യം മനസ്സിന്റെ സൃഷ്ടിയാണ്. പലപ്പോഴും നമ്മുടെ ചിന്തകളുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. ആശങ്ക വിതയ്ക്കുന്ന കാര്യങ്ങളും സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാകാം. അത്തരം ചിന്തകളെ ഭയമായും ഭീതിയായും വളര്‍ത്തിയെടുക്കാന്‍ മനുഷ്യ മനസ്സിന് അപാരമായ കഴിവുണ്ട്. ഭയപ്പെടാതിരിക്കാന്‍ ചില വഴികളുണ്ട്. അവ ഇവയാണ്. 

  • പൊതുവേ കാര്യങ്ങളെ ലഘുവാക്കി മാറ്റുന്നതില്‍ നര്‍മബോധത്തിന് വലിയ സ്ഥാനമുണ്ട്. ചിന്തിച്ചു കൂട്ടുമ്പോള്‍ ഉണ്ടാകുന്ന ഭീകരതയൊന്നും വാസ്തവത്തില്‍ നേരില്‍ ഉണ്ടാവില്ല എന്നതാണ് പൊതുവേയുള്ള അനുഭവം. ഓര്‍ക്കാന്‍ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി നമ്മള്‍ അതിജീവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയണം. 
  • ആസന്നമായ ഭയത്തെ ഒഴിവാക്കുന്നതിന് പകരം നേരിടാന്‍ തയ്യാറെടുക്കുക. മനസ്സുകൊണ്ടും ശരീരം കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും സജ്ജമായിരിക്കുക. ഭയമുളവാക്കുന്ന വസ്തുവിനെ അഥവാ സന്ദര്‍ഭത്തെപ്പറ്റി വിശദമായി അറിയാന്‍ ശ്രമിക്കുക. ശ്വസനക്രമങ്ങള്‍ പഠിക്കുക, പരിശീലിക്കുക. വലിയൊരു പരിധി വരെ സ്വയം നിയന്ത്രണം നേടാന്‍ ഇത് സഹായിക്കും. 
  • മനസ്സിനെ കാടുകയറി ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുക. അതിനായി എപ്പോഴും കര്‍മനിരതരായിരിക്കുക. സന്തോഷമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • സാന്ത്വനവും സഹായവും ലഭിക്കുന്ന വിശ്വസ്തമായ ഇടങ്ങളില്‍ നിന്ന് അവ സ്വീകരിക്കാന്‍ മടിക്കരുത്. പങ്കുവയ്ക്കുമ്പോള്‍ കുറയുന്ന ഒന്നാണ് ഭയരീതികള്‍. 
  • ഭക്ഷണം, വ്യയാമം, ഉറക്കം എന്നിവ ഭയത്തിന് അടിമപ്പെടാതെ ശ്രദ്ധിക്കണം. ശാരീരികമായ ഊര്‍ജവും പ്രസരിപ്പും നഷ്ടമായാല്‍ ഭയത്തെ നേരിടാനുള്ള ആത്മവിശ്വാസവും തകരാറിലാകും. മദ്യം തുടങ്ങി മാനസികാരോഗ്യനില വഷളാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഭയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കരുത്. 

കടപ്പാട്:
ഡോ. അദിതി എന്‍.
റിട്ട. അസോസിയേറ്റ് പ്രൊഫസര്‍
മനശ്ശാസ്ത്ര വിഭാഗം
എം.ജി. കോളേജ്, തിരുവനന്തപുരം

Content Highlights: How to avoid Fear, Mental Health, Health