പെട്ടെന്ന് ഒരു ഹൃദ്രോഗമുണ്ടായാൽ വിഷാദം ഉണ്ടാകില്ലേ? ക്ലേശകരമായ ചികിത്സകളിലൂടെ കടന്നു പോകേണ്ട അർബുദരോഗം പിടികൂടിയാൽ മനസ്സ്‌ ഉലയില്ലേ? വ്യക്തികളെ മരണത്തിലൂടെ നഷ്ടമാകുമ്പോഴും പണമോ, മാനമോ പ്രണയമോ ഒക്കെ നഷ്ടപ്പെടുമ്പോഴും വൈകാരിക പ്രതികരണങ്ങളിൽ വിഷാദത്തിന്റെ കറുത്ത നിറം കലരും.

ജീവിതപ്രശ്നങ്ങളിൽ ഉണ്ടാകുന്ന സങ്കടങ്ങളെയൊക്കെ വിഷാദരോഗമെന്ന് വിളിക്കാറില്ല.  ഇത്തിരി വിഷമിക്കാനും വേവലാതിപ്പെടാനുമുള്ള മനുഷ്യാവകാശത്തിനു മേൽ രോഗത്തിന്റെ ലേബൽ ഒട്ടിക്കാറുമില്ല.  പ്രതിസന്ധികൾ ആകുലതകൾ ഉണ്ടാക്കാം. സമയം നീങ്ങുമ്പോൾ ആറിത്തണുക്കുമെന്നതാണ് പ്രകൃതി നിയമം. അങ്ങനെ ആശ്വാസംകിട്ടേണ്ട നാളുകളും കഴിഞ്ഞ്‌ നീണ്ടാൽ വിഷാദരോഗമുണ്ടോയെന്ന് സംശയിക്കണം.

വികാരപ്രകടനങ്ങൾ പരിധിവിട്ടു പോവുകയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്താൽ രോഗമായി കണക്കാക്കണം. സങ്കടത്തിന് ഒരു കാരണമുള്ളതുകൊണ്ട് രോഗമല്ലെന്ന് വിധിയെഴുതാനും പാടില്ല. ഊണും ഉറക്കവും ഇല്ലാതായി, ചത്തുകളയാമെന്ന ചിന്തയുമായി  നടക്കുന്ന അവസ്ഥയെ വെറും ‘മൂഡ് ഓഫ്’ എന്ന് പറഞ്ഞ്‌ നിസ്സാരമാക്കാൻ പാടില്ല.

കേരളത്തിൽ നടത്തിയ പഠനത്തിൽ വിഷാദവും ഉത്‌കണ്ഠയും ഉൾപ്പെടുന്ന സർവസാധാരണ മനസികാസ്വാസ്ഥ്യങ്ങളുടെ തോത് ഒൻപതു ശതമാനമായിരുന്നു. പതിനെട്ടു വയസ്സ് കഴിഞ്ഞവരിൽ ഇരുപതിൽ ഒരാൾക്ക് വിഷാദ രോഗമുണ്ടെന്നാണ്  ഈ പഠനത്തിന്റെ കണ്ടെത്തൽ. വൃദ്ധജനങ്ങളിലും സ്ത്രീകളിലും ഇതിന്റെ തോത് കൂടുതലാണ്. കുട്ടികളിൽപ്പോലും വിഷാദരോഗം കാണുന്നുണ്ട്. 2020 ആകുമ്പോഴേക്കും ജീവിതത്തിൽ ഏറ്റവും കൂടുതൽ പരാധീനത സൃഷ്ടിക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം വിഷാദത്തിനാകും. ഈ  ലോക ആരോഗ്യ ദിനം വിഷാദത്തെ ഗൗരവമേറിയ ഒരു ആരോഗ്യ പ്രശ്നമായി ഉയർത്തിക്കാട്ടുകയാണ്.
 
ഈ പൊതുജനാരോഗ്യ
പ്രശ്നത്തെ തിരിച്ചറിയാം

വിഷാദരോഗം ഉണ്ടോയെന്ന് തിരിച്ചറിയാൻ എളുപ്പമാണ്. പ്രതികൂല ജീവിത സാഹചര്യങ്ങളിൽ പെടുന്നവരെയും പെരുമാറ്റത്തിൽ വിഷാദ സൂചനകൾ കാട്ടുന്നവരെയും ശ്രദ്ധിക്കണം. സങ്കടഭാവവും ഒന്നിലും തത്‌പര്യമില്ലായ്മയും തളർച്ചയും ക്ഷീണവുമൊക്കെയാണ് കാതലായ ലക്ഷണങ്ങൾ. ഒരു അടുപ്പം ഉണ്ടാക്കിയ ശേഷം  മനസ്സിന് വിഷമമുള്ള പോലെയുണ്ടല്ലോ എന്നൊരു ചോദ്യം മതി രോഗ നിർണയത്തിനുള്ള വഴി തുറക്കാൻ.

ഒപ്പമിരുന്ന് കേൾക്കാൻ തയ്യാറായാൽ രോഗാവസ്ഥയുടെ മറ്റുലക്ഷണങ്ങൾ  വ്യക്തമാകും. വിഷാദവും കോപവുമൊക്കെ ആ വ്യക്തി കൂടുതലായി പ്രകടിപ്പിക്കുന്നതായി അറിയാം. ഒന്നും ആസ്വദിക്കാനാകാത്ത അവസ്ഥയുണ്ടാകാം. രതിയിൽ താത്‌പര്യം കുറയാം. അപകർഷതാബോധവും അകാരണ കുറ്റബോധവുമൊക്കെ സംസാരത്തിൽ നിഴലിക്കാം. പ്രത്യാശ നഷ്ടമാകാം.

ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമെടുക്കാനും ബുദ്ധിമുട്ടുണ്ടാകാം. ചലനം മന്ദ ഗതിയിലാകാം. ചിലരുടെ പെരുമാറ്റത്തിൽ ആധി കലർന്ന അസ്വസ്ഥതയുണ്ടാകാം. നിസ്സാര കാര്യങ്ങളിൽ കരയാം. ജീവിതം അവസാനിപ്പിക്കണമെന്ന പറച്ചിലുകൾ ഉണ്ടാകാം. ചിലർ അതിനായി ഒരുക്കങ്ങൾ പോലും ചെയ്തിട്ടുണ്ടാകാം. ഉറക്കം കുറയാം. ചിലർക്ക് ഉറക്കം കൂടാം. വിശപ്പു കുറഞ്ഞ്‌ വലിയതോതിൽ തൂക്കം നഷ്ടമാകുന്നവരുണ്ട്. മറ്റു ചിലർ വിഷാദാവസ്ഥയിൽ വാരിവലിച്ചു തിന്ന്‌ ചീർക്കും. രണ്ടാഴ്ച തുടർച്ചയായി ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിഷാദ രോഗം ഉണ്ടെന്നു അനുമാനിക്കാം.

വിഷാദരോഗം തിരിച്ചറിഞ്ഞാൽ 
എന്ത് ചെയ്യണം?

നല്ല കേൾവിക്കാരനായി വിഷാദത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകാം. വിഷാദമുള്ളയാളുടെ മനസ്സിൽ ദുഃഖങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടിയിട്ടുണ്ടാകും. അലിവോടെ കേൾക്കുന്നൊരാളുടെയടുത്ത്‌ വിശ്വസിച്ച്‌ ഉള്ളു തുറക്കാൻ പറ്റിയാൽ മനസ്സിൽ വെളിച്ചം കയറും.

സ്വകാര്യത ഉറപ്പാക്കി, ശാന്തമായ അന്തരീക്ഷത്തിൽ ക്ഷമയോടെ കേൾക്കണം. വിഷാദം ഒരു ദൗർബല്യമോ, കുറ്റമോ, പരാജയമോ ആണെന്ന ധ്വനി ചൊല്ലിലും ചെയ്തിയിലും പാടില്ല. ആശയറ്റുവെന്നും ജീവിതംകൊണ്ട് ഇനി പ്രയോജനം ഇല്ലെന്നുമൊക്കെയുള്ള സംസാരം ഉണ്ടാകുമ്പോൾ ആത്മഹത്യാ സാധ്യതയെക്കുറിച്ച്‌ ഓർക്കുന്നു. ഈ രോഗം ബാധിച്ചവരിൽ പതിനഞ്ചു ശതമാനം ആത്മഹത്യ ചെയ്യുമെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. തിരിച്ചറിഞ്ഞില്ലെങ്കിൽ മരണത്തിലേക്ക് നയിക്കാനിടയുള്ള  രോഗമാണിതും.

 അതുകൊണ്ട് അനുയോജ്യമായ സന്ദർഭത്തിൽ  സ്വയം ഉയിരെടുക്കാനുള്ള വിചാരമുണ്ടോയെന്ന് ആർദ്രതയോടെ അന്വേഷിക്കുക. ഇത്തരമൊരു ചോദ്യം ചോദിച്ചാൽ അതിനു ഉത്തേജനമാകില്ലേയെന്ന ആശങ്ക അസ്ഥാനത്താണ്. അതുപോലും മനസ്സിലാക്കിയെന്നത് രോഗിക്ക് ആശ്വാസം നൽകുകയാണ് ചെയ്യുന്നത്. 
   തക്ക സമയത്ത്‌ തിരിച്ചറിയാൻ കഴിഞ്ഞാൽ  പിൻതിരിപ്പിക്കാൻ കഴിഞ്ഞേക്കും.

വിദഗ്ദ്ധ സഹായത്തിലേക്ക് 
നയിക്കാം

ജീവിത സാഹചര്യത്തിൽ വീശിയ ഒരു ചെറു സങ്കട ക്കാറ്റല്ലിതെന്നും ഇത് വിഷാദരോഗമാണെന്നും വ്യക്തിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താൻ  കഴിയണം. തുടർന്ന് വിദഗ്ദ്ധ സഹായത്തിലേക്ക് നയിക്കാം. ഇത് ജനതികമോ, സാമൂഹികമോ ആയ  ഘടകങ്ങൾ മൂലം ഉണ്ടായതാകാം. രോഗപീഡകളുടെ നോവുകളാകാം. ആകുലതകളുടെ പ്രകൃതവും കാഠിന്യവും അനുസരിച്ചാണ് ചികിത്സ.

വിഷാദം ഉണർത്തിവിടുന്ന നിഷേധാത്മക ചിന്താശൈലിയെ തിരുത്താൻ വേണ്ട മനഃശാസ്ത്ര ചികിത്സകൾ വേണ്ടി വരാം... ഔഷധങ്ങൾ വേണ്ടപ്പോൾ അതും അനിവാര്യം. പാർശ്വഫലങ്ങൾ കുറവുള്ള, ഉറക്കവും തളർച്ചയും ഉണ്ടാക്കാത്ത വിഷാദരോഗ ശമിനികൾ ലഭ്യമാണ്. ഇവയുടെ ഫലംകിട്ടാൻ മൂന്ന് ആഴ്ചയെങ്കിലും വേണ്ടിവന്നേക്കാമെന്നത് അറിയണം.

 സാഹചര്യങ്ങളെ മാറ്റിയെടുക്കാനുള്ള സാമൂഹിക ഇടപെടലുകൾ ആവശ്യമെങ്കിൽ, അതും ചെയ്യാൻ ശ്രമിക്കണം. എല്ലാം സമന്വയിപ്പിക്കുന്ന രീതിയാണ് അഭികാമ്യം. ആത്മഹത്യാ പ്രവണതയുള്ളവരെയും മിഥ്യാധാരണകൾ അഥവാ ഡെല്യൂഷൻ പോലെയുള്ള ഗുരുതര ലക്ഷണങ്ങൾ ഉള്ളവരെയും എത്രയും വേഗം  മാനസികാരോഗ്യ വിദഗ്ദ്ധരെ കാണാൻ പ്രേരിപ്പിക്കണം. സങ്കടത്തെ ലഘൂകരിക്കാൻ   ഭക്തിയും പ്രാർഥനയുമൊക്കെ ഉപകരിക്കും. പക്ഷേ ശമനം കാണാതെയാകുമ്പോൾ ആരോഗ്യപരിപാലന സംവിധാനങ്ങളുടെ സഹായം തേടുകതന്നെ വേണം.

തിരിച്ചറിയാതെപോയാൽ
വിപത്തുകൾ

വിഷാദമൂകരായ പലരും ആരോഗ്യ പരിപാലന സഹായത്തിനായി വരണമെന്നില്ല. പഴയ പ്രസരിപ്പും പ്രസാദവുമില്ലെന്നത് പലരും ശ്രദ്ധിച്ചിട്ടുമുണ്ടാകും. തൊഴിലിലും വ്യക്തിജീവിതത്തിലും താളപ്പിഴകൾ പ്രകടമായിട്ടുണ്ടാകും. തൂക്കം കുറഞ്ഞിട്ടുണ്ടാകും. രണ്ടുമൂന്ന് നാൾ കഴിഞ്ഞ്‌ ഒരുപക്ഷേ കേൾക്കുന്നത് ഈ വ്യക്തി ആത്മഹത്യക്ക് ശ്രമിച്ചുവെന്നോ, സ്വയം ഉയിരെടുത്തുവെന്നോ ആയിരിക്കാം.

ആത്മഹത്യ വാസന പ്രകടിപ്പിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും വിഷാദത്തിന്റെ ചുഴിയിൽപ്പെടുന്നവരാണെന്ന് പഠനങ്ങൾ പറയുന്നു. മാനസികാരോഗ്യ സഹായം ലഭിക്കേണ്ട അവസ്ഥയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  ഒരൽപ്പസമയം വിഷമങ്ങൾ പങ്കുവയ്ക്കാൻ നല്കാമായിരുന്നുവെന്ന് പിന്നീട് ദുഃഖിച്ചിട്ട് എന്തുകാര്യം? അനുയോജ്യമായ  ശാസ്ത്രീയ ഇടപെടലുകൾക്ക് പ്രേരിപ്പിക്കാമായിരുന്നുവെന്ന് പരിതപിച്ചിട്ട് എന്തു പ്രയോജനം? മുഴുക്കുടിയിൽ വീഴുന്നവരുടെ മദ്യപാന ചരിത്രത്തിൽ തിരിച്ചറിയപ്പെടാതെ പോയ വിഷാദ രോഗത്തെ പലപ്പോഴും കണ്ടെത്താം.

മയക്കു മരുന്നുകൾ ഉപയോഗിക്കുന്നവരിലും ശ്രദ്ധിക്കപ്പെടാതെ പോയ വിഷാദരോഗം മറഞ്ഞിരിപ്പുണ്ടാവാം. തിരിച്ചറിയപ്പെടാതെ പോയ പ്രസവാനന്തര വിഷാദരോഗത്തിന്റെ മൂർധന്യത്തിൽ പിഞ്ചുകുഞ്ഞിനെ വധിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച അമ്മമാരുണ്ട്. ജോലിയിൽ കൃത്യത കാട്ടാനാവാതെ  തൊഴിൽനഷ്ടം വന്നവരിൽ ഒരു വിഭാഗം വിഷാദാവസ്ഥയുടെ പിടിയിൽപ്പെട്ടവരാണ്.

മറ്റു ശാരീരിക അസുഖങ്ങൾക്കൊപ്പമുള്ള വിഷാദം  തിരിച്ചറിഞ്ഞില്ലെങ്കിൽ സങ്കീർണതകൾ കൂടും.  ഹൃദ്രോഗത്തിനു ശേഷം വിഷാദ രോഗമുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ ഹാർട്ട് അറ്റാക്ക് സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട്  ഈ ഭാരം കുറയ്ക്കാനുള്ള വഴികൾ ജീവൻരക്ഷാ പ്രാധാന്യം നേടുന്നു. പ്രമേഹരോഗമുള്ള വ്യക്തിയെ ആധിയും വിഷാദവും ബാധിച്ചാൽ ഷുഗർ  നിയന്ത്രണം അവതാളത്തിലാകും. ഈ മാനസികാവസ്ഥയുടെ പിടിയിൽപ്പെട്ടാൽ ആസ്ത്‌മ രോഗം മൂർച്ഛിക്കാം.

  ഗ്യാസും അൾസറുമൊക്കെ കലശലാക്കാൻ ഇത്തരം വൈകാരിക പ്രശ്നങ്ങൾക്ക് കഴിയും. ഈ മാനസികാവസ്ഥയെ അവഗണിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ ദുരന്തങ്ങൾ എഴുതിയാൽ തീരില്ല. പ്രാഥമിക മനഃശാസ്ത്ര  ചികിത്സകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ  ഇടപെടലുകൾ നടത്താൻ എല്ലാ ഡോക്ടർമാരും മറ്റ് അനുബന്ധ ആരോഗ്യ പ്രവർത്തകരും അറിഞ്ഞിരിക്കണം. എങ്കിലേ ചികിത്സ പൂർണമാകൂ.

വിഷാദ നിവാരണത്തെക്കുറിച്ചും 
ഇനി സംസാരിക്കാം

ഷുഗറിനെക്കുറിച്ചും പ്രഷറിനെക്കുറിച്ചുമെന്ന പോലെ ഇനി ഡിപ്രഷനെക്കുറിച്ചും മറയില്ലാതെ സംസാരിച്ചു തുടങ്ങാം. വിഷാദരോഗത്തിനടിപ്പെട്ടുവെന്നും ഔഷധങ്ങൾ ഉൾപ്പെടെയുള്ള ചികിത്സകളിലൂടെ മുക്തി നേടിയെന്നും പ്രമുഖ അഭിനേത്രി ദീപിക പദുകോൺ തുറന്നുപറഞ്ഞത് വാർത്തയായി.

എല്ലാ രോഗങ്ങളെയും പോലെയാണ് മനസ്സിന്റെ അസുഖവുമെന്ന സന്ദേശം നൽകാൻ ഈ വെളിപ്പെടുത്തലിന് കഴിഞ്ഞു. സർവവ്യാപിയായ വിഷാദങ്ങളിൽ നിന്ന് വിഷാദരോഗത്തെ തിരിച്ചറിയാം.
 എല്ലാ ഡോക്ടർമാർക്കും വിഷാദത്തെ ഫലപ്രദമായി നിവാരണം ചെയ്യാനാകുന്നത് ഓർക്കുക. പ്രതിസന്ധികളിൽ ആടിയുലഞ്ഞ്‌ വിഷാദ ക്കടലിൽ മുങ്ങിപ്പോകാത്തവിധം നങ്കൂരമിട്ട് നിർത്തുന്ന പ്രസാദാത്മക ചിന്തകളും പതിവായുള്ള വ്യായാമവും ധ്യാന മുറകളുമൊക്കെ കൈമുതലായി ഉണ്ടാവുകയും വേണം.

  

കൊച്ചി മെഡിക്കൽട്രസ്റ്റ്‌ ഹോസ്പിറ്റൽ കൺസൾട്ടന്റ്‌ സൈക്യാട്രിസ്റ്റാണ് ലേഖകന്‍