കുറ്റവാളികളെപ്പോലെ സ്‌കിസോഫ്രീനിയ ബാധിച്ചവരെ മാറ്റിനിര്‍ത്തുന്ന പ്രവണത നമ്മുടെ മനസ്സിന്റെ രോഗാവസ്ഥയെയാണ് വെളിവാക്കുന്നതെന്ന് മറക്കാതിരിക്കുകശരീരത്തിന് രോഗം വന്നാല്‍ ചികിത്സ തേടാന്‍ മടിയില്ല. മനസ്സിന് വ്യാധി വന്നാല്‍ ശാസ്ത്രീയ സഹായം സ്വീകരിക്കാന്‍ വിമുഖതയാണ്. സമനില തെറ്റി അമ്പരപ്പിക്കുന്ന പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു നേരിയ ശതമാനത്തിന്റെ ചിത്രമാകും അപ്പോള്‍ മനസ്സില്‍ തെളിയുക. നോര്‍മലല്ലെന്ന് സമൂഹം കരുതുന്ന പലരെക്കാളും പാവങ്ങളാണ് ചികിത്സിച്ചു ഭേദമാക്കാവുന്ന ഉന്മാദരോഗമുള്ള ഇവര്‍. മനോരോഗത്തെ മോശപ്പെട്ട തട്ടിലാക്കുമ്പോഴുള്ള കുഴപ്പങ്ങള്‍ കൂടി അറിയണം. അതിരുകടന്ന വിഷാദവും ഉത്കണ്ഠയും ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാതെ വരുമ്പോഴുള്ള ആധികളുമൊക്കെയാണ് സര്‍വസാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. 15 ശതമാനത്തോളം കുട്ടികള്‍ക്കുമുണ്ട് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍. എല്ലാവരും വിദഗ്ദ്ധസഹായം വേണ്ടവര്‍ തന്നെ. വട്ടനെന്നും ഭ്രാന്തനെന്നുമുള്ള പേര് കേള്‍ക്കേണ്ടിവരുമെന്നുള്ള ഭീതിമൂലം ഇവരില്‍ നല്ലൊരുപങ്കും സഹായം തേടില്ല. അസ്വസ്ഥതകള്‍ ഉള്ളില്‍ കടിച്ചമര്‍ത്തി ശരീരത്തിന്റെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരവും താഴോട്ടാക്കും.


ഹൃദയം ക്ലിയര്‍, മനസ്സ് കലുഷിതം


മാനസിക ആരോഗ്യം ഇല്ലെങ്കില്‍ ആരോഗ്യമേയില്ലെന്നതാണ് വസ്തുത. 45 വയസ്സുള്ള ഒരാള്‍ക്ക് ഹൃദ്രോഗം വന്നു. പേരുകേട്ട ഹൃദയരോഗ വിദഗ്ദ്ധന്‍ അടഞ്ഞ കൊറോണറി ധമനികളില്‍ സ്‌റ്റെന്റ് ഇട്ട് രക്തയോട്ടം മെച്ചപ്പെടുത്തി. എല്ലാം ഭദ്രം. പക്ഷേ, കക്ഷിയുടെ മനസ്സ് വിഷാദമൂകം. തുടങ്ങിവെച്ച ഒരു ബിസിനസ് ഉയരത്തിന്റെ പടവിലെത്തിയ വേളയിലാണ് ഈ അസുഖം. ഇതെനിക്ക് വന്നല്ലോയെന്ന ആകുലത. ജീവിതം തകര്‍ന്നല്ലോയെന്ന അകാരണമായ കുണ്ഠിതം. വല്ലാത്ത നൈരാശ്യം. ഊണില്ല ഉറക്കവുമില്ല, പഴയ പ്രസരിപ്പില്ല.

ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ കാര്‍ഡിയോളജിസ്റ്റ് കിണഞ്ഞ് പരിശ്രമിച്ചു. ഒരു ഫലവുമില്ല. ഇതൊരു സ്വാഭാവിക പ്രതികരണമെന്ന മട്ടില്‍ വീട്ടുകാര്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി. ഇത് ചില വ്യക്തികളില്‍ ഹൃദ്രോഗാനന്തരം ഉണ്ടാകുന്ന വിഷാദരോഗമായിരുന്നു. വിഷാദരോഗ നിവാരണ ഔഷധങ്ങള്‍ നല്‍കട്ടെയെന്ന നിര്‍ദേശത്തോട് എല്ലാവരും മുഖംതിരിച്ചു. ശാസ്ത്രീയമായ മാനസികാരോഗ്യ ഇടപെടല്‍ ഇല്ലാതെ, കടുത്ത വിഷാദവും പേറി അയാള്‍ ജീവിച്ചു.

മനസ്സ് പ്രസാദാത്മകമല്ലെങ്കില്‍ വീണ്ടുമുള്ള ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. അതുതന്നെ സംഭവിച്ചു. രണ്ടുവര്‍ഷം തികയും മുമ്പേ ഇദ്ദേഹത്തിന് വീണ്ടും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. മിക്കവാറും എല്ലാ ശാരീരിക രോഗാവസ്ഥകളിലും രോഗത്തിനടിമപ്പെട്ട വ്യക്തി കൈക്കൊള്ളുന്ന വൈകാരിക പ്രതികരണമാണ് രോഗശാന്തിയെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം. പൊരുത്തപ്പെടാതെ, മാനസികാരോഗ്യ തകര്‍ച്ചയില്‍ പെട്ടുപോകുന്നവരുടെ രോഗം സങ്കീര്‍ണമാകുമെന്നത് ശാസ്ത്രീയ നിരീക്ഷണങ്ങളാണ്. ആകുലതകള്‍ അടക്കി, ആത്മവിശ്വാസത്തോടെ നേരിട്ട്, കാന്‍സറിനെ കീഴടക്കിയ എത്രയോ പേര്‍ ഉണ്ട് നമുക്കിടയില്‍. പക്ഷേ, വിഷാദത്തിന്റെയും നിഷേധ വികാരത്തിന്റെയും പിടിയിലമര്‍ന്ന് രോഗാവസ്ഥകളെ സങ്കീര്‍ണമാക്കിയവരും കുറവല്ല.മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി, മനസ്സിനെയോ?


ആത്മഹത്യാ നിരക്കുകള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിഷം കഴിച്ചും കൈ മുറിച്ചുമൊക്കെ ആസ്പത്രികളെ അഭയം പ്രാപിക്കുന്നവര്‍ ധാരാളമാണ്. ചെടിക്ക് തളിക്കാന്‍ വെച്ചിരുന്ന വിഷം കഴിച്ചും ഒപ്പം കൈമുറിച്ചും മരണം ഉറപ്പാക്കാന്‍ ശ്രമിച്ച ഒരു വയോധികന്‍ ആസ്പത്രിയിലായി. തീവ്രപരിചരണങ്ങളും ശസ്ത്രക്രിയയുമൊക്കെ വേണ്ടിവന്നു. നല്ലൊരു കാശ്‌ െചലവായി. കഥാപാത്രം രക്ഷപ്പെട്ടു. സ്വയമില്ലാതാക്കാന്‍ ശ്രമിച്ച ഒരു ശരീരമെന്ന നിലയില്‍ ഈ മുതിര്‍ന്ന പൗരനെ കണക്കാക്കിയാല്‍ ഈ ചികിത്സ പൂര്‍ണം.

പക്ഷേ, അത് മതിയോ? ഇയാളുടെ മനസ്സിന് എന്ത് സംഭവിച്ചു എന്നുകൂടി വിശകലനം േെചേയ്യണ്ട? ഇദ്ദേഹം എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വീട്ടുകാര്‍ക്കറിയില്ല. തികഞ്ഞ സന്തോഷത്തില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. അടുത്തകാലത്തായി ഒരു ഉള്‍വലിയല്‍ ഉണ്ടായിരുന്നു. മാനസികാരോഗ്യ വിശകലനത്തിനെത്തിയപ്പോഴാണ് വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന ഒരു മനോരോഗം ഇയാളെ ബാധിച്ചിരുന്നു എന്ന് വ്യക്തമായത്. കുറ്റം പറയുന്ന അശരീരികള്‍ ഇയാളെ അലട്ടുകയായിരുന്നു. 'പോയി മരിക്കൂ' എന്നൊക്കെ ഈ മിഥ്യാശബ്ദങ്ങള്‍ കല്‍പ്പിക്കുമായിരുന്നു.

ചികിത്സ ലഭിച്ചതോടെ ഈ വ്യക്തി പ്രസരിപ്പ് വീണ്ടെടുത്തു. മനുഷ്യന്റെ മനസ്സ് കാണാതെ ആത്മഹത്യാ ശ്രമം കുറ്റകര മെന്ന് എഴുതിവെച്ചിട്ടുള്ള നിയമത്തെ മാപ്പാക്കാം. മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന വ്യക്തികളെ നല്ല ചികിത്സ കൊടുത്ത് രക്ഷപ്പെടുത്തിയിട്ട് മാനസികാരോഗ്യ സഹായം നല്‍കാതെ പറഞ്ഞു വിടുന്ന ആതുര സേവനത്തിന് എങ്ങനെ മാപ്പു നല്‍കും? അത് ചെയ്താലല്ലേ വൈദ്യശാസ്ത്ര ഇടപെടലുകള്‍ പൂര്‍ണമാകൂ?


കൊല്ലുന്ന സ്‌ട്രെസ്


ആധുനിക ജീവിതം സംഘര്‍ഷഭരിതമാണ്. തൊഴില്‍, വീട്, വ്യക്തിജീവിതം... ഇങ്ങനെ പലഭാഗങ്ങളില്‍ നിന്ന് പലതരം സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവരാം. സ്‌ട്രെസിന് അടിമപ്പെടുന്നവര്‍ ധാരാളം. നേരിടാനും ശാന്തമായി കൈകാര്യം ചെയ്യുവാനുമുള്ള വൈഭവം ഇല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉറപ്പാണ്. തലച്ചോറിന്റെ ജൈവപ്രകൃതത്തെ മാറ്റിമറിച്ച് തടി കേടാക്കുകയും ചെയ്യും. ഉത്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാനുള്ള, ടാര്‍ഗറ്റുകള്‍ നേടിയെടുക്കാനുള്ള ഓട്ടത്തിലായിരുന്നു ഈ 35 വയസ്സുകാരന്‍.

മിടുക്കനായതുകൊണ്ട് ലക്ഷ്യങ്ങള്‍ നേടിയെടുത്തു. കമ്പനി ഓരോ മാസവും ടാര്‍ഗറ്റുകള്‍ ഉയര്‍ത്തി. വിശ്രമിക്കുവാന്‍ നേരമില്ലാതെ ഓടിനടന്ന് ഇയാള്‍ ജോലി ചെയ്തു. ബാങ്ക് ബാലന്‍സ് കുത്തനെ ഉയര്‍ന്നു. പക്ഷെ ആ പണം ഉപയോഗിച്ച് ഉല്ലസിക്കാന്‍ നേരമില്ല. സ്വസ്ഥമായിരുന്ന് ഉണ്ണാനാകുന്നില്ല. മൊബൈലില്‍ ചെവി വെച്ചാണ് തീറ്റ.

ടാര്‍ഗറ്റിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉറക്കം പോകും. പേശികള്‍ വലിഞ്ഞു മുറുകുന്നതു പോലെയുള്ള സ്ഥിതി. തലവേദനയുമായി അയാള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു. ടെന്‍ഷന്‍ തലവേദനയെന്ന് എല്ലാവരും വിധിയെഴുതി. സ്‌ട്രെസ് മൂത്ത് ഇങ്ങനെ ആധിയും വ്യാധിയുമൊക്കെ ഉണ്ടാക്കിയെടുക്കുന്നത് മാനസികാരോഗ്യ പ്രശ്‌നം തന്നെയാണ്.

. നിഷേധ വികാരങ്ങളും വിചാരങ്ങളും കത്തിക്കയറാന്‍ തുടങ്ങുമ്പോള്‍ ധ്യാനമുറകള്‍ ശീലിക്കാം. ശ്വസന വ്യായാമം ചെയ്യാം. ഊര്‍ജം ഉണര്‍ത്താനും മനസ്സിനെ ശാന്തതയിലേക്ക് നയിക്കാനുമൊക്കെ വേണ്ടി ഉല്ലാസവേളകള്‍ ഇടയ്‌ക്കൊക്കെ സൃഷ്ടിക്കാം. പിന്തുണയ്ക്കായി സ്‌നേഹിക്കുന്നവരുമൊത്ത് ആഹ്ലാദവേളകള്‍ പങ്കിടാം. സ്‌ട്രെസ് മൊത്തമായി വിഴുങ്ങാത്ത മട്ടില്‍ നല്ലൊരു ദിനചര്യ ഉണ്ടാക്കാം.
പിടിവിട്ടു പോകുമെന്നു തോന്നുമ്പോള്‍ വിദഗ്ദ്ധരുടെ സഹായം തേടുകയുമാകാം. പുതിയ ലോകത്തിലെ വേഗമേറിയ ജീവിത സാഹചര്യങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പൊട്ടിമുളയ്ക്കുക സ്വഭാവികമാണ്. ചിലതില്‍ ജനിതക ജൈവ സ്വാധീനങ്ങളുണ്ടാകാം, വിശപ്പ് നഷ്ടമാകാം, ഉറക്കം പോകാം, ലൈംഗിക താത്പര്യം നഷ്ടമാകാം, ദൈനംദിന ജീവിതം ദുസ്സഹമാകാം... ഇതിനൊക്കെ വേണ്ടത് ശാസ്ത്രീയമായ മാനസികാരോഗ്യ ഇടപെടലുകളാണ്.