വല്ലാത്ത വിഷമത്തോടുകൂടിയാണ് ഞാനീ കുറിപ്പെഴുതുന്നത്. നൊമ്പരമാണോ പ്രതിഷേധമാണോ എന്ന് എനിക്കു തന്നെ സംശയമാണ്. എങ്കിലും എന്റെ 'ബെഡ്കോഫി' കുടിച്ചിട്ട് 'നല്ല ഉന്മേഷായീ എന്ന്' പലരും അറിയിക്കാറുള്ളതിനാല്‍ തുറന്ന മനസ്സോടെ നിങ്ങളെന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ എന്റെ സങ്കടം പങ്കുവെക്കട്ടെ.

മറ്റൊന്നിനെക്കുറിച്ചുമല്ല. നാലുപാടും ചെറുതും വലുതുമായ പ്രശ്‌നങ്ങളുടെ പേരില്‍ ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെ ആളുകള്‍ നിന്ന നില്പില്‍ ജീവിതം അവസാനിപ്പിക്കുന്നു. എല്ലാം 'തകര്‍ന്നു' എന്നു സ്വയം വിശ്വസിച്ചുകൊണ്ട്, ജീവിച്ചിരിക്കുന്നവരെ കണ്ണീര്‍പ്പുഴയിലൊഴുക്കി ഒരൊറ്റപ്പോക്കാണ്. പോയവരോട് ഇനി എന്തു പറയാന്‍? എനിക്കും പോകണം എന്ന് ആഗ്രഹിച്ചിരിക്കുന്നവരോടാണ് എനിക്ക് പറയാനുള്ളത്. കടുത്ത തീരുമാനമെടുക്കുന്നതിനു മുമ്പ് എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ.. എന്റെ ചില സംശയങ്ങള്‍ക്ക് ... പരിഭവങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കൂ.

സ്വപ്നങ്ങള്‍ തകര്‍ന്നാല്‍.. ജീവിതം മുറിവേല്പിച്ചാല്‍.. പ്രണയം തകര്‍ന്നാല്‍... ബിസിനസ്സില്‍ കടം പെരുകിയാല്‍.. 'മരിക്കണം' എന്ന് ആരാണ് നിങ്ങളെ തെറ്റായി പഠിപ്പിച്ചത്? മാറാരോഗം വന്നാല്‍... പരീക്ഷയില്‍ പരാജയപ്പെട്ടാല്‍.. ജീവിത പങ്കാളിയോ മക്കളോ മരണപ്പെട്ടാല്‍.. കൃഷി വീണ്ടും നാശത്തിലായാല്‍... അച്ഛനും അമ്മയും വഴക്കു പറഞ്ഞാല്‍... ജീവിതത്തില്‍ ഒറ്റയ്ക്കായെന്ന് തോന്നിയാല്‍... ആത്മഹത്യയാണു പ്രതിവിധിയെന്ന് ഏതു തത്ത്വ സംഹിതയാണ് നിങ്ങളെ ഉദ്ബോധിപ്പിച്ചത്.? സ്വയം സൃഷ്ടിക്കാന്‍ സാധിക്കാത്ത ജീവിതം സ്വയം അവസാനിപ്പിക്കാന്‍ അവകാശമുണ്ടെന്ന് ആരാണ് നിങ്ങള്‍ക്ക് ഉപദേശിച്ചു തന്നത്? ജീവിതത്തേക്കാള്‍ നല്ലതാണ് മരണമെന്ന് പ്രഖ്യാപിക്കുന്ന സിനിമകളോ? വിഭ്രാന്തിയുടെ മൂര്‍ധന്യാവസ്ഥയില്‍ ചില സെമി സാഹിത്യ രോഗികള്‍ മരണത്തെ മഹത്ത്വവത്കരിച്ചെഴുതിയ കൃതികളോ? അതോ പൊരുതിത്തളര്‍ന്നുവെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച്, വിഷാദത്താഴ്വരയില്‍ നിങ്ങളെ തള്ളിയിട്ട നിങ്ങളുടെ മനസ്സോ?.

സമയത്ത് ചികിത്സ ലഭിക്കാതെ താളം തെറ്റിയ തലച്ചോറിലെ ന്യൂറോ കെമിക്കലുകളോ? കുറ്റം ആരുടേതുമാകട്ടെ... ഏതു പ്രത്യയശാസ്ത്രത്തിന്റെയും പേരിലാവട്ടെ. അത് മഹത്വമല്ല, ഒളിച്ചോട്ടമാണ്. ജീവിതത്തില്‍ നിന്നും 'ക്വിറ്റ്' ചെയ്യാന്‍ എളുപ്പമാണ്. നൂറല്ല, ആയിരക്കണക്കിനു കാരണങ്ങള്‍ പറയാനുണ്ടാകും. നിരാശയും ഒറ്റപ്പെടലും ഭീരുത്വവും അപമാനവും ഭയവും ആശങ്കയും അപകര്‍ഷബോധവുമടക്കം പലതും. ഒന്നും...യാതൊന്നും നമ്മളുടെ ജീവന് പകരമാവില്ല.അത്രയ്ക്കുമത്രയ്ക്കും അമൂല്യമാണ് മനുഷ്യജന്‍മം. ഇത് ചിലരെങ്കിലും തിരിച്ചറിയാത്തതാണ് എന്റെ വേദന.

ഒരു പക്ഷേ, ഇതെല്ലാമറിയാമെങ്കിലും 'അറിവുകള്‍' ചിലരെയെങ്കിലും രക്ഷിക്കാത്തതെന്തേ? അവിടെയാണ് ഒരു വില്ലനെ നാം തിരിച്ചറിയേണ്ടത്. വിഷാദരോഗം അഥവാ ഡിപ്രഷന്‍. ആത്മഹത്യ പ്രവണതയും മരണ ചിന്തകളുമെല്ലാം ഡിപ്രഷന്റെ വിഷയങ്ങളാണ്. പുറമെ സന്തുഷ്ടരാണെങ്കിലും നമ്മെയും നമ്മുടെ ചില കുടുംബാംഗങ്ങളെയും നിശ്ശബ്ദമായി ഈ വില്ലന്‍ കാര്‍ന്നു തിന്നുന്നുണ്ടാകും. അതു തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സുഹൃത്തിനോ കുടുംബാംഗങ്ങള്‍ക്കോ അവരെ രക്ഷിക്കാനാകും. കാരണം ആത്മഹത്യാ ചിന്തയുള്ള വ്യക്തികള്‍ വിവരം പുറത്തു പറയുകയോ സഹായം ചോദിച്ചു വരികയോ ചെയ്യണമെന്നില്ല. അവര്‍ക്ക് മരിക്കണമെന്നുമില്ല. തുടര്‍ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോദുഃഖത്തില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും 'എങ്ങനെയെങ്കിലുമൊന്നു' രക്ഷപ്പെടുക എന്നതാണ് അവരുടെ ആവശ്യം.

ആത്മഹത്യാ പ്രവണതയുള്ളവരെ എങ്ങനെ തിരിച്ചറിഞ്ഞ് സഹായിക്കാം? പ്രധാന സിഗ്‌നലുകള്‍ മരണത്തെക്കുറിച്ച് ഇവര്‍ നടത്തുന്ന ചില പരാമര്‍ശങ്ങളാണ്. 'ഞാന്‍ ചാകും', 'എല്ലാം ഞാനൊരു ദിവസം അവസാനിപ്പിക്കും', 'ജീവിതം മടുത്തു, ആരും എന്നെ കെയര്‍ ചെയ്യുന്നില്ല' 'ഞാനില്ലാതിരിക്കുന്നതാണ് എന്റെകുടുംബത്തിനു നല്ലത്' എന്ന മട്ടിലുള്ള സംഭാഷണങ്ങള്‍ ചില സിഗ്‌നലുകള്‍ ആണ്. വിശപ്പില്ലായ്മ, ഉറക്കപ്രശ്‌നങ്ങള്‍ , ഭക്ഷണരീതിയിലും സംസാരത്തിലും പെരുമാറ്റത്തിലുമുള്ള ചില മാറ്റങ്ങള്‍, തീവ്രമായ കുറ്റബോധം, മരണത്തേക്കുറിച്ച് പതിവില്ലാതെ കഥകളും കവിതകളും വായിക്കുക, മരണത്തോടുള്ള താത്പര്യം ഉണര്‍ത്തുന്ന ഡയറിക്കുറിപ്പുകള്‍ എഴുതുക, കത്തിയോ ബ്ലേഡോ, കത്രികയോ ഗുളികകളോ സംശയാസ്പദമായ രീതിയില്‍ മുറിയില്‍ സംഭരിച്ചു വെക്കുക, ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചു വെച്ചിരുന്ന ചില സ്വകാര്യ സാധനങ്ങള്‍ വെറുതെയെടുത്ത് മറ്റുള്ളവര്‍ക്കു കൊടുക്കുക, ഇന്നേവരെ വിളിച്ചിട്ടില്ലാത്തവരെ വിളിക്കുക, സംസാരത്തിനിടയില്‍ 'ഷ്്‌ല യള്‍വ' പറയുക, മദ്യപാനത്തിന്റെ അളവ്കൂട്ടുക, കഴിവതും ആളുകളില്‍ നിന്നകന്ന് ഒതുങ്ങിക്കൂടാന്‍ താത്പര്യപ്പെടുക തുടങ്ങി പലതും സൂചനകളാണ്. കടുത്ത വിഷാദാവസ്ഥയില്‍ നിന്നും ശാന്തവും സന്തോഷകരവുമായ ഒരു ഭാവത്തിലേക്ക് വളരെപ്പെട്ടെന്ന് മാറിയാല്‍ തീരുമാനമെടുത്തവന്റെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി മനസ്സിലാക്കണം.

Hopelessness, worthlessness, helplessness മൂഡിലൂടെ മനസ്സു കടന്നു പോയാല്‍ കടുത്ത ശൂന്യതയിലേക്ക് വ്യക്തി ചെന്നെത്തും. 'if i can't enjoy the life why should i live? എന്ന മൂഡ് ശക്തമാകാം. ഡിപ്രഷനോ, ബൈപോളാറോ, അമിതമദ്യപാനശീലമോ, കുടുംബത്തിലാരെങ്കിലും ആത്മഹത്യ ചെയ്ത പാരമ്പര്യമുള്ളവരോ, ഒരിക്കല്‍ ശ്രമിച്ചിട്ടുള്ളവരോ 'കടുംകൈ' ചെയ്തുപോകാന്‍ സാധ്യതയുണ്ട്. ഇതു വായിക്കുന്ന നിങ്ങളില്‍ മേല്പറഞ്ഞ ചില ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയാല്‍ ഒരു മനോരോഗവിദഗ്ധനെ കണ്‍സള്‍ട്ട് ചെയ്യണം. മരുന്നും സൈക്കോ തെറാപ്പിയുമൊക്കെ വഴിയായി നമ്മുടെ തലച്ചോറിലെ ചിന്തകളെ നിയന്ത്രിച്ച് 'അബദ്ധത്തില്‍ പോലും' അബദ്ധം പറ്റാതെ നമുക്ക് രക്ഷപ്പെടാനാകും.

മറ്റാരിലെങ്കിലും അവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ സ്‌നേഹ പൂര്‍ണമായി ഇടപെടാന്‍ മടിക്കരുത്. ഒരു ജീവന്റെ കാര്യമാണ്. 'നിനക്കെന്തു പറ്റീടാ.... വല്ലാണ്ടു മൂഡ് ഓഫായിരിക്കുന്നതു പോലെ', 'നിന്റെ പ്രശ്‌നമെന്താണെന്നെനിക്കറിയില്ല. അതെന്തു തന്നെയായാലും ഞങ്ങളു കൂടെയുണ്ട്' തുടങ്ങിയ വാക്കുകളിലൂടെ ഇടപെട്ടു തുടങ്ങിയാല്‍ തന്റെ വിഷമങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ തയ്യാറായേക്കും. അങ്ങനെ അവരെ ബോധ്യപ്പെടുത്തി ചികിത്സയിലേക്കെത്തിച്ചാല്‍ അവര്‍ രക്ഷപ്പെട്ടു.
ദൈവത്തില്‍ നിന്നും ദാനമായി കിട്ടിയ നമ്മുടെ ജീവിതം എത്ര പ്രതിസന്ധികള്‍ക്കിടയിലൂടെയും അര്‍ഥവത്തായി ജീവിച്ചു തന്നെ തീര്‍ക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നവരാണ് ഹെലന്‍ കെല്ലറും ലൂയി ബ്രെയിലും ബീഥോവനും ജന്മനാ രണ്ട് കൈകളും കാലുകളുമില്ലാതെ ജനിച്ച് ഇന്ന് ലോകത്തിനു മാതൃകയായി നില്‍ക്കുന്ന നിക്ക് വുജിസിക്കും നമ്മുടെ സ്വന്തം ഗിന്നസ് പക്രുവും പഞ്ചഗുസ്തി വീരന്‍ ജോബിയുമൊക്കെ ജീവിതത്തിന്റെ സാധ്യതകളിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. അന്ധകാരത്തിലേക്ക് മറയാനാഗ്രഹിക്കുന്നവരോട് സ്വജീവിതം കൊണ്ട് അവര്‍ പറയുന്നു. അരുത് മനുഷ്യാ അരുത്... പൊരുതാന്‍ നിന്നില്‍ ശേഷിയുണ്ട്.

സത്യമാണത്. ആത്മഹത്യ ചെയ്യാന്‍ മതിയായ 'കാരണ'ങ്ങളുണ്ടായിട്ടും മരിക്കാന്‍ ശ്രമിക്കാതെ ജീവിതത്തിലേക്ക് തിരികെ നടന്നുവന്നവരുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് 'ജീവിതം; മുറിവേറ്റിട്ടും ആത്മഹത്യ ചെയ്യാത്തവന്റെ വാക്ക്' എന്ന പുസ്തകം നാളെ, നമ്മുടെ ജീവിതവും അതിജീവനത്തിന്റെ ഒരു പുസ്തകമാകണം. അതുകൊണ്ട് പെട്ടെന്നൊരു നെഗറ്റീവ് മൂഡ് വന്നാല്‍ മനസ്സിനോടു പറയുക... നാളെയാകട്ടെ.. കുറച്ചു ദിവസം കഴിയട്ടെ.. ആ മൂഡങ്ങുമാറിക്കൊള്ളും... ചികിത്സ തേടുക.. സാഹചര്യങ്ങളെ നോക്കി 'പ്രശ്‌നം', പ്രോബ്ലൂ' എന്നു പറയാതെ 'ചലഞ്ച്, വെല്ലുവിളി' എന്നൊക്കെ പറഞ്ഞ് അങ്ങു ശീലിക്കൂ.. അത്ഭുതാവഹമായ മാറ്റം നമുക്ക് കാണാനാകും. തീര്‍ച്ച.