ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ വിരളമാണ്. ദേഷ്യം അടിസ്ഥാനപരമായി ജീവി വര്‍ഗങ്ങളുടെ നിലനില്‍പ്പിന്റെ വികാരമാണ്. നിലനില്‍പ്പിന്റെ നേരെയുള്ള ഭീഷണികളോട് മനുഷ്യരുള്‍പ്പെടെയുള്ളവ മൂന്നുതരത്തിലാണ് പ്രതികരിക്കുന്നത്. ഒന്ന് ഏറ്റുമുട്ടുക (Fight) രണ്ട് ഭയപ്പെട്ട് മാറിനില്‍ക്കുക (Fright) മൂന്ന് ഭീഷണികളില്‍ നിന്നും പറന്നകലുക (Flight). ഇതില്‍ ഭീഷണികളോട് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അതിന് ശക്തി നിലനില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ മസ്തിഷ്‌കത്തിന്റെ 'ലിംബിക്' എന്നു പേരുള്ള ദളങ്ങളില്‍ നിന്നാണ് ദേഷ്യം ഉത്ഭവിക്കുന്നത്. പരിണാമ ശ്രേണിയില്‍ മനുഷ്യനു താഴെയുള്ള മൃഗങ്ങളില്‍ ലിംബിക് ദളങ്ങളുണ്ട്.

എന്നാല്‍ അമിതമായാലോ അല്ലെങ്കില്‍ അനവസരത്തിലോ ദേഷ്യം പോലെ ഹാനികരവും വര്‍ജ്ജ്യവുമായ വികാരം വേറെയുണ്ടെന്ന് തോന്നുന്നില്ല. 'ക്രോധം നാശ ഹേതു' എന്നാണല്ലോ കവി വചനം. ഭാഗ്യമെന്നു പറയട്ടെ മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേഷ്യത്തെ മിതപ്പെടുത്താനും, പരിഷ്‌കരിക്കാനും മനുഷ്യനു സാധിക്കും. ലിംബിക് ദളങ്ങളെ നിയന്ത്രിക്കുന്ന ഫേണ്ടല്‍ ദളങ്ങള്‍ മനുഷ്യ മസ്തിഷ്‌കത്തിനുള്ളതുകൊണ്ട് മനുഷ്യര്‍ക്ക് ഇത് സാധിക്കുന്നത്. ഫേണ്ടല്‍ ദളങ്ങള്‍ പ്രവര്‍ത്തന സജ്ജമായാല്‍ ദേഷ്യം നിയന്ത്രണത്തിലാകും, അത് മരവിച്ചു പൊയാല്‍ ദേഷ്യം ആളിക്കത്തിയെന്നിരിക്കും. മനുഷ്യരുടെ പരിഷ്‌കത സ്വഭാവം സാധ്യമാക്കുന്നത് ഫേണ്ടല്‍ ദളങ്ങളുടെ, കൃത്യമായി പറഞ്ഞാല്‍ പൂര്‍വ്വ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം മൂലമാണ്. എന്നാല്‍ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം ഓരോ മനുഷ്യനിലും ഓരോ തോതിലായിരിക്കും. ഒരു മനുഷ്യനില്‍ത്തന്നെ പല സമയത്തും പല തോതിലായിരിക്കും. ഇതിനനുസരിച്ച് ദേഷ്യത്തിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും.


ദേഷ്യത്തിന്റെ മനഃശാസ്ത്രം


നേരത്തെ സൂചിപ്പിച്ചിട്ടുള്ളപോലെ ഭീഷണി നേരിടുന്നു എന്ന അവബോധത്തില്‍ നിന്നാണ് ദേഷ്യം ജനിക്കുന്നത്. ദേഷ്യത്തിന്റെയര്‍ത്ഥം പ്രതിരോധനമാകാം, ആക്രമണമാകാം, ലക്ഷ്യത്തിനു നേരെയുള്ള പ്രയാണത്തില്‍ വിഘാതം നേരിടുമ്പോഴും, നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴും ദേഷ്യം ജനിക്കുന്നു. ഉദാഹരണത്തിന് യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ തടസ്സമുണ്ടാകുന്നത് ദേഷ്യത്തിനു കാരണമാകുന്നു. അതുപോലെ തിരക്കുള്ള ഒരു സ്ഥലത്ത് എല്ലാവരും ഒരു വരിയില്‍ കാത്തു നില്‍ക്കുമ്പോള്‍ പിറകില്‍ നില്‍ക്കേണ്ടയാള്‍ ക്രമം തെറ്റിച്ച് മുന്‍പില്‍ കയറുമ്പോഴും ദേഷ്യമുണ്ടാകുന്നു. നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നാലാണ് ഇതിനു കാരണം.

ദേഷ്യത്തിനു കാരണമാകുന്ന ഭീക്ഷണികള്‍ അല്ലെങ്കില്‍ ചോദ്യങ്ങള്‍ അടിസ്ഥാന നിലനില്‍പ്പിനു നേരെ തന്നെയാകണമെന്നില്ല. ഒരാളുടെ വ്യക്തിത്ത്വത്തിനു നേരെയുള്ള ഭീഷണികള്‍, പദവിക്കു നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയും ദേഷ്യത്തിനു ഹേതുവാകുന്നു.

ഒരുദാഹരണമാണ് വിമര്‍ശനാത്മകമായ പരാമര്‍ശം. ചിലര്‍ ഇത്തരം പരാമര്‍ശങ്ങളെ സ്വന്തം വ്യക്തിത്ത്വത്തിനു നേരെയുള്ള ഭീഷണികളായി കണക്കാക്കുന്നു. ഇത് ചിലപ്പോള്‍ ശരിയാകാം, ചിലപ്പോള്‍ തെറ്റാകാം. ചുരുക്കത്തില്‍ ഈ പരാമര്‍ശങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥമാണ് ദേഷ്യം ഉണ്ടാകുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത്. ഭീഷണിയുടെ അര്‍ത്ഥം ഈ പരാമര്‍ശങ്ങള്‍ക്കു നല്‍കിയാല്‍ ദേഷ്യമുണ്ടാകുന്നു. പദവി എന്നത് ഉദ്യോഗ പദവി മാത്രമല്ല, അച്ഛന്‍, അമ്മ, മകന്‍, മകള്‍, ഭാര്യ, ഭര്‍ത്താവ്, സുഹൃത്ത് എന്നിവയെല്ലാം ജീവിതത്തില ഓരോ സമയത്തായി വ്യക്തികള്‍ അലങ്കരിക്കുന്ന പദവികളാണ്. മറ്റൊരുദാഹരണം നോക്കാം. ഒരച്ഛന്‍ ഒരു മകനോടെന്നപോലെ വേറൊരാളോട് പെരുമാറിയാല്‍ അതു കണ്ടു നില്‍ക്കുന്ന മകന് തന്റെ 'മകന്‍' എന്ന പദവി ഭീഷണിയിലാണ് എന്ന തോന്നലുണ്ടായേക്കാം. ഇത് സ്വാഭാവികമായും ദേഷ്യത്തിനു കാരണമായേക്കാം. പലപ്പോഴും ദേഷ്യവും അസൂയയും കൈകോര്‍ത്ത് വരുന്നതാണ്.

നിത്യജീവിത്തില്‍ മനുഷ്യര്‍ പരസ്പരം ഇടപഴകുമ്പോള്‍ ഓരോ വ്യക്തിയും അയാളിലുള്ള ചില കാര്യങ്ങളെ മറ്റുള്ളവര്‍ക്കു മുന്‍പില്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നുണ്ടാവും. ഇവയില്‍ ഒരാളുടെ കഴിവുണ്ടാകാം, കാഴ്ചപ്പാടുകളുണ്ടാകാം, സത്യസന്ധതയുള്‍പ്പെടെയുള്ള മറ്റു ഗുണങ്ങളുമുണ്ടാകാം. ഈ കാര്യങ്ങള്‍ക്കെല്ലാം മറ്റുള്ളവരുടെ ഇടയില്‍ പ്രാതിനിധ്യം ലഭിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സംതൃപ്തിയുണ്ടാകുന്നത്. ഇതാണ് ഓരോരുത്തരുടെയും ലക്ഷ്യം നേരത്തെ പറഞ്ഞതു പോലെ ഈ ലക്ഷ്യത്തിനും തടസ്സം നേരിടുമ്പോള്‍ ദേഷ്യമുണ്ടാകുന്നു.

അതായത് ഒരാള്‍ അയാള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചപ്പാടുകള്‍ മറ്റു ഗുണങ്ങള്‍ എന്നിവ മറ്റുള്ളവര്‍ മനസ്സിലാക്കുന്നില്ല എന്ന് തോന്നുമ്പോള്‍ ഇതും കോപത്തിനന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പറയുകയേ വേണ്ട. അത് ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടെക്കാം. അങ്ങിനെ സംഭവിക്കുന്ന പക്ഷം ദേഷ്യം പല മടങ്ങാകും. ചുരുക്കത്തില്‍ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ക്ക് മനുഷ്യര്‍ ഒരു സവിശേഷ അര്‍ത്ഥം നല്‍കുമ്പോഴാണ് ദേഷ്യമെന്ന വികാരം രൂപപ്പെടുന്നത്. ഭീഷണി പ്രാതിനിധ്യമില്ലായ്മ, വിഘാതം, നീതി നിഷേധം, ഒറ്റപ്പെടല്‍, വിവേചനം, ഇച്ഛാഭംഗം തുടങ്ങിയവയാണ് സാധാരണയായി ദേഷ്യത്തിലേക്ക് നയിക്കുന്നത്.

ദേഷ്യം വരുമ്പോഴുള്ള മനുഷ്യരുടെ പെരുമാറ്റം വിചിത്രമായിരിക്കും. അതുവരെ കാണാത്ത ഭാവമായിരിക്കും അപ്പോള്‍ പ്രത്യക്ഷപ്പെടുക. ഇവിടെ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ചില കണ്ടെത്തലുകളുണ്ട്. ഒന്നാമതായി ദേഷ്യം പ്രകടിപ്പിക്കുമ്പോഴും തങ്ങള്‍ക്ക് ദേഷ്യമുണ്ടെന്ന് മനുഷ്യര്‍ സമ്മതിക്കാറില്ല. ദേഷ്യപ്പെടുന്നത് ഒരു പരിഷ്‌കൃത മനുഷ്യന്റെ ലക്ഷണമല്ലെന്നുള്ള വിശ്വാസം ലോകത്തു നിലവിലുള്ള പല സംസ്‌കാരങ്ങളിലുമുണ്ട്. സാഹിത്യത്തിലും, കലയിലും ദേഷ്യത്തെ ഒരു അധമ വികാരമായി കാണുന്ന പ്രമേയങ്ങളാണ് അധികമായും കാണുന്നത്. ഇതുകൊണ്ടാകാം ദേഷ്യം തോന്നുമ്പോഴും, പ്രകടിപ്പിക്കുമ്പോഴും തങ്ങള്‍ക്ക് ദേഷ്യമില്ല എന്നു പറഞ്ഞ് അതിനെ നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ഈ നിഷേധം ബോധപൂര്‍വ്വമായ ഒന്നല്ല. യാഥാര്‍ത്ഥ്യങ്ങളെ അബോധതലത്തിലാണ് മനുഷ്യര്‍ പലപ്പോഴും നിഷേധിക്കുന്നത്. നിഷേധം (denial) വര്‍ജ്ജ്യമായ വികാരങ്ങളില്‍ നിന്ന് മോചനം നേടാനുള്ള പ്രതിരോധമാണ്. അബോധ മനസ്സില്‍ ദേഷ്യം ഉണ്ടാകുന്നുണ്ടെങ്കിലും ബോധമനസ്സില്‍ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നില്ല എന്നുള്ളതാണ് മിഷേധത്തിന്റെ ഗുണം. ഇത്തരത്തിലുള്ള നിഷേധത്തിന്റെ ഫലമായി ദേഷ്യം അനുഭവപ്പെടാത്തതുകൊണ്ട് അയാളുടെ ദേഷ്യത്തെക്കുറിച്ച് അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയായിരിക്കും. അയാളുടെ ദേഷ്യം അയാളറിയാതെ അയാള്‍ക്ക് തന്നെ യാതൊരു പ്രവേശനവുമില്ലാതെ അയാളുടെ അബോധ മനസ്സില്‍ നിന്നാണ് വരുന്നത്. ഇഅതുകൊണ്ട് അയാളേട് തര്‍ക്കിക്കാതിരിക്കുന്നതാണ് ബുദ്ധി.

ചിലര്‍ നിഷേധത്തിനപ്പുറം ഒരു പടികൂടി കടന്ന് മറ്റൊരു പ്രതിരോധ തന്ത്രം കൂടി പയറ്റുന്നു; വീണ്ടും അവരറിയാതെ തന്നെ. അബോധതലത്തിലുള്ള ദേഷ്യം തന്റേതല്ല എന്ന തരത്തില്‍ നിഷേധിക്കുക മാത്രമല്ല അത് മറ്റുള്ളവരോടേതാണ് എന്നു പോലും ചിലര്‍ പറയുന്നു. ഉദാഹരണത്തിന് രണ്ടുപേര്‍ ചേര്‍ന്ന് ഒരു കാര്യത്തെക്കുറിച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നുവെന്ന് കരുതുക. ഒരാള്‍ക്ക് ദേഷ്യം വരുന്നു ഇത് മറ്റേയാള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ''ദേഷ്യം എനിക്കല്ല; നിങ്ങള്‍ക്കാണ്'' എന്നായിരിക്കും ദേഷ്യം അനുഭവിക്കുന്നയാള്‍ പറയുക. അതായത് സ്വന്തം മനസ്സിലെ ദേഷ്യത്ത അവിടെനിന്നും എടുത്ത് മറ്റൊരാള്‍ക്ക് ചാര്‍ത്തികൊടുക്ക. ഈ പ്രതിരോധ തന്ത്രത്തെ ുൃീഷലരശേീി എന്നാണ് വിളിക്കുന്നത്. ഇവിടെയും ദേഷ്യത്തെ ബോധമനസ്സില്‍ നിന്നും ഒഴിവാക്കുകയാണ് പ്രതിരോധത്തിന്റെ ലക്ഷ്യം.

ദേഷ്യവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ പ്രതിരോധം ആദേശം ചെയ്യലാണ്. (displacement) ഉദാഹരണത്തിന് ഓഫീസിലെ ക്ലര്‍ക്കിന് സൂപ്രണ്ടിനോട് ദേഷ്യം തോന്നിയെന്നിരിക്കട്ടെ മേലെയുള്ള ഉദ്യോഗസ്ഥനോട് ദേഷ്യം പ്രകടിപ്പിച്ചാല്‍ വിവരമറിയും. അതുകൊണ്ട് തല്‍ക്കാലം ആ ദേഷ്യം ബോധമനസ്സ് അബോധ തലത്തിലേക്ക് അടിച്ചമര്‍ത്തുന്നു. പിന്നീട് വീട്ടില്‍ വരുമ്പോള്‍ അമര്‍ത്തി വെച്ച ദേഷ്യം സൗകര്യപ്രദമായ ഒരവസരത്തില്‍ കുട്ടികള്‍ക്കു നേരെ പ്രകടിപ്പിന്നുന്നു. ഇതും മനസ്സിന്റെ ഒരു പ്രതിരോധമാണ്. സൂപ്രണ്ടിനോടു ദേഷ്യം പ്രകടിപ്പിച്ചാലുണ്ടാകുന്ന അത്രയും ദേഷ്യം വരില്ലല്ലോ കുട്ടികളോട് ദേഷ്യം കാണിച്ചാല്‍. ചിലരാകട്ടെ അടിച്ചമര്‍ത്തപ്പെട്ട ദേഷ്യം വേരെ പല തരത്തിലും പുറത്തു വന്നെന്നിരിക്കും. ഉദാഹരണത്തിന് അടിച്ചമര്‍ത്തപ്പെട്ട ദേഷ്യത്തെ പ്രകടിപ്പിക്കുന്നത് ക്രിക്കറ്റു കളിക്കുന്ന ഒരാള്‍ പന്തിനെ തലങ്ങും വിലങ്ങും പായിച്ചിട്ടായിരിക്കും. ഒരു തച്ചന്‍ ഉളി കൊണ്ട് മരത്തില്‍ കൊത്തിക്കൊണ്ടായിരിക്കും. ഇതെല്ലാം ഒരു പക്ഷേ ക്രിയാത്മകമായ ഫലങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. ഈ പ്രതിരോധത്തെ Sublimation എന്നു വിളിക്കുന്നു.


പ്രകൃതവും അസുഖലക്ഷണവും


പ്രകൃതം
: ചിലര്‍ക്ക് 'മൂക്കിലാണ് ശുണ്ഠി' എന്ന് കേള്‍ക്കാറില്ലേ. നിത്യ ജീവിത്തില്‍ ഇവര്‍ പല കാര്യങ്ങളോടും ദേഷ്യത്തോടെയായിരിക്കും പ്രതികരിക്കുന്നത്. ഇത് ഒന്നോ രണ്ടോ ദിവസത്തെ രീതി ആയിരിക്കില്ല. ചെറുപ്രായം മുതലേയുള്ള ഇവരുടെ ശീലമായിരിക്കും ഇത്. അതുകൊണ്ടാണ് ദേഷ്യം ഒരു പ്രകൃതമായി മാറുന്നത്. സാധാരണയായി മറ്റുള്ളവര്‍ ദേഷ്യത്തോടെയല്ലാതെ പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളിലും ഇവര്‍ ദേഷ്യത്തോടെ പെരുമാറുന്നതാണ് ഈ പ്രകൃതം. ഇതിന് പല കാരണങ്ങളുണ്ടാകാം. ഒന്ന് ഇവരുടെ ജനിതക ഘടന. ദേഷ്യത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക രാസപദാര്‍ത്ഥങ്ങളില്‍ പ്രധാനമായ ഒന്നാണ് 'സെറട്ടോണിന്‍' എന്ന പദാര്‍ത്ഥം. ഈ പദാര്‍ത്ഥത്തിന്റെ അസുന്തലനം ദേഷ്യത്തിനു കാരണമായേക്കാം. ഈ പദാര്‍ത്ഥത്തിന്റെ ഉത്പാദനത്തിനുള്ള സന്ദേശം നല്‍കുന്ന ജീനുകള്‍ക്ക് അപാകത സംഭവിച്ചാല്‍ അന്തിമമായി അത് ദേഷ്യ പ്രകൃതത്തിലേക്ക് നയിക്കുന്നു. പുരുഷ ഹോര്‍മോണായ 'ടെസ്റ്റോസ്റ്റിറോണ്‍' കൂടുമ്പോള്‍ കോപവും, ആക്രമ വാസനയും കൂടും. സ്ത്രീകളെ അപേക്ഷിച്ച് പരുഷന്മാര്‍ കൂടുതല്‍ കോപാകുലരായി കാണാന്‍ ഇതായിരിക്കാം ഒരു കാരണം. ചില പുരുഷന്മാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച ഈ ഹോര്‍മോണിന്റെ അളവ് ജന്മനാ കൂടുതലായിരിക്കും. ഇതും ദേഷ്യ പ്രകൃതത്തിന് കാരണമായേക്കാം.

മുകളില്‍ സൂചിപ്പിച്ച ജൈവ ഘടകങ്ങള്‍ക്കു പുറമെ ഓരോരുത്തരും കുട്ടിക്കാലത്തു വളര്‍ന്നു വരുന്ന സാഹചര്യവും, ചെറുപ്രായത്തിലുള്ള കുടുംബ ബന്ധങ്ങളും ദേഷ്യപ്രകൃതത്തെ സ്വാധീനിക്കുന്നതായി ശാസ്ത്രം പറയുന്നു. ഉദാഹരണത്തിന് കുട്ടികളെ മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിച്ച് ശിക്ഷിക്കുമ്പോള്‍ മാതാപിതാക്കളിലെ ദേഷ്യം അവര്‍ തിരിച്ചറിയുന്നു. ദേഷ്യത്തോടുകൂടി കുട്ടികളെ നിയന്ത്രിക്കുമ്പോള്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ട കാര്യം സാധിക്കുമ്പോള്‍, ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ദേഷ്യപ്പെടുന്നതാണ് എന്ന പാഠം കുട്ടികള്‍ പഠിക്കുന്നു. മാത്രമല്ല, ദേഷ്യപ്പെടുന്ന അച്ഛനാണ് കൂടുതല്‍ കരുത്തനാകുന്നത് എന്നു മനസ്സിലാക്കുന്ന കുട്ടി അച്ഛനിലെ ദേഷ്യത്തെ കാര്യം സാധിക്കാനുള്ള മാര്‍ഗ്ഗായി തിരിച്ചറിയുന്നു. തനിക്കു മേല്‍ എപ്പോഴും വിജയിക്കുന്ന അച്ഛനുമായി ഒരു വിജയി എന്ന നിലയില്‍ കുട്ടി താരതമ്യം പ്രാപിക്കുന്നു.

ആല്‍ബര്‍ട്ട് ബന്ധുരയുടെ സിദ്ധാന്തമനുസരിച്ച് മറ്റുള്ളവര്‍ ദേഷ്യപ്പെടുന്നത് കണ്ടു വളരുന്ന കുട്ടികള്‍ ഒരു പ്രായം കഴിയുമ്പോള്‍ സ്വന്തം ജീവിത്തിലേക്ക് അതിനെ പകര്‍ത്തുന്നു. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്ന ആളാണ് അച്ഛനെങ്കില്‍ ഈ പ്രക്രിയ ത്വരിതപ്പെടുന്നു. സിനിമ, ടി.വി. എന്നീ ദൃശ്യ മാധ്യമങ്ങളിലെ ആക്രമണരംഗങ്ങള്‍, സ്റ്റണ്ട് സീനുകള്‍ മുതലായവ കുട്ടികള്‍ ദേഷ്യത്തെ അനുകരിക്കാന്‍ സഹായിക്കുന്നു. ചുരുക്കത്തില്‍ ഇവിയില്‍ ഒരു ഘടകം മാത്രമായിട്ടല്ല, മറിച്ച് ജനിതക, ശാരീരിക, കുടുംബ, സാമൂഹ്യ ഘടകങ്ങള്‍ പ്രതികൂലമായി ഒരാളുടെ ചെറുപ്രായത്തില്‍ സമന്വയിക്കുമ്പോഴാണ് ദേഷ്യമെന്ന പ്രകൃതം രൂപപ്പെടുന്നത്.

അസുഖ ലക്ഷണം:
തീവ്രമായും, തുടരെത്തുടരെ ഉണ്ടാകുന്നതുമായ ദേഷ്യം ചിലപ്പോള്‍ അസുഖത്തിന്റെ ലക്ഷണമാകാം. അത് ശരീരസ്സംബന്ധമായ അസുഖമാകാം, മാനസിക അസുഖമാകാം. അപസ്മാരം അഥവാ ചുഴലി രോഗം മസ്തിഷ്‌കത്തിലുണ്ടാകുന്ന മുഴകള്‍, മസ്തിഷ്‌ക ശോഷണം, സ്മൃതിനാശ രോഗം (ഡിമന്‍ഷ്യ) തൈറോയിഡ് ഹോര്‍മോണിന്റെ ആധിക്യം മുതലായവ അമിത ദേഷ്യത്തിനു കാരണമായേക്കാം. തലയ്‌ക്കേല്‍ക്കുന്ന പരിക്ക് പിന്നീട് ദേഷ്യ പ്രകൃത്തിന് കാരണമാകാറുണ്ട്. സ്ത്രീകളില്‍ മാസമുറയ്ക്ക് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ കാരണം ദേഷ്യം കൂടുതലായി കണ്ടെന്നുവരാം.

മാനസിക രോഗങ്ങളില്‍ വിഷാദ രോഗമാണ് പലപ്പോഴും അനവസരത്തിലും, അധികമായും ഉണ്ടാകുന്ന ദേഷ്യത്തിന് കാരണമാകുന്നത്. ദേഷ്യം ഇതിന്റെ നിരവധി ലക്ഷണങ്ങളില്‍ ഒന്നുമാത്രമാണ്. മദ്യ ലഹരിയില്‍ ചിലര്‍ അമിതമായി ദേഷ്യപ്പെടുന്നു, മുന്‍പേ ദേഷ്യ പ്രകൃതമുള്ളവരില്‍ ഇതു കൂടുതല്‍ പ്രകടമാകുന്നു. മദ്യ ലഹരിയില്‍ ദേഷ്യപ്പെട്ട കാര്യം ലഹരി വിട്ടു മാറുമ്പോള്‍ പലരും ഓര്‍ക്കണമെന്നില്ല. മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം കിട്ടാതാകുമ്പോഴും അമിത ദേഷ്യം ഉണ്ടാകാറുണ്ട്. മദ്യം മാത്രമല്ല, കഞ്ചാവ് മുതലായ മയക്കു മരുന്നുകളും ക്രമാതീതമായ ദേഷ്യത്തിന് കാരണമാകുന്നു. സ്‌കിസോഫ്രീനിയ, മാനിയ മുതലായ മാനസിക രോഗങ്ങളും അമിതമായ ദേഷ്യത്തിനു കാരണമാകാറുണ്ട്. ദേഷ്യം ഒരു പ്രധാന ലക്ഷണമായ രണ്ട് വ്യക്തിത്ത്വ രോഗങ്ങളാണ് (Personality disorders) ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യവും സാമൂഹിക വിരുദ്ധ വ്യക്തിത്ത്വ വൈകല്യവും (Anti Social Personality Disorder). ഈ രണ്ടു വ്യക്തിത്ത്വ വൈകല്യങ്ങളിലും രോഗികള്‍ക്ക് ദേഷ്യത്തെ നിയന്ത്രിക്കുന്നതിലും, അതിനെ മയപ്പെടുത്തുന്നതിലും സാരമായ വൈകല്യങ്ങള്‍ സംഭവിക്കുന്നു. ദേഷ്യത്തെ മാത്രമല്ല, വികാരങ്ങളെ പൊതുവായി നിയന്ത്രിക്കാനാകതെ, എടുത്തു ചാടി, നൈമിഷികമായി കാര്യങ്ങള്‍ ചെയ്യുന്നത് ഈ രോഗങ്ങളുടെ ഒരു ലക്ഷണമാണ്.

അസുഖം
: മുകളില്‍ സൂചിപ്പിച്ച അസുഖങ്ങള്‍ളുടെ അഭാവത്തിലും, അതിതീവ്രമായ ദേഷ്യം ഒരാള്‍ കൂടെകൂടെ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് വിട്ടിവിട്ടുള്ള സ്‌ഫോടനാത്മക അസുഖത്തെ (Intermittent Explosive Disorder) സൂചിപ്പിക്കുന്നതാകാം. കഠിനമായ ദേഷ്യത്തെ പ്രകടിപ്പിക്കുക മാത്രമല്ല വസ്തുക്കള്‍ക്കും, വ്യക്തികള്‍ക്കും ഇവര്‍ നാശമുണ്ടാക്കിയെന്നു വരാം. കുറച്ചു കഴിയുമ്പോള്‍ പശ്ചാത്തപിക്കുകയും ചെയ്യും. (സാമൂഹ്യ വിരുദ്ധ വ്യക്തിത്ത്വ വൈകല്യത്തില്‍ പശ്ചാത്താപം ഉണ്ടാകാറില്ല).


എങ്ങിനെ നിയന്ത്രിക്കാം


ദേഷ്യം അമിതകാമുമ്പോഴും, അത് അനവസരത്തില്‍ പ്രകടിപ്പിക്കപ്പെടുമ്പോഴും, അതിനെ വിശദീകരിക്കാന്‍ മതിയായ സാഹചര്യങ്ങള്‍ ഇല്ലാതെ വരുമ്പോഴും നിയന്ത്രിക്കപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള ദേഷ്യം ഗുണം ചെയ്യില്ല എന്നു മാത്രമല്ല അത് വ്യക്തി ബന്ധങ്ങളില്‍ സാരമായ മുറിവ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതു കൂടാതെ ദേഷ്യപ്പെടുന്നത് ദേഷ്യപ്പെടുന്നയാളുടെ ശരീരത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഉദാഹരണത്തിന് ദേഷ്യപ്പെടുമ്പോള്‍ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്ന 'അഡ്രിനാലിന്‍' എന്ന പദാര്‍ത്ഥം രക്തസമ്മര്‍ദ്ദം കൂട്ടുന്നു; ഹൃദയത്തിനു മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നു.

ഹൃദയാഘാത സാധ്യതയുള്ളവരില്‍ ദേഷ്യപ്പെടുന്നതുമൂലം അത് പെട്ടെന്ന് സംഭവിക്കാം. മാത്രമല്ല ദേഷ്യം പ്രകടിപ്പിക്കുമ്പോഴുണ്ടാകുന്ന 'കോര്‍ട്ടിമ്പോള്‍' എന്ന പദാര്‍ത്ഥം ശരീത്തിന്റെ രോഗ പ്രതിരോധ ശേഷിയെ (immunity) ക്ഷയിപ്പിക്കുന്നു. ഇതും പല അസുഖങ്ങള്‍ക്കും കാരണമായേക്കാം.

1. ദേഷ്യത്തെ തിരിച്ചറിയല്‍:
ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് അവനവനിലുള്ള ദേഷ്യം ഓരോരുത്തരും തിരിച്ചറിയുക എന്നതാണ്. കൂടെകൂടെ ദേഷ്യപ്പെടുന്നവര്‍ സ്വന്തം ദേഷ്യത്തെ മറ്റുള്ളവര്‍ ചൂണ്ടികാണിക്കുന്നതിനു മുന്‍പ് തന്നെ സ്വയം തിരിച്ചറിയേണ്ടതാണ്. ദേഷ്യം വല്ലാത്ത ഒരു അസ്വസ്ഥതയുണ്ടാകുന്ന വികാരമാണല്ലോ. മനസ്സിന് കടുത്ത സമ്മര്‍ദ്ദവും, ശരീരത്തില്‍ പിരിമുറുക്കവും അനുഭവപ്പെടുന്നതു കൊണ്ട് ദേഷ്യത്തെ തിരിച്ചറിയാന്‍ സാധാരണമായി പ്രയാസമുണ്ടാകാറില്ല. മസ്തിഷ്‌ക രോഗങ്ങളും, മാനസിക രോഗങ്ങളും ഇല്ലെങ്കില്‍ സ്വന്തം ദേഷ്യത്തെ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കും. ദേഷ്യം ഉണ്ടാകുന്ന ഉടനെ തന്നെ അതിനെ തിരിച്ചറിയേണ്ടതുണ്ട്. ''എനിക്ക് ദേഷ്യം അനുഭവപ്പെടുന്നു'' എന്ന അവബോധം വളരെ പ്രധാനമാണ്. ഇതു കൊണ്ടുതന്നെ ദേഷ്യം മൂലമുണ്ടാകാന്‍ സാധ്യതയുള്ള പല ആപത്തുകളേയും ഒഴിവാക്കാന്‍ സാധിക്കും. ദേഷ്യത്തെ നിഷേധിക്കുന്നതും, അതിനെ ന്യായികരിക്കുന്നതും കൂടുതല്‍ ദേഷ്യത്തിലേക്കും തത്ഫലമായുണ്ടാകുന്ന ദുരന്തങ്ങളിലേക്കും നയിക്കുന്നു.

2. പെരുമാറ്റ ചട്ടങ്ങള്‍:
ദേഷ്യം അനുഭവപ്പെടുന്നു എന്ന തിരിച്ചറിവ് ഉണ്ടായാല്‍ അടിയന്തിരമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഏറ്റവും പ്രധാനം സ്വന്തം ആരോഗ്യവും ശാന്തമായ പ്രകൃതവും ആണെന്ന് മനസ്സിലാക്കിക്കൊണ്ട് വളരെ സാവകാശത്തിലും, ദീര്‍ഘമായും (അഞ്ചു വരെ മനസ്സില്‍ എണ്ണിക്കൊണ്ട്) ശ്വാസം ഉള്ളിലേക്ക് വലിക്കണം.അഞ്ചു വരെ എണ്ണിക്കൊണ്ട് അത് ഉള്ളില്‍ പിടിക്കണം. പിന്നീട് അഞ്ചുവരെ എണ്ണിക്കൊണ്ട് സാവകാശത്തില്‍ പുറത്തു വിടണം. ഇതു ശാന്തത വരുത്താന്‍ സഹായിക്കും. എണ്ണുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദേഷ്യത്തിനു കാരണമായ വ്യക്തികള്‍, അവരുടെ പരാമര്‍ശങ്ങള്‍, പെരുമാറ്റം അവയുടെ അര്‍ത്ഥങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഈ സമയത്ത് മനസ്സിലേക്ക് കടന്നുവരും. ഈ സമയത്തും ശ്വാസോച്ഛാസത്തിലും എണ്ണുന്നതിലും ശ്രദ്ധിക്കണം. അങ്ങിനെ ചെയ്യുന്നതിലൂടെ മറ്റു കാര്യങ്ങള്‍ മനസ്സിലേക്ക് പ്രവേശിക്കുന്ന വാതില്‍ കൊട്ടിയടക്കാന്‍ കഴിയും. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ദേഷ്യം മത്ത് ഉണ്ടാക്കുന്നതുപോലെ ഇല്ലാതാകുന്നതു കാണാം. ഒരിക്കല്‍ ദേഷ്യം ഇല്ലാതായാല്‍ സമചിത്തതയോടും, മാന്യതയോടെും കൂടി ദേഷ്യത്തിനു കാരണമായ കാര്യങ്ങളെ പരിശോധിക്കാന്‍ സാധിക്കും.

3. മാറി നില്‍ക്കുക:
മുകളില്‍ സൂചിപ്പിച്ച വ്യായാമം കൊണ്ട് ദേഷ്യത്തെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ഉടനെ മറ്റുള്ളവരില്‍ നിന്നും, ദേഷ്യം ഉണ്ടാക്കിയ സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കണം. ദേഷ്യം തോന്നുമ്പോള്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതും, മറ്റുള്ളവരോട് തര്‍ക്കിക്കുന്നതും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. കാരണം ദേഷ്യം അനുഭവപ്പെടുന്ന വേളയില്‍ മനസ്സിന്റെ ബുദ്ധിപരമായ കഴിവുകള്‍ ദേഷ്യത്തില്‍ മുങ്ങിപോവുകയാണ് പതിവ്. കാര്യങ്ങളെ സൂക്ഷമായി അവലോകനം ചെയ്യാനോ, ബുദ്ധിപൂര്‍വ്വം വിലയിരുത്താനോ ഈ സന്ദര്‍ഭത്തില്‍ സാധിക്കുകയില്ല. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് അഭികാമ്യം. നിശബ്ദതക്കും അര്‍ത്ഥങ്ങളുണ്ട്. ഉച്ചത്തില്‍ മുഴങ്ങുന്ന വാക്കുകളേക്കാള്‍ പലപ്പോഴും നിശബ്ദതയായിരിക്കും മറ്റുള്ളവരെ സ്പര്‍ശിക്കുന്നത്.

4. അര്‍ഥങ്ങളെ പുനഃപരിശോധിക്കുക:
ദേഷ്യകാരണമായ സാഹചര്യങ്ങളില്‍ നിന്ന് മാറി നിന്നാല്‍ പിന്നീട് ഉടനെ ചെയ്യേണ്ടത് ആ സാഹചര്യങ്ങളെ പരിശോധിക്കുകയാണ്. ദേഷ്യമുണ്ടാക്കുന്ന മറ്റുള്ളവരുടെ പരാമര്‍ശങ്ങള്‍, പെരുമാറ്റങ്ങള്‍ മറ്റു സാഹചര്യങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഒരു സവിശേഷ അര്‍ത്ഥം നില്‍ക്കുമ്പോഴാണ് ദേഷ്യം ഉണ്ടാകുന്നതെന്ന് ആദ്യമേ കണ്ടുവല്ലോ. ഉദാഹരണത്തിന് ''ആ പരാമര്‍ശം നടത്തിയ ആള്‍ അത് അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല'' അല്ലെങ്കില്‍ ''അത് അയാളുടെ പോരായ്മയാണ്'' അലെ്ങ്കില്‍ ''ആ പരാമര്‍ശം എന്നെ ബാധിക്കാന്‍ പോകുന്നില്ല; അത് കൊണ്ട് ഇളകുന്നതല്ല എന്റെ മനസ്സ്'' എന്നീ അര്‍ത്ഥങ്ങളാണ് നില്‍ക്കുന്നതെങ്കില്‍ അത് ദേഷ്യത്തെ നിയന്ത്രണത്തിലാക്കുന്നു. പലപ്പോഴും സ്വന്തം കഴിവുകളെക്കുറിച്ച് ദൃഢമായ മതിപ്പ് ഉള്ളവര്‍ക്ക് ദേഷ്യം അത്ര കണ്ട് അനുഭവപ്പെടാറില്ല. അതുകൊണ്ട് സ്വന്തം വ്യക്തിത്ത്വത്തിന്റെ നല്ല വശങ്ങള്‍ കണ്ടെത്തി അവയില്‍ സ്വയം മതിപ്പ് (self-respect) വളര്‍ത്തിയെടുക്കുന്നത് ദേഷ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇങ്ങനെ ഓരോ പരാമര്‍ശത്തിനും, സാഹചര്യത്തിനും ദേഷ്യത്തെ ഇല്ലാതാക്കുന്ന തരത്തിലൂടെ അര്‍ത്ഥങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ ഏത് അര്‍ത്ഥമാണ് യഥാര്‍ത്ഥമായ അര്‍ത്ഥം എന്നതിനെക്കുറിച്ച് ഉതകണ്ഠപ്പെടരുത്. യാഥാര്‍ത്ഥ്യം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. അതിനേക്കാള്‍ പ്രധാനം ദേഷ്യം നിയന്ത്രിക്കുന്നതിനാണെന്നു മനസ്സിലാക്കുക.

5. ദേഷ്യത്തെ നിരുപദ്രവകരമായ രീതിയില്‍ പ്രകടിപ്പിക്കുക:
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കൊണ്ടൊന്നും നിയന്ത്രണത്തിലായില്ലെങ്കില്‍ അത് പ്രകടിപ്പിച്ചേ തീരു എന്നുണ്ടെങ്കില്‍ ഒരു മുറിയില്‍ വാതിലടച്ച് ദേഷ്യത്തെ പ്രകടിപ്പിക്കുക. തലയണയോ, മറ്റു സമാനമായ വസ്തുക്കളിലോ ഇടിക്കുന്നത് മനുഷ്യരെ മര്‍ദ്ദിക്കുന്നതിലും ഭേദമാണല്ലോ.

6. ക്രമവും നിരന്തരവുമായ പരിശീലനം:
ഒരിക്കല്‍ ദേഷ്യത്തെ കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ പിന്നെയുള്ള സുപ്രധാനമായ കാര്യം ദേഷ്യമുണ്ടാക്കുന്ന സാഹചര്യങ്ങളും സംഭാഷണങ്ങളും ഒഴിവാക്കുന്നത് സഹായകരമായേക്കും. ശാന്തത വരുത്തുന്ന പരിശീലനങ്ങളും (Relaxation techniques), ക്ലോഗ്നിറ്റീവ് ചികിത്സാ രീതികളും ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇവയെക്കുറിച്ച് 'മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങിനെ നേരിടാം' എന്ന ലേഖനത്തില്‍ മുന്‍പ് പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ദേഷ്യം വരാന്‍ കാത്തുനില്‍ക്കാതെ ദിവസവും പരിശീലിക്കേണ്ടതാണ്.

ഔഷധങ്ങള്‍:
മറ്റെല്ലാം ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതാണ്. പക്ഷേ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ട് അവ ഉപയോഗിക്കുന്നതിനുമുമ്പ് ഒരു മന:ശാസ്ത്രജ്ഞന്റെ അഭിപ്രായം തേടേണ്ടിവരും.