സ്വിസ് മനശാസ്ത്രജ്ഞ ഡോ .എലിസബത്ത് കുബ്ലര്‍ റോസിന്റെ  വളരെ പ്രശസ്തമായ സിദ്ധാന്തമാണ് മരണാസന്നര്‍ കടന്നു പോകുന്ന അഞ്ച് മാനസിക അവസ്ഥകള്‍ അല്ലെങ്കില്‍ വിഷാദത്തിന്റെ അഞ്ച് പടികള്‍ .

തനിക്ക് അതി മാരകമായ ഒരു രോഗമാണ് എന്ന് അറിയുന്ന ഒരു വ്യക്തി അതി വൈകാരികമായ ഈ അഞ്ച് അവസ്ഥകളിലൂടെ കടന്നു പോകുന്നു എന്ന കുബ്ലര്‍ റോസിന്റെ  സിദ്ധാന്തം ലോകം മുഴുവന്‍ പരക്കെ അംഗീകരിക്കപ്പെട്ട ഒന്നാണ്. വളരെ ഊര്‍ജസ്വലനും, ആരോഗ്യവാനുമായ ഒരു വ്യക്തി പെട്ടന്നാണ് താന്‍ ക്യാന്‍സര്‍ ബാധിതനാണ് എന്ന് അറിയുന്നത് എന്ന് കരുതുക. ദുഃഖകരമായ  ഈ സത്യമറിയുന്ന മാത്രയില്‍ അയാള്‍ അഞ്ചു വൈകാരികമായ അവസ്ഥകളിലൂടെ കടന്നു പോകുമെന്ന് കുബ്ലര്‍ പറയുന്നു.

നിഷേധം 

ഒരിക്കലും പ്രതീക്ഷിച്ചിരിക്കാത്ത അവസ്ഥയില്‍ എത്തുന്ന രോഗ വിവരം ഒരു സത്യമായി അംഗീകരിക്കുവാന്‍ രോഗികള്‍ തയ്യാറാവില്ല. ഡോക്ടറുടെ രോഗ നിര്‍ണയത്തിന്റെ പിഴവായി  മാത്രം    അതിനെ നോക്കി കാണുന്നതിനാല്‍ അയാള്‍ മറ്റ് ഡോക്ടര്‍മാരുടെ അടുത്തേക്ക് പോകും.

രോഷം

വൈദ്യ ശാസ്ത്രം തന്റെ  രോഗം അത് തന്നെയാണ് എന്ന് തീര്‍ച്ചപ്പെടുത്തുമ്പോള്‍ അയാള്‍ രോഷാകുലനാകുന്നു. അയാള്‍ ദൈവത്തെ പഴിക്കും. ഉറ്റവരോടും, സുഹൃത്തുക്കളോടുമെല്ലാം അയാള്‍ക്ക് ദേഷ്യമായിരിക്കും. തനിക്ക് മാത്രമെന്താണ് ഈ രോഗം എന്ന് അയാള്‍ വ്യാകുലപ്പെടും. ഏല്ലാവരും ഇവിടെത്തന്നെ ജീവിക്കുമ്പോള്‍ താന്‍  മാത്രം ഈ ലോകം വിട്ടു പോകണമല്ലോ എന്ന ചിന്ത അയാളില്‍ സഹിക്കവുന്നതിലപ്പുറം സംഘര്‍ഷം ഉണ്ടാക്കും.

വിലപേശല്‍ 
അടുത്തതായി ഈ രോഗം എങ്ങനെയെങ്കിലും അത്ഭുതകരമായി ഒഴിവാക്കി ആയുസ്സ് നീട്ടി കിട്ടുവാനായി അയാള്‍ ദൈവങ്ങളുമായി വിലപേശല്‍ നടത്തും. നേര്‍ച്ച കാഴ്ചകളും, ദാനധര്‍മങ്ങളും, ധ്യാനങ്ങളും ഒക്കെയായി അയാള്‍ കുറച്ചു സമയം ചിലവഴിക്കും. അത്ഭുതകരമായി രോഗശാന്തി ലഭിച്ചാല്‍ അയാള്‍ ദൈവത്തിന് വേണ്ടി സമയം ചിലവഴിച്ചു കൊള്ളാം  എന്നും ദാനധര്‍മങ്ങള്‍ക്കായി  പണം ചിലവഴിച്ചു കൊള്ളാം  എന്നുമൊക്കെ സത്യം ചെയ്യും.

വിഷാദം 

മരുന്നും മന്ത്രവുമൊന്നും ഏല്‍ക്കാതെ വരുമ്പോള്‍ അയാള്‍ വിഷാദത്തിന് അടിമയാകുന്നു. സകല പ്രതീക്ഷകളും നഷ്ട്ടപെട്ട അവസ്ഥയില്‍ ആ വ്യക്തി ഉള്ളിലേയ്ക്ക് വലിയും .

അംഗീകരിക്കല്‍ 

തന്റെ രോഗവുമായും മരണം എന്ന സത്യവുമായും അയാള്‍  താതാത്മ്യപ്പെടുന്നു. ജീവിതത്തിലെ ശേഷിക്കുന്ന സമയം ഉറ്റവരും ഉടയവരുമായി ചിലവഴിക്കുവാന്‍ അയാള്‍ ശ്രമിക്കുന്നു. മറ്റുള്ളവര്‍ തന്നോട് ചെയ്ത തെറ്റുകള്‍ പൊറുക്കുവാനും തന്റെ തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിക്കുവാനുമെല്ലാം അയാള്‍ ശ്രമം നടത്തും. ശേഷിക്കുന്ന സമയം പ്രസന്നനായി ചിലവഴിക്കുവാനും സമാദാനത്തോടെ മരിക്കുവാനും അയാള്‍ തയ്യാറെടുക്കുന്നു.

ഉറ്റവരുടെ മരണം ഉണ്ടാക്കുന്ന ആഘാതം എങ്ങനെയെല്ലാം ?

ഉറ്റവരുടെ മരണമുണ്ടാകുമ്പോഴും ആളുകള്‍ കുബ്ലര്‍ റോസിന്റെ അഞ്ച് അവസ്ഥകളിലൂടെ കടന്ന് പോകുന്നു എന്ന്  ചില ഗവേഷകര്‍ പറയുന്നു. എന്നാല്‍ പല അവസരങ്ങളിലും പല ആളുകളിലും ഉറ്റവരുടെ മരണം വിഷാദം ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

ഏറ്റവും സ്‌നേഹിക്കുന്ന ആള്‍ പെട്ടന്ന് മരിച്ചു പോകുമ്പോള്‍ ഒരാള്‍ വിഷാദത്തിലേയ്ക്ക് വീഴുന്നില്ല എന്നത് കൊണ്ട് മാത്രം അതൊരു മാനസിക വൈകല്യമായി കരുതാനാവില്ല . തങ്ങളുടെ ജീവിത പങ്കാളിയുടെ വേര്‍പാടിനെ ഒരു ജീവിത യാഥാര്‍ഥ്യമായി  ആദ്യം അംഗീകരിക്കുകയും പിന്നീട് മാസങ്ങളോ വര്‍ഷങ്ങളോ കഴിയുമ്പോള്‍ ഈ വേര്‍പാടിന്റെ ദുഃഖത്തില്‍ വിഷാദത്തിലേയ്ക്ക് വീഴുകയും ചെയ്യുന്നവരുണ്ട്. ഇനി മറ്റൊരു കൂട്ടര്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും തങ്ങളുടെ ഉറ്റവരുടെ മരണത്തെ ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കാന്‍ സാധിക്കാതെ കടുത്ത ദുഃഖത്തില്‍ കഴിഞ്ഞു കൂടാറുണ്ട്.

കുബ്ലര്‍ റോസ്  സിദ്ധാന്തത്തിന്റെ ശാസ്ത്രീയത 

മരണാസന്നര്‍ കടന്നു പോകുന്ന അവസ്ഥകളെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ സിദ്ധാന്തവും കുബ്ലര്‍ റോസിന്റേതാണ്. ലോകത്തിലെ പ്രധാന വൈദ്യ ശാസ്ത്ര മനഃശാസ്ത്ര മേഖലകളില്‍ എല്ലാം തന്നെ ഈ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ കുബ്ലര്‍ റോസ്സിന്റെ  ഈ സിദ്ധാന്തം തികച്ചും ശാസ്ത്രീയമായ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഒന്നല്ല എന്ന സത്യം അവര്‍ തന്നെ അംഗീകരിക്കുന്നു.

ദുരന്തങ്ങള്‍ ഏല്‍പ്പിക്കുന്ന സാമൂഹിക മനശാസ്ത്ര പ്രശ്‌നങ്ങള്‍.
 
കുബ്ലര്‍ റോസിന്റെ സിദ്ധാന്തം ചിലപ്പോഴെങ്കിലും ചിലരുടെ ജീവിതത്തില്‍ ഒരു പ്രശ്‌നമായി ഭാവിക്കാറുണ്ട്. മരണം അടുത്ത് വന്നിട്ടും താന്‍ മരിക്കുവാന്‍ പോവുകയാണ് എന്ന്  അംഗീകരിക്കാത്തത് ഒരു തെറ്റായി കാണുന്ന അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. അത് പോലെ തന്നെ ഉറ്റവരുടെ മരണത്തെ ഒരു സത്യമായി അംഗീകരിക്കുകയും അതിനെ ധീരതയോടെ നേരിടുകയും ചെയ്യുന്നത് ഒരു മാനസിക വൈകല്യമായി കണക്കാക്കുന്നവരുമുണ്ട്.
(ലേഖകന്‍ ബിഹേവിയറല്‍ സൈക്കോളജിസ്റ്റാണ് )