എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ഉടനെ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തില്‍ താത്കാലിക ലക്ചററായി കുറച്ചുകാലം ജോലിചെയ്തിരുന്നു. എം.ബി.ബി.എസ്. പഠനകാലത്ത് സൈക്യാട്രിയുമായുള്ള പരിചയം താരതമ്യേന വളരെ ചുരുങ്ങിയതാണ്. അതുകൊണ്ടുതന്നെ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്കും മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളില്‍ പഠനംപൂര്‍ത്തിയാക്കിയവര്‍ക്കും മനോരോഗചികിത്സയെക്കുറിച്ചുള്ള ധാരണ പലപ്പോഴും കുറവായിരിക്കും. 

എം.ബി.ബി.എസിനു ശേഷം താത്കാലിക ഉദ്യോഗത്തിനു സൈക്യാട്രി വിഭാഗത്തില്‍ എത്തിയപ്പോള്‍ ഞാനും ഇതേ അവസ്ഥയില്‍ത്തന്നെയായിരുന്നു. സാവധാനം രോഗികളെയെല്ലാം കണ്ട് ചികിത്സാരീതികളെല്ലാം മനസിലാക്കാന്‍ തുടങ്ങുന്ന അവസരത്തിലാണ് പി.ജി. വിദ്യാര്‍ഥിയായ ഒരു യുവാവിനെ വാര്‍ഡില്‍ അഡ്മിറ്റുചെയ്യുന്നത്. 21 വയസ്സാണ് അയാള്‍ക്ക്. പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് നാലുമാസമായി. ഉറക്കക്കുറവാണ് തുടക്കത്തില്‍ വന്നത്. ക്രമേണ സംസാരം കുറഞ്ഞു. മനസ്സിന് എപ്പോഴും സങ്കടമാണ്.  ഒറ്റയ്ക്കിരുന്നു കരയും. വിശപ്പില്ല. ആളുകളോട് സംസാരിക്കാനും പുറത്തേക്കിറങ്ങാനും മടിയാണ്. കോളേജില്‍ പോകുന്നില്ല. കുളിക്കാനും പല്ലുതേക്കാനും വസ്ത്രംമാറാനുമെല്ലാം നിര്‍ബന്ധിക്കണം. താന്‍ എന്തൊക്കെയോ തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നാണ് അയാള്‍ പറയുന്നത്. ജീവിക്കാന്‍ തീരെ ആഗ്രഹം തോന്നുന്നില്ല. രണ്ടുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മരുന്നുകള്‍ കൊടുക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചില വ്യത്യാസങ്ങള്‍ വന്നിരുന്നെങ്കിലും കാര്യമായ ഒരു രോഗവിമുക്തി ഇതുവരെ ഉണ്ടായിട്ടില്ല. ഈയവസ്ഥയിലാണ് അയാളെ മെഡിക്കല്‍കോളേജില്‍ കൊണ്ടുവരുന്നത്. ഇപ്പോള്‍ രോഗി കിടക്കുന്ന അവസ്ഥയില്‍നിന്ന് എഴുന്നേല്‍ക്കാന്‍പോലും തയ്യാറല്ല. ചോദിക്കുന്ന കാര്യങ്ങള്‍ക്കൊന്നും കാര്യമായി മറുപടി പറയുന്നുമില്ല. ഭക്ഷണവും വെള്ളവും മരുന്നുകളുമൊന്നും കഴിക്കാന്‍ കൂട്ടാക്കുന്നുമില്ല. ചില മരുന്നുകള്‍ ഇന്‍ജക്ഷന്‍ രൂപത്തില്‍ നല്‍കിയെങ്കിലും കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് അയാള്‍ക്ക് ഇ.സി.ടി. ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. ചെറിയ അളവിലുള്ള കറന്റ് വളരെ കുറഞ്ഞ സമയത്തേക്ക് രോഗിയുടെ തലച്ചോറിലേക്ക് കടത്തിവിടുന്ന ചികിത്സാരീതിയാണ് ഇത്. ഷോക്ക്ചികിത്സ എന്നൊക്കെ പൊതുവേ പറയുന്ന സംവിധാനമാണിത്.

എം.ബി.ബി.എസ്. പഠനകാലത്ത് ഇത്തരം ചികിത്സയെക്കുറിച്ച് വായിച്ചിട്ടുണ്ട്. എന്നതല്ലാതെ വിശദമായ കാര്യങ്ങളൊന്നും എനിക്ക് അറിവില്ലായിരുന്നു. മാത്രമല്ല, ഷോക്ക് ചികിത്സയെക്കുറിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന പല ആശങ്കകളും എനിക്കുമുണ്ടാ യിരുന്നു. പൊതുവേ സൈക്യാട്രിയുമായി അടുത്ത് പരിചയമില്ലാത്ത ഡോക്ടര്‍മാരുടെയെല്ലാം സ്ഥിതി ഏകദേശം ഇങ്ങനെയൊക്കെത്തന്നെയാണ്.

ഇ.സി.ടി. (ECT) എന്നത് ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പിയാണ്. ഇപ്പോള്‍ നിലവിലുള്ള രീതിയെ മോഡിഫൈഡ് ഇ.സി.ടി. എന്നാണു വിളിക്കുന്നത്. ജനറല്‍ അനസ്‌തേഷ്യ നല്‍കിയതിനുശേഷം ഇ.സി.ടി. നല്‍കുന്ന രീതിയാണിത്. താരതമ്യേനെ വളരെ സുരക്ഷിതമായ ഒരു രീതിയാണിത്. സിനിമകളില്‍ കാണിക്കുന്ന, അപസ്മാരം വന്ന് വിറച്ചു തുള്ളുന്ന അവസ്ഥ മോഡിഫൈഡ് ഇ.സി.ടി. ചികിത്സയില്‍ ഉണ്ടാവില്ല.

അങ്ങനെ ഇ.സി.ടി. ചികിത്സയ്ക്കുമുമ്പുള്ള പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, അനസ്‌തേഷ്യാ വിഭാഗവുമായി കൂടിയാലോചിച്ച് ചികിത്സയുടെ ദിവസവും സമയവും തീരുമാനിച്ചു. ഓപ്പറേഷന്‍ തിയേറ്ററിനകത്തുവെച്ചാണ് ചികിത്സചെയ്യുന്നത്. രോഗിയെ തയ്യാറാക്കി.  അനസ്‌തേഷ്യ മരുന്നുകള്‍ നല്‍കി. ഇ.സി.ടി. മെഷീന്‍ ഒരു പെട്ടിയുടെ ആകൃതിയിലുള്ള ഉപകരണമാണ്. അതില്‍ രണ്ടു ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഇലക്ട്രോഡുകള്‍ തലയുടെ മുന്‍ഭാഗത്ത് രണ്ടുവശങ്ങളിലുമായി ചേര്‍ത്തുവെച്ചു. ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ കറന്റ് പ്രവഹിക്കാനാരംഭിച്ചു. രോഗി അനങ്ങാതെ കിടക്കുകയാണ്. ചികിത്സയുടെ ഭാഗമായിവരുന്ന ഒരേ ഒരു വ്യത്യാസം അയാളുടെ ഒരു കൈ ചെറുതായി വിറയ്ക്കുന്നുണ്ട് എന്നതുമാത്രമാണ്.  വളരെ ചുരുങ്ങിയ സെക്കന്‍ഡുകള്‍മാത്രമാണ് കറന്റ് കടന്നു പോകുന്നത്.  കുറച്ചുസമയത്തിനുശേഷം അനസ്‌തേഷ്യയില്‍നിന്ന് ഉണരുകയും സാധാരണപോലെ ആവുകയും ചെയ്തു. അയാളെ വാര്‍ഡിലേക്കു മാറ്റി. അടുത്തദിവസം രാവിലെ കാണുമ്പോള്‍ രോഗിയുടെ അവസ്ഥയില്‍ മാറ്റംവന്നിട്ടുണ്ട്. അയാള്‍ ഭക്ഷണം കഴിക്കാനും വെള്ളംകുടിക്കാനും തുടങ്ങിയിട്ടുണ്ട്.  സംസാരിക്കുന്നുമുണ്ട്. മൂന്നാമത്തെ ദിവസം വീണ്ടും അയാള്‍ക്ക് ഇ.സി.ടി. ചികിത്സനല്‍കി. നാലാമത്തെ ദിവസം കാണുമ്പോള്‍ അയാള്‍ വളരെയധികം മെച്ചപ്പെട്ടിരുന്നു. കിടന്നിടത്തുനിന്ന് അനങ്ങാന്‍ വിസമ്മതിച്ചിരുന്ന, സംസാരിക്കാതിരുന്ന അയാള്‍ കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് സന്തോഷവാനായി ചികിത്സാമുറിയിലേക്കു കടന്നുവരികയും യൂണിറ്റ് ചീഫായിരുന്ന സീനിയര്‍ ഡോക്ടറോട് ഗുഡ്മോണിങ് പറഞ്ഞു വിഷ്‌ചെയ്യുകയും ചെയ്തു. സൈക്യാട്രിയില്‍ തുടക്കക്കാരനായ എന്നെസംബന്ധിച്ചിടത്തോളം അദ്ഭുതകരമായ ഒരനുഭവമായിരുന്നു അത്. ആത്മഹത്യാ പ്രവണതയുള്ള, തീവ്രവിഷാദം അനുഭവിക്കുന്ന ഒരു രോഗി മൂന്നുനാലു ദിവസംകൊണ്ട് ഇത്രയും മെച്ചപ്പെടുക എന്നത് അന്ന് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറത്തായിരുന്നു. ഇ.സി.ടി. രോഗത്തെ ഉരുക്കി ഇല്ലാതാക്കിക്കളയുമെന്ന് (melts the disease) എന്നു പറയാറുണ്ട്.  അക്ഷരാര്‍ഥത്തില്‍ അതുതന്നെയാണ് ഇവിടെ സംഭവിച്ചതും.

ഇ.സി.ടിയുടെ ചരിത്രജീവിതം
വളരെ ഫലപ്രദമായ ഒരു ചികിത്സാസംവിധാനമായിട്ടുകൂടി, ഇ.സി.ടി. എല്ലാക്കാലത്തും ഒരു വിവാദവിഷയമായിരുന്നു. കറന്റിന്റെ ഉപയോഗവും അണ്‍മോഡിഫൈഡ് ഇ.സി.ടി. ചികിത്സയിലുണ്ടാവുന്ന അപസ്മാരബാധയുടെ ദൃശ്യങ്ങളും സിനിമകളിലുംമറ്റുമുള്ള തെറ്റിദ്ധാരണാജനകമായ ചിത്രീകരണങ്ങളുമെല്ലാം ഇതില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ടാകും.

ഇ.സി.ടി. ചികിത്സയുടെ പ്രധാന പ്രയോക്താക്കളിലൊരാളായ മാക്സ്ഫിങ്ക് (Max fink) എന്ന സൈക്യാട്രിസ്റ്റിന്റെ അഭിപ്രായത്തില്‍  പെനിസിലിനിനോടു താരതമ്യംചെയ്യാവുന്ന രീതിയില്‍ വിപ്ലവകരവും  ഫലപ്രദവുമായ ഒരു സൈക്യാട്രിക് ചികിത്സയാണ് ഇ.സി.ടി.  അതേസമയംതന്നെ വളരെക്കുറച്ചുമാത്രം ഉപയോഗിക്കുന്ന ഒരു ചികിത്സയുമാണ്. ചരിത്രത്തിലെ പല ഘട്ടങ്ങളിലും ഇ.സി.ടിയുടെ ഉപയോഗം താരതമ്യേന വളരെ കുറഞ്ഞതായും കാണാന്‍കഴിയും. പല യൂറോപ്യന്‍ രാജ്യങ്ങളിലും 1960-നും 1980-നും ഇടയ്ക്ക് ഈ ചികിത്സ ഏറക്കുറെ കാണാറേ ഇല്ലായിരുന്നു എന്ന് ഇ.സി.ടിയുടെ വൈദ്യശാസ്ത്ര ചരിത്രം എഴുതിയ എഡ്വാര്‍ഡ് ഷോര്‍ട്ടറും ഡേവിഡ് ഹീലിയും രേഖപ്പെടുത്തുന്നുണ്ട്. ഷോക്ക് തെറാപ്പി (shock therapy- A history of eletcro convulsivet treatment in mental illness) എന്ന പുസ്തകത്തില്‍ ഇ.സി.ടിയുടെ തുടക്കത്തെക്കുറിച്ചും പിന്നീടുവന്ന അസ്വീകാര്യതയെക്കുറിച്ചും അടുത്തകാലത്തായി വന്ന വലിയതോതിലുള്ള സ്വീകാര്യതയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

മെഡ്യൂണയുടെ കര്‍പ്പൂരചികിത്സയും സെര്‍ലെറ്റിയുടെ പന്നികളും
അപസ്മാരബാധയുണ്ടാകുന്ന മാനസികരോഗികള്‍ക്ക് അത്തരം അവസരങ്ങളില്‍ മാനസികരോഗ ലക്ഷണങ്ങള്‍ കുറയുന്നതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കൃത്രിമമായി അപസ്മാരം സൃഷ്ടിച്ച് മാനസികരോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയുമോ എന്ന ആലോചന വികസിച്ചുവന്നു. ഹംഗേറിയന്‍ മനോരോഗചികിത്സകനായ ലാഡിസ്ലാവ് വോണ്‍ മെഡ്യൂണ രാസവസ്തുക്കളുപയോഗിച്ച് ഈ ചികിത്സ ആദ്യമായി പ്രയോഗവത്കരിച്ചു. കര്‍പ്പൂരം ഉപയോഗിച്ചാണ് മെഡ്യൂണ രോഗികളില്‍ ഈ ചികിത്സനടത്തിയത്. മുപ്പത്തിമൂന്നു വയസ്സുള്ള കാറ്റടോണിക് സ്‌കിസോഫ്രീനിയ എന്ന രോഗാവസ്ഥയിലുള്ള ഒരു രോഗിക്ക് മെഡ്യൂണ ഈ ചികിത്സ നല്‍കി. കര്‍പ്പൂരം അയാളുടെ പേശിയിലേക്ക് ഇന്‍ജക്ട്‌ചെയ്തു കയറ്റി. അയാള്‍ക്ക് അപസ്മാരബാധ ഉണ്ടാവുകയുംചെയ്തു. ദിവസങ്ങളിടവിട്ട് ഇത്തരം ഏതാനും ചികിത്സകള്‍ക്കുശേഷം രോഗി അദ്ഭുതകരമായ രീതിയില്‍ മെച്ചപ്പെടുകയുംചെയ്തു. 1934-ലാണ് ഇതു സംഭവിക്കുന്നത്. അന്നത്തെ അവസ്ഥയില്‍ വളരെ ഫലപ്രദമായ ഒരവസ്ഥയായിരുന്നു അത്. പക്ഷേ, അപസ്മാരബാധ പലപ്പോഴും നിയന്ത്രണങ്ങള്‍ക്കപ്പുറം പോകുന്നതും രോഗികളുടെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുന്നതും ഈ ചികിത്സയെ പല ആളുകള്‍ക്കും അസ്വീകാര്യമാക്കി.

യൂഗോ സെര്‍ലെറ്റി എന്ന ഇറ്റാലിയന്‍ മനോരോഗ ചികിത്സകന്‍ ഒരിക്കല്‍ അറവുശാലയില്‍ പന്നികളെ കൊല്ലുന്നത് കാണാനിടയായി.  ആദ്യം പന്നികളുടെ തലയുടെ ഇരുവശത്തും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ച് അബോധാവസ്ഥയിലാക്കിയതിനുശേഷമായിരുന്നു അറവ്.  എന്നാല്‍ ഇലക്ട്രിക് ഷോക്ക് നല്‍കുമ്പോള്‍ കുറച്ചുസമയത്തേക്ക് പന്നികള്‍ക്ക് അപസ്മാരബാധയുണ്ടാവുന്നതായി സെര്‍ലെറ്റി കണ്ടു.  മാനസികരോഗികളില്‍ നിയന്ത്രിതമായ രീതിയില്‍ അപസ്മാരം സൃഷ്ടിച്ച് ചികിത്സനടത്താന്‍ വൈദ്യുതി ഉപയോഗിക്കാമെന്ന് സെര്‍ലെറ്റിക്ക് തോന്നി. അദ്ദേഹം അതുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. മൃഗങ്ങളിലായിരുന്നു അദ്യകാല പരീക്ഷണങ്ങള്‍.  അങ്ങനെ 1938-ല്‍ അദ്ദേഹം ആദ്യത്തെ ഇ.സി.ടി. ചികിത്സനല്‍കി.

സൈക്യാട്രിക് മരുന്നുകളുടെ വ്യാപകമായ ഉപയോഗത്തോടെ ഇ.സി.ടിയുടെ പ്രചാരം പിന്നീട് കുറയുകയുണ്ടായി. മരുന്നുകളോട് പ്രതികരിക്കാത്ത മാനസികരോഗങ്ങള്‍ക്കായി പിന്നീട് ഇ.സി.ടിയുടെ  ഉപയോഗം. ഏതെല്ലാം തരം രോഗാവസ്ഥകളില്‍ ഇ.സി.ടി. ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഇന്നു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മാത്രമല്ല വളരെ സുരക്ഷിതമായ രീതിയിലേക്ക് ഇ.സി.ടിയുടെ ചികിത്സാസമ്പ്രദായം മാറിയിട്ടുമുണ്ട്.

Content Highlight:shock treatment for depression, Mental Health