മാനസിക രോഗത്തിന്റെ പാരമ്യത്തിലെത്തി അക്രമകാരിയായി നില്‍ക്കുന്ന രോഗിയെ ഷോക്ക് ചികിത്സയിലൂടെ ശാന്തനാക്കുന്ന രംഗങ്ങള്‍ നമ്മള്‍ ഒരു പാട്  സിനിമകളില്‍ കണ്ടിട്ടുണ്ട്. ചില ചിത്രങ്ങളിലാകട്ടെ അക്രമകാരി എന്ന് തെറ്റ് ധരിച്ച്  ചില രോഗികള്‍ക്ക് ഷോക്ക് ചികിത്സ നല്‍കുകയും ആ രോഗി മനോരോഗിയാവുകയും ചെയ്യുന്നതായും അവതരിപ്പിക്കാറുണ്ട്. പക്ഷെ ഇതൊക്കെയാണോ യഥാര്‍ത്ഥ ഷോക്ക് ചികിത്സ. ഷോക് ചികിത്സയുമായി ബന്ധപ്പെട്ട് പ്രശസ്ഥ മാനസീകാരോഗ്യ വിദഗ്ധന്‍ ഡോ.റോബിന്‍ മാത്യു സംസാരിക്കുന്നു.  

ഷോക് ചികിത്സയും സിനിമകളും തമ്മില്‍ ബന്ധമുണ്ടോ?

ഒരു രോഗിയെ കുറച്ചു പേര്‍ ചേര്‍ന്ന് ബലമായി വലിച്ചിഴച്ചു ഷോക്ക് മുറിയിലേയ്ക്ക് കൊണ്ട് പോയി ഒരു കട്ടിലില്‍ ബന്ധിച്ച് വായില്‍ ഒരു പലക കഷണം തിരുകി ശക്തമായ വെദ്യുതി കടത്തി വിടുന്നു. രോഗി പിടയുകയും വായില്‍ നിന്ന് നുരയും പതയും  വരികയും മരണ വെപ്രാളം കാണിക്കുകയും ചെയ്യുന്നു. അല്‍പ്പ സമയത്തിന് ശേഷം അയാള്‍ ബോധം കെടുന്നു. ഉണരുമ്പോള്‍ രോഗി അവശനും ശാന്തനും ഓര്‍മ  നശിച്ചവനുമായി കാണപ്പെടുന്നു.

ഷോക്ക് ചികിത്സയെ കുറിച്ച് ലോകം മുഴുവന്‍ ഇത് പോലെയുള്ള ഭീകരമായ ചിത്രമാണ് നിലനില്‍ക്കുന്നത്. അമേരിക്കയിലും യൂറോപ്പിലെ പല രാജ്യങ്ങളും അഭ്യസ്ഥവിദ്യരായ അനേകമാളുകളിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പോലും ഈ ഒരു ഭീകര ചിത്രം  ഉണ്ടാകുവാന്‍ പ്രധാന കാരണം ചലച്ചിത്രങ്ങള്‍ തന്നെയാണ്. 

ഷോക്ക് ചികിത്സയെ ചുറ്റിപ്പറ്റിയുള്ള ഭീകരത സത്യമാണ് എന്ന് കരുതിയ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ബേര്‍ക്കലി എന്ന നഗരത്തിലെ   സ്ഥലത്തെ  മേയര്‍ ഷോക്ക് ചികിത്സ നിരോധിച്ചു. ഷോക്ക് ചികിത്സ നല്‍കുന്നത് തടവും പിഴയും കിട്ടുന്ന കുറ്റമായി പ്രഖ്യാപിച്ചു. പിന്നീട് കോടതി ഇടപെട്ടാണ് ഈ നിയമം തിരുത്തിയത്.

ഷോക്ക് ചികിത്സ  എങ്ങനെയാണ് നല്‍കുന്നത് ?

ആദ്യ കാലത്തൊക്കെ ഷോക്ക് ചികിത്സ  വളരെ ഭീകരമായിരുന്നുവെങ്കിലും ഇപ്പോള്‍ തികച്ചും മൃദുവും മനുഷ്യത്വപരവും സുരക്ഷിതവുമാണ്. അക്രമകാരികളായവര്‍ക്കല്ല ഷോക്ക് ചികിത്സ  പ്രധാനമായും നല്‍കുന്നത്. കടുത്ത വിഷാദരോഗം അനുഭവിക്കുന്നവരെയാണ് ഷോക്ക് ചികിത്സ കൊണ്ട് സഹായിക്കുന്നത്.

ആദ്യം ഉമിനീര്‍ പ്രവാഹം കുറയ്ക്കുവാനുള്ള മരുന്ന് നല്‍കുന്നു. ചെറിയ തോതില്‍ ബോധം കെടുത്തിയതിന് ശേഷം കൃത്യമായ അളവില്‍ ഷോക്ക് കൊടുക്കുന്നു, 45 -60 സെക്കന്‍ഡുകള്‍ വരെ ശരീരം വെട്ടി വിറയ്ക്കുവാന്‍ പര്യാപ്തമായ ഷോക്കാണ് നല്‍കുന്നതെങ്കിലും രോഗി അബോധാവസ്ഥയിലായതിനാല്‍ ഇതൊന്നും അറിയുന്നില്ല.

ഷോക്ക് ചികിത്സ ആവശ്യമോ ?

ചില വികസ്വര രാജ്യങ്ങളില്‍ പഴകിയ രീതിയില്‍ ഇപ്പോഴും ഷോക്ക് ചികിത്സ നല്‍കുന്നുണ്ടെന്നുള്ളത് ദു:ഖകരമാണ്. ഒരു ലക്ഷം ആളുകളില്‍ ഷോക്ക് ചികിത്സ മൂലം മരണമടയുന്നത് ഏതാണ്ട് രണ്ട് മുതല്‍ പത്ത് വരെ മാത്രമാണ്. മറ്റുള്ള ഏത് ചികിത്സ രീതികള്‍ പോലെയും ഷോക്ക് ചികിത്സക്കും ദൂഷ്യ വശങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കടുത്ത വിഷാദ രോഗത്തിന് അടിപ്പെട്ട് പോയ രോഗികളെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരുവാന്‍ മറ്റു വഴികള്‍ എല്ലാം പരാജയപ്പെടുമ്പോള്‍ ഷോക്ക് ചികിത്സ ഉപകരിക്കാറുണ്ട്.