ന്യൂഡൽഹി: മാനസികരോഗങ്ങളെ ഫുൾകവറേജിൽനിന്ന്‌ ഒഴിവാക്കുന്ന ഇൻഷുറൻസ് പോളിസികൾക്ക് ഏതടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് വിശദീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയോട് (ഐ.ആർ.ഡി.എ.) ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് ഉത്തരവ്.

മാനസികരോഗ ഇൻഷുറൻസ് 50,000 രൂപയായി പരിമിതപ്പെടുത്തിയെന്ന ഹർജിയിൽ വാദംകേൾക്കുകയായിരുന്നു കോടതി. എന്നാൽ, മാനസികവും ശാരീരികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട് നൽകുന്ന ഇൻഷുറൻസുകൾ തമ്മിൽ ഒരു വിവേചനവും പാടില്ലെന്ന് 2017-ലെ മാനസികാരോഗ്യസംരക്ഷണനിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു.

35 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് താൻ പതിവായി പ്രീമിയം അടയ്ക്കാറുണ്ടെന്നും എന്നാൽ, തുക ക്ലെയിംചെയ്തപ്പോൾ, മാനസികരോഗ ചികിത്സയാണെങ്കിൽ ഇൻഷുറസ് തുക 50,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറഞ്ഞതായും ഹർജിക്കാരൻ വ്യക്തമാക്കി.

ഐ.ആർ.ഡി.എ.യെ അത്തരം ഇൻഷുറൻസ് പോളിസികൾക്ക് അംഗീകാരം നൽകിയതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമാകണമെന്നും അതിനാൽ കൂടുതൽ വാദംകേൾക്കുന്നതിനായി കേസ് ജൂൺ രണ്ടിലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു.

Content Highlights: Mental Health and Medical Insurance, Health