ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും ആധുനിക വൈദ്യശാസ്ത്രം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ക്കെന്ന പോലെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും പരിചരണം ആവശ്യമാണ്. ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് പിന്തുണ നല്‍കുക സഹജീവികളുടെ ധര്‍മമാണ്. ഇത്തരത്തിലുള്ള സഹായം നല്‍കുന്നതിനുള്ള ശാസ്ത്രീയ രീതിയാണ് മാനസിക പ്രഥമശുശ്രൂഷ (Psychological First Aid).

അപകടങ്ങള്‍, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍, ലൈംഗിക പീഡനമോ കവര്‍ച്ചയോ പോലുള്ള വ്യക്തികള്‍ക്കേല്‍ക്കുന്ന അതിക്രമങ്ങള്‍, ഉറ്റവരുടെ മരണം തുടങ്ങിയ കടുത്ത മാനസിക വിക്ഷോഭമുണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന് പ്രാധാന്യമുള്ളത്. മാനസികമായ പ്രഥമ ശുശ്രൂഷ നല്‍കാന്‍ നിങ്ങള്‍ ഒരു മനശ്ശാസ്ത്രജ്ഞനോ മനശ്ശാസ്ത്ര മേഖലയില്‍ വലിയ അവഗവാഹമുള്ള ആളോ ആവേണ്ടതില്ല. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സും എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന വിവേചന ബോധവും മാത്രം മതി. അപകടത്തില്‍ പെടുകയോ ദുരന്തങ്ങള്‍ നേരിടേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കി പ്രായോഗിക സഹായങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് ആവശ്യമായി വരിക. അപകടത്തിന്റെയോ ദുരന്തത്തിന്റെയോ തോതനുസരിച്ച് ഒരു വ്യക്തിയോ കുടുംബമോ ഒരു സമൂഹം തന്നെയോ ആകാം ഇരകള്‍. ഇത്തരം സന്ദര്‍ഭങ്ങളോട് ഓരോരുതളതരും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കുകയും ചെയ്യും. ചിലര്‍ തികച്ചും മൂകരായി പോകുമ്പോള്‍ മറ്റു ചിലര്‍ മാനസിക വിഭ്രാന്തിയിലെന്ന പോലെ പെരുമാറിയേക്കാം. പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനാവുക എന്നതാണ് പ്രധാനം.

സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്നാല്‍ ഒരു തരത്തിലും ഒരു മാനസികാപഗ്രഥനമല്ല. ഒരു കാരണവശാലും അപകടത്തില്‍ പെട്ടയാളെ സംസാരിക്കാന്‍ നിര്‍ബന്ധിക്കരുത്. അവര്‍ക്ക് ഇതാണ് നല്ലതെന്നു കരുതി ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമരുത്. അത് വിപരീത ഫലം ചെയ്‌തേക്കും. അവര്‍ക്ക് പറയാനുള്ളത് പറയാനനുവദിക്കുക. സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിക്കുകയോ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയോ ചെയ്യരുത്. നിശ്ശബ്ദരായിരിക്കുകയാണെങ്കില്‍ അങ്ങനെ തുടരാനനുവദിക്കുക. ഓര്‍ക്കുക, ഓരോ വ്യക്തിക്കും പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ അവരുടേതായ രീതികളുണ്ട്.

പ്രാഥമിക പരിചണത്തിന് മുതിരും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ദുരന്തത്തിന് ഇരയായ വ്യക്തി/വ്യക്തികള്‍ നിങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുണ്ടോ എന്നതാണ്. നിങ്ങളുടെ സഹായം ആവശ്യമില്ലാത്തിടത്ത് കൂടുതല്‍ ഇടപെടലുകള്‍ക്ക് മുതിരരുത്. ആവശ്യങ്ങള്‍ മനസ്സിലാക്കുക എന്നതാണ് പിന്നീടു വരുന്ന പ്രധാനകാര്യം. ഇരകള്‍ക്ക് സാഹചര്യമായി പൊരുത്തപ്പെടാനും ശാന്തരായിരിക്കാനുമുള്ള അവസരമുണ്ടാക്കുക, കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ദുരന്തത്തില്‍ പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കേണ്ടതും ആവശ്യമാണ്. ഭക്ഷണം, വെള്ളം എന്നിവയ്‌ക്കൊപ്പം വൈദ്യസഹായം, താമസ സൗകര്യം എന്നിവയ്ക്കുള്ള സാഹചര്യങ്ങളും ഉണ്ടാകണം. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നവരുമായി ബന്ധപ്പെടുത്തി കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആംബുലന്‍സ് വിളിക്കുക, പോലീസില്‍ വിവരമറിയിക്കുക, ബന്ധുക്കളുമായോ സന്നദ്ധ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുത്തുക, അഭയാര്‍ത്ഥി ക്യാമ്പിലെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇരകള്‍ക്ക് വേണ്ടി ചെയ്യാനാകുന്ന വലിയ സഹായമായിരിക്കും.

മറ്റുള്ളവരെ വിവരമറിയിക്കുക എന്നതിനൊപ്പം ഇരകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്നതും പ്രധാനമാണ്. ഒരു കാരണവശാലും തെറ്റായ വിവരങ്ങള്‍ നല്‍കരുത്. അതുപോലെ തന്നെ താല്‍ക്കാലികമായി ആശ്വസം പകരുന്നതാണെങ്കില്‍ കൂടിയും നിങ്ങള്‍ക്ക് പാലിക്കാനാകാത്ത വാഗ്ദാനങ്ങളോ ഉറപ്പുകളോ നല്‍കരുത്. സഹായം നല്‍കുന്നതു പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തു തന്നെ അത് അവസാനിപ്പിക്കുക എന്നതും. നിങ്ങളുടെ റോള്‍ അവസാനിച്ചാലുടന്‍ പിന്‍വാങ്ങുക. ഒരിക്കലും നിങ്ങളുടെ സഹായം അവര്‍ക്കൊരു ഭാരമാകരുത്.

കടപ്പാട്: ഡബ്ല്യുഎച്ച്ഒ