ശരീരത്തിന്റെ നിറത്തിലോ രൂപത്തിലോ പ്രത്യേകതകളിലോ കേന്ദ്രീകരിച്ച് ആളുകളെ കളിയാക്കുന്നവരുണ്ട്. അതിന് ഇരയാകുന്നവര്‍ എത്രമാത്രം വേദനിക്കുന്നുവെന്ന വസ്തുത അവര്‍ ശ്രദ്ധിക്കുന്നതേയില്ല. ഇതുപോലെയുള്ള പരിഹാസവും വേര്‍തിരിവുകളും കുട്ടിക്കാലംമുതല്‍ സഹിക്കേണ്ടിവരുമ്പോള്‍ വ്യക്തിത്വവികാസംപോലും താളംതെറ്റും. അത് വ്യക്തമാക്കുന്ന ഈ അനുഭവം  വായിക്കുക:

''ഞാന്‍ 29 വയസ്സുള്ള അവിവാഹിതയാണ്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. എന്റെ നിറം കറുപ്പാണ്. ചില ആളുകള്‍ എന്റെ ഈ നിറത്തോട് പ്രകടിപ്പിക്കുന്ന മനോഭാവംമൂലം ഒരുപാട് മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.

എന്റെ മാതാപിതാക്കള്‍ക്ക് രണ്ട് മക്കളാണ്. ഞാന്‍ ഇളയവളാണ്. എന്റെ അച്ഛന്റെ സഹോദരങ്ങള്‍ കറുത്ത നിറമുള്ളവരാണ്. അച്ഛന് ഇരുനിറമാണ്. അമ്മയ്ക്ക് വെളുത്ത നിറവും. എന്റെ സഹോദരിക്ക് അമ്മയുടെ വെളുത്ത നിറം കിട്ടി. എനിക്ക് അച്ഛന്റെ പാരമ്പര്യവഴിയിലെ കറുപ്പ് നിറവും. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ അമ്മയ്ക്ക് വിഷമമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈ നിറമുള്ള ഇവളെ എങ്ങനെ കല്യാണം കഴിച്ച് അയയ്ക്കുമെന്നൊക്കെയുള്ള വര്‍ത്തമാനം കുട്ടിക്കാലം മുതല്‍ എന്റെ ചെവിയില്‍ വീണിട്ടുണ്ട്. ഞങ്ങള്‍ സഹോദരിമാര്‍ രണ്ടാളും ഒരുമിച്ച് നില്‍ക്കുമ്പോള്‍ ചിലരുടെ സഹതാപം നിറഞ്ഞ നോട്ടം നേരിടേണ്ടിവന്നിട്ടുണ്ട്. എന്നെ ചൂണ്ടിക്കാട്ടി മാതാപിതാക്കളോട് ഇവളും നിങ്ങളുടെ മകളാണോയെന്ന് ചോദിക്കുന്നതും കേട്ടിട്ടുണ്ട്. എന്റെ സഹോദരിയും എന്നെ കളിയാക്കുമായിരുന്നു. പോരായ്മകളുള്ള മകളോടെന്ന മട്ടില്‍ അമ്മയും അച്ഛനും ചിലപ്പോഴൊക്കെ കൂടുതല്‍ വാത്സല്യം പ്രകടിപ്പിച്ചിരുന്നു. തിരിച്ചറിവ് വന്നപ്പോള്‍ ഇത് എനിക്ക് വിഷമമുണ്ടാക്കി.

പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങിയതോടെ കയ്‌പ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിത്തുടങ്ങി. വെളുത്ത നിറമുള്ള എന്റെ ചേച്ചി ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്നുണ്ടായിരുന്നു. ഞാന്‍ അനിയത്തിയാണെന്ന് പറയാന്‍ അവള്‍ക്ക് നാണക്കേടായിരുന്നു. അതുകൊണ്ട് ആദ്യമൊന്നും ഒപ്പം കൂട്ടില്ലായിരുന്നു. സ്‌കൂളിലെ ചില കുട്ടികള്‍ കറുമ്പിയെന്ന പരിഹാസപ്പേരിട്ട് വിളിച്ചിരുന്നു. പന്ത്രണ്ടാംക്ലാസ് കഴിഞ്ഞ് പള്ളിക്കൂടത്തില്‍നിന്നിറങ്ങുംവരെ ഇത് പലപ്പോഴും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ചില അധ്യാപകര്‍ സമാധാനിപ്പിക്കും. അവരുടെ വര്‍ത്തമാനത്തിലെ സഹതാപം എനിക്ക് അസഹനീയമായിരുന്നു.

ഞാന്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിനിയായിരുന്നു. എന്റെ അറിവിനെയും കഴിവിനെയും ബഹുമാനിച്ചിരുന്നവരുമുണ്ടായിരുന്നു. അത് ഉപയോഗിച്ച് മുന്നേറാന്‍ പ്രോത്സാഹനം നല്‍കിയ ഒരു അധ്യാപിക ഹയര്‍ സെക്കന്‍ഡറിയിലുണ്ടായിരുന്നു. അവരായിരുന്നു ആശ്വാസം.

മെറിറ്റില്‍ത്തന്നെ ഞാന്‍ മികച്ച എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ന്നു. അവിടെയും എന്നെ കറുമ്പിയെന്ന് വിളിച്ച് കളിയാക്കുന്ന വിദ്യാര്‍ഥികളുണ്ടായിരുന്നു. നല്ലപോലെ പഠിക്കുന്നതുകൊണ്ട് കറുമ്പി പഠിപ്പിസ്റ്റെന്നായിരുന്നു അസൂയാലുക്കള്‍ പരിഹസിച്ചിരുന്നത്. മിക്കവാറും എല്ലാ സഹപാഠികള്‍ക്കും പ്രണയമുണ്ടായിരുന്നു. കൂടെ മുറിയില്‍ താമസിക്കുന്നവര്‍ കറുത്ത നിറമുള്ള നിന്നെയാരും പ്രേമിക്കില്ലെന്ന് പുച്ഛിക്കുമായിരുന്നു. ഇതൊക്കെ വിഷമമുണ്ടാക്കി.

ചില ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഞാന്‍ നിറമില്ലാത്തവളാണെന്നാകും അവരൊക്കെ വിചാരിക്കുന്നതെന്ന മുന്‍വിധി എനിക്കുമുണ്ടായിരുന്നു. കാമ്പസില്‍നിന്ന് ജോലിക്കായി തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിന് വന്നവരില്‍ ചിലരുടെ മുഖം തുടക്കത്തില്‍ ചുളിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ വിഷയങ്ങളിലുള്ള എന്റെ അറിവും, കിട്ടിയ മാര്‍ക്കും തുണയായി. എന്നാല്‍ അതിനുശേഷം 'ഇവളെ ആര് കല്യാണം കഴിക്കും' എന്നായി ചോദ്യങ്ങള്‍.

ജോലിയില്‍ മുഴുകാന്‍ തുടങ്ങിയതോടെ നിറത്തെക്കുറിച്ചുള്ള വേവലാതി കുറെ വിട്ടുമാറിയിരുന്നു. ചിലരൊക്കെ കുത്തുവാക്കുകള്‍ പറയുമ്പോള്‍ താത്കാലികവിഷമം തോന്നും, അത്രമാത്രം. നന്നായി പഠിച്ച് വേഗംതന്നെ ജോലിയില്‍ കയറിയെങ്കിലും ഞാന്‍ പോരായെന്ന ബോധം ഉള്ളില്‍ എപ്പോഴുമുണ്ടായിരുന്നുവെന്നത് വാസ്തവമാണ്. ജോലിയിലുള്ള അര്‍പ്പണമനോഭാവത്തെയും മിടുക്കിനെയും ടീം ലീഡര്‍മാര്‍ വാഴ്ത്തുമായിരുന്നു. ജോലിക്കയറ്റങ്ങള്‍ വേഗംതന്നെ ലഭിക്കുമായിരുന്നു. എന്റെ സഹോദരിക്ക് കുട്ടിയായി. അവള്‍ ഭര്‍ത്താവുമൊത്ത് സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോള്‍ വിവാഹത്തെക്കുറിച്ചോര്‍ക്കും. പല വിവാഹാലോചനകളും എന്റെ നിറത്തെച്ചൊല്ലി ഒഴിവായി.

വിവാഹം അടഞ്ഞ അധ്യായമാണെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു സഹപ്രവര്‍ത്തകന്‍ എന്നോട് താത്പര്യം കാട്ടാന്‍ തുടങ്ങിയത്. എന്റെ കഴിവുകളെ വാഴ്ത്തിയാണ് അടുപ്പം തുടങ്ങിയത്. മതിപ്പ് വളരുംവിധത്തില്‍ സംസാരിക്കാന്‍ തുടങ്ങി. സ്നേഹവും അംഗീകാരവും അയാള്‍ തന്നിരുന്നു.

വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ലിവിങ് ടുഗതറല്ലേ നല്ലതെന്ന് നിര്‍ദേശിച്ചു. തര്‍ക്കിക്കാനൊന്നും പോയില്ല. എന്നാല്‍, അയാള്‍ മറ്റൊരു വിവാഹംകഴിക്കാന്‍ പോവുകയാണെന്ന വിവരം കിട്ടി. കാര്യം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ എന്നെ പൂര്‍ണമായും തകര്‍ത്തു. നിന്നെ ഭാര്യയായി ആളുകളുടെ മുന്‍പില്‍ എങ്ങനെകൊണ്ടുപോകുമെന്നായിരുന്നു പ്രതികരണം. ആ പുച്ഛവും പരിഹാസവും എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു.

ഞാന്‍ രാജിക്കത്തെഴുതി. എല്ലാ വിവരങ്ങളും എച്ച്.ആര്‍. വിഭാഗമറിഞ്ഞിരുന്നു. എന്നെപ്പോലൊരാളെ ഒഴിവാക്കാന്‍ കമ്പനി തയ്യാറല്ലായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രയാസമാണെങ്കില്‍ വീട്ടിലിരുന്ന് ജോലിചെയ്യാമെന്ന നിര്‍ദേശം നല്‍കി. ഞാനത് സ്വീകരിച്ചു. കുറേ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോവിഡ് വന്നു. ഞാനിപ്പോള്‍ വീട്ടിലെ എന്റെ മുറിയില്‍നിന്ന് പുറത്തിറങ്ങാറില്ല. എനിക്ക് ഒട്ടും ആത്മധൈര്യമില്ല. കമ്പനിയില്‍ ആളുകളെ അഭിമുഖീകരിച്ച് ജോലിചെയ്യണമെന്ന സാഹചര്യം വന്നാല്‍ ഞാന്‍ ജോലി രാജിവെക്കും. വിവാഹം വേണ്ടെന്ന നിലപാടിലെത്തി. എന്റെ മാതാപിതാക്കള്‍ വല്ലാതെ വിഷമിക്കുന്നുണ്ട്. വരുമാനമുള്ളതുകൊണ്ടും ജോലിയില്‍ ഉയര്‍ച്ചവരുന്നതുകൊണ്ടും ഒന്നും പറയുന്നില്ല. ഞാന്‍ എന്താണു ചെയ്യേണ്ടത്? എനിക്ക് എന്തെങ്കിലും മാനസികാസ്വാസ്ഥ്യമാണോ?''

Image Madanan
വര: മദനന്‍

ആരായിരിക്കും ഈ യുവതിയുടെ യഥാര്‍ഥ ശത്രു? മനസ്സിനുള്ളിലെ അപകര്‍ഷബോധം പരത്തുന്ന ഇരുട്ടാണോ? ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളില്‍ അവഹേളിച്ച ചില വിവേകശൂന്യരായ വ്യക്തികളാണോ?

തൊലിപ്പുറത്തെ നിറത്തിന്റെയോ ശരീരത്തിന്റെ പ്രത്യേകതകളെയോ ചൂണ്ടിക്കാട്ടി വ്യക്തികളെ അവഹേളിക്കുന്ന പ്രവണത സമൂഹത്തിലുണ്ട്. വ്യക്തികളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ താഴ്ത്തിപ്പറയുന്നവരുമുണ്ട്. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ ഇതുണ്ടാകാം. ഈ യുവതിയുടെ അനുഭവങ്ങളില്‍ അത് വ്യക്തം. നിഷേധപരാമര്‍ശങ്ങള്‍ മനസ്സിലേക്കാവാഹിച്ച് സ്വയം വിലയിടിക്കാന്‍ തുടങ്ങിയാല്‍ പ്രതിസന്ധികള്‍ ഉറപ്പാണ്. ഈ യുവതിക്ക് സംഭവിച്ച അപകടമിതാണ്.
കഴിവുകളും കാര്യപ്രാപ്തിയുമാണ് വ്യക്തിത്വത്തിന്റെ സൗന്ദര്യമെന്ന് ഇളംമനസ്സില്‍തന്നെ മാതാപിതാക്കള്‍ക്ക് കുറിച്ചിടാനാകണം. പരമ്പരാഗത സങ്കല്പങ്ങളുടെ സ്വാധീനത്തില്‍ പെട്ടുപോകുന്ന പല കുടുംബങ്ങള്‍ക്കും ഇത്തരമൊരു വളര്‍ത്തല്‍ശൈലി സ്വീകരിക്കാന്‍ പറ്റാതെ പോകുന്നു. പുറംലോകത്തിലുണ്ടാകുന്ന നാണംകെടുത്തലുകളെ നേരിടാനുള്ള പ്രാപ്തിയുണ്ടാക്കാന്‍ കഴിയുന്നുമില്ല. 'നിറം കുറവുള്ള കുട്ടി'യെന്ന പരിഗണനയില്‍ മാതാപിതാക്കള്‍ നല്‍കിയ അമിത വാത്സല്യം അസഹനീയമായിരുന്നുവെന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം ഇടപെടലുകളും സഹതാപവുമൊക്കെ അപകര്‍ഷബോധത്തെ പോഷിപ്പിക്കുന്നു.

പലരും പല ഘട്ടങ്ങളിലും അപമാനിക്കുന്ന തരത്തില്‍(Shaming) ഇടപെട്ടിരുന്നുവെങ്കിലും അവയൊന്നും പഠിപ്പിനെയോ മറ്റ് രീതിയിലുള്ള ജീവിതമുന്നേറ്റങ്ങളെയോ ബാധിച്ചില്ലെന്നത് നല്ല കാര്യം. അത് ഉള്ളിലെ കരുത്തിന്റെ സൂചനയാണ്. അപകര്‍ഷബോധത്തില്‍ പെട്ടതുകൊണ്ട് ഈ നേട്ടങ്ങള്‍ സ്വയംമതിപ്പിന്റെ കണക്കുപുസ്തകത്തില്‍ വേണ്ടവിധം രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് ഞാന്‍ പോരായെന്ന വിചാരത്തിന്റെ ഇരുട്ട് വര്‍ധിച്ചുകൊണ്ടേയിരുന്നു.

സ്വാഭാവികമായും ആളുകളില്‍നിന്ന് ദൂരം പാലിക്കാന്‍ ശ്രമിച്ചു. ഇത്തരം ഒരു ശൂന്യതയും അരക്ഷിതാവസ്ഥയും കൃത്യമായി മനസ്സിലാക്കിയാണ് സഹപ്രവര്‍ത്തകന്‍ സൗഹൃദം സ്ഥാപിച്ചത്. വലിയ പ്രതീക്ഷകളോടെ മുന്നോട്ടുപോയ കൂട്ടുകെട്ടില്‍ നിന്നുപോലും അപമാനം സഹിക്കേണ്ടി വന്നപ്പോള്‍ യുവതിക്കുണ്ടായ മാനസികാവസ്ഥ ആര്‍ക്കും മനസ്സിലാവും. സ്വന്തം കഴിവുകളില്‍ വിശ്വസിച്ച് ശക്തമായി തിരിച്ചുകയറി ജീവിതത്തിലേക്ക് വരുവാനുള്ള ഇച്ഛാശക്തിയല്ല ഈ യുവതി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. സ്വയം തോറ്റുകൊടുക്കുകയാണ്. ഉള്‍വലിയുകയാണ്. ഇതല്ല ശരിയായ വഴി.

ഈ യുവതിയുടെ ഏറ്റവും മൂല്യവത്തായ ധനമേതാണ്? അവളുടെ തൊഴില്‍മേഖലയിലുള്ള അറിവും ആ ജോലി നന്നായി ചെയ്യാനുള്ള വൈദഗ്ധ്യവുമാണ്. വീട്ടിലിരുന്നാണെങ്കിലും ഇപ്പോഴും ആ മിടുക്ക് കാട്ടുന്നുണ്ട്.

ശാരീരിക പ്രത്യേകതകള്‍ എടുത്തുകാട്ടി മറ്റുള്ളവരെ അധിക്ഷേപിക്കുന്നവരുടെ മനശ്ശാസ്ത്രമെന്താണ്? ഒരു വ്യക്തിയെ സമഗ്രതയില്‍ കാണാനുള്ള കഴിവോ വകതിരിവോ ഇല്ലാത്തവരാണ് അവര്‍. കുത്തുവാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ആസ്വദിക്കും. വൈകല്യമുള്ള ഒരു മനസ്സും ഈ വ്യക്തികള്‍ക്കുണ്ട്. കുഴപ്പം അവഹേളിക്കുന്നവര്‍ക്കാണ്. അവഹേളിക്കപ്പെടുന്നവര്‍ക്കല്ല.
സ്വന്തം മിടുക്കുകളുടെ പിന്തുണയില്‍ സൃഷ്ടിക്കുന്ന ഒരു പോസിറ്റീവ് ഊര്‍ജം എപ്പോഴും കൂടെയുണ്ടാകണം. തളരാതെ ആത്മവിശ്വാസത്തോടെ നേരിടുന്നുവെന്നറിയുമ്പോള്‍ പരിഹസിക്കല്‍രോഗമുള്ളവര്‍ പിന്‍വാങ്ങും. മനസ്സിലെ അരക്ഷിതാവസ്ഥ മാറുമ്പോള്‍ കൂട്ടുകാരെ തിരിച്ചറിയാനും സാധിക്കും.

തന്നെ കളിയാക്കാനിടയുള്ള ഒരു ലോകമാണ് പുറത്തെന്ന ധാരണയില്‍ ഒരു കുമിള സൃഷ്ടിച്ച് അതില്‍ ഒളിച്ചിരുന്നാല്‍ ഇ
തിനൊന്നും കഴിയില്ല. കുമിള പൊട്ടിച്ച് പുറത്തിറങ്ങിവരണം. പെരുമാറ്റങ്ങളിലെയും പ്രവൃത്തികളിലെയും മികവാണ് സൗന്ദര്യമെന്ന് ലോകത്തെ അറിയിക്കാന്‍ പ്രാപ്തിയുള്ളവര്‍ അത് ചെയ്യാതിരിക്കുന്നതല്ലേ വലിയ കുറ്റം?

Content Highlights: Body Shaming, Colourism, Mental Health 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌