ജീവന് ഭീഷണിയുമായി പുതിയതരം വൈറസുകള്‍ മനുഷ്യനെ ആക്രമിക്കുകയാണ്. ഇതില്‍ ഭൂരിപക്ഷവും മൃഗങ്ങളില്‍നിന്ന് കടംകൊള്ളുന്നതാണ്. ആരോഗ്യരംഗത്തെ നമ്മുടെ ഭാവി വൈറസുമായുള്ള പോരാട്ടങ്ങളില്‍ നേടുന്ന വിജയം തന്നെയായിരിക്കും- കാലിഫോര്‍ണിയ നാഷണല്‍ പ്രിമേറ്റ് റീസര്‍ച്ച് സെന്റര്‍ ഡയറക്ടറും എച്ച്.ഐ.വി.ക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് കണ്ടെത്തിയ ലോക പ്രശസ്ത ഗവേഷകസംഘത്തിലെ അംഗവുമായ ഡോ. കോയേന്‍ വാന്‍ റോംപെ പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈറസുകളെക്കുറിച്ച് പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ നിപ വൈറസിന്റെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം സംസാരിക്കുന്നു

മാരകമായ വൈറസുകളുടെ ആക്രമണങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരം വൈറസുകള്‍ മനുഷ്യരിലേക്ക് കടന്നുവരുന്നുവെന്ന് നമ്മള്‍ ചിന്തിക്കണം- 1997 മുതല്‍ എച്ച്.ഐ.വി.ക്ക് കാരണമായ ഹ്യൂമണ്‍ ഇമ്യുണോ വൈറസിനെപ്പറ്റി ഗവേഷണം നടത്തുന്ന സംഘത്തിലെ അംഗമായ ഡോ. കോയേന്‍ വാന്‍ റോംപെ പറയുന്നു. 

എച്ച്.ഐ.വി.യുടെ വൈറസ് ആഫ്രിക്കയിലെ ഒരുതരം ഗ്രീന്‍മങ്കിയില്‍നിന്നാണ് മനുഷ്യരിലേക്ക് പടര്‍ന്നത്. ഇത്തരത്തിലുള്ള മിക്ക വൈറസുകളും മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്ക് വരുന്നത്. പലപ്പോഴും ഇത്തരം വൈറസുകള്‍ മൃഗങ്ങള്‍ക്ക് ഭിഷണിയല്ല. പക്ഷേ അത് മനുഷ്യനിലെത്തുന്നതോടെ അതിന്റെ രൂപവും ഭാവവും ചെയ്തികളും മാറുന്നു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാഹചര്യം നമ്മളാണ് ഒരുക്കുന്നത്.

മാരകമായ സാര്‍സ് വൈറസ് മനുഷ്യനിലേക്ക് വന്നത് മൃഗങ്ങളില്‍നിന്നാണ് ചൈനയിലായിരുന്നു തുടക്കം. ചൈന സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായ ഒരുകാര്യമുണ്ട്. അവര്‍ എല്ലാ ജീവികളെയും മൃഗങ്ങളെയും തിന്നുന്നു. ചൈനീസ് ഇറച്ചിവിപണിയില്‍ പോയാല്‍ കാണുന്ന പ്രത്യേകതയുണ്ട്. വിവിധയിനം മൃഗങ്ങളെ ഒന്നിച്ച് ഒരു കൂട്ടിലിട്ട് വില്‍പ്പനയ്ക്ക് വെച്ചത് കാണാം. ആവശ്യക്കാര്‍ക്ക് അതില്‍ ഒന്നിനെയെടുത്തു കൊന്ന് ഇറച്ചി കൊടുക്കുന്നു. വ്യത്യസ്ത മൃഗങ്ങള്‍ ഇങ്ങനെ പരസ്പരം അടുത്തിടപഴകുന്ന സാഹചര്യം കാട്ടില്‍ പോലും ഇല്ല. 

ഒന്നിന്റെ ശരീരത്തിലുള്ള വൈറസ് മറ്റുള്ളതിലേക്കും അവിടെനിന്ന് അതിനെ തിന്നുന്ന മനുഷ്യരിലേക്കും പടര്‍ന്നേക്കാം. പക്ഷികള്‍, പശുക്കള്‍, പന്നികള്‍, ഒരു തരം ചെള്ളുകള്‍ ഇവയില്‍നിന്നൊക്കെയാണ് മാരകമായ വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയത്. വൈറസുകളുടെ ആവാസകേന്ദ്രം മനുഷ്യനല്ല. മൃഗങ്ങളും ചിലപ്പോള്‍ അവ അധിവസിക്കുന്ന കാടുകളിലെ മറ്റു ജീവികളുമാണ്. 

ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തിലെ ഭക്ഷണശീലം വലിയ കുഴപ്പമില്ലാത്തതാണ്. എല്ലാ മൃഗങ്ങളെയും അവര്‍ തിന്നുന്നില്ല. സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്- ഡോ. കോയേന്‍ വാന്‍ റോംപെ പറഞ്ഞു. പക്ഷേ കാടുകള്‍ ഇല്ലാതായി നഗരവത്കരണം വരുന്നതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലെത്തുന്നു.

കേരളം ശ്രദ്ധിക്കേണ്ട സമയം

നിപാ വൈറസ് ഭീഷണിയുടെ സാഹചര്യത്തില്‍ കേരളം വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. അന്യ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ എത്തുന്ന സംസ്ഥാനമാണ് കേരളം. ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ കേരളത്തിന്റെ ടൂറിസം മേഖലയെയും സാമ്പത്തികരംഗത്തെയും അത് തകര്‍ത്തുകളയും. അതിന് ഏറ്റവും ആവശ്യം അപകടരമായ വൈറസുകളെക്കുറിച്ച് സമൂഹത്തില്‍ ബോധം ഉണ്ടാവുകയാണ്. മികച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേരളത്തില്‍ ആവശ്യമാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ വൈറോളജി ഒരു വിഷയമാകണം. സാധാരണക്കാര്‍ക്ക് ഇത്തരം ഭീഷണിയെക്കുറിച്ച് നല്ല ബോധം ഉണ്ടാവണം.

എച്ച്.ഐ.വി.യെ ലോകം നേരിട്ടത് അങ്ങനെയാണ്. തികഞ്ഞ ബോധവത്കരണം വഴി. അതുകൊണ്ടുതന്നെ എച്ച്.ഐ.വി. ബാധയ്ക്ക് വലിയ കുറവുണ്ട്. കേരളത്തില്‍ പ്രത്യേകിച്ചും. പക്ഷേ തമിഴ്നാട്ടിലും മറ്റും ബോധവത്കരണം കുറഞ്ഞു. പുതിയ തലമുറ വിഷയം മറന്നുപോകുന്നു. മുന്‍പ് തമിഴ്നാട്ടില്‍ പോയപ്പോള്‍ എച്ച്.ഐ.വി. ക്കെതിരെ പോരാടുന്ന ഒരുപാട് സംഘടനകളും വൊളന്റിയര്‍മാരും ഉണ്ടായിരുന്നു. ഇപ്പോള്‍ ആരെയും കാണുന്നില്ല. ഇത് അപകടമാണ്. ഹൈറിസ്‌ക് ഗ്രൂപ്പില്‍പ്പെട്ട സ്വവര്‍ഗരതിക്കാര്‍, മയക്കുമരുന്നുപയോഗിക്കുന്നവര്‍, ലൈംഗികത്തൊഴിലാളികള്‍ എന്നിവരില്‍ കൂടി രോഗം വീണ്ടും വ്യാപിക്കാം.

മുന്‍പ് എച്ച്.ഐ.വി. ബാധിച്ചാല്‍ മരുന്നില്ല. ഏഴുമുതല്‍ 10 വര്‍ഷം വരെ മാത്രമേ അണുബാധയേറ്റയാള്‍ ജീവിച്ചിരിക്കൂ. ക്ഷയം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ വരികയോ ശരീരം മെലിഞ്ഞ് പ്രതിരോധശക്തി നശിക്കുകയും ചെയ്ത് രോഗി മരിക്കും. ഇന്നു കൃത്യമായ മരുന്നുണ്ട്. മരുന്ന് കൃത്യമായി കഴിച്ചാല്‍ പേടിക്കാനില്ല. മരുന്ന് കൃത്യമായി കഴിക്കുമ്പോള്‍ പ്രതിരോധശക്തി ലഭിക്കുന്നു. ഈ മരുന്ന് ലോകത്തിന്റെ പലഭാഗത്തും ചെറിയ വിലയ്ക്ക് ലഭിക്കുന്നുണ്ട്. ഭാവിയില്‍ ഇന്‍സുലിന്‍ പമ്പുപോലുള്ള ഉപകരണം ശരീരത്തില്‍ സൂക്ഷിച്ച് കൃത്യമായി ശരീരത്തിലേക്ക് മരുന്നെത്തിക്കുന്ന സംവിധാനം വരും. അതിന്റെ ഗവേഷണം തുടരുകയാണ്. ചിക്കുന്‍ഗുനിയക്കും പുതിയ വാക്‌സിന്റെ ഗവേഷണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. അത് അവസാനഘട്ടത്തിലാണ്- അദ്ദേഹം പറഞ്ഞു.

എയ്ഡ്സിന് മരുന്ന് എന്ന രീതിയില്‍ ലോകത്ത് പലസ്ഥലത്തും വ്യാജമരുന്നുകള്‍ ഇറങ്ങുന്നുണ്ട്. രോഗിക്ക് ധനനഷ്ടം മാത്രമാണ് അതുകൊണ്ടു ഉണ്ടാകുന്നത്. അമേരിക്കയില്‍പ്പോലും ഇത്തരം പറ്റിക്കലില്‍ പെടുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

എന്നും ഗവേഷണത്തില്‍

1990 മുതല്‍ ഹ്യൂമണ്‍ ഇമ്യൂണോ വൈറസിനെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തിയാണ് കോയേന്‍ വാന്‍ റോംപെ. എച്ച്.ഐ.വി.ക്കുള്ള ആന്റി വൈറല്‍ ഡ്രഗ്ഗായ 'ടെനോഫോവിര്‍' കണ്ടുപിടിച്ചത് അദ്ദേഹം ഉള്‍പ്പെട്ട സംഘമാണ്. എയ്ഡ്സിന് ഇപ്പോള്‍ ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന മരുന്നാണിത്. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എച്ച്.ഐ.വി. പകരുന്നത് തടയാനും ഈ മരുന്നിന് കഴിഞ്ഞു. സിക്കാ വൈറസിനെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. ഗര്‍ഭിണികളില്‍ സീക്കാവൈറസ് ബാധിച്ചാലുള്ള സ്ഥിതി, ഗര്‍ഭസ്ഥശിശുവിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയും ഗവേഷണത്തില്‍ പ്രധാനമാണ്. 

1997-ല്‍ അദ്ദേഹം തന്റെ എച്ച്.ഐ.വി. പ്രബന്ധം അവതരിപ്പിക്കാന്‍ ചെന്നൈയില്‍ വന്നിരുന്നു. അവിടെവെച്ച് എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ സെല്‍വനെ പരിചയപ്പെട്ടു. അങ്ങനെയാണ് 'സഹായ ഇന്റര്‍നാഷണല്‍' എന്ന സംഘടനയ്ക്ക് കോയന്‍കോ റാം വാംപെ രൂപം കൊടുക്കുന്നത്. നൂറുകണക്കിന് വൊളന്റിയര്‍മാര്‍ ഈ സംഘടനയ്ക്കായി തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്നു. യുനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ഡേവിസിലെ ഫുള്‍ റിസര്‍ച്ച് വൈറോളജിസ്റ്റുമാണ് കോയന്‍കോ റാംവാംപെ. ജീവിതം മുഴുവന്‍ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഉഴിഞ്ഞുവെച്ചിരിക്കുകയാണ് അദ്ദേഹം. നിപ വൈറസ്, എബോള വൈറസ് തുടങ്ങിയ ഭീകര വൈറസുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: How a Killing Virus Invades Your Body, Killing Virus, Nipah Virus Kerala, Virus Attack on Human Body,Dr. koen van rompay