ഷാരൂഖ്ഖാന്റെ പുറം വേദനയും ഋത്വിക് റോഷന്റെ തലയിലെ ശസ്ത്രക്രിയയുമെല്ലാം വാര്‍ത്തയാകാറുണ്ട്. യുവാക്കള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയുമാവാറുണ്ട്. അതില്‍ നിന്നു വ്യത്യസ്തമായി ഒരു ബോളിവുഡ് നടിയുടെ അസുഖം അവര്‍ തന്നെ വാര്‍ത്തയാക്കി. 'ഡ്രീം ഗേള്‍' ദീപിക പദുകോണ്‍ ആണ് തനിക്ക് വിഷാദ രോഗമാണെന്നും അതിന് ചികിത്സ എടുക്കാന്‍ പോവുകയാണെന്നും പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത്.

'ഈ വിഷാദം ഒക്കെ ഒരു രോഗമാണോ..അതിനു ചികിത്സ വേണോ' എന്നൊക്കെ ദീപികയുടെ പ്രസ്താവന കണ്ട് ചിലര്‍ ചോദിച്ചു. മാനസിക വിഷമങ്ങളും വിഷാദ രോഗവുമെല്ലാം പുറത്തു പറഞ്ഞാല്‍ മാനം പോകുന്ന, നിസ്സാരമായ രോഗങ്ങളായാണ് സമൂഹത്തില്‍ വലിയൊരു വിഭാഗം ആളുകളും കാണുന്നത്. ഇത്തരത്തിലുള്ള സമൂഹത്തോട് 'തനിക്ക് വിഷാദമാണെ'ന്നു വിളിച്ചു പറയാന്‍ ദീപിക കാണിച്ച ആത്മധൈര്യം പ്രശംസനീയം തന്നെ.

വിഷാദരോഗത്തിന് ചികിത്സ ആവശ്യമില്ലെന്ന മിഥ്യാധാരണ മൂലം കൃത്യമായ ചികിത്സ ലഭിക്കാത്ത അനേകായിരങ്ങള്‍ ഇന്ന് നമുക്കിടയിലുണ്ട്.
വിഷാദം അത് ആര്‍ക്കും വരാവുന്ന ഒരു അസുഖമാണ്. അതിന് യഥാസമയം ചികിത്സയും പരിചരണവും നല്‍കേണ്ടതുണ്ട്.

പഠനങ്ങള്‍ പറയുന്നത് ലോകത്തിലെ 8 മുതല്‍ 10 വരെ ശതമാനം പുരുഷന്മാരും 1020 ശതമാനം സ്ത്രീകളും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദത്തിലൂടെ കടന്നു പോയിട്ടുള്ളവരാണെന്നാണ്.

വൈദ്യശാസ്ത്ര രംഗത്ത് ഇത്രയും പുരോഗതി ഉണ്ടായിട്ടും, അസുഖം ബാധിക്കുന്നവരില്‍ ഒരു ശതമാനം രോഗികള്‍ പോലും മനഃശാസ്ത്രജ്ഞന്റെ അരികില്‍ നിന്ന് ചികിത്സ തേടുന്നില്ല എന്നതാണ് വസ്തുത.

തിരക്കേറിയ ജീവിതത്തിലെ ബന്ധങ്ങളിലെ വിള്ളലുകള്‍, തൊഴില്‍ പരമായ അനിശ്ചിതത്വം, മദ്യപാനം, തെറ്റായ ജീവിതശൈലി, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവയ്ക്കും വിഷാദരോഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും അതില്‍ നിന്നുണ്ടാകുന്ന അപമാനഭീതിയുമാണ് വിഷാദരോഗത്തെ രോഗമായി കണ്ട് അംഗീകരിക്കാന്‍ സമൂഹം മടിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. പലപ്പോഴും വ്യക്തിയുടെ സ്വഭാവ വൈകല്യങ്ങളോ ബാഹ്യ സമ്മര്‍ദങ്ങളോ ആണ് വിഷാദ രോഗം ഉണ്ടാവാന്‍ കാരണം എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍, വിഷാദം തലച്ചോറിനെ ബാധിക്കുന്ന രോഗമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്.

ഹൃദയാഘാതം, പ്രമേഹം എന്നതുപോലെ ഒരു രോഗാവസ്ഥ തന്നെയാണ് വിഷാദവും. വിഷാദരോഗത്തിന് രോഗി കാരണക്കാരനല്ല എന്നത് വീട്ടുകാരും സുഹൃത്തുക്കളും മനസ്സിലാക്കണം. രോഗിയെ അലസന്‍, അധീരന്‍ എന്നിങ്ങനെ മുദ്രകുത്തി അവഗണിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനൊന്നും ചികിത്സ ആവശ്യമില്ല, തനിയേ മാറിക്കോളും എന്നാണ് പൊതുവേയുള്ള മിഥ്യാധാരണ.

വിഷാദരോഗം തുടക്കത്തിലേ കണ്ടുപിടിച്ച് യോജിച്ച ചികിത്സ നല്‍കണം. അതിന് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നീക്കങ്ങളുണ്ടാവണം. കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ വിഷാദ രോഗമുണ്ടെന്നു തോന്നിയാല്‍ അവരെ ഒറ്റപ്പെടുത്താതെ ചികിത്സ നേടാന്‍ പ്രേരിപ്പിക്കാം. സമൂഹം ഒറ്റപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും രോഗാവസ്ഥ കൂടുതല്‍ വഷളാവുകയേ ഉള്ളൂ.
വിഷാദ രോഗം തുറന്നു പറയുക വഴി വലിയൊരു അളവു വരെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതു പോലെ പ്രശസ്തരായവര്‍ തങ്ങളുടെ രോഗവിവരങ്ങള്‍ തുറന്നു പറയുന്നതുപോലെ സാധാരണക്കാരും തുറന്ന മനസ്സോടെ ഈയവസ്ഥയെ നേരിടാന്‍ തയ്യാറാകണം.ഒപ്പം വേണ്ട ചികിത്സ നേടാനും എല്ലാവര്‍ക്കും കഴിയണം.


ലക്ഷണങ്ങള്‍


ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത
അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ
വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്
വിശപ്പില്ലായ്മ, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍
ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക
കൂടുതലായോ കുറവായോ ഉറങ്ങുകലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക. തുടക്കത്തിലേ തന്നെ നല്ല മനോരോഗ വിദഗ്ധനെ കണ്ട് മരുന്നുകള്‍ കൃത്യമായി കഴിക്കുക. അസുഖം പൂര്‍ണമായും ഭേദമാകും. മറച്ചു വെക്കാന്‍ ശ്രമിക്കുന്നതോ അവഗണിക്കുന്നതോ രോഗം കൂടുതല്‍ വഷളാക്കുവാനേ കാരണമാകൂ.

വിവരങ്ങള്‍:


ഡോ. ടി.ആര്‍. ജോണ്‍


അസോസിയേറ്റ് പ്രൊഫസര്‍ സൈക്യാട്രി,
എം.ഒ.എസ്.സി.എം.എം. മെഡിക്കല്‍ കോളേജ്,
കോലഞ്ചേരി.