ആഴ്ചയില്‍ പത്തോ പതിനഞ്ചോ കുട്ടികളാണ് ലഹരി ഉപയോഗത്തില്‍ നിന്ന് കരകയറുന്നതിനായി ചികിത്സ തേടി എന്റെ അരികില്‍ എത്തുന്നത്. ഒരു ഡോക്ടറുടെ അടുത്ത് ഇത്രയും കുട്ടികള്‍ വരുന്നുണ്ടെങ്കില്‍ അത് വളരെ ഭീകരമായ ഒരു അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്.' എറണാകുളം റിനൈ മെഡി സിറ്റിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. വിവേക് പറയുന്നു.

'ജോജോ ആന്‍ഡ് സെറ്റ്', 'ജോയിന്റ്', 'മരിജു', 'ഇല', 'സ്റ്റഫ്', 'സാധനം' എന്നൊക്കെ കുട്ടികള്‍ കോഡുഭാഷയില്‍ വിളിക്കുന്ന മയക്കു മരുന്ന്, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിയില്‍ വളരെ വ്യാപകമാവുകയാണ്. തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ കഴിയും.


പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല


ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍... എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കും.


ആണ്‍കുട്ടികള്‍ മാത്രമല്ല


നമ്മുടെ പെണ്‍കുട്ടികളും ഒട്ടും സുരക്ഷിതരല്ല. ഗേള്‍സ് ഹോസ്റ്റലുകളില്‍ ഫോണ്‍ വഴി ഓര്‍ഡര്‍ എടുത്ത് ലഹരി മരുന്നുകള്‍ എത്തിക്കുന്ന സംഘങ്ങളുണ്ട്. 2030 രൂപ കൂടുതല്‍ കൊടുത്താല്‍ സാധനം ഹോസ്റ്റലിനുള്ളില്‍ കിട്ടുമെന്നാണ് കൗണ്‍സലിങ്ങിനെത്തിയ ചില പെണ്‍കുട്ടികള്‍ ഡോക്ടറോട് പറഞ്ഞത്.സോഷ്യല്‍ മീഡിയകളും ഇതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പില്‍ പെട്ടാല്‍ അവര്‍ ചെയ്യുന്നതെല്ലാം ഹീറോയിസമാണെന്നും ചെയ്യാതിരുന്നാല്‍ മോശക്കാരാകുമെന്നും തെറ്റിദ്ധരിക്കുന്നു. മയക്കുമരുന്നിന്റെ 'കിക്കി'നെക്കുറിച്ചും താന്‍ പരീക്ഷിച്ച പുതിയ 'സ്റ്റഫു' കളെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത് മറ്റു സമപ്രായക്കാര്‍ക്കിടില്‍ ഹീറോ പരിവേഷം നല്‍കുമെന്ന് ചിലരെങ്കിലും കരുതുന്നു.


റാക്കറ്റുകള്‍


സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സ്‌കൂള്‍ യൂണിഫോമിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ പേരില്‍ ബ്ലാക്‌മെയില്‍ ചെയ്ത് കൂട്ടുകാരെക്കൂടി സംഘത്തില്‍ പെടുത്താന്‍ നിര്‍ബന്ധിക്കും. വലയില്‍ പെട്ടു പോകുന്ന കുട്ടി, ആരോടും പറയാന്‍ കഴിയാതെ അനുസരിക്കുകയും ചെയ്യും.


ലക്ഷണങ്ങള്‍


സ്‌കൂളില്‍ മുടങ്ങുക, സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്‍, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക.
ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക.

മുറിയില്‍ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള്‍ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്‌സ് എന്നിവയില്‍ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക, വീട്ടില്‍ ആര്‍ക്കും മുഖം നല്‍കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല്‍ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം കാട്ടുക.


ചികിത്സ


മരുന്നുകളും കൗണ്‍സലിങ്ങും ഒപ്പം കൊണ്ടുപോകണം. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശാരീരിക പ്രശ്‌നങ്ങള്‍ നേരിടാനും മരുന്ന് കൂടിയേ തീരൂ. ഒറ്റയടിക്ക് സ്വയം തീരുമാനിച്ച് മാറ്റാന്‍ കഴിയുന്ന ഒന്നല്ല മയക്കുമരുന്നുകളോടും ലഹരി വസ്തുക്കളോടുമുള്ള അഡിക്ഷന്‍. ഒരുതവണ ട്രീറ്റ്‌മെന്റ് എടുത്ത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ വീണ്ടും അവ ഉപയാഗിക്കാന്‍ സാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞാല്‍ നാണക്കേടാവുമെന്നോ എല്ലാവരും കുറ്റപ്പെടുത്തുമെന്നോ കരുതേണ്ട. മരുന്നും കൗണ്‍സലിങ്ങും വഴി പൂര്‍ണമായും മാറ്റാന്‍ കഴിയുന്നതാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.


രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്


ആവശ്യത്തിലധികം പോക്കറ്റ് മണി കുട്ടികള്‍ക്ക് നല്‍കരുത്. എന്നു കരുതി ന്യായമായ ആവശ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയുമരുത്.

ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടു എന്നുറപ്പിക്കാനായാല്‍ എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോര്‍ക്കുക.

ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

ചികിത്സ തുടങ്ങിയാല്‍ പൂര്‍ണമായും അത് പിന്തുടരണം. പെട്ടെന്ന് നിര്‍ത്താന്‍ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയില്‍ കുട്ടി ചിലപ്പോള്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ അവനെ തിരിച്ചുകൊണ്ടുവരണം.
ചികിത്സാ സമയത്തോ അതിനു ശേഷമോ കൂട്ടിലിട്ട കിളിയെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യരുത്. ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കണം. നല്ല ചങ്ങാതിമാരെ ഇക്കാര്യത്തില്‍ സഹായത്തിന് വിളിക്കാം.
ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക് നല്‍കുക. സംരക്ഷിക്കാനും സ്‌നേഹിക്കാനും ഒരു പ്രശ്‌നം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക് ഒരിക്കലും തിരികെപ്പോകാതിരിക്കാന്‍ കുട്ടിയെ സ്വയം പ്രേരിപ്പിക്കും.


(ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം സംഘടിപ്പിച്ച ശില്പശാലയില്‍ നിന്ന്)