സാങ്കേതികവിദ്യ മാനംമുട്ടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മുടെ കുട്ടികള്‍ ഇന്ന് ജീവിക്കുന്നത്. നമ്മുടെ സ്‌കൂള്‍ കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതരീതിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഘടകം ഏതാണെന്നു ചോദിച്ചാല്‍ അത് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ് തന്നെയാണ്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിന്റെയും ഉപയോഗം ഗുണദോഷ സമ്മിശ്രമാണ്. എങ്കിലും ഉപയോഗത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ ഗൗരവപൂര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

സാമൂഹികമായ ആശയവിനിമയം സാധ്യമാക്കുന്ന ഏതു സൈറ്റും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കില്‍ പെടും. ഫേസ്ബുക്ക്, ട്വിറ്റര്‍, മൈ സ്‌പേസ്, ക്ലബ്ബ് പെന്‍ഗ്വിന്‍, സെക്കന്‍ഡ് ലൈഫ്, ലിങ്ക്ഡ്ഇന്‍, വീഡിയോ സൈറ്റായ യൂ ട്യൂബ്, ബ്ലോഗുകള്‍ ഇവയൊക്കെ ഈ ഗണത്തില്‍ പെടും. ഈയടുത്ത കാലത്ത് അമേരിക്കന്‍ ഐക്യനാടുകളില്‍ നടത്തിയ ഒരു സര്‍വെ പ്രകാരം കൗമാരക്കാരില്‍ 22 ശതമാനം പേരും ദിവസത്തില്‍ പത്തുപ്രാവശ്യത്തില്‍ കൂടുതല്‍ തങ്ങളുടെ ഇഷ്ടപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കയറുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

50 ശതമാനത്തില്‍ കൂടുതല്‍ പേരും ദിവസേന ഒരു തവണയില്‍ കൂടുതല്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണത്രെ. കുട്ടികളില്‍ 75 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും അവരില്‍തന്നെ 25 ശതമാനം പേരും മൊബൈല്‍ വഴി ഇത്തരം സൈറ്റുകളില്‍ കയറുന്നവരുമാണ്.

ആശയവിനിമയ പാടവം വര്‍ധിപ്പിക്കുക, പുതിയ കാര്യങ്ങള്‍ പഠിക്കുക എന്നീ കാര്യങ്ങള്‍ ഇത്തരം സൈറ്റുകളുടെ ഉപയോഗം മൂലം കുട്ടികള്‍ക്കു കിട്ടുന്ന ഗുണങ്ങളാണ്. സൂക്ഷിച്ചുപയോഗിച്ചാല്‍ പഠനത്തിന്റെ ഭാഗമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും സര്‍ഗാത്മകമായ കാര്യങ്ങളുടെ വികസനത്തിനും ഇവ കുട്ടികളെ സഹായിക്കുന്നു.


ഇരുണ്ട വശങ്ങള്‍


ശാരീരിക വളര്‍ച്ചയിലെ വേഗതക്കൊപ്പമെത്താത്ത മാനസികവളര്‍ച്ചയും തന്‍മൂലമുണ്ടാകുന്ന പക്വതയില്ലായ്മയും കുട്ടികളെ തിന്മകളിലേക്ക് വലിച്ചിഴയ്ക്കുന്നു. കണ്ടുപിടിച്ചു വരുമ്പോഴേക്ക് അവര്‍ ഇത്തരം ചെളിക്കുഴികളുടെയും ചതിക്കുഴികളുടെയും ആഴങ്ങളിലേക്ക് ആണ്ടുപോയിട്ടുണ്ടാകും. പല അധോലോക ഗ്യാങ്ങുകളുടെയും സാമൂഹികവിരുദ്ധ കൂട്ടായ്മകളുടെയും തുടക്കം ഇപ്പോള്‍ ഇത്തരം സൈറ്റുകളില്‍ നിന്നാണ്. സമാനസ്വഭാവക്കാരെ കണ്ടെത്താനും കൂട്ടുകൂടാനും അത്രയേറെ എളുപ്പമാണ്.

ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് ഒടുവില്‍ ഗുണ്ടകളുടെയും, പ്രത്യേകിച്ച് ജോലിയും കൂലിയും ഒന്നുമില്ലാതെ അലസഗമനം നടത്തുന്നവരുടെയും കൂടെ ഒളിച്ചോടി ജീവിതം തച്ചുടയ്ക്കുന്ന കൗമാരക്കാരുടെ കഥകള്‍ എത്രയെങ്കിലും നാം മാധ്യമങ്ങളിലൂടെ അറിയുന്നു. ചാറ്റിങ്ങും ഫോണ്‍ സെക്‌സും പിന്നാലെ ലൈംഗിക പരീക്ഷണങ്ങളും ഒക്കെയായി നീളാവുന്നതാണ് കൗമാരക്കാര്‍ക്കിടയിലെ ഇത്തരം ബന്ധങ്ങള്‍. സെക്സ്റ്റിങ് എന്നൊരു പുതിയ പദം തന്നെ ഇപ്പോള്‍ നിലവിലുണ്ട്. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും കൈമാറുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.


പഠനത്തിലെ പിന്നാക്കാവസ്ഥയും ആരോഗ്യപ്രശ്‌നങ്ങളും


മദ്യത്തെയോ മയക്കുമരുന്നിനെയോ പോലെയോ ഒരുപക്ഷേ, അതിനെക്കാള്‍ ഭയാനകമായ രീതിയിലോ അടിമത്തം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉപയോഗം. മണിക്കൂറുകളോളം കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന കുട്ടിയില്‍ കാഴ്ചയിലെ വൈകല്യങ്ങള്‍ മാത്രമല്ല, മാനസിക വൈകല്യങ്ങളും ഉണ്ടായേക്കാം. യഥാര്‍ഥ ലോകവും ഫാന്റസിയും തമ്മില്‍ ഇഴപിരിച്ചു കാണാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടി അതിവേഗം എത്തിപ്പെടുന്നു.

ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങിന്റെയും അമിതമായ ഉപയോഗം കുട്ടികളില്‍ വിഷാദരോഗം വരുത്തുന്നതായി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നെറ്റില്‍ കയറാന്‍ കഴിയാതെ വരുമ്പോള്‍ മദ്യപാനികളെപ്പോലെ 'വിത്ത്ഡ്രാവല്‍ സിന്‍ഡ്രോം' വരുന്നവരും ധാരാളം. ഫേസ്ബുക്ക് ഡിപ്രഷന്‍ എന്നാണ് ഇത്തരം അവസ്ഥയെ വിശേഷിപ്പിക്കുന്നത്.


പരിഹാരമാര്‍ഗങ്ങള്‍


ശരിയായ ബോധവത്കരണം തന്നെയാണ് ഫലപ്രദമായ മാര്‍ഗം. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങിന്റെയും തന്മൂലം ഇന്റര്‍നെറ്റിന്റെയും അമിതോപയോഗം മൂലമുള്ള ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും ബോധവത്കരിക്കുകയും അവരിലൂടെ കുട്ടികളില്‍ ഇതിന്റെ മറഞ്ഞിരിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇതിന് അടിമപ്പെട്ട് പഠനവൈകല്യങ്ങളും വിഷാദവും ചിലപ്പോള്‍ അക്രമവാസനയും പ്രകടിപ്പിക്കുന്ന കുട്ടിക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ വിദഗ്ധ ചികിത്സ വേണ്ടിവന്നേക്കാം. കൂട്ടുകാരുമായി വൈകീട്ട് കളികളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുന്നതും വീട്ടില്‍ ഒറ്റപ്പെടുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കുന്നതും ഏറെ പ്രധാനമാണ്. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങിന് അടിമപ്പെട്ട് നമ്മുടെ കുട്ടികള്‍ ഒടുവില്‍ 'ആന്റി സോഷ്യല്‍' ആകാതിരിക്കാന്‍ ഇതേയുള്ളൂ മാര്‍ഗം.