പ്രിയപ്പെട്ടത് എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുമ്പോഴോ ബന്ധങ്ങള്‍ ഗതിമാറുമ്പോഴോ ജോലിയില്‍നിന്ന് പിന്മാറുമ്പോഴോ അതുപോലെ, ദൈനംദിന രീതികളെ സാരമായി ബാധിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴോ ഒക്കെ ജീവിതത്തില്‍ സങ്കടം കടന്നുവരാറുണ്ട്. ഇവയോടെല്ലാം കടുത്ത വൈകാരിക പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ക്രമേണ വസ്തുതകളെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ അവ കുറഞ്ഞുവരികയോ അവസാനിക്കുകയോ ചെയ്യും. നഷ്ടത്തിന്റെ, വേര്‍പാടിന്റെ, അല്ലെങ്കില്‍ വ്യക്തിയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് ഇതിനാവശ്യമായ സമയത്തിന് മാറ്റം ഉണ്ടായേക്കാം. എങ്കിലും, ദുഃഖചിന്തകളും നിരാശയും ക്രമേണ കുറയും. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. എന്നാല്‍, വിഷാദരോഗം ഇത്തരം സാധാരണ സങ്കടത്തില്‍നിന്നോ ദുഃഖങ്ങളില്‍നിന്നോ വ്യത്യസ്തമാണ്. ഇവിടെ ആകുല ചിന്തകള്‍ ഒരേ അളവിലും ശക്തിയിലും ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം തുടരാം. വസ്ത്രം ധരിക്കുന്നത് അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നത് എന്നിങ്ങനെ ലളിതമായ കാര്യങ്ങളില്‍പ്പോലും വലിയ തടസ്സങ്ങള്‍ അനുഭവപ്പെടാം.

വിഷാദരോഗലക്ഷണങ്ങള്‍ പല രൂപങ്ങള്‍ സ്വീകരിക്കുന്നു. മാത്രമല്ല രണ്ട് വ്യക്തികളുടെ വിഷാദ അനുഭവങ്ങള്‍ ഒരിക്കലും ഒരേപോലെ ആയിരിക്കുകയും ഇല്ല. എങ്കിലും, ഉള്ളില്‍ തുറക്കുന്ന ശൂന്യത, നിസ്സംഗത, നിര്‍വികാരത, ഒന്നിലും അനുഭവവേദ്യമാകാത്ത സുഖവും സന്തോഷവും എന്നിവ വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. അവയ്ക്കൊപ്പം, താഴെ പറയുന്ന ലക്ഷണങ്ങള്‍ ചിലതെങ്കിലും കൂടി, രണ്ടോ അതിലധികമോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നു എങ്കില്‍, വിഷാദരോഗനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ ആയി.

  • ഏകാന്തതയും ഒറ്റപ്പെടലും.
  • നിരന്തരമായ സങ്കടം, നിരാശ,ക്ഷീണം, തളര്‍ച്ച, ഊര്‍ജക്കുറവ്.
  • സാധാരണയില്‍ അധികം, അല്ലെങ്കില്‍ കുറച്ച് ഉറക്കം.
  • സാധാരണയില്‍ അധികം, അല്ലെങ്കില്‍ കുറച്ച്, ഭക്ഷണം.
  • ഏകാഗ്രത കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്.
  • ആസ്വാദ്യകരമായ പ്രവര്‍ത്തനങ്ങളിലോ സാമൂഹികവത്കരണത്തിലോ ഉള്ള താത്പര്യം നഷ്ടമാകല്‍.
  • കുറ്റബോധം, സ്വന്തം വില നഷ്ടപ്പെട്ടു എന്ന തോന്നല്‍.
  • മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകള്‍.

വിഷാദരോഗങ്ങള്‍ പല തരത്തിലും രൂപത്തിലുമുണ്ട്. ഓരോ രൂപത്തിനും അതിന്റേതായ ലക്ഷണങ്ങളുമുണ്ട്. പലപ്പോഴും വിഷാദം ഉത്കണ്ഠയായും ഉത്കണ്ഠ കലര്‍ന്ന പെരുമാറ്റങ്ങളായും പ്രത്യക്ഷപ്പെടാം. സ്ത്രീകളില്‍ വിഷാദരോഗ സാധ്യത പുരുഷന്മാരെക്കാള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ അധികമാണ്.  
   
കാലാവസ്ഥാ വ്യതിയാനങ്ങളും ചിലപ്പോള്‍ വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. ശൈത്യകാലത്തും ശരത്കാലത്തും നമ്മുടെ നാട്ടില്‍ മഴക്കാലത്തും ഇപ്പോള്‍ കൊറോണക്കാലത്തും വീട്ടില്‍നിന്ന് അധികം പുറത്തിറങ്ങാന്‍ കഴിയാതെ വരുന്നതുമെല്ലാം ക്രമേണ ഡിപ്രഷന് കാരണമാകാം.

മറികടക്കാന്‍ കഴിയുമോ?

ഹ്രസ്വമായ ഉത്തരം കഴിയും എന്നാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി നടന്നുവരുന്ന ഗവേഷണ പഠനങ്ങള്‍ പ്രകാരം, വിഷാദരോഗങ്ങള്‍ ഹ്രസ്വകാല, ലക്ഷ്യാധിഷ്ഠിത സൈക്കോതെറാപ്പി അല്ലെങ്കില്‍ ടോക്ക് തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകള്‍ എന്നിവ ഉപയോഗിച്ച് ചികിത്സിക്കാം. ഏറ്റവും ഫലപ്രദമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സൈക്കോതെറാപ്പി സമീപനങ്ങള്‍ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സി.ബി.ടി.), ഇന്റര്‍പര്‍സണല്‍ തെറാപ്പി, സൈക്കോഡൈനാമിക് തെറാപ്പി എന്നിവയാണ്. ആന്റിഡിപ്രസന്റുകളായ സെലക്ടീവ് സെറോടോണിന്‍ റീഅപ് ടേക്ക് ഇന്‍ഹിബിറ്ററുകള്‍ (എസ്.എസ്.ആര്‍.ഐ.) വിഷാദരോഗത്തിന് സാധാരണയായി നിര്‍ദേശിക്കുന്ന മരുന്നുകളാണ്. കൂടുതല്‍ ഗുരുതരമായ കേസുകളില്‍ ഇലക്ട്രോകണ്‍വസീവ് തെറാപ്പി (ഇ.സി.ടി.) അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ട്രാന്‍സ്‌ക്രാനിയല്‍ മാഗ്‌നെറ്റിക് സ്റ്റിമുലേഷന്‍ (ആര്‍.ടി.എം.എസ്.) പോലുള്ള അധിക ചികിത്സാ സാധ്യതകളും പരീക്ഷിക്കാറുണ്ട്.

സ്വയം സഹായ തന്ത്രങ്ങള്‍

നേരിയ വിഷാദത്തിന്, പലരും സ്വയം സഹായതന്ത്രങ്ങളും വൈകാരിക പിന്തുണയും ഉപയോഗിക്കാറുണ്ട്. വിഷാദരോഗം നിയന്ത്രിക്കാന്‍ ഒരു ദിനചര്യ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ് വ്യായാമവും ഭക്ഷണക്രമവും. വിഷാദരോഗത്തിന്റെ തീവ്രതയിലൂടെ കടന്നുപോകുമ്പോള്‍ സ്വയം പരിചരണ പ്രക്രിയകള്‍ പരിശീലിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ വിഷാദരോഗത്തെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സഹായിക്കും.

(തിരുവനന്തപുരം എം.ജി. കോളേജ് മനശ്ശാസ്ത്ര വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: How to recover from depression, Health, Mental Health

ആരോഗ്യമാസിക വാങ്ങാം