മാനസിക രോഗങ്ങളുടെ ചികിത്സാ സമ്പ്രദായങ്ങളില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഷോക്ക് ചികിത്സ അഥവാ ഇ.സി.റ്റി(Eletcro Convulsive Therapy). ഇത്രയധികം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മറ്റൊരു ചികിത്സയും വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലുണ്ടെന്ന് തോന്നുന്നില്ല. പല അവസരങ്ങളിലും ജീവന്‍ രക്ഷാ ചികിത്സ ആയിരുന്നിട്ടും നിരവധി പേര്‍ ഇതിനെ ഭയപ്പെടുന്നു.

ചരിത്രം


1938-ല്‍ സെര്‍ലിറ്റി, ബിനി എന്നീ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്മാരാണ് ഈ ചികിത്സ ആദ്യമായി പ്രയോഗിച്ചത്. ഇതിന് ഒരു ശാസ്ത്രീയ അടിസ്ഥാനമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ചുഴലി (അപസ്മാര രോഗം) വരുമ്പോള്‍ ചിത്തഭ്രമം (Phychosis) എന്ന തീവ്രമായ മാനസിക രോഗമുണ്ടായിരുന്നവര്‍ക്ക് ആ വേഗം ഭേദമായിരുന്നതായി പലരും നിരീക്ഷിക്കുന്നു. മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്ത് വൈദ്യുതി തരംഗങ്ങള്‍ അഥവാ 'ഷോക്ക്'' പെട്ടെന്ന് കൂടുമ്പോഴാണ് അപസ്മാരം ഉണ്ടാകുന്നത്. രോഗിക്ക് ബോധം നഷ്ടപ്പെടുകയും കയ്യും കാലും തുടരെ തുടരെ അടിക്കുകയും ചെയ്യുന്നു. ഭീതിജനകമായ ഒരു കാഴ്ചയായിരിക്കുമിത്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ ചുഴലി തനിയേ നിലയ്ക്കുന്നു; രോഗി സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നു.

ചിത്തഭ്രമം ചുഴലിയെത്തുടര്‍ന്ന് ഭേദമാകുന്നവെന്ന് മനസിലാക്കിയതോടെ ചുഴലി കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ ആരംഭിച്ചു. ചിലര്‍ കാംഫര്‍ എന്ന രാസ പദാര്‍ത്ഥം ഉപയോഗിച്ചു. ഏറ്റവും ഫലപ്രദമായി ചുഴലിയില്‍ കാണുന്നതുപോലെയുള്ള ചലനങ്ങള്‍ സൃഷ്ടിച്ചെടുത്ത് നേരത്തെ സൂചിപ്പിച്ചതു പോലെ സെര്‍ലിറ്റിയും ബിനിയും ആയിരുന്നു. രോഗങ്ങള്‍ക്ക് ഇന്ന് ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ഒന്നും അന്ന് നിലവിലുണ്ടായിരുന്നില്ല. രോഗികളെ ചങ്ങലകൊണ്ടു ബന്ധിപ്പിക്കുക, തടവറ പോലുള്ള സ്ഥലങ്ങളില്‍ (Asylums) പാര്‍പ്പിക്കുക, തുടങ്ങിയ പ്രാകൃതമായ രീതികളില്‍ കൂടിയാണ് സമൂഹം മാനസിക രോഗികളെ സമീപിച്ചിരുന്നത്. രസകരമെന്നു പറയട്ടെ ഔഷധങ്ങളൊന്നും ഇല്ലാതിരുന്ന സമയത്ത് വികസിപ്പിക്കപ്പെട്ട ഷോക്ക് ചികിത്സ തന്നെയാണ് ഇന്നും പ്രധാന മാനസിക രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സ. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ നാഴികകല്ലായി അതിന്റെ കണ്ടുപിടുത്തം.

എതിര്‍പ്പുകള്‍


ഷോക്ക്, കറന്റ് എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യരിലുണ്ടാകുന്ന സ്വഭാവിക പ്രതികരണങ്ങളും, തലച്ചോറിലേക്ക് കറന്റ് കടത്തി വിട്ടാല്‍ ഉണ്ടായേക്കാവുന്ന അനന്തര ഫലങ്ങളെക്കുറിച്ചുള്ള ചിന്തകളും ഷോക്ക് ചികിത്സയെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല ഈ ചികിത്സ നല്‍കുമ്പോള്‍ രോഗി കൈയ്യും കാലും ഇട്ടടിക്കുന്നത് ബീഭത്സമായ കാഴ്ചയാണല്ലോ. ഷോക്ക് ചികിത്സ കഴിയുന്ന ഉടനെ ഓര്‍മകള്‍ നഷ്ടപ്പെടുന്നു (ഇത് ഏതാനും മണിക്കൂറുകള്‍ മാത്രമാണെന്നോര്‍ക്കണം) എന്നും വന്നതോടെ ഷോക്ക് ചികിത്സക്കെതിരെ എതിര്‍പ്പുകള്‍ വ്യാപകമായി.

ഏറ്റവും പ്രാകൃതമായ ചികിത്സാരീതിയാണിതെന്നും ഇത് രോഗികള്‍ക്കെതിരെയുള്ള കാടന്‍ സമീപനമാണെന്നും പ്രചരിപ്പിച്ചവര്‍ നിരവധി. One Flew over cuckoo's nest എന്ന ചലചിത്രം ഷോക്ക് ചികിത്സയെ വെറുപ്പും ഭയവും ഉണ്ടാക്കുന്ന തരത്തില്‍ അവതരിപ്പിച്ചു. 1975-ല്‍ ആയിരുന്നു ഇത്. (കേരളത്തില്‍ പിന്നീട് 'താളവട്ടം' എന്ന ചിത്രവും ഇതിന് സമാനമായ രംഗങ്ങളാണ് അവതരിപ്പിച്ചത്). ഇതോടുകൂടി ലോകമെമ്പാടും ഷോക്ക് ചികിത്സക്കെതിരെ വികാരം ആളിക്കത്തി.

വസ്തുതകള്‍


ഷോക്ക് ചികിത്സയില്‍ വൈദ്യുതി അഥവാ 'കറന്റ്' മസ്തിഷ്‌കത്തിലേക്ക് കടത്തിവിടുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ ഓരോ മനുഷ്യന്റെയും മസ്തിഷ്‌കത്തിലും വൈദ്യുതി ജനനം മുതലേ ഓരോ സെക്കന്റിലും സ്വാഭാവികമായി തന്നെ പ്രവഹിക്കുന്നുണ്ട്. ഇത് ചുഴലി ഉണ്ടാകുമ്പോള്‍ പ്രവഹിക്കുന്ന കറന്റോ, കൃത്രിമമായി ഉണ്ടാക്കിയെടുക്കപ്പെട്ട കറന്റോ അല്ല, മരിച്ച എല്ലാ മനുഷ്യരുടെയും ശരീരത്തില്‍, വിശേഷിച്ചും മസ്തിഷ്‌കത്തിലും ഹൃദയത്തിലും സ്വാഭാവികമായി പ്രവഹിക്കുന്ന കറന്റ് ആണ്. വീടുകളില്‍ ഉപയോഗിക്കപ്പെടുന്നത് 220 വേള്‍ട്ട് കറന്റ് ആണെങ്കില്‍ നമ്മളുടെയെല്ലാം മസ്തിഷ്‌കത്തില്‍കൂടി പ്രവഹിക്കുന്നത് അതിന്റെ വളരെ ചെറിയൊരു അംശമായ 70 മില്ലി വോള്‍ട്ടാണ്. പവര്‍ഹൗസില്‍ നിന്നും കറന്റ് വൈദ്യുതി കമ്പികളില്‍ കൂടി പ്രവഹിച്ച് വീടുകളില്‍ ബള്‍ബുകള്‍ കത്തുന്നതുപോലെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാഡി ഞരമ്പുകളില്‍കൂടി കറന്റ് പ്രവഹിക്കുന്നതുകൊണ്ടാണ് നമ്മള്‍ക്ക് ചിന്തിക്കാന്‍ തന്നെ സാധിക്കുന്നത്.

കറന്റ് വീടുകളിലെത്തുമ്പോള്‍ ഫാന്‍ കറങ്ങുന്നതുപോലെയാണ് മസ്തിഷ്‌കത്തില്‍ കറന്റ് നാഡിഞെരമ്പുകളില്‍ കൂടി കൈകാലുകളിലെത്തി കൈയ്യും കാലും ചലിപ്പിക്കുന്നത്. ഇനി വളരെ പ്രധാനമായ കാര്യം ഷോക്ക് ചികിത്സയില്‍ ഉപയോഗിക്കുന്ന കറന്റ് വീടുകളിലെ ഭിത്തിയിലുള്ള പ്ലഗ്ഗില്‍ നിന്നും എടുക്കുന്ന കറന്റ് അല്ല. അതിന് വേറിട്ടൊരു മെഷിന്‍ ഉണ്ട്. കറന്റിനെ വളരെ നേര്‍പ്പിച്ചു മസ്തിഷ്‌കത്തിനു പാകമായ രീതിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. മസ്തിഷ്‌കത്തില്‍ക്കൂടി പ്രവഹിക്കുന്ന കറന്റ് പോലെ തന്നെയാക്കി അതിനെ ലഘൂകരിക്കുന്നു. മസ്തിഷ്‌കത്തില്‍ 'കറന്റ്' അല്ലെങ്കില്‍ ഷോക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടേണ്ടതില്ല എന്നു ചുരുക്കം.

ആദ്യ നാളുകളില്‍ ഷോക്ക് ചികിത്സക്കു വിധേയമായവര്‍ കയ്യും കാലുമിട്ടടിച്ചിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ ഇന്ന് അനസ്തറ്റിസ്റ്റിന്റെ സഹായത്തോടെ പേശികളെ ഏതാനും മിനിട്ടു നേരത്തേക്ക് നിശ്ചലമാക്കുന്ന ഔഷധങ്ങള്‍ രോഗിക്കു നല്‍കുന്നു. അതുകൊണ്ട് ഷോക്ക് ചികിത്സ നല്‍കുന്ന വേളയില്‍ രോഗി പഴയപോലെ കയ്യും കാലും ഇട്ടടിക്കുന്നില്ല. നിരുപദ്രവകരവും നാമ മാത്രവുമായ ചലനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത്. ഇതാകട്ടെ പലപ്പോഴും ഒരു മിനിട്ടുപോലും നീണ്ടു നില്‍ക്കുന്നില്ല. ഷോക്ക് ചികിത്സക്കു മൊത്തം വേണ്ട സമയം അഞ്ചുമിനിട്ട് മാത്രമാണ്. അതുകഴിഞ്ഞാല്‍ രോഗി ബോധം വീണ്ടെടുക്കുന്നു. ഏതാനും മണിക്കൂര്‍ കഴിഞ്ഞാല്‍ പൂര്‍ണമായും ബോധവാനാകുന്നു. അനസ്‌തേഷ്യകൊണ്ടു ചെയ്യുന്നതില്‍ ഏറ്റവും സുരക്ഷിതമായ ചികിത്സയാണ് ഷോക്ക് ചികിത്സയെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആയിരത്തിലധികം പേര്‍ക്ക് ഷോക്ക് ചികിത്സ നല്‍കിയിട്ടുള്ള ഈ ലേഖകന്റെ അനുവാദത്തില്‍ ഒരാള്‍ക്കു പോലും അപകടം സംഭവിച്ചിട്ടില്ല. രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതെ തന്നെയാണ് ഇന്ന് ഷോക്ക് ചികിത്സ നല്‍കി വരുന്നു.


പാര്‍ശ്വഫലങ്ങള്‍


തെറ്റിധാരണകള്‍ വ്യാപകമായതുകൊണ്ട് പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആദ്യം വിശദീകരിക്കാം. ഷോക്ക് ചികിത്സ കഴിഞ്ഞ ഉടനെ ശരീരത്തില്‍ പൊതുവായും ചിലപ്പോള്‍ തലയിലും വേദനയുണ്ടാകാം. ഇത് മിതമായ വേദനയാണ്. ഒരു പാരസെറ്റമോള്‍ ഗുളിക കഴിച്ചാല്‍ ഇത് ഉടനെ മാറുന്നു. ചിലപ്പോള്‍ ഒന്നും കഴിക്കാതെ തന്നെ ഒരു ദിവസം കഴിയുമ്പോള്‍ ഈ വേദന മാറുന്നു. ഷോക്ക് ചികിത്സക്കു ഉടനെ മുന്‍പു നടന്ന കാര്യങ്ങളും, ഉടനെ അതിനു ശേഷം നടന്ന കാര്യങ്ങളും രോഗിയുടെ ഓര്‍മയില്‍ നിന്നും മാഞ്ഞു പോകുന്നു. ഓര്‍മക്കുറവ് ചിലപ്പോള്‍ ഏതാനും ആഴ്ചകള്‍ നീണ്ടുനിന്നന്നെവരാം. ഇതു കഴിയുമ്പോള്‍ ഒട്ടുമിക്ക ഓര്‍മകളും തിരിച്ചെത്തുന്നു. ഷോക്ക് ചികിത്സ കൊണ്ട് എല്ലാ ഓര്‍മകളും ഒരിക്കലും നശിക്കുന്നില്ല. ആദ്യത്തെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് രോഗിക്ക് പരിസര ബോധം ഉണ്ടാകാതിരിക്കുന്നത്. ഇതു കഴിഞ്ഞാല്‍ രോഗി പൂര്‍ണമായ ബോധവസ്ഥ വീണ്ടെടുക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഷോക്ക് ചികിത്സ നല്‍കുന്നത്. 6 മുതല്‍ 12 തവണ വരെ ചികിത്സ നല്‍കാറുണ്ട്. എത്ര പ്രാവശ്യം ചികിത്സ നല്‍കിയാലും മസ്തിഷ്‌കത്തിന് ക്ഷതമൊന്നും സംഭവിക്കുന്നില്ല. നേരെ മറിച്ചാണ് വസ്തുത. ഷോക്ക് ചികിത്സ കൊണ്ട് മസ്തിഷ്‌കത്തില്‍ ചില ഭാഗങ്ങള്‍ പുനര്‍ജനിക്കുന്നു.

എന്തിനാണ് ഷോക്ക് ചികിത്സ നല്‍കുന്നത്?


ഇത്രയേറെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയ ഈ ചികിത്സ എന്തിനാണ് ഇന്നും തുടരുന്നത് എന്നത് ന്യായമായ ഒരു ചോദ്യമാണ്. ഉത്തരം ലളിതമാണ്, ഷോക്ക് ചികിത്സയ്ക്ക് അതിന്റേതായ പാര്‍ശ്വ ഫലങ്ങളുണ്ടെങ്കിലും അതിന്റെ പ്രയോജനം ഈ പാര്‍ശ്വഫലങ്ങളെ മറികടക്കുന്നു എന്നതാണ് ഉത്തരം.

അതി തീവ്രമായ വിഷാദരോഗം വരുമ്പോള്‍ രോഗികള്‍ ആത്മഹത്യ ചെയ്യുന്നു. ഔഷധങ്ങള്‍ കൊണ്ട് വിഷാദരോഗത്തെ മാറ്റിയെടുക്കാം. പക്ഷേ അതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ വേണ്ടിവരും. രോഗി ഈ സമയത്തിനുള്ളില്‍ ആത്മഹത്യ ചെയ്‌തെന്നു വരാം. വിഷാദ രോഗം ബാധിച്ചവരില്‍ 15 ശതമാനം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. ഹൃദയരോഗങ്ങള്‍ അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് മൂലം മരണമടയുന്ന അതേ എണ്ണം ആളുകള്‍ വിഷാദരോഗം മൂലവും ജീവന്‍ വെടിയുന്നു. കഠിന വാഷാദ രോഗം ബാധിച്ച ഒരാള്‍ക്ക് രാവിലെ ഷോക്ക് ചികിത്സ നല്‍കിയാല്‍ വൈകുന്നേരത്തോടെ അയാള്‍ എഴുന്നേറ്റിരുന്ന് പുഞ്ചിരിക്കുന്ന കാഴ്ച നമുക്ക് കാണാനാകും.

അത്ര പെട്ടെന്നാണ് ഷോക്ക് ചികിത്സ ഫലിക്കുന്നത്. വിഷാദ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗികള്‍ ഭക്ഷണം കഴിക്കാതെയാകുന്നു. ജലപാനം പോലും നിറുത്തുന്നു. ഇതു കൊണ്ടു തന്നെ രോഗികള്‍ മരണമടയാറുണ്ട്. എന്നാല്‍ ഷോക്ക് ചികിത്സ കഴിയുന്നതോടെ രോഗികള്‍ എഴുന്നേറ്റിരുന്ന സാധാരണ പോലെ ഭക്ഷണം കഴിക്കുന്നു. വിഷാദ രോഗത്തിനു മാത്രമല്ല ഷോക്ക് ചികിത്സ ഫലപ്രദമാകുന്നത്. സ്‌കിസോഫ്രിനിയ, മാനിയ അഥവാ ഉന്മാദം തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കും, പാര്‍ക്കിന്‍സണ്‍ രോഗം, മറ്റൊരു ചികിത്സയ്ക്കും വഴങ്ങാത്ത അപസ്മാര രോഗം (Intractable Epilepsy) തുടങ്ങിയവയ്ക്കും ഷോക്ക് ചികിത്സ വളരെ ഫലപ്രദമാണ്. 6 മുതല്‍ 12 തവണ വരെ ചികിത്സ വേണ്ടി വന്നേക്കും.

മരുന്നുകള്‍ കൊണ്ടു മാറാത്ത വിഷാദ രോഗം, സ്‌കിസോഫ്രിനിയ, മാനിയ, അപസ്മാരം (ഷോക്ക് ചികിത്സ കൊണ്ട് അപസ്മാരം ആദ്യം ഉണ്ടാകുമെങ്കിലും തുടരെയുള്ള ചികിത്സകൊണ്ട് അപസ്മാരം നില്‍ക്കുന്നു) എന്നിവ ഷോക്ക് ചികിത്സ കൊണ്ട് മാറുന്നു. ഷോക്ക് ചികിത്സയുടെ പോരായ്മ ഒരിക്കല്‍ രോഗി ഭേദമായാല്‍ വേറെ ചികിത്സ തുടര്‍ന്നു നല്‍കേണ്ടി വരുന്നു എന്നതാണ്. മരുന്നുകളേക്കാള്‍ പെട്ടെന്ന് ഫലം കണ്ടെത്താനാണ് പ്രധാനമായും ഷോക്ക് ചികിത്സ ഉപയോഗിക്കുന്നത്. അത് നിറുത്തിയാല്‍ വേറെ ചികിത്സ ആ സ്ഥാനത്തു നല്‍കേണ്ടി വരും. ചിലര്‍ക്കെങ്കിലും അല്ലെങ്കില്‍ ഷോക്ക് ചികിത്സ മാസത്തിലൊരിക്കലെങ്കിലും തുടര്‍ന്നു നല്‍കേണ്ടി വരും.

ഭയാശങ്കകള്‍ അകറ്റുക


ചിലര്‍ വസ്തുതകളെ വളച്ചൊടിച്ച് ഷോക്ക് ചികിത്സക്കെതിരെ പ്രചാരണം നടത്തുന്നത് അജ്ഞതകൊണ്ടാകാം. അല്ലെങ്കില്‍ അനുഭവസമ്പത്തിന്റെ അഭാവം. തെറ്റായ ധാരണകള്‍ മൂലം നിരവധി രോഗികള്‍. ഈ ചികിത്സ തിരസ്‌കരിക്കുന്നു. സമൂഹത്തില്‍ വ്യാപകമായ തെറ്റിദ്ധാരണകളാണ് ഇതിനു കാരണം. അതുകൊണ്ട് ന്യായമായും കിട്ടേണ്ട, വളരെ ഫലപ്രദമായ പലപ്പോഴും ജീവന്‍ രക്ഷിക്കുന്ന ചികിത്സയുടെ ഫലം പലര്‍ക്കും ലഭിക്കാതെയാകുന്നു.

തലച്ചോറില്‍ മുഴകള്‍ ഉള്ള ഒരാള്‍ക്ക് ഈ ചികിത്സ നല്‍കാറില്ല. അടുത്തിടെ ഹൃദയഘാതമോ, തലച്ചോറില്‍ രക്തസ്രാവമോ ഉണ്ടായിട്ടുള്ളവര്‍ക്കും ഈ ചികിത്സ നല്‍കാന്‍ പാടില്ല. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലുമായി ഒരു വര്‍ഷം ഏതാണ്ട് പത്തു ലക്ഷം പേര്‍ ഷോക്ക് ചികിത്സ സ്വീകരിക്കുന്നുണ്ട്. തെറ്റിധാരണകള്‍ അകറ്റി ഇന്ന് കൂടുതല്‍ കൂടുതല്‍ പേര്‍ ഷോക്ക് ചികിത്സക്കായി മുന്നോട്ട് വരുന്നുണ്ട്. ഷോക്ക് ചികിത്സയെക്കുറിച്ചുള്ള ഗവേഷണങ്ങളും ഇന്ന് കൂടുതലായി നടക്കുന്നുണ്ട്.