വെക്കേഷന്‍ എത്തിയതോടെ നൂറായിരം ക്ലാസ്സുകളും ക്യാമ്പുകളുമായി കുട്ടികള്‍ തിരക്കിലാണ്. ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന 'റിബല്‍' സംഘവുമുണ്ട്. ക്യാമ്പോ ക്ലാസ്സോ ഒന്നും ഇല്ലാതെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ചിലതുണ്ട്. മൂല്യങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുെമല്ലാം കുട്ടികളില്‍ വളര്‍ത്താന്‍ വീടും വീട്ടിലെ അന്തരീക്ഷവും തന്നെ ധാരാളമാണ്.

ഇപ്പോഴത്തെ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് പ്രശ്നങ്ങള്‍ ധാരാളമാണ്. 'പിരീഡ് ഓഫ് സ്ട്രെസ്സ് ആന്‍ഡ് സ്ട്രെയിന്‍' എന്നാണ് മനഃശാസ്ത്രത്തില്‍ കൗമാര കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിയുമല്ല, യുവാവുമല്ല എന്ന അവസ്ഥ. സമൂഹത്തിലും കുടുംബത്തിലും 'കുഴപ്പം പിടിച്ച പ്രായം' എന്ന മുറുമുറുപ്പ് കൂടിയാവുമ്പോള്‍ സ്ട്രെസ്സും സ്ട്രെയിനും കൂടുകയേയുള്ളൂ. ശരിയാം വിധം വഴികാട്ടിയാല്‍ ഏറ്റവും നല്ല പൗരന്മാരായി കുട്ടികളെ മാറ്റിയെടുക്കാന്‍ കഴിയുന്ന പ്രായമാണിത്.

കൂട്ടു കുടുംബങ്ങളായിരുന്നപ്പോള്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മുതിര്‍ന്നവരുടെയും അരികില്‍ നിന്ന് അറിഞ്ഞും അറിയാതെയും കിട്ടിയിരുന്ന മൂല്യങ്ങളും ജീവിത പാഠങ്ങളും ഇന്ന് കുട്ടികള്‍ക്കു കിട്ടുന്നില്ല. അതിനൊരു ശ്രമമുണ്ടാക്കിയാല്‍ നമ്മുടെ കുമാരന്മാരും കുമാരികളും വഴിതെറ്റില്ല എന്നുറപ്പ്. ഈ വെക്കേഷന് കുട്ടികളില്‍ ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാം.


ഡിസിഷന്‍ മേക്കിങ്സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതിന്റെ വരുംവരായ്കകള്‍ നേരിടാനുമുള്ള കഴിവ് കുട്ടികളില്‍ ഉണ്ടാക്കാം. ഇന്നെന്തു ഡ്രസ് ഇടണം, ഏതു കോഴ്സ് പഠിക്കണം, ആരെ സുഹൃത്തുക്കളാക്കണം, ഏതു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം കുട്ടിക്ക് നല്‍കാം. വീട്ടിലെ കാര്യങ്ങളിലും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് നല്‍കാം. എന്നു കരുതി, എവിടെയും എന്തും പറയാനുള്ള ലൈസന്‍സ് ആവരുത്. അവന്റെ അഭിപ്രായങ്ങള്‍ ശരിയല്ലെങ്കില്‍ കാര്യകാരണ സഹിതം മനസ്സിലാക്കി കൊടുക്കുക. കണ്ണും പൂട്ടി വിമര്‍ശിക്കരുത്.


ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍നന്നായി ആശയവിനിമയം നടത്താനുള്ള അടിത്തറ വീട്ടില്‍ നിന്ന് കുട്ടിക്ക് നല്‍കാം. കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിശേഷങ്ങള്‍ പങ്കുവെക്കാം. സുഹൃത്തുക്കളെക്കുറിച്ചും സിനിമ, സ്പോര്‍ട്സ്, സമകാലീന സംഭവങ്ങള്‍, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ എന്നിവയെക്കുറിച്ചും വീട്ടില്‍ എല്ലാവരും തുറന്ന് സംസാരിച്ചാല്‍ ആശയവിനിമയം കുട്ടി സ്വായത്തമാക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് അംഗീകാരം നല്‍കാനും തനിക്ക് വിയോജിപ്പുണ്ടെങ്കിലും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കാനുമുള്ള വിവേകം ഉണ്ടാവുന്നതും വളരെ വലിയൊരു കാര്യം തന്നെയാണ്.


ക്രിട്ടിക്കല്‍ തിങ്കിങ്ഒരു കാര്യത്തിന്റെ നല്ലതും ചീത്തയും വിശകലനം ചെയ്ത് ശരിയേത് തെറ്റേത് എന്നു മനസ്സിലാക്കാനുള്ള കഴിവാണ് ക്രിട്ടിക്കല്‍ തിങ്കിങ്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വീട്ടില്‍ സംസാരിക്കാം. വികാരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിവേകപൂര്‍വം ചിന്തിക്കാനും സ്വയം വിമര്‍ശനം നടത്തി തെറ്റുകള്‍ അംഗീകരിക്കാനുമുള്ള മനസ്സ് മുതിര്‍ന്നവരെ മാതൃകയാക്കിയേ കുട്ടികള്‍ മനസ്സിലാക്കൂ.


എംപതിമറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കു ചേരുവാനും അവര്‍ക്കായി സമയം ചെലവഴിക്കാനും കുട്ടികള്‍ക്ക് മാതൃകയാവാം. കൂട്ടുകാരനെ ആരെങ്കിലും തല്ലിയാല്‍ അവനെപ്പോയി തിരിച്ചു തല്ലുന്നതല്ല എംപതി. അവര്‍ക്കൊരു വിഷമം വന്നാല്‍ അവരെ ഒറ്റപ്പെടുത്താതെ കൂടെ ചേര്‍ത്ത് നല്ലവഴിക്ക് നീങ്ങാനുള്ള മനസ്സുണ്ടാവണം.


ക്രിയാത്മകതയും പ്രശ്ന പരിഹാരവുംപാഠപുസ്തകങ്ങള്‍ മാത്രം പഠിച്ച് മാര്‍ക്ക് നേടുന്നതല്ല ജീവിതം. സ്വന്തമായുള്ള കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ വേണ്ടുംവിധത്തില്‍ പോളിഷ് ചെയ്ത് എടുക്കണം. സ്വതന്ത്രമായും ക്രിയേറ്റീവ് ആയും ചിന്തിച്ച് ചെയ്യാനുള്ള കഴിവ് ജീവിതത്തില്‍ വളരെയധികം സഹായകരമാവും. പുതിയ സാഹചര്യങ്ങളുമായി ഇഴുകിച്ചേരാനുള്ള ബുദ്ധിമുട്ട് ഇന്ന് പല കുട്ടികള്‍ക്കുമുണ്ട്. വീട്ടില്‍ എന്തും ചോദിക്കുന്നതിനു മുമ്പ് തന്നെ കിട്ടി ശീലിച്ചിട്ടുള്ള 'അമൂല്‍ ബേബി'മാര്‍ക്ക് മറ്റൊരു സാഹചാര്യത്തില്‍ സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ ബുദ്ധിമുട്ടാവും. പ്രശ്നങ്ങളെ നേരിടാന്‍ കഴിയാതെ കുറുക്കുവഴികള്‍ തേടും. പ്രശ്നങ്ങളെ നേരിടാനും മാറുന്ന സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കാനും കുട്ടികള്‍ക്ക് മനസ്സുറപ്പ് നല്‍കാം. ഒരുമിച്ച് യാത്രകള്‍ പോയും മറ്റു സാഹചര്യങ്ങളില്‍ ജീവിച്ചും വീട്ടിലെ പ്രശ്നങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം കാണാനും ഉള്‍പ്പെടുത്തിയും കുട്ടികളില്‍ ഈ കഴിവുകള്‍ വികസിപ്പിക്കാം.


സെല്‍ഫ് അവയര്‍നെസ്സ്വന്തം സ്ഥാനം മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാം. അധികം സാമ്പത്തിക സ്ഥിതി ഇല്ലാത്ത കുടുംബത്തിലെ കുട്ടികള്‍ മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി മാത്രം ആര്‍ഭാട ജീവിതം നയിക്കുന്ന കാഴ്ച ഇന്ന് നഗരങ്ങളില്‍ പുതുമയല്ല. സ്വന്തം വീട്ടിലെ നിലയും വിലയുമറിഞ്ഞ് ജീവിക്കാം. ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും നൈമിഷികമാണെന്നും പിന്നീട് കുറ്റബോധം തോന്നുമെന്നും കുട്ടികള്‍ക്ക് അനുഭവങ്ങളിലൂടെ പറഞ്ഞു കൊടുക്കാം. വെറുതെ പിടിച്ചിരുത്തി ഉപദേശിച്ചിട്ട് കാര്യമില്ല.


അസര്‍ടീവ്നെസ്സമ്മര്‍ദ്ദങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അടിമപ്പെട്ടു പോകുന്ന പ്രായമാണിത്. വേണ്ടാത്ത കാര്യം വേണ്ട എന്നു കര്‍ശനമായി പറയാനും അതില്‍ ഉറച്ചു നില്‍ക്കാനും കുട്ടികള്‍ക്ക് ധൈര്യം നല്‍കാം. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതാണ് വ്യക്തിത്വം, സാഹചര്യങ്ങള്‍ക്കടിമപ്പെട്ടും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നത് വ്യക്തിത്വമില്ലാത്തവരാണെന്നും അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുമെന്നും മനസ്സിലാക്കി കൊടുക്കുക.


വികാരങ്ങളെ മനസ്സിലാക്കാംസ്വന്തം സ്ഥാനവും വ്യക്തിത്വവും തേടുന്ന പ്രായമാണ് കൗമാരം. ഹോര്‍മോണുകളുെട ഇടപെടല്‍ മൂലവും ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ മൂലവും വികാരങ്ങള്‍ക്ക് പെട്ടെന്നടിപ്പെടും. ദേഷ്യം, നിരാശ, വിഷാദം തുടങ്ങിയ വികാരങ്ങള്‍ വളരെപ്പെട്ടെന്ന് ഇവരില്‍ കാണാം. തിരിച്ചു ദേഷ്യപ്പെടാതെ അവര്‍ ശാന്തരാകുന്നതു വരെ ക്ഷമിക്കുക. അതിനുശേഷം ക്ഷമയോടെ പ്രശ്നങ്ങള്‍ ചോദിക്കുക. സപ്പോര്‍ട്ട് ചെയ്യാന്‍ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ പ്രശ്നങ്ങള്‍ തുറന്നു പറയുമെന്ന് ഉറപ്പ്.

ഇവയാണ് പ്രധാനപ്പെട്ട ലൈഫ് സ്‌കില്‍സ്. അക്കാദമിക രംഗത്ത് വളരെയധികം മികവു പുലര്‍ത്തുന്ന കുട്ടികള്‍ പ്രായോഗിക ജീവിതത്തില്‍ തോറ്റു പോകുന്നത് ഈ ജീവിത നിപുണതയുടെ അഭാവം കൊണ്ടാണ്. കുട്ടികള്‍ക്ക് സമയമുള്ള ഈ വെക്കേഷന്‍ സമയത്ത് ഉദ്യോഗത്തിനും മറ്റ് തിരക്കുകള്‍ക്കും അല്‍പം അവധികൊടുത്ത് അച്ഛനമ്മമാര്‍ക്ക് അവര്‍ക്കൊപ്പം ചേരാം. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാം. ടി.വി. കാണുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാതെ കുട്ടികള്‍ക്ക് മാത്രമായി ഒരു മണിക്കൂര്‍. അതു വഴി അവര്‍ക്ക് നല്ല മാറ്റമുണ്ടാകുമെന്ന് ഉറപ്പ്. കുട്ടികളുടെ മുന്നില്‍ നല്ല മാതൃകകളാവാന്‍ അച്ഛനമ്മമാര്‍ക്ക് കഴിഞ്ഞാല്‍ ഒരിക്കലും അവര്‍ മറ്റു വഴികളില്‍ പോകില്ല.

വിവരങ്ങള്‍:


ഡോ. എം.എന്‍. വെങ്കിടേശ്വരന്‍
ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കണ്‍സള്‍ട്ടന്റ്
നോര്‍ത്ത് പറവൂര്‍