവാഹ ധൃതി ഇരുകൂട്ടര്‍ക്കുമുള്ളതുകൊണ്ട് ഇതൊന്നും നമ്മുടെ നാട്ടില്‍ നടക്കാറില്ല. പഴയ ദാമ്പത്യത്തില്‍ പങ്കാളിക്കുണ്ടായ ഏതെങ്കിലും പ്രശ്നങ്ങള്‍ പുനര്‍വിവാഹത്തില്‍ ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ടോയെന്ന വിലയിരുത്തലെങ്കിലും വേണം. ഈ കാര്യത്തില്‍ ഇരുകൂട്ടരും സത്യസന്ധത പുലര്‍ത്തുകയും വേണം.

പുനര്‍ വിവാഹത്തിന് മുന്‍പ് പഴയ ജീവിതത്തെക്കുറിച്ച് വ്യക്തത വരുത്തിക്കഴിഞ്ഞാല്‍ പിന്നെ പഴയ ദാമ്പത്യത്തിന്റെ ഏടുകള്‍ ചികഞ്ഞുനോക്കാന്‍ പോകരുത്. ലൈംഗികത ഉള്‍പ്പെടെയുള്ള എല്ലാ തലങ്ങളും പഴയ ദാമ്പത്യത്തിലുണ്ട്. അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കര്‍ശനമായും ഒഴിവാക്കണം. പറച്ചിലുകളും വേണ്ട. ഇത് വേറെ, അത് വേറെയെന്ന വസ്തുത അംഗീകരിക്കണം. പഴയ വ്യക്തി ഈ കാര്യത്തില്‍ മെച്ചമായിരുന്നുവെന്ന വിടുവായത്തം വാശിയുടെയോ കോപത്തിന്റെയോ പ്രേരണയാല്‍ വിളമ്പാന്‍ പാടില്ല. ഇതുണ്ടാക്കുന്ന കോട്ടം വലുതാണ്.

സ്വത്തിനോട് ആര്‍ത്തികാട്ടുന്ന ഇദ്ദേഹത്തെ തിരുത്തുവാനാകുമോയെന്നറിയില്ല. എന്നാല്‍ ആ ദുരാഗ്രഹത്തിന് വഴങ്ങുന്നത് ഈ സ്വഭാവവൈകല്യത്തില്‍ വളമിടുകയേ ചെയ്യൂ. സ്വന്തമായി ജോലിചെയ്ത് വരുമാനമുണ്ടാക്കണമെന്നും പണം നല്കല്‍ ഉണ്ടാവില്ലെന്നും അറിയിക്കണം. അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള ഒരു ഉപദ്രവവും പൊറുക്കരുത്. സമൂഹം എന്ത് വിചാരിക്കുമെന്ന ചിന്തയാണ് സ്ത്രീകളെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. പീഡനങ്ങള്‍ നേരിടുമ്പോള്‍ ഈ സമൂഹം ഒപ്പമില്ലെന്ന് ഓര്‍ക്കണം. മറ്റൊരു ചികിത്സയും ഇത്തരം ഭര്‍ത്താക്കന്മാരെ നിലയ്ക്ക് നിര്‍ത്താനായി ഇല്ല. ഇതൊക്കെ നടപ്പിലാക്കണമെങ്കില്‍ പിടികൂടിയിരിക്കുന്ന വിഷാദത്തെ പരിഹരിക്കണം. ശക്തിയുള്ള സ്ത്രീയായി മാറണം. ഉപേക്ഷിച്ചുപോകുമെന്ന ഭീതിയാല്‍ കീഴടങ്ങരുത്. ദാമ്പത്യം നിലനിര്‍ത്തേണ്ടത് അദ്ദേഹത്തിന്റെയും ആവശ്യമാണെന്നതാണ് വസ്തുത.

മക്കളുള്ളവര്‍ പുനര്‍വിവാഹിതരാകുമ്പോള്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. പിതൃസ്ഥാനത്തോ മാതൃസ്ഥാനത്തോ മറ്റൊരാള്‍ വരുന്നതില്‍ അവര്‍ക്കുള്ള ആശങ്കകള്‍ ലഘൂകരിച്ച് കൊടുക്കണം. പുനര്‍ വിവാഹത്തിലെത്തും മുന്‍പുതന്നെ അവരോടൊപ്പം സമയം ചെലവഴിക്കണം. പ്രായപൂര്‍ത്തിയെത്തിയ മക്കള്‍ക്കുപോലും ചിലപ്പോള്‍ പുനര്‍വിവാഹമെന്ന ആശയം ഉള്‍ക്കൊള്ളനായില്ലെന്ന് വരും. ഇത്തരം ഒരുക്കങ്ങള്‍ ഈ വിവാഹത്തിലുണ്ടായിട്ടില്ല. സ്നേഹം നഷ്ടപ്പെടുമെന്നൊക്കെയുള്ള വൈകാരികമായ എതിര്‍പ്പുകളാണ് ചെറിയ കുട്ടികളില്‍ കാണുന്നത്. അവരെ മറ്റൊരു മുറിയിലേക്ക് മാറ്റുന്നതുപോലും ഇങ്ങനെ വ്യാഖ്യാനിച്ചേക്കാം.

എല്ലാവര്‍ക്കും പഴയ ദാമ്പത്യത്തിലെ കല്ലുകടികളെക്കുറിച്ചുള്ള ഓര്‍മകളുണ്ടാകും. ഇനിയുള്ള വിവാഹം കുഴപ്പത്തിലാകുമോയെന്ന പേടികളുണ്ടാകും. ഇതെല്ലാം മാറ്റിവെച്ചുവേണം പങ്കാളിയെ വിലയിരുത്താന്‍. പ്രതീക്ഷകളെക്കുറിച്ചും ഒരു വിവാഹത്തിന്റെ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പോരായ്മകളെക്കുറിച്ചുമൊക്കെ തുറന്ന് പറയാം. വീണ്ടുമൊരു തകര്‍ച്ച ഒഴിവാക്കാന്‍ ഇതൊക്കെ ആവശ്യമാണ്. മറ്റുള്ളവരുടെ ഇടപെടലുകള്‍മൂലം ദാമ്പത്യം തകര്‍ന്ന ചരിത്രമുള്ളവര്‍, സംശയം സഹിക്കാതെ പങ്കാളി വിട്ടുപോയവര്‍, ധനത്തിനോടുള്ള ആര്‍ത്തിമൂലം വിവാഹജീവിതത്തെ അശാന്തമാക്കിയവര്‍, മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടവര്‍, ഗുരുതരവ്യക്തിത്വവൈകല്യമുള്ളവര്‍ - ഇങ്ങനെയുള്ളവരെ വേണ്ടെന്ന് വെക്കുന്നതാണ് ബുദ്ധി.

Content Highlights:  Important things every couple should do before getting Remarriage, Mental Health, Health 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌