വിഷാദത്തിനും മൂഡ്​മാറ്റങ്ങൾക്കും മറ്റ് മാനസികപ്രശ്‌നങ്ങള്‍ക്കും ചികിത്സ തേടുന്ന നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. കൃത്യമായി മരുന്ന് കഴിക്കേണ്ടവരാണ് ഇവരെല്ലാം.

ഇവര്‍ക്കും കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് ചികിത്സാപുരോഗതി വിലയിരുത്തേണ്ടതായുണ്ട്. ഇതിനൊപ്പം കൗണ്‍സലിങ് സെഷനുകളും വേണ്ടിവരും. ദീര്‍ഘകാലം മരുന്നുപയോഗിക്കേണ്ട വിഭാഗത്തിലുള്ളവരായിരിക്കും ഇവരില്‍ പലരും.

കോവിഡ്-19 വ്യാപിച്ചതോടെ ആശുപത്രി സന്ദര്‍ശനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാനസികരോഗങ്ങള്‍ക്ക് ചികിത്സതേടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം. 

 • മറ്റ് ഏത് രോഗം പോലെ തന്നെ പ്രത്യേക ശ്രദ്ധ ആവശ്യമായ ഒന്നാണ് മാനസികരോഗങ്ങളും. അതിനാല്‍ ഡോക്ടറെ നേരിട്ട് കാണാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഫോണ്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഡോക്ടര്‍ മുന്‍പ് നല്‍കിയ കുറിപ്പടി, മെഡിക്കല്‍ ഹിസ്റ്ററി എന്നിവ ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ വാട്‌സ്അപ്പിലൂടെ നല്‍കാം. 
 • വിഷാദം, മൂഡ് ഡിസോഡര്‍ പോലെയുള്ളവയ്ക്ക് ദീര്‍ഘനാള്‍ മരുന്ന് കഴിക്കേണ്ടതാണ്. അത് ഡോക്ടറുടെ അനുവാദത്തോടെ തുടരാം. മരുന്ന് മുടക്കരുത്. മരുന്ന് മുടക്കുന്നത് മാനസിക അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. ചികിത്സയുടെ തുടര്‍ച്ച നഷ്ടപ്പെടാനും അത് കാരണമാകും. 
 • ചികിത്സയുടെ ഭാഗമായുള്ള കൗണ്‍സലിങ് സെഷനുകളും മറ്റും തത്ക്കാലത്തേക്ക് മാറ്റിവെക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശം ഇക്കാര്യത്തില്‍ പ്രധാനമാണ്. 
 • മരുന്ന് കഴിച്ചുകൊണ്ടിരിക്കെ രോഗലക്ഷണങ്ങളോ മറ്റ് പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഒന്നുമില്ലെങ്കില്‍ കഴിക്കുന്ന മരുന്ന് തന്നെ തുടരാം. 
 • മരുന്ന് തുടര്‍ന്ന് കഴിക്കാന്‍ നിലവില്‍ കൈവശമുള്ള ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങാവുന്നതാണ്. 
 • മരുന്ന് നല്‍കാന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ ഫോണില്‍ വിളിച്ച് നല്‍കാം. 
 • ബൈപോളാര്‍, സ്‌കീസോഫ്രീനിയ പോലെയുള്ള രോഗങ്ങളുള്ളവര്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ടെന്‍ഷനടിക്കാതെ നോക്കണം. ഇവരില്‍ മാനസിക സമ്മര്‍ദം ഉണ്ടാകുന്നത് രോഗതീവ്രത കൂട്ടാനിടയുണ്ട്. അവര്‍ക്ക് കുടുംബാംഗങ്ങള്‍ താങ്ങാകണം. 
 • ലോക്ക്ഡൗണ്‍ കാലത്ത് ആരോടും സംസാരിക്കാനാവാതെ കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്താതെ വീട്ടിലുള്ളവര്‍ നേരിട്ടും സുഹൃത്തുക്കള്‍ ഫോണ്‍ വഴിയും അവരോട് ഉള്ളുതുറന്ന് സംസാരിക്കുക. അവര്‍ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ അവരില്‍ ഉണ്ടാകാന്‍ ഇത് സഹായിക്കും. കോവിഡ്-19 രോഗത്തെ ഭയന്ന് മാനസിക സമ്മര്‍ദം ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് ആശ്വാസം നല്‍കുക. 
 • ലോക്ക്ഡൗണ്‍ കാലത്ത് ആരോടും സംസാരിക്കാനാവാതെയും ആശങ്കയും മൂലം കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ടെങ്കില്‍ മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ വിളിച്ച് സഹായം തേടാം. കോഴിക്കോട് ഇംഹാന്‍സ് ഇത്തരത്തില്‍ സഹായം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്. 
 • കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കേരള ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ (1056, 0471 2552056) വിളിക്കാം. അവിടെ നിന്നും മികച്ച കൗണ്‍സലിങ് ലഭ്യമാക്കും. 
 • കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍
  ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുമായി ബന്ധപ്പെടാം. 
 • മരുന്നുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടായാല്‍ ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുമായി ബന്ധപ്പെടാം. 
 • മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ മരുന്നിന് പാര്‍ശ്വഫലം അനുഭവപ്പെടുക, ശാരീരിക ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ സമയം വൈകാതെ ഉടന്‍ തന്നെ ഉടന്‍ തന്നെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.  
 • മരുന്ന് കഴിച്ചിട്ടും മാനസികരോഗലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കിലും ആത്മഹത്യാ പ്രവണത, വിഷാദം എന്നിവ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സി.ജെ. ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി

Content Highlights: How to manage Mental Health Problems during Covid19