കോവിഡിന്റെ രണ്ടാം തരം​ഗം ശക്തമായതോടുകൂടി ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും അടക്കമുള്ള നിയന്ത്രണങ്ങൾ രാജ്യത്തിന്റെ പലഭാ​ഗത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് വീണ്ടും എല്ലാ വിഭാ​ഗം ജനങ്ങളുടെയും മാനസികാരോ​ഗ്യത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കോവിഡ് രോ​ഗബാധിതരായി രോ​ഗവിമുക്തി നേടിയവരിലും വിവിധ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

അടുത്തിടെ ലാൻസറ്റ് ​ഗവേഷണ ജേണലിൽ വന്ന ഒരു പ്രബന്ധം വെളിപ്പെടുത്തിയത് കോവിഡ് രോ​ഗബാധിതരായി രോ​ഗം ഭേദപ്പെട്ടവരിൽ 34 ശതമാനം പേരിൽ അടുത്ത ആറുമാസത്തിനുള്ളിൽ ​ഗൗരവതരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ്. 

17 ശതമാനം ആളുകളിൽ ഉത്കണ്ഠാരോ​ഗങ്ങൾ, 15 ശതമാനം ആളുകളിൽ വിഷാദരോ​ഗം പോലെയുള്ള വെെകാരിക പ്രശ്നങ്ങൾ, ഏഴുശതമാനം പേരിൽ മദ്യാസക്തിയും ലഹരി അടിമത്തവും, അഞ്ചുശതമാനം പേരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഓർമക്കുറവ് എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഒരു ശതമാനത്തോളം പേർക്ക് മറവിരോ​ഗത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടുവരുന്നതായും ഈ പഠനം വെളിപ്പെടുത്തുന്നു. 

രോ​ഗബാധിതരല്ലാത്ത വ്യക്തികളുടെയും മാനസിക ആരോ​ഗ്യത്തെ മഹാമാരി ദോഷകരമായി ബാധിക്കുന്നു. ഓരോ പ്രായത്തിലുള്ള വ്യക്തികളെയും വ്യത്യസ്ത രീതികളിലാണ് ബാധിക്കുക. 

കുട്ടികൾ

കൊച്ചുകുട്ടികൾക്ക് കളിക്കാനോ സ്കൂളിൽ പോകാനോ മറ്റുള്ളവരുമായി ഇടപഴകാനോ ഉള്ള സാഹചര്യം ഇല്ലാത്തത് വിവിധ പെരുമാറ്റ പഠനങ്ങളിൽ പ്രകടമാണ്. കുട്ടികളിൽ നല്ലൊരു ശതമാനവും മൊബെെൽ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾക്ക് അടിമകളായിത്തീരുന്ന സാഹചര്യമാണുള്ളത്. ഓൺലെെൻ ​ഗെയിമുകളും കാർട്ടൂണുകളും കൂടുതലായി കാണുന്ന സാഹചര്യത്തിലേക്ക് കുട്ടികൾ പോവുകയാണ്. ഇത് കുട്ടികളിൽ ഉറക്കക്കുറവ്, അമിതവികൃതി, ശ്രദ്ധക്കുറവ്, ദേഷ്യം തുടങ്ങിയവയ്ക്ക് കാരണമാകും. മൊബെെൽഫോണിന് അടിമകളാകുന്ന കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നതായി കണ്ടുവരുന്നുണ്ട്. 

കൗമാരക്കാർ

കൗമാരപ്രായക്കാരായ കുട്ടികൾക്കും അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ് ലോക്ഡൗണിലൂടെ നഷ്ടപ്പെട്ടു പോകുന്നത്. ഈ പ്രായത്തിലുള്ളവരിൽ അമിത ദേഷ്യം സർവസാധാരണമാണ്. പലരും രാത്രി വെെകി മൊബെെലും ടി.വിയുമൊക്കെ ഉപയോ​ഗിക്കുന്നതുകൊണ്ട് തന്നെ ഉറക്കം വലിയ പ്രശ്നമായി മാറി. ചെറിയ കാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുക, തലവേദന, നടുവേദന, തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ എന്നിവയൊക്കെ ഇവരിൽ കാണുന്ന പ്രശ്നങ്ങളാണ്. ചിലരിലെങ്കിലും വിഷാദരോ​ഗവും തുടർന്നുള്ള ആത്മഹത്യാ പ്രവണതയും ഈ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു. 

യുവാക്കളും മധ്യവയസ്ക്കരും

സാമ്പത്തിക പ്രശ്നങ്ങൾ, തൊഴിൽ നഷ്ടം തുടങ്ങിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ് യുവാക്കളും മധ്യവയസ്ക്കരും. സ്വന്തമായി വ്യവസായങ്ങൾ തുടങ്ങിയ പല ആളുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ മഹാമാരിക്ക് ഒരവസാനം എന്നുണ്ടാകുമെന്ന് ഒരു ധാരണയുമില്ലാത്തതിനാൽ ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയിലേക്ക് അവർ പോയിക്കൊണ്ടിരിക്കുകയാണ്. ഈ മാനസിക സംഘർഷമൊക്കെ വീട്ടിലുള്ള പെരുമാറ്റത്തിൽ പ്രതിഫലിക്കും. ലോക്ഡൗൺ ദിനങ്ങളിൽ വീടുകളിൽ ദാമ്പത്യ കലഹങ്ങൾ സർവസാധാരണമായിരിക്കുന്നു. ​ഗാർഹിക പീഢനങ്ങളും വീട്ടിനുള്ളിൽ വെച്ചുള്ള മദ്യപാനവും  ശാരീരിക  ഉപദ്രവങ്ങളുമൊക്കെ വളരെ വ്യാപകമായി ഇക്കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

വയോജനങ്ങൾ

വയോജനങ്ങളുടെ മാനസികാരോ​ഗ്യത്തെ ലോക്ഡൗൺ വല്ലാതെ ബാധിച്ചിട്ടുണ്ട്. ജീവിതത്തിലെ സമപ്രായക്കാരായ ആളുകൾക്കൊപ്പം സായാഹ്നങ്ങളിൽ സവാരിയൊക്കെയായിരുന്നു. അത് പൂർണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ് ഒരു വർഷത്തിലേറെ കാലമായി. രോ​ഗം വരുമെന്ന ഭീതിയും വയോജനങ്ങളിൽ പലരെയും വേട്ടയാടുന്നു. രോ​ഗബാധിതരായ ആളുകൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ചുള്ള വാർത്തകളും ദൃശ്യങ്ങളുമൊക്കെ കാണുന്നതും കേൾക്കുന്നതും വയോജനങ്ങളെ വല്ലാതെ പ്രയാസത്തിലാക്കുന്നുണ്ട്. നല്ലൊരു ശതമാനം വയോജനങ്ങൾക്കും രോ​ഗം വരുമോയെന്ന ഭീതി ഉത്കണ്ഠയായി തന്നെ മാറിയിട്ടുണ്ട്. ഇൽനെസ്സ് ആങ്സെെറ്റി ഡിസോർഡർ എന്നറിയപ്പെടുന്ന ഈ അവസ്ഥ ചെറിയതോതിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ പോലും തനിക്ക് കോവിഡ് ആണോ എന്ന് സംശയം തോന്നി വ്യാകുലപ്പെടുന്ന അവസ്ഥയുണ്ടാകും. അയൽവീട്ടിൽ ആരെങ്കിലും ചുമച്ചാൽ തന്നെ തനിക്ക് രോ​ഗം ബാധിക്കുമോ എന്ന് കാടുകയറുന്ന ചിന്തകളും ഇവർക്ക് ഉണ്ടാകും. 

നല്ലൊരു ശതമാനം വയോജനങ്ങളിലും ഉറക്കപ്രശ്നങ്ങൾ സർവസാധാരണമാണ്. കുറച്ചുപേരിലെങ്കിലും തീവ്രമായ വിഷാദത്തിന്റെ ലക്ഷണങ്ങളും ഈ കാലത്ത് പ്രത്യക്ഷപ്പെടും. വിഷാദരോ​ഗം ബാധിക്കുന്ന വയോജനങ്ങളിൽ അവർക്ക് നേരത്തെ തന്നെയുള്ള ജീവിതശെെലിജന്യ രോ​ഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദവും ഹൃദ്രോ​ഗവുമൊക്കെ  വഷളാകുന്നതായി കണ്ടുവരുന്നു. മനോജന്യ ശാരീരിക രോ​ഗങ്ങൾ അഥവാ സെെക്കോസൊമാറ്റിക് ഡിസീസസ് ആണ് മധ്യവയസ്ക്കരിലും വയോജനങ്ങളിലും വർധിച്ചുവരുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും പ്രധാന ലക്ഷണങ്ങളായിട്ടുള്ള ​ഗ്യാസ്ട്രോ ഈസോഫാ​ഗിയൽ റിഫ്ലക്സ് ഡിസീസ്(ജി.ഇ.ആർ.ഡി.) ആമാശയത്തിലും കുടലിലും വ്രണങ്ങൾ വരുന്ന പെപ്റ്റിക് അൾസർ, സന്ധിവാതം, ആസ്ത്മ, അമിതരക്തസമ്മർദം, പ്രമേഹം എന്നിവയൊക്കെ മാനസിക സമ്മർദത്തിന്റെ ഫലമായി ഇക്കൂട്ടരിൽ വർധിക്കുന്നതായി കണ്ടുവരുന്നു. 

മാനസികാരോ​ഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിർബന്ധമായും എട്ടുമണിക്കൂർ ഉറക്കം ഉറപ്പുവരുത്തണം. നല്ല ഉറക്കം ലഭിക്കാൻ നിദ്രാശുചിത്വ വ്യായാമങ്ങൾ ശീലിക്കുക. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബെെൽ ഫോൺ അടക്കമുള്ളവ പൂർണമായും മാറ്റിവെക്കുക. 
  • ദിവസവും ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളണം. വ്യായാമവും ദിവസവും ചെയ്യണം. രാവിലെ ഏഴ് തൊട്ട് ഒൻപത് മണി വരെയും വെെകീട്ട് നാല് മണി മുതൽ ആറുവരെയുമുള്ള സമയത്ത് വേ​ഗത്തിൽ നടക്കുക, ഓടുക, വേ​ഗത്തിൽ സെെക്കിൽ ചവിട്ടുക എന്നിങ്ങനെയുള്ള വ്യായാമങ്ങൾ ചെയ്യുക. വീട്ടുമുറ്റത്തോ വീടിന്റെ പരിസരങ്ങളിലോ ഇത് ചെയ്യാവുന്നതാണ്. 
  • മാനസിക സമ്മർദം കുറയ്ക്കാനുള്ള റിലാക്സേഷൻ വ്യായാമങ്ങൾ ചെയ്യുക. ദീർഘശ്വസന വ്യായാമങ്ങൾ പ്രോ​ഗ്രസ്സീവ് മസിൽ  റിലാക്സേഷൻ വ്യായാമങ്ങളും ജീവിതശെെലിയുടെ ഭാ​ഗമാക്കുക. ഇവ വളരെയേറെ പ്രയോജനം ചെയ്യും. 
  • ശാരീരികമായി അകലം പാലിക്കുമ്പോഴും സാമൂഹികമായ ഇഴയടുപ്പം കാത്തുസൂക്ഷിക്കണം. സുഹൃത്തുക്കളും ബന്ധുക്കളുമായൊക്കെ ഫോൺ വഴിയോ സാമൂഹ്യ മാധ്യമങ്ങൾ വഴിയോ സൗഹൃദം നിലനിർത്തുക. അവരുമായി ആരോ​ഗ്യകരമായ രീതിയിലുള്ള ആശയവിനിമയം നിലനിർത്തുക. അതിനുള്ള സമയം കണ്ടെത്തുക. 
  • വീട്ടിനുള്ളിലെ ബന്ധങ്ങൾ ഊഷ്മളമാക്കാൻ സമയം കണ്ടെത്തുക. ജീവിതപങ്കാളിയോടും കുട്ടികളോടുമൊപ്പം ദിവസേന ഒരു മണിക്കൂറെങ്കിലും ക്വാളിറ്റി ടെെം ചെലവിടാൻ ശ്രമിക്കുക. പരസ്പരം മനസ്സ് തുറക്കാനും പരസ്പരം തിരിച്ചറിയാനും പരസ്പരം പിന്തുണയ്ക്കാനുമുള്ള വേദികളായി ഈ സമയം മാറ്റാൻ ശ്രമിക്കുക. 

കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുട്ടികളുടെ ജീവിതശെെലി ക്രമം തെറ്റാതിരിക്കാൻ ശ്രദ്ധിക്കണം. 
  • അതുപോലെ വീട്ടിലെ ജോലികളിൽ/ ഉത്തരവാദിത്തങ്ങളിൽ കുട്ടികളെ കൂടി ഉൾപ്പെടുത്തുക. 
  • പാചകപഠനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ലിം​ഗഭേദമന്യേ കുട്ടികളെ അക്കാര്യം പരിശീലിപ്പിക്കണം. 
  • വീട്ടിൽ ചെറിയ തോതിലുള്ള കാർഷികവൃത്തികൾ ചെയ്ത് അതിൽ കുട്ടികളെ പങ്കാളികളാക്കാം. 

ഈ കാര്യങ്ങളെല്ലാം ചെയ്യുന്നതിനൊപ്പം നമുക്ക് ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാനും കുറച്ച് സമയം മാറ്റിവയ്ക്കണം. നമ്മുടെ സർ​ഗാത്മകമായ കഴിവുകൾ പരമാവധി പരിപോഷിപ്പിക്കുവാൻ ശ്രമിക്കണം. അങ്ങനെ ലോക്ക്ഡൗൺ കാലം സമ്പൂർണമായി ഉപയോ​ഗപ്പെടുത്തി മാനസികാരോ​ഗ്യം മെച്ചപ്പെടുത്താം. 

(തിരുവനന്തപുരം ​ഗവ.മെഡിക്കൽ കോളേജിലെ സെെക്യാട്രി വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ) 

Content Highlights: Covid19 Second Wave and Mental Health tips, Covid19, Corona Virus, Health