പുതിയ ഒരു കാറ് വാങ്ങിയാലും ഒരു യാത്ര പോയാലും ആദ്യം ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിടാനായിരിക്കും എല്ലാവര്‍ക്കും താത്പര്യം. പിന്നെ വരുന്ന ലൈക്കുകളും കമന്റുകളും വായിക്കാനും ഏറെ നേരം ചെലവഴിക്കാനും മടിക്കാറില്ല. എന്നാല്‍ ഇത്തരത്തില്‍ പരിധി കടന്നുളള ഫെയ്‌സ്ബുക്ക് ഉപയോഗം വിഷാദരോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിലേറെയും കൗമാരക്കാരും യുവാക്കളുമാണെന്നതാണ് ഗൗരവമേറിയ മറ്റൊരു കാര്യം. 

മറ്റുളളവരുടെ നേട്ടങ്ങളുമായി തങ്ങളുടെ നേട്ടങ്ങളെ താരതമ്യം ചെയ്തുണ്ടാകുന്നതു വഴി ആത്മവിശ്വാസം കുറയുക, അസൂയ, നിരാശാബോധം  എന്നിവയ്ക്ക് കാരണമാവുക തുടങ്ങി വിഷാദരോഗത്തിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങള്‍ക്ക്  ഫെയ്‌സ്ബുക്ക് ഉപയോഗം കാരണമാകുന്നുവെന്നാണ് ലണ്ടനിലെ ലന്‍കാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ കണ്ടെത്തല്‍.

വിഷാദത്തിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങള്‍

  • വിര്‍ച്വല്‍ ഐഡിറ്റിന്റിയിലുളള അമിതമായ ആകുലതകള്‍
  •  മറ്റുളളവരുടെ ജീവിതവുമായി താരതമ്യം നടത്താനുളള ഒരു പ്ലാറ്റ്‌ഫോമായി മാറുന്ന ഫേസ്ബുക്ക് അസൂയ, കോപം എന്നീ വികാരങ്ങള്‍ അമിതമാകാന്‍ കാരണമാകും.
  • ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിനേയും സൗഹൃദങ്ങളെക്കുറിച്ചുമുളള അമിതമായ ആകുലതകള്‍
  • തന്റെ ജീവിതത്തെ തരംതാഴ്ത്തികാണുവാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ആത്മവിശ്വാസം നഷ്ടമാകല്‍.
  • തങ്ങളെക്കാള്‍ സന്തോഷമുളള ജീവിതാനുഭവങ്ങളാണ് മറ്റുളളവര്‍ക്കുളളതെന്ന മിഥ്യാധാരണയുണ്ടാകാന്‍ ഫെയ്‌സ്ബുക്ക് ഇടയാക്കുമെന്നും ഇത് മാനസികാരോഗ്യത്തെ സാരമായി ബാധിക്കാനും ഇടയാക്കിയേക്കും.

ഇതില്‍ തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സമയവും ഏത് തരത്തിലുളള കാര്യങ്ങള്‍ക്കായാണ്  ഒരു ഘടകമാണ്. മണിക്കൂറുകളോളം തുടര്‍ച്ചയായുളള ഉപയോഗമാണ് ഇത്തരത്തിലുളള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. മിതമായ രീതിയിലുളള ഉപയോഗം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല.ഏറെ നേരം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 16% പേരും കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് പഠനത്തില്‍ തെളിഞ്ഞു. 

പഠനത്തിന്റെ വിശദാംശങ്ങള്‍ 'സൈബര്‍ സൈക്കോളജി, ബിഹേവിയര്‍ ആന്‍ഡ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.