ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവ് ഭാര്യയെ നിരീക്ഷിച്ചശേഷം വേദനിക്കുന്ന മനസ്സോടെ പറഞ്ഞു. 'നിനക്ക് സിനിമാനടിയുടെ ഗ്ലാമറും മാദകത്വവും ഇല്ല. ഇങ്ങനെയുള്ള ഒരു 'ഫിഗര്‍' അല്ല ഞാന്‍ ആഗ്രഹിച്ചത്. നീ കിടന്നോളൂ'. ഏറെ പ്രതീക്ഷയോടെ മണിയറയിലേക്കു കാല്‍വെച്ച നവവധു ഞെട്ടി. പിന്നെ കണ്ണീരുമായി കിടക്കയിലേക്ക് വീണു.

സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ ഭര്‍ത്താവിന്റെ തലയ്ക്ക് പിടിച്ചിരുന്നത് തിയേറ്ററിലും കമ്പ്യൂട്ടറിലും കാണുന്ന സിനിമയായിരുന്നു. പയ്യെപ്പയ്യെ അതൊരു മാസ്മര വലയമായി മാറി. വിവാഹദിവസംതന്നെ ഭാര്യയെ സിനിമയ്ക്ക് ക്ഷണിച്ചു. ഭാര്യ പിന്മാറി. സ്വരച്ചേര്‍ച്ചയില്ലായ്മയുടെ തുടക്കം ഭര്‍ത്താവ് തന്നെ കുറിച്ചു. പിറ്റേന്ന് നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യയും തിയേറ്ററിലെത്തി. സിനിമ കഴിഞ്ഞപ്പോള്‍ മഴ ചാറി. ഭാര്യ ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു പോയി. ഭര്‍ത്താവ് ബൈക്ക് ഓടിച്ചു കുതിച്ചു. നാല് ദിവസം ഒരേ വീട്ടില്‍ അന്തിയുറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല. അഞ്ചാംദിവസം അവര്‍ രണ്ട് വഴിക്ക് പിരിഞ്ഞു. ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ ലഹരിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയുടെ ദുരന്തമായി മാറിയത്.

എറണാകുളം കുടുംബക്കോടതി വരാന്തയില്‍നിന്ന് പല മുഖങ്ങളെയും നിരീക്ഷിച്ചാല്‍ പൊള്ളുന്ന ജീവിതങ്ങളെ അടുത്തറിയാം. ചിലര്‍ കടുത്ത വാശിയിലാണ്. പൊട്ടിപ്പോയ ദാമ്പത്യബന്ധങ്ങള്‍ കൂട്ടിയിണക്കാന്‍ അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. കോടതി വരാന്തയില്‍ ഭര്‍ത്താവിനെ കാണുമ്പോഴും ചില സ്ത്രീകളുടെ മുഖത്ത് വിദ്വേഷത്തിന്റെ രോഷാഗ്‌നി കാണാം.

എന്നാല്‍ ഭര്‍ത്താക്കന്മാരില്‍ ചിലര്‍ക്കെല്ലാം ഇതൊക്കെ ഒരു അസംബന്ധ നാടകം. ഒരു ഫലിതംപോലെ. നിസ്സംഗ ഭാവം. വീട്ടുകാര്‍ കൂടിയാലോചിച്ച് പ്രതീക്ഷയോടെ നടത്തിയ വിവാഹങ്ങള്‍ പലരുടെയും മനസ്സിലെ മുറിപ്പാടുകളായി. മറ്റ് ചിലരാകട്ടെ സാന്ത്വന ചര്‍ച്ചകളുടെ ഫലമായി പിന്നീട് ഒന്നിച്ച് കൈകോര്‍ത്ത് വീണ്ടും ജീവിതത്തിന്റെ പാതയില്‍ നീങ്ങുന്നു.

കുടുംബക്കോടതി പരിസരവും വരാന്തയും രാവിലെ പത്ത് മണി കഴിയുമ്പോള്‍ തന്നെ വിവാഹമോചനത്തിന് കേസുകൊടുത്തവരെ കൊണ്ട് നിറയുകയാണ് കൂടെ ബന്ധുക്കളും അഭിഭാഷകരും ഉണ്ടാകും.

''ഇനി ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണം'', ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ യുവാവും യുവതിയും കൈകൂപ്പി കുടുംബക്കോടതി ജഡ്ജി എന്‍. ലീലാമണിയുടെ ചേംബറില്‍ നിന്നു. മനസ്സ് മാറിയ ദമ്പതിമാരെ ജഡ്ജിയുടെ വാക്കുകള്‍ ആശ്വസിപ്പിച്ചു. ''മനസ്സ് അമ്മാനമാടരുത്. ജീവിതം വിലപ്പെട്ടതാണ്'', എന്ന മുഖവുരയോടെ സംസാരിച്ച ന്യായാധിപ ഭഗവദ്ഗീതയിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ച് ജീവിതമൂല്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.

ഏഴ്ദിവസം മാത്രം ഒന്നിച്ച് ജീവിച്ച ദമ്പതിമാര്‍. അതിന് ശേഷം പിരിഞ്ഞതാണ്. ''ജീവിക്കാനുള്ള ആഗ്രഹം മനസ്സിനെ ഇപ്പോള്‍ സ്വാധീനിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉറച്ച മനസ്സോടെ ഇവിടെ നില്‍ക്കുന്നത്, യുവതി ന്യായാധിപയോട് മൊഴിഞ്ഞു. ''ഇനി സംഭവിക്കാന്‍ പോകുന്നത് നല്ലതായിരിക്കും. നമ്മുടെ ജീവിതത്തില്‍ കല്ലായി അലിഞ്ഞ് ചേരാതെ ചിലര്‍ കിടന്നാല്‍ അവരില്‍നിന്നും മാറി നില്‍ക്കുക'', ജഡ്ജി പറഞ്ഞു. മാതാപിതാക്കളുടെ സ്വാധീനമാണ് പെണ്‍കുട്ടിയെ ഭര്‍ത്താവില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നത്.


വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍


സ്ത്രീകളുടെ കൈയില്‍ വരുമാനം വരാന്‍ തുടങ്ങിയത് കുടുംബ ബന്ധങ്ങളെ സാരമായി ബാധിക്കുന്നു. ശാരീരിക മാനസിക പീഡനങ്ങള്‍, ലൈംഗിക പീഡനം, മദ്യപാനം, മാനസിക രോഗങ്ങള്‍, സ്ത്രീധന പ്രശ്‌നങ്ങള്‍, ദേഹോപദ്രവം, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഇന്റര്‍നെറ്റിന്റെ അതിപ്രസരം, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം, അന്യ സ്ത്രീകളുമായുള്ളബന്ധം, ചാറ്റിങ്, മൊബൈലുകളില്‍ അഞ്ചും ആറും സിം ഉപയോഗിക്കല്‍ എന്നിവയാണ് വിവാഹമോചനത്തിലേക്ക് നയിക്കുന്നതിനുളള സുപ്രധാന കാരണങ്ങളായി എടുത്തു കാട്ടുന്നത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നിലവില്‍ വന്നതോടെ വീട്ടുകാരറിയാതെ വിവാഹങ്ങള്‍ നടത്തി അതേ വേഗത്തില്‍ പിരിയുന്നതും സ്ഥിരം കാഴ്ചയാണ്. പങ്കാളിയോടുളള ക്രൂരമായ പീഡനങ്ങളാണ് വിവാഹമോചനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. സ്ത്രീധന മോഹവും പരസ്പരം വിശ്വാസമില്ലാത്തതും, ബന്ധുക്കളുടെ അമിതമായ ഇടപെടലുകളും രണ്ടു കൂട്ടരുടെയും സമാധാനം കെടുത്തുന്നു. യുവതലമുറയാണ് കൂടുതല്‍ വിവാഹമോചനം നേടുന്നതായി ബോധ്യപ്പെട്ടത്. സ്ത്രീധനം പ്രധാന പ്രശ്‌നമാണ്. ഭര്‍ത്തൃഗൃഹത്തില്‍ എത്തുന്ന വധുവിന്റെ സ്ത്രീധനം മുഴുവന്‍ കൈക്കലാക്കുന്ന ഭര്‍ത്താവിന്റെ അമ്മ തന്നെയാണ് പ്രധാന വില്ലത്തി. കാതില്‍ ഒരു സ്റ്റഡ്‌പോലും മരുമകള്‍ക്ക് ഇടാന്‍ നല്‍കാതെ സ്വന്തം കൈവശം സൂക്ഷിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ ചെറുതല്ല. ആഭരണങ്ങള്‍ക്ക് പുറമെ പണം ആവശ്യപ്പെട്ടാണ് പലപ്പോഴും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത്. സ്വന്തം വീട്ടിലേക്കുളള ഫോണ്‍ കോളുകള്‍ പോലും വിലക്കപ്പെടുന്നു.

ഭര്‍ത്തൃഗൃഹം തടവറ ആണെന്ന തോന്നലിലേക്ക് നയിക്കുന്നു. അച്ഛന്റെയും അമ്മയുടെയും ഓഹരി നേടിയെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അനവധിയാണ്. ആണ്‍കുട്ടികള്‍ പലപ്പോഴും അമ്മമാരോട് അമിത സ്‌നേഹം കാണിക്കുന്നുണ്ട് എന്ന തോന്നല്‍ തന്നെ ബന്ധം പിരിയലിന്റെ പ്രധാന ഒരു കാരണമായും കാണുന്നുണ്ട്. ചിലര്‍ അമ്മയെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ ഭാര്യമാര്‍ക്ക് ദേഷ്യം തോന്നുകയും അത് നിത്യേന അടിപിടിയില്‍ കലാശിക്കുകയും ചെയ്യുന്നു. അമ്മയുടെ വാക്കുകള്‍ക്കപ്പുറം ഒന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത സന്ദര്‍ഭത്തില്‍ കാതങ്ങളുടെ അകലം സൂക്ഷിക്കുന്നു.


ലൈംഗികതയുടെ അതിപ്രസരംലൈംഗിക ബന്ധത്തിന്റെ പവിത്രത മറക്കുന്നു. ലൈംഗികതയ്ക്കായി ചാറ്റിങ് ഒരു ഉപാധിയാക്കുന്നു.ഭാര്യയുമൊത്ത് ഒരേ ബെഡ്ഡില്‍ കിടന്ന് ഉറങ്ങുമ്പോള്‍ പോലും ചാറ്റിങ് നടത്തുന്നു. മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ട്. വിവാഹേതരബന്ധങ്ങളും കേരളത്തില്‍ കൂടി വരുന്നതായി കുടുംബക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ വ്യക്തമാക്കുന്നുണ്ട്. പരസ്പരം കാണാതെ മൊബൈലില്‍ ചാറ്റിങ് നടത്തി 75 ക്കാരനെ കണ്ട് പെണ്‍കുട്ടി ഞെട്ടിയ വാര്‍ത്ത അടുത്തിടെയാണ് കേരളത്തില്‍ അരങ്ങേറിയത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നിലവില്‍ വന്നതോടെ വിവാഹ മോചനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ജഡ്ജി എന്‍.ലീലാമണി പറഞ്ഞു. സമ്പന്ന വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് വീട്ടുകാര്യങ്ങള്‍ പോലും കൈകാര്യം ചെയ്യാന്‍ അറിയില്ല. ഇത് വാക്കുതര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ അതിപ്രസരം ഒരു പരിധി വരെ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ട്.

രാത്രികാലങ്ങളില്‍ ഫേസ് ബുക്ക് പോലുളള സോഷ്യല്‍ മീഡിയകളില്‍ രസം തേടുന്നവരുമുണ്ട്.മൊബൈലുകള്‍ വഴി ഒളിപ്പിച്ചു വയ്ക്കുന്ന പല ബന്ധങ്ങളും പിന്നീട് ഭാര്യയോ ഭര്‍ത്താവോ അറിയുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.മദ്യവും ലഹരിവസ്തുക്കളും


സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പലരും വിവാഹ ബന്ധം വേര്‍പെടുത്തുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാവുന്ന രീതിയിലാണെങ്കിലും വീട്ടുകാര്‍ സമ്മതിക്കാതെ വഴുതി പോകുന്ന ബന്ധങ്ങളുണ്ട്. വീട്ടുകാരറിയാതെ വിവാഹം കഴിക്കുകയും പിരിയുകയും ചെയ്യുന്ന കേസുകളും സര്‍വസാധാരണമാണ്. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും ദാമ്പത്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്. പുരുഷനോ സ്ത്രീക്കോ സംഭവിക്കുന്ന വന്ധ്യതകളും കഴിവില്ലായ്മയും വിവാഹമോചനത്തിലെത്തുന്നു.ചെറുപ്പം മുതല്‍ തന്നെ കുട്ടികളുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുത്തും സാധനങ്ങള്‍വാങ്ങിക്കൊടുത്തും കുട്ടികളെ ലാളിച്ചു വളര്‍ത്തുന്നു. ഇത് ഭാവിയില്‍ പിടിവാശിക്കു കാരണമാകുന്നു. കുട്ടികളുടെ വളര്‍ച്ചയില്‍ വീട്ടുകാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതും പിന്നീട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതുപോലെ മൊബൈലിലൂടെ പരിചയപ്പെട്ട് കല്യാണം കഴിക്കുന്നവര്‍ മൂന്നും നാലും മാസത്തിനുള്ളില്‍ പിരിയുന്നത് സര്‍വസാധാരണമാണ്.

കേരളത്തിന് പുറത്ത് ഒന്നിച്ച് വളരെക്കാലം ജീവിച്ചതിനു ശേഷം താമസിച്ചിട്ട് നാട്ടിലെത്തുന്നവര്‍ കല്യാണം കഴിക്കുന്നതും കുറച്ചു മാസങ്ങള്‍ക്കകം വിവാഹ ബന്ധം വേര്‍പെടുത്തുന്നതും സ്ഥിരം കാഴ്ചയാണ്. കുടുംബക്കോടതിയിലെ വരാന്തയിലെത്തുന്ന പല ഭാര്യാ ഭര്‍ത്താക്കന്മാരും പ്രത്യേകിച്ചും യുവ തലമുറക്കാര്‍ മ്യൂച്വല്‍ കണ്‍സെന്റിലൂടെ വിവാഹമോചനം നേടിയ ശേഷം വളരെ സന്തോഷത്തോടെയാണ് കൈകൊടുത്തു പിരിഞ്ഞു പോകുന്നതെന്ന് ജഡ്ജി പറയുന്നു. വിവാഹമോചനം കിട്ടിക്കഴിഞ്ഞ് സുഹൃത്തുക്കളെ പോലെ ഒരേ ബൈക്കില്‍ കുടുംബക്കോടതി വളപ്പില്‍ നിന്ന് പോകുന്നവരും കുറവല്ല. പിരിയുന്നവരില്‍ ഒരു ശതമാനം ആളുകള്‍ മാത്രമാണ് വിഷമത്തോടെ കോടതി വളപ്പ് വിടുന്നത്. 10 ഉം 15 ഉം വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കുന്നവര്‍ കല്യാണത്തിനു ശേഷമായിരിക്കും ഒന്നിച്ചു പോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് വേര്‍പിരിയുന്നത്.


കൗണ്‍സലിങ്


രണ്ടു പേരും ചേര്‍ന്ന് നല്‍കുന്ന പരാതിയാണെങ്കില്‍ കൂടിയും കൗണ്‍സലിങ്ങിന് പ്രസക്തിയുണ്ട്. ആറുമാസം സമയത്തിന് ശേഷം വീണ്ടും കൗണ്‍സലിങ് നടത്തി ഒന്നിക്കാനുള്ള സാധ്യത ഉണ്ടോ എന്ന് നോക്കുകയും, എന്നിട്ടും സാധ്യത ഇല്ല എന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനത്തിന് ജഡ്ജി അനുമതി നല്‍കും.എന്നാല്‍ രണ്ടു പേരില്‍ ഒരാള്‍ കണ്‍സന്റ് പിന്‍വലിച്ചാല്‍ ഒത്തുച്ചേരലിനുള്ള ശ്രമങ്ങള്‍ വീണ്ടും കൗണ്‍സിലര്‍മാര്‍ മുഖേനയും ചിലപ്പോള്‍ കോടതി ഇടപെട്ടും നടത്തുന്നു.എറണാകുളം കുടുംബക്കോടതിയില്‍ വിവാഹമോചനം തേടിയെത്തിയവരില്‍ പലരും യോജിച്ചു പോയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പരാതി നല്‍കിയതിനു ശേഷം ആറുമാസത്തെ സമയം പുനര്‍ വിചാരണയ്ക്ക് നല്‍കും.കോടതിയില്‍ സിറ്റിങ്ങിനെത്തുന്ന കേസുകളില്‍ കൂട്ടിയോജിപ്പിക്കാന്‍ സാധ്യതയുള്ള കേസുകള്‍ ജഡ്ജി കൗണ്‍സലിംഗിന് നിര്‍ദ്ദേശിക്കും. മൂന്നോ നാലോ തവണ കൗണ്‍സലിംഗിന് ശേഷം ജഡ്ജിക്കു മുന്നില്‍ ചേംബര്‍ കൗണ്‍സലിംഗ് നടത്തും. ചിലത് ആദ്യ രണ്ടു മൂന്ന് കൗണ്‍സലിംഗില്‍ തന്നെ തീരുന്ന കേസുകളുമുണ്ട്. കേരളത്തിലെ മറ്റു കുടുംബക്കോടതികളില്‍ നിന്ന് വിത്യസ്തമായാണ് എറണാകുളത്ത് ചേംബര്‍ കൗണ്‍സലിങ് നടക്കുന്നത്. ഇതിലൂടെ എന്നും കൂടിച്ചേരലുകള്‍ക്കും കൂടുതല്‍ അവസരമൊരുങ്ങുന്നുണ്ട് എന്നും കൗണ്‍സലര്‍ വ്യക്തമാക്കുന്നു. കുടുംബക്കോടതിയിലെ കൗണ്‍സലിങ് മുറിയില്‍ ദമ്പതിമാര്‍ മനസ്സ് തുറക്കുമ്പോള്‍ കേള്‍ക്കുന്നതെല്ലാം ഞെട്ടിക്കുന്ന ജീവിതാനുഭവങ്ങളാണെന്ന് കൗണ്‍സലര്‍ ഗീത പറയുന്നു.

'ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പര സ്‌നേഹത്തോടും വിശ്വസ്തതയോടും കൂടി ഏക മനസ്സോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധ സുവിശേഷം സാക്ഷിയാക്കി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു'....പള്ളിമേടയിലെ യേശുവിന്റെ കുരിശ് രൂപത്തിന് മുന്നില്‍ നിന്ന് വിവാഹ ദിനത്തില്‍ മേരിയും വര്‍ഗീസും ബൈബിളില്‍ കൈ വച്ച് പ്രതിജ്ഞ ഏറ്റു ചൊല്ലുമ്പോള്‍ ഇവര്‍ക്ക് ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു...അച്ഛനാകാനും കന്യാസ്ത്രീയാകാനും തീരുമാനിച്ച ഇവരെ ഒന്നിപ്പിച്ചത് വിധിയായിരുന്നു. രണ്ടു പേരും 30 കഴിഞ്ഞപ്പോഴാണ് വിവാഹിതരായത്. എന്നാലും വിവാഹം കഴിഞ്ഞ് 17 വര്‍ഷത്തോളം വിദേശത്തായിരുന്നു.

ജീവിതം സുഖകരമായി മുന്നോട്ട് പോയ നാളുകള്‍. എന്നാല്‍ ഒരു വര്‍ഷത്തിന് മുന്‍പ് നാട്ടിലെത്തിയ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. വര്‍ഗീസിന് കിട്ടിയ പിതൃസ്വത്ത് ബന്ധുക്കള്‍ക്ക് നല്‍കി.അതു കൂടാതെ മേരി അറിയാതെ ഇത് വില്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. കൗണ്‍സിലര്‍ ഗീതയുടെ മുന്നിലിരുന്ന് തങ്ങള്‍ക്കിടയിലുള്ള പൊരുത്തക്കേടുകളുടെ കഥ അഴിക്കുകയാണ് ഈ ദമ്പതിമാര്‍. 15 വയസ്സോളം പ്രായമുളള ബുദ്ധിമാന്ദ്യം സംഭവിച്ച മകന്‍ പപ്പയോടും മമ്മിയോടും എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്. കൗണ്‍സിലര്‍ അവന്റെ പേര് ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ പപ്പയുടെകവിളുകളില്‍ ഒരുമ്മ നല്‍കി അവന്‍. സ്വത്തുക്കളെല്ലാം മകന്റെ പേരില്‍ എഴുതിവെച്ച് വസ്തുവകകള്‍ വില്‍ക്കില്ല എന്ന ഉറപ്പാണ് മേരിക്കാവശ്യം. വര്‍ഷങ്ങളുടെ ഇഴയടുപ്പമുണ്ടെങ്കിലും വര്‍ഗീസിനെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് മേരി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

ബാംഗ്ലൂരിലെ ഐ.ടി കമ്പനിയില്‍ നല്ല ഉദ്യോഗം. നാട്ടില്‍ അന്വേഷിച്ചപ്പോള്‍ ആണ്‍കുട്ടിയെ കുറിച്ച് നല്ല അഭിപ്രായം. വീട്ടുകാര്‍ വഴി നേരിട്ടും അല്ലാതെയും ആണ്‍കുട്ടിയുടെ സ്വഭാവവും മറ്റുകാര്യങ്ങളിലും ഉറപ്പ് നേടി. ഇതൊക്കെ കേട്ടറിഞ്ഞ നന്ദിനി മനോഹരമായ ജീവിതസ്വപ്നം മനസ്സില്‍ നെയ്യുകയായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകള്‍ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയി. നാട്ടില്‍ നിന്നും ബാംഗ്ലൂരിലേക്കു ജീവിതം പറിച്ചു നട്ടപ്പോഴാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ജോലി കഴിഞ്ഞെത്തുന്ന രാഹുല്‍ മുഴുവന്‍ സമയവും കംമ്പ്യൂട്ടറിനു മുന്നിലാണ് ചെലവഴിക്കുന്നത്. ഭാര്യയുടെ കാര്യങ്ങള്‍ അന്വേഷിക്കാനോ സ്‌നേഹത്തോടെ സംസാരിക്കാനോ സമയമില്ല. ഫേസ് ബുക്കും ചാറ്റിങ്ങുകളുമായി കമ്പ്യൂട്ടര്‍ ജീവിയായി അയാള്‍ ജീവിച്ചു. നാട്ടിലെത്തിയ നന്ദിനി ഈ വിവരങ്ങള്‍ വീട്ടുകാരോടും നാട്ടുകാരോടും വെളിപ്പെടുത്തി. പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് എറണാകുളം കുടുംബക്കോടതിയില്‍ വിവാഹ മോചനം തേടിയെത്തിയത്.

ഇയാളോടൊപ്പം ജീവിക്കാന്‍ എനിക്ക് താത്പര്യമില്ല. ഇനിയൊരിക്കലും ഒരുമിക്കുകയും വേണ്ട- ടെസ്സിയുടെ ശബ്ദം അല്പം ഉയര്‍ന്നു. പിന്നീട് ദുര്‍ബലമായ സ്വരം ഇടറി. കവിളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ധാരയായി ഒഴുകി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ കുടുംബക്കോടതിയില്‍ വിവാഹ മോചനം തേടിയെത്തിയതാണ് ടെസ്സി. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള ടെസ്സിയ്ക്കും സുനിലിനും മൂന്ന് വര്‍ഷത്തെ പ്രണയസാഫല്യമായിരുന്നു വിവാഹം. പരസ്പരം അറിയാവുന്നവര്‍ ജീവിതത്തെ കുറിച്ച് വ്യക്തമായ ലക്ഷ്യമുള്ളവര്‍. ലോ അക്കാദമിയില്‍ ഒരമിച്ച് പഠിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ക്കിടയില്‍ ഉടലെടുത്ത സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ടെസ്സി ക്രിസ്റ്റ്യനും സുനില്‍ ഹിന്ദുവുമായതിനാല്‍ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. രണ്ടു പേര്‍ക്കും ബാങ്കില്‍ ജോലി.ആദ്യകാലങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.

പക്ഷെ കുറച്ചു നാളുകള്‍ക്ക് ശേഷം സുനിലിനു ചില മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. മറ്റൊരു പെണ്‍കുട്ടിയുമായി രാത്രി കാലങ്ങളില്‍ സംസാരിക്കലും കറങ്ങി നടക്കലും. ഇതു ചോദ്യം ചെയ്ത ടെസ്സിക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ സുനില്‍ പറയുന്നത് വ്യത്യസ്തമായ രീതിലാണ്. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീട്ടിലേക്കെത്തിയ ടെസ്സിയുടെ അമ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇവര്‍ വീട്ടിലെത്തിയതോടെ ടെസ്സി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ കൊന്ത ജപിച്ച് ഇരിക്കുകയാണെന്നാണ് സുനിലിന്റെ ആരോപണം. എന്നാല്‍ വിവാഹമോചനമല്ലാതെ മറ്റു വഴിയില്ലെന്ന നിലപാടിലാണ് ടെസ്സി.