ര്‍ജറി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാത്തവരുണ്ടാവില്ല. സ്വന്തം അനുഭവത്തിലൂടേയോ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ചെയ്യേണ്ടിവന്നതിലൂടേയോ സര്‍ജറി എന്നത് എന്തെന്ന് നമുക്ക് വ്യക്തവുമാണ്. ലഘുശസ്ത്രക്രിയയും അത്ര ലഘുവല്ലാത്ത സര്‍ജറിയും ഉണ്ട്. ശരീരത്തിന് ഹാനികരമായതും ഒഴിവാക്കേണ്ടതുമായ പരു, മുഴ, കുരു, വളര്‍ച്ചകളെ പിഴുതെറിയാന്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ശരീരത്തിനകത്തേക്ക് തുറന്നുകയറി ചെയ്യുന്ന ഓപ്പണ്‍ സര്‍ജറികളും തുരന്നു കയറി ചെയ്യുന്ന ലാപ്പറോസ്‌കോപ്പിക് സര്‍ജറികളുമെല്ലാം ശരീരത്തിന് ആരോഗ്യം വീണ്ടുനല്‍കാനുള്ള ഉപാധികളാണ്. അതുപോലെ മനസ്സിനും പെരുമാറ്റങ്ങള്‍ക്കും ആരോഗ്യം വീണ്ടെടുക്കാന്‍ പലപ്പോഴും ചില സര്‍ജറികള്‍ വേണ്ടിവരും.

എന്നാല്‍ ഇത്തരത്തിലുള്ള സ്വഭാവദൂഷ്യങ്ങള്‍ പരിഹരിക്കാനും ചില സര്‍ജറികളുണ്ട്. ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിക്കാതെ സര്‍ജറി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയുള്ള ബിഹേവിയല്‍ സര്‍ജറി ആണെന്നു മാത്രം. മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കുന്ന ശസ്ത്രക്രിയ. 

അനാവശ്യമായ ദേഷ്യം, വെറുപ്പ്, ശത്രുതാ മനോഭാവം, കുറ്റം പറയല്‍, കുതികാല്‍ വെട്ട്, ചതി, വിദ്വേഷം പരത്തല്‍ തുടങ്ങി പുകവലി, മദ്യപാനം, മൊബൈല്‍ അഡിക്ഷന്‍ എന്നീ ശീലങ്ങള്‍ വരെ ബിഹേവിയറല്‍ സര്‍ജറിയിലൂടെ മാറ്റാം. നല്ല മനസ്സോടു കൂടി പിറന്ന മനുഷ്യമനസ്സില്‍ കാലക്രമേണെ അടിഞ്ഞുകൂടിയ നെഗറ്റീവ് വികാരങ്ങളും അസ്വസ്ഥതകളും വര്‍ഗീയ വിഷവിത്തുമെല്ലാം മൈനര്‍ മേജര്‍ ബിഹേവിയറല്‍ ശസ്ത്രക്രിയയ്ക്ക് പരിഹരിക്കാനാവുന്നതേ ഉള്ളൂ. 

സ്വയം വിലയിരുത്തലും മറ്റുള്ളവരുടെ ചൂണ്ടിക്കാണിക്കലും വിശകലനങ്ങളുമൊക്കെ വഴി, നമ്മുടെ സ്വഭാവത്തില്‍ നമ്മള്‍ പോലുമറിയാതെ വളര്‍ന്ന വേണ്ടത്ത മുഴകളും ഭാഗങ്ങളുമെല്ലാം കണ്ടെത്തി നീക്കം. അതിനായി നല്ലൊരു മനശാസ്ത്രവിദഗ്ധന്റെ സേവനം സ്വീകരിക്കാവുന്നതാണ്. അവഗണിക്കുന്ന സ്വഭാവമുഴകളും ആന്തരിക ബാഹ്യ നെഗറ്റീവ് വളര്‍ച്ചകളും നാളെ ബിഹേവിയറല്‍ ക്യാന്‍സര്‍ ആയി മാറിയെന്നിരിക്കും. അതുകൊണ്ട് ഒട്ടും വൈകേണ്ട, ഇന്നു തന്നെ സ്വയം മുന്നിട്ടിറങ്ങി സംശുദ്ധരാകാം. 

നിങ്ങള്‍ക്ക് വേണോ ബിഹേവിയറല്‍ സര്‍ജറി?

  • ഉള്ളില്‍ പൊള്ളല്‍: ഉളളില്‍ നിരന്തരം പൊള്ളിക്കുന്ന ചില ഓര്‍മ്മകളേയും അവ ഫണര്‍ത്തുന്ന ആന്തരിക മുറിവുകളേയും കൈകാര്യം ചെയ്യാന്‍ മനസ്സിന്റെ കീഹോള് വഴി കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി സര്‍ജറി വേണ്ടിവരും. ഏതാനും സെക്ഷനുകള്‍ക്കുള്ളില്‍ സാധാരണജീവിതം സാധ്യമാവും.
  • പൊട്ടലും ചീറ്റലും: സഹിക്കാന്‍ വയ്യാത്ത ദേഷ്വും വെറുപ്പും മൂലം ആന്തരികഘടനയിലും ബാഹ്യഘടനയിലും പൊട്ടലും ചീറ്റലും മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ഇമോഷണല്‍ കഥാര്‍സിസും ആംഗര്‍ മാനേജ്‌മെന്റ് ലേപനങ്ങളും സഹിതം ബിഹേവിയറല്‍ സര്‍ജറി ആവശ്യമാണ്.
  • വിള്ളല്‍, വിതുമ്പല്‍: കുടുംബബന്ധങ്ങളില്‍ വിള്ളലും വിതുമ്പലും വന്ന് ആന്തരിക ഘടനയിലും മനസ്സിലും നിരന്തരം ഏറ്റുകൊണ്ടിരിക്കുന്ന ക്ഷതങ്ങളും ഈഗോയും കഷ്ടപ്പെടുത്തുന്ന രോഗികള്‍ക്ക് ഓപ്പണ്‍ ബിഹേവിയറല്‍ സര്‍ജറി, ഫാമിലി തെറാപ്പി സങ്കേതങ്ങളുപയോഗിച്ച് വേണ്ടിവരും.എന്നിട്ടും ശരിയാവാത്തത് ബിഹേവിയറല്‍ ലാപറോസ്‌കോപ്പി വഴി ശരിയാക്കാം. പിരിഞ്ഞുപോയവര്‍ക്ക് പ്രത്യേക പാക്കേജ്..!
  • ആശങ്കയും വിഷാദവും: വിഷാദചിന്തകളിലും ഉത്കണ്ഠയിലും ലൈഫ് വഴിമുട്ടി നില്‍ക്കുന്നവര്‍ക്ക് തലച്ചോറിനും ചിന്തകള്‍ക്കും വെളിച്ചം വരാന്‍ പര്യാപ്തമായ ഉണര്‍വും ഉന്മേഷവും നല്‍കുന്ന കീഹോള്‍ ബിഹേവിയറല്‍ സര്‍ജറി മതിയാവും. 

വിവരങ്ങള്‍ക്ക് കടപ്പാട്: വിപിന്‍ വി റോള്‍ഡന്റ്‌