ലോകത്ത് മതങ്ങളും ദൈവങ്ങളുമൊക്കെ ഉണ്ടായതുതന്നെ പേടിയില്‍നിന്നാണെന്നാണ് ചരിത്രംപറയുന്നത്. ആര്യന്മാരുടെ കാലത്ത് കാട്ടുതീയെയും ഇടിയെയും മിന്നലിനെയും കൊടുങ്കാറ്റിനെയും നിലയ്ക്കാത്ത മഴയെയുമൊക്കെ കണ്ടുപേടിച്ച മനുഷ്യര്‍ അവയില്‍നിന്ന് രക്ഷനേടാനായി ഓരോ പ്രകൃതിപ്രതിഭാസങ്ങളെയും പ്രതിനിധാനംചെയ്ത് ഓരോ ദൈവങ്ങളെ സൃഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. ഈജിപ്തിലും മെസപ്പൊട്ടോമിയയിലും ഗ്രീസിലുമൊക്കെ ആദ്യകാലത്ത് ദൈവങ്ങള്‍ രൂപപ്പെട്ടതിനുപിന്നില്‍ ഇത്തരം രസകരങ്ങളായ പല കഥകളുമുണ്ട്.

വിചിത്രമായ പേടികള്‍ !

താരതമ്യേന പേടിക്കേണ്ട ഒരു കാര്യവുമില്ലാത്ത ചില വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ചിലര്‍ വെച്ചുപുലര്‍ത്തുന്ന അകാരണമായ യുക്തിരഹിതമായ പേടിയാണ് നമ്മുടെ വിഷയം. ഇംഗ്ലീഷില്‍ ഫോബിയ (Phobia) എന്നാണ് വിട്ടുമാറാത്ത ഈ ഭയത്തെ സൂചിപ്പിക്കുന്ന വാക്ക്. ഇത്തരം വസ്തുക്കളെപ്പറ്റി ആലോചിക്കുമ്പോള്‍ത്തന്നെ ചിലര്‍ക്ക് പരിഭ്രമവും പേടിയും ഉണ്ടാവും.

ഫോബിയകള്‍ക്ക് വ്യക്തിപരമായി വ്യത്യസ്തകാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില പ്രത്യേകവസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഉണ്ടായ സമ്പര്‍ക്കംമൂലം മനസ്സിലുണ്ടായ ആഘാതമാണ് പലപ്പോഴും പില്‍ക്കാലത്ത് പലര്‍ക്കും വിട്ടുമാറാത്ത ഭയമായി (Phobia) തീരുന്നത്. ലഘുവായ ഒരു മാനസികരോഗമായിട്ടാണ് ഫോബിയകള്‍ ഗണിക്കപ്പെടുന്നത്.

ഫോബിയകള്‍ മൂന്നുവിധം

ഫോബോസ് (phobos) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഫോബിയ ഉണ്ടായത്. നിരുപദ്രവകരമായ ചില വസ്തുക്കളോടും സാഹചര്യങ്ങളോടും ചിലര്‍ പ്രകടിപ്പിക്കുന്ന അകാരണമായ ഭയം എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അര്‍ഥം. പ്രധാനമായും മൂന്നുതരം ഫോബിയകള്‍ ആണുള്ളത്. മറ്റെല്ലാം ഇതിന്റെ ഉപവിഭാഗങ്ങളാണ്.

സ്‌പെസിഫിക് ഫോബിയ

പ്രത്യേക വസ്തുക്കളോടോ പ്രത്യേകം സാമൂഹികസാഹചര്യങ്ങളോടോ ഒരാള്‍ പ്രകടിപ്പിക്കുന്ന ഭയമാണ് സ്‌പെസിഫിക് ഫോബിയ.

സോഷ്യല്‍ ഫോബിയ

വൈവിധ്യമാര്‍ന്ന സാമൂഹിക സാഹചര്യങ്ങളില്‍ ചിലതിനോട് ചില വ്യക്തികള്‍ പ്രകടിപ്പിക്കുന്ന അകാരണമായ ഭയമാണ് സോഷ്യല്‍ ഫോബിയ. മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്തുകരുതും എന്നഭയമാണ് പലപ്പോഴും ഇത്തരക്കാരെ ഭരിക്കുന്നത്.

അഗോറ ഫോബിയ

സുരക്ഷിതമെന്ന് താന്‍ കരുതുന്ന തന്റെ തട്ടകത്തില്‍നിന്ന് മറ്റൊരു സ്ഥലത്തേക്ക് വിട്ടുപോകാനുള്ള ഭയമാണ് അഗോറ ഫോബിയ.

വിമാനത്തെ പേടിക്കുന്നവര്‍

കുടുംബത്തോടൊപ്പം വിമാനത്തില്‍ കയറാന്‍ അവസരം കിട്ടിയിട്ടും പേടിമൂലം യാത്രമുടക്കുന്ന ചില കൂട്ടുകാരെ പരിചയപ്പെട്ടിട്ടില്ലേ. ഉയരത്തിലെത്തി വിമാനമെങ്ങാന്‍ താഴോട്ടുവീണാലോ എന്ന പേടി ഇക്കൂട്ടരെ സദാ അലട്ടിക്കൊണ്ടിരിക്കും. ഏവിയോ ഫോബിയ (Aviophobia) എന്നാണ് ഇതറിയപ്പെടുന്നത്. വിമാനയാത്രക്കാരായ 25  ശതമാനംപേര്‍ക്കും ഒരുപരിധിവരെ ഏവിയോഫോബിയ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്തിലിരുന്ന് വിയര്‍ക്കുന്നതും ഹൃദയമിടിപ്പ് കൂടുന്നതും  മനംപുരട്ടലുണ്ടാവുന്നതുമൊക്കെ ഇതുകൊണ്ടാണ്.

പരുന്ത് പേടിക്കാര്‍

വല്ല പരുന്തോ കഴുകനോ മറ്റോ വട്ടമിട്ട് പറക്കുന്നത് കാണുമ്പോള്‍ത്തന്നെ അകത്തുകയറി വാതിലടയ്ക്കുന്ന വിരുതന്‍മാരുണ്ട്. പക്ഷികളോടുള്ള ഈ പേടിക്ക് ഒറിനിത്തോ ഫോബിയ (Orinithophobia) എന്നാണ് പറയുക. ചിത്രകഥകളിലും സിനിമകളിലുമൊക്കെ കാണുന്ന ഇവറ്റകളുടെ ക്രൗര്യം എന്നോ മനസ്സില്‍ ഉറച്ചുപോയതാകാം ഈ പരുന്ത് വിരോധത്തിന് കാരണം.

ആള്‍ക്കൂട്ടത്തെ പേടിക്കുന്നവര്‍

ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ അസ്വസ്ഥരായി ഓടിയൊളിക്കുന്ന മനോവൈകല്യത്തിന് എനക്ലോ ഫോബിയ (Enochlophobia) എന്നാണ് പേര്. ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്ന ഇടങ്ങളില്‍പ്പെട്ടാല്‍ ശ്വാസംമുട്ടലും വിയര്‍ക്കലും ഇവരുടെ ലക്ഷണമാണ്. കുട്ടിയായിരിക്കുമ്പോഴുണ്ടായ അപകര്‍ഷബോധമാകാം അവരെ ഈ അവസ്ഥയിലേക്ക് നയിച്ചത്.

ഉയരത്തെ ഭയക്കുന്നവര്‍

സ്‌കൂളില്‍നിന്ന് വിനോദയാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ ഉയരങ്ങള്‍ കയറാന്‍ ഇടവരുമ്പോള്‍ ചില വീരശൂരപരാക്രമികള്‍ നിന്നുവിറയ്ക്കുന്നത് കണ്ടിട്ടില്ലേ. വാട്ടര്‍തീം പാര്‍ക്കുകളില്‍ പലറൈഡുകളില്‍നിന്നും ഇത്തരക്കാര്‍ മാറിനില്‍ക്കും. മുകളില്‍നിന്ന് താഴേക്കുവീഴുമോയെന്ന് ഭയന്നിരിക്കുന്ന ഇക്കൂട്ടവരുടെ മാനസികാവസ്ഥയ്ക്ക് അക്രോഫോബിയ (Acrophobia) എന്നാണ് പറയുക.

മരണവീട്ടില്‍ പോകാത്തവര്‍

മരണംനടന്ന വീട്ടിലും മരണാനന്തരച്ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തുമൊന്നും കെട്ടിവലിച്ചാല്‍പോലും പോകാന്‍കൂട്ടാക്കാത്ത ചിലരുണ്ട്. മുമ്പ് ഏതോ മരണവീട്ടില്‍നിന്ന് ശ്വസിച്ച ചന്ദനത്തിരിയുടെ മണം എവിടെനിന്ന് കിട്ടിയാലും ഇക്കൂട്ടര്‍ക്ക് തലവേദനയും മനംപുരട്ടലും ഉറപ്പാണ്. മരണത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും  അസ്വസ്ഥതയുണ്ടാക്കുന്ന ഈ വൈകല്യമാണ് തനട്ടോ ഫോബിയ (Thanatophobia).

വെള്ളം കാണുമ്പോള്‍

കുളങ്ങളിലും തോടുകളിലും പുഴകളിലുമൊക്കെയുള്ള വെള്ളംകാണുമ്പോള്‍ അസ്വാസ്ഥ്യം കാണിക്കുന്ന ചിലരുണ്ട്. കുളത്തിലും തോടുകളിലുമൊക്കെ കുളിക്കാനിറങ്ങാന്‍  മടികാണിക്കുന്ന ഈ മാനസികാവസ്ഥയാണ് അക്വാഫോബിയ. (Aquaphobia) കുഞ്ഞായിരിക്കുമ്പോഴെന്നോ വെള്ളത്തില്‍ കുളിക്കുമ്പോള്‍ അബദ്ധത്തില്‍ ഒന്ന് ശ്വാസംമുട്ടിപ്പോയതാവാം ഈ ശങ്ക വിടാതെകൂടാന്‍ കാരണം.

അടുപ്പിന് ചുറ്റിയിട്ട കോഴിയെപ്പോലെ

'അടുപ്പിന് ചുറ്റി ജപിച്ചിട്ട കോഴിയെപ്പോലെ' എന്ന ശൈലിയില്‍ എന്തൊക്കെ പ്രലോഭിപ്പിച്ചാലും വീടിനുപുറത്തിറങ്ങാത്ത ചിലരുണ്ട്. തുറന്ന സ്ഥലങ്ങളോടുള്ള ഭയമാണ് ഇവരെ അവനവന്റെ ഇത്തിരിവട്ടത്തില്‍ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്നത്. സമൂഹത്തെ അഭിമുഖീകരിക്കാനുള്ള അപകര്‍ഷബോധമായിരിക്കും ചിലര്‍ക്ക്. മറ്റുചിലര്‍ക്കാകട്ടെ, പുറത്തുമുഴുവന്‍ രോഗാണുക്കളാണ്, അഴുക്കാണ് എന്നൊക്കെയായിരിക്കും ചിന്ത. അഗോറാഫോബിയ (Agoraphobia) എന്ന മാനസികാവസ്ഥയാണിത്.

ഇരുട്ടിനെ പേടിക്കുന്നവര്‍

രാത്രി വീടുവിട്ട് പുറത്തിറങ്ങാന്‍ ഭയക്കുന്ന ഒരുകൂട്ടരുണ്ട്. തിയേറ്ററുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമൊക്കെ പെട്ടെന്ന് വൈദ്യുതി നിലച്ചാല്‍ ഇക്കൂട്ടര്‍ വിളറിവിയര്‍ക്കും. ഇരുട്ടിനോടുള്ള ഈ അമിത ഭയമാണ് നൈക്റ്റോ ഫോബിയ (Nycto phobia) കുട്ടിക്കാലത്ത് എപ്പോഴോ ഇരുട്ടിലകപ്പെട്ട് പേടിച്ച അനുഭവം ഉപബോധമനസ്സില്‍ പതിഞ്ഞുകിടക്കുന്നതാവാം ഈ ഒരവസ്ഥയ്ക്ക് കാരണം.

എട്ടുകാലിപ്പേടി

വലിയ ധൈര്യശാലിയായി ചമഞ്ഞ് കൂട്ടുകാരോടൊപ്പം കളിച്ചുതിമര്‍ക്കുന്നവര്‍ ക്‌ളാസ് മുറിയിലോ പഠനമുറിയിലോ മറ്റോ ഒരു എട്ടുകാലിയെ കണ്ടാല്‍ പെട്ടെന്ന് പേടിച്ചോടുന്നത് കാണാം. അരക്കനോഫോബിയ  (Arachnophobia) എന്നാണ് ഈ മനോവൈകല്യത്തിന്റെ പേര്. ചെറുപ്പകാലത്തെന്നോ എട്ടുകാലിഭയം ഉള്ളില്‍ക്കയറിയതാവാം ഈ ഭയത്തിന് കാരണം.

പ്രാണിഭയം

പ്രാണികളോടും പാറ്റകളോടുമൊക്കെ അകാരണമായ ഭയം വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. പ്രാണികളും പാറ്റകളുമുള്ള വീടുകളില്‍ കയറുന്നതേ ഇവര്‍ക്ക് അലര്‍ജിയാണ്. രാവിലെ ഉണര്‍ന്നാല്‍ ശരീരഭാഗങ്ങളൊക്കെ സസൂക്ഷ്മം പരിശോധിച്ച് എവിടെയെങ്കിലും പ്രാണി കടിച്ചിട്ടുണ്ടോയെന്ന് ഇക്കൂട്ടര്‍ നോക്കിക്കൊണ്ടിരിക്കും. രക്തമൂറ്റിക്കുടിക്കുന്ന കൊതുകുകളും പാറ്റകളും കൂറകളുമൊക്കെ ഇവരുടെ നിശാസ്വപ്നത്തിലെ കൂട്ടുകാരായിരിക്കും. ആകറോ ഫോബിയ (Acaro Phobia) എന്ന മാനസികാവസ്ഥയാണിത്.

ഫോബിയകളെ പിടിച്ചുകെട്ടാന്‍

ഭയമുണ്ടാവാന്‍ ഇടയാക്കിയ സാഹചര്യങ്ങളും വസ്തുക്കളും വ്യക്തികളുമായി നേരിട്ട് രോഗിയെ സമ്പര്‍ക്കത്തിലാക്കുകയാണ് ഫോബിയയ്‌ക്കെതിരേയുള്ള പ്രധാന ചികിത്സ. എക്‌സ്പോഷര്‍ തെറാപ്പി (Exposure Therapy) എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.

രോഗിയെ കൗണ്‍സലിങ്ങിന് വിധേയമാക്കി പേടിയുണ്ടാക്കിയ സാഹചര്യത്തെക്കുറിച്ച് യുക്തിയുക്തമായി സ്വയം ചിന്തിച്ച് നിഗമനത്തിലെത്താന്‍ രോഗിയെ പ്രാപ്തനാക്കുന്ന  Cognitive Behavioral Therapyയും ഫോബിയയ്‌ക്കെതിരേ പ്രയോഗിക്കുന്നുണ്ട്. ശരീരപേശികളെ തളര്‍ത്തിയിട്ടും ശ്വാസോച്ഛ്വാസക്രമത്തെ നിയന്ത്രിച്ചും ഉപബോധമനസ്സിനെ ഉണര്‍ത്തി സ്വയം നിര്‍ദേശം (Auto suggection) നല്‍കുന്ന രീതിയും (Progressive Relaxation Technique) ഫോബിയകള്‍ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

ഫോബിയകളുടെ അടിവേരുകള്‍

മിക്ക ഫോബിയകളുടെയും കാരണം ശൈശവകാല അനുഭവങ്ങളാണ്. ഒരു വസ്തുവുമായോ സാഹചര്യവുമായോ ജീവിയുമായോ ബന്ധപ്പെട്ട നെഗറ്റീവ് അനുഭവങ്ങള്‍ ഉപബോധമനസ്സില്‍ മായാതെ നില്‍ക്കുമ്പോള്‍ അത് പലതരം ഫോബിയകള്‍ക്ക് കാരണമാകുന്നു. ഫോബിയകള്‍ക്കുപിന്നിലെ പാരമ്പര്യഘടകവും പല മനഃശാസ്ത്രജ്ഞന്മാരും തള്ളിക്കളയുന്നില്ല.

ക്ലസ്ട്രോ ഫോബിയ

തായ്ലാന്‍ഡിലെ ലുവാങ്നാം ഗുഹയിലെ ഇരുളില്‍ 18 ദിവസം  കഴിച്ചുകൂട്ടി, ഒരുപോറല്‍പോലുമേല്‍ക്കാതെ  ആത്മവിശ്വാസത്തോടെ പുറത്തുവന്ന കുട്ടികളുടെ വാര്‍ത്ത കഴിഞ്ഞവര്‍ഷം എത്ര അമ്പരപ്പോടെയാണ് നാം ശ്രവിച്ചത്.  എന്നാല്‍, ഗുഹപോയിട്ട് ഒരു ചെറിയ അടച്ചിട്ട മുറിയിലോ, ലിഫ്റ്റിലോ  ഇടുങ്ങിയ സ്ഥലത്തോ പെട്ടുപോയാല്‍ ഭയന്ന് വിയര്‍ത്തുവിളറുന്ന  ചിലരെങ്കിലും നമുക്കിടയിലുണ്ടാവും. ക്ലസ്ട്രോ ഫോബിയ (Claustrophobia) എന്നാണ്  ഈ മാനസികാവസ്ഥയ്ക്ക് പേര്. ലോകത്ത് നാലുശതമാനം പേരെങ്കിലും ഇത്തരക്കാരായി ഉണ്ടെന്നാണ് കണക്ക്.

പ്രധാനപ്പെട്ട മറ്റുഫോബിയകള്‍

  • ഒഫിഡിയോ ഫോബിയ (Ophidio Phobia) പാമ്പുകളെക്കുറിച്ചുള്ള അകാരണ ഭയം
  • സൈനോ ഫോബിയ (Cyno phobia) നായ്ക്കളെക്കുറിച്ചുള്ള അസാധാരണ ഭയം
  • അറ്റിച്ചി ഫോസിയ (Atychi Phobia) തോല്‍വിയെക്കുറിച്ചുള്ള ഭയം
  • ഹീമോഫോബിയ (Hemo Phobia) രക്തം കാണുമ്പോഴുള്ള ഭയം
  • ലെപ്പിഡോപ്റ്റര്‍ ഫോബിയ (Lepidopter phobia) ചിത്രശലഭങ്ങളോടുള്ള ഭയം
  • എയ്ലുറോഫോബിയ (Ailuro Phobia) പൂച്ചപ്പേടി
  • തലസ്സോഫോബിയ (Thalasso phobia) കടലുകാണുമ്പോഴുള്ള പേടി
  • ആപിഫോബിയ (Api Phobia) തേനീച്ചകളോടുള്ള ഭയം
  • തിയോഫോബിയ (Theo Phobia) അകാരണമായ ദൈവഭയം
  • കാര്‍സിനോഫോബിയ (Carcino Phobia) എന്ത് ചെറിയ അസുഖം ബാധിച്ചാലും അത് കാന്‍സറായി മാറുമോയെന്നുള്ള ഭയം.

Content Highlight: Social phobia, Agoraphobia, Aviophobia, Orinithophobia, Enochlophobia, Acrophobia, Thanatophobia, Nycto phobia, Arachnophobia, Acaro Phobia, Exposure Therapy, Cognitive Behavioral Therapy, Ophidio Phobia, Cyno phobia, Carcino Phobia