ന്ത്യയിൽ ഇന്ന്‌ ജീവിച്ചിരിപ്പുള്ള ഏറ്റവും മുതിർന്ന ചികിത്സകനും ആരോഗ്യശാസ്ത്ര വിശാരദനുമാണ് പദ്മവിഭൂഷൺ ഡോ. എം.എസ്. വലിയത്താൻ എന്ന മാർത്താണ്ഡവർമ ശങ്കരൻ വലിയത്താൻ. 1960-കളിൽ അമേരിക്കയിലെത്തി വിദഗ്ധപരിശീലനം നേടി ഗവേഷണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ഡോ. വലിയത്താൻ 1972-ൽ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. അന്ന് മടങ്ങിയിരുന്നില്ലെങ്കിൽ നൊബേൽ ജേതാക്കളുടെ നിരയിൽ മലയാളത്തിന്റെ അഭിമാനമാകാൻ കഴിയുമായിരുന്ന ഗവേഷകനാണ് അദ്ദേഹം. കേരളത്തിൽ ജനിച്ച് മാവേലിക്കരയിലെ സർക്കാർ സ്കൂളിലും കേരളസർവകലാശാലയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പഠിച്ച് വളർന്ന തന്റെ സേവനം ഈ നാടിനുതന്നെ നൽകണമെന്ന ദൃഢനിശ്ചയത്തിലാണ് ഡോ. വലിയത്താൻ ഇന്ത്യയിലേക്ക് മടങ്ങിയത്. 1972-ൽ അമേരിക്കയിൽനിന്ന് എത്തിയ ഡോ. വലിയത്താൻ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യശാസ്ത്ര ഗവേഷണ രംഗത്ത് ലോകനിലവാരമുള്ള ഇന്ത്യയിലെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്. ഡോ. വലിയത്താന്റെ നേതൃത്വത്തിൽ ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാൽവ് ഒരു ലക്ഷത്തിലധികം രോഗികളിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. രണ്ടു ദശകംകൊണ്ട് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ ചികിത്സാ ഗവേഷണ രംഗങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുക്കാൻ അദ്ദേഹത്തിനായി. ശ്രീചിത്രയിൽനിന്ന് വിരമിച്ച ശേഷം മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ വൈസ് ചാൻസലറായും തുടർന്ന് ഉപദേശകനായും പ്രവർത്തിക്കുകയാണ് അദ്ദേഹം. ഹോമി ഭാഭ കൗൺസിലിന്റെ സീനിയർ ഫെലോഷിപ്പോടെ ആയുർവേദ പൈതൃകത്തെക്കുറിച്ച് ഡോ. വലിയത്താൻ നടത്തിയ പഠനങ്ങൾ ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗവേഷണ പരിശ്രമങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജ്ഞാനബോധ്യങ്ങളോടെ ആയുർവേദ ചിന്തകളെ സമീപിക്കുന്ന ഈ പഠനത്തിൽ ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ജ്ഞാനപൈതൃക ഗരിമ അവതരിപ്പിക്കുന്ന മൂന്ന് ബൃഹദ് ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്. ഇത്രയും ശാസ്ത്രീയബോധ്യത്തോടെ ആയുർവേദ ചിന്തകളെ ആധുനിക ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മറ്റു പഠനങ്ങളില്ല. രാജ്യം അദ്ദേഹത്തെ പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ചു. ആരോഗ്യശാസ്ത്ര മേഖലയിൽ ഗവേഷണത്തിന്റെയും ആസൂത്രണത്തിന്റെയും പ്രാധാന്യം എത്ര വലുതാണെന്ന് ഓരോ മനുഷ്യനും അനുഭവബോധ്യം നൽകുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് ഡോ. വലിയത്താനെപ്പോലുള്ളവരുടെ അറിവനുഭവങ്ങൾ സമൂഹത്തിനാകെ വഴിവെളിച്ചമാണ്. ഇ-മെയിലിലൂടെ ഡോ. വലിയത്താനുമായി നടത്തിയ സംവാദത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ

മനുഷ്യവംശം ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം വലിയൊരു ആരോഗ്യ പ്രതിസന്ധിയാണല്ലോ ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ആധുനിക വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലും അഗാധ പഠനങ്ങൾ നടത്തിയിട്ടുള്ള ഒരാൾ എന്ന നിലയിൽ ഈ സാഹചര്യത്തെ എങ്ങനെയാണ് കാണുന്നത്? ഈ അവസ്ഥയെ എങ്ങനെയാണ് മറികടക്കാനാവുക

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മൾ നേരിടുന്ന പകർച്ച വ്യാധികൾക്ക് മുമ്പും ലോകം ഇത്തരത്തിലുള്ള പല ദുരന്താനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ സ്പാനിഷ് ഫ്‌ളൂ ലോകമെമ്പാടുമായി 20 ദശലക്ഷം പേരെയാണ് കൊന്നൊടുക്കിയത്. എന്നാൽ, മുമ്പുണ്ടായിരുന്ന പകർച്ചവ്യാധികളും കോവിഡ് 19-ഉം തമ്മിൽ കാര്യമായൊരു വ്യത്യാസമുണ്ട്. അത് ഈ രോഗത്തിന്റെ ഉദ്‌ഭവത്തെക്കുറിച്ചുള്ള ചില ദുരൂഹതകളാണ്. വവ്വാലിൽനിന്ന് മനുഷ്യരിലേക്കു വന്നതാണെന്നും പരീക്ഷണശാലയിൽനിന്ന് പുറത്തു വന്ന രോഗാണുവാണിതെന്നുമുള്ള വാദങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണല്ലോ. അതിവേഗമുള്ള രോഗവ്യാപനവും വൈറസിന് അതിവേഗം വരുന്ന ജനിതക വ്യതിയാനങ്ങളും-മ്യൂട്ടേഷൻ- തുടരെത്തുടരെയുണ്ടാകുന്ന രോഗതരംഗങ്ങളും ഒക്കെ കോവിഡിനെ മുമ്പുണ്ടായിട്ടുള്ള പകർച്ചവ്യാധികളിൽനിന്ന് വ്യത്യസ്തമാക്കുന്നു. മനുഷ്യർ ഒരുതരം ആർത്തിയോടെ മറ്റുജീവികളുടെ ആവാസഇടങ്ങളിലേക്ക് അതിക്രമിച്ചുകയറുമ്പോൾ മൃഗവൈറസുകൾ അപ്രവചനീയമായ വിധത്തിൽ പ്രതികരിക്കുമെന്ന് പരിസ്ഥിതി ഗവേഷകനായിരുന്ന ഡേവിഡ് അറ്റൻബെറോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അത്തരം ഭീഷണികളെ ഏതു തരത്തിൽ നേരിടാനാവുമെന്നതിൽ ശാസ്ത്രലോകം പുതിയ കാഴ്ചപ്പാടുകളിലേക്കു നീങ്ങും എന്നാണെന്റെ വിശ്വാസം.

ഇങ്ങനെയൊരു സാഹചര്യത്തിൽ നമുക്ക് എന്താണ് ചെയ്യാനാവുക

ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യർ ഉത്തരവാദിത്വത്തോടെ പെരുമാറണം. അതാണ് വേണ്ടത്. ഈ ഭൂമി മനുഷ്യർക്കുമാത്രം അവകാശപ്പെട്ടതല്ല. എല്ലാ ജീവജാലങ്ങൾക്കും ഭാവി തലമുറകൾക്കും വേണ്ടിയുള്ളതാണ്. വളരെ സംവേദനശേഷിയും തുടർച്ചയുമുള്ള നിരീക്ഷണ സംവിധാനങ്ങൾ നമുക്കുണ്ടാവണം. പുതുതായുണ്ടാകുന്ന രോഗങ്ങളെ അപ്പപ്പോൾ കണ്ടെത്താനും തിരിച്ചറിയാനും കഴിയണം. അതി രോഗാവസ്ഥയിലുള്ള വളരെയേറെപ്പേരുണ്ടാകുമ്പോൾ അവരുടെ ചികിത്സാകാര്യങ്ങൾ നോക്കാൻ കഴിയുന്ന വിധത്തിൽ ഒരു സിസ്റ്റം ദേശീയതലത്തിൽത്തന്നെ ഉണ്ടാകേണ്ടതുണ്ട്. വാക്സിനുകൾ ഉൾപ്പെടെയുള്ള ജീവശാസ്ത്ര ഉത്പന്നങ്ങളുടെ കാര്യത്തിലാണെങ്കിൽ, വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളാണ് നമുക്ക് വേണ്ടത്. ഒരു അടിയന്തര ഘട്ടത്തിൽ അനേകലക്ഷം മനുഷ്യർക്ക് വേണ്ടുന്നത്ര വാക്സിനുകളോ മറ്റ് ഔഷധോത്പന്നങ്ങളോ എന്തായാലും അത് നിർമിക്കാനാവുന്ന ഉത്പാദനശാലകളായി മാറ്റാൻ കഴിയുന്നതരം സ്ഥാപനങ്ങളാവണം ഇവ. ഗവേഷണസ്ഥാപനങ്ങളും അറിവിന്റെ കേന്ദ്രങ്ങളും വ്യവസായശാലകളും തമ്മിൽ നല്ല ഇണക്കമുണ്ടാകണം. ഒരു അടിയന്തര സാഹചര്യംവന്നാൽ മറ്റെല്ലാം മാറ്റിവെച്ച് ജനങ്ങൾക്കുവേണ്ടി ഒരുമിച്ചു നിൽക്കുമെന്ന് ഉറപ്പുള്ള സംവിധാനം രാജ്യത്തുണ്ടാകണം.

ലോകമെമ്പാടും ഭരണകൂടങ്ങളും സാധാരണ മനുഷ്യരും ആരോഗ്യത്തിന്റെ കാര്യത്തിൽ ഇതുവരെ പുലർത്തിയിരുന്ന സമീപനങ്ങൾ അപര്യാപ്തമായിരുന്നോ? ഇനിയെന്താണ് ചെയ്യേണ്ടത്? രാജ്യങ്ങൾ ബജറ്റിൽ ആരോഗ്യ പരിപാലനത്തിന്‌ വകയിരുത്തുന്ന തുക വളരെ കുറവല്ലേ ? ഈ രീതി മാറേണ്ടത് എങ്ങനെയാണ്

നയരൂപവത്‌കരണത്തിന്റെ കാര്യമെടുത്താൽ ഇന്ത്യ ആരോഗ്യ കാര്യങ്ങൾക്ക് കാര്യമായ പരിഗണനയൊന്നും നൽകുന്നില്ല എന്നതൊരു വസ്തുതയാണ്. പത്തിരുപതു വർഷമായി, ആരോഗ്യകാര്യത്തിന് നീക്കിവെക്കുന്ന പദ്ധതിവിഹിതം ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജി.ഡി.പി.) 0.9 മുതൽ 1.3 ശതമാനംവരെ മാത്രമാണ്. ആരോഗ്യപരമായി ഏറെ പ്രാധാന്യമുള്ള ശുദ്ധജലം, മാലിന്യനിർമാർജനം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളൊക്കെ മറ്റു വകുപ്പുകളുടെ ചുമതലയിലാണ്. ആരോഗ്യ കാര്യത്തിൽ പ്രതിശീർഷ വിഹിതം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. അതിന്റെ ഫലമായി, വലിയൊരു വിഭാഗം ഇന്ത്യക്കാർക്കും ആരോഗ്യ കാര്യത്തിൽ സ്വന്തം കൈയിൽനിന്ന് വളരെയേറെ പണം ചെലവഴിക്കേണ്ടിവരുന്നു. അങ്ങനെ സ്വന്തമായി പണം കണ്ടെത്തേണ്ടി വരുന്ന രോഗികളുടെയും കുടുംബങ്ങളുടെയും കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം വികസ്വര രാജ്യങ്ങൾക്കിടയിൽ ഏറ്റവും മുകളിലുമാണ്. 55 മുതൽ 63 വരെ ദശലക്ഷം ആളുകളാണ് ഇങ്ങനെ, ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവാക്കേണ്ടി വന്ന് ദാരിദ്ര്യത്തിലായിപ്പോകുന്നത്. ആരോഗ്യമേഖലയ്ക്കുള്ള പദ്ധതിവിഹിതം മൂന്നു ശതമാനമായിട്ടെങ്കിലും വർധിപ്പിക്കാനാവണം. അതില്ലെങ്കിൽ പിന്നെ ആസൂത്രണങ്ങളൊക്കെ വെറുതേ സമയം പാഴാക്കലായിരിക്കും. ഡോ. ശ്രീനാഥ് റെഡ്ഡി ഉൾപ്പെടെ പല വിദഗ്ധസമിതികളും ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം വനരോദനങ്ങളായിപ്പോയെന്നു മാത്രം. നമ്മുടെ രാഷ്ട്രീയപ്പാർട്ടികളോ ഉദ്യോഗസ്ഥവൃന്ദമോ ഒന്നും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചതേയില്ല.

നൂറു വർഷത്തിലധികമായി കേരളത്തിന്റെ ആരോഗ്യ പരിപാലന രംഗം രാജ്യത്തെ ഇതര മേഖലകളെ അപേക്ഷിച്ച് പല മട്ടിൽ മികവു പുലർത്തുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നേട്ടം സാധ്യമായത്

19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി തിരുവിതാകൂറിലുണ്ടായ ഭരണാധികാരികൾ ആരോഗ്യരംഗത്ത് കൈക്കൊണ്ട പല നടപടികളും ടി.കെ. വേലുപ്പിള്ളയുടെ ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിന്റെ നാലാം വാല്യത്തിൽ വിശദീകരിക്കുന്നുണ്ട്. വാക്സിനേഷൻ കൊണ്ടുവരുന്നത്, തിരുവിതാംകൂറിൽ ആശുപത്രികളും ഡിസ്പെൻസറികളും സ്ഥാപിക്കുന്നത്, പൊതുജനാരോഗ്യ കാര്യങ്ങളിൽ വിദഗ്ധപരിശീലനത്തിനായി ഡോക്ടർമാരെ ജോൺസ് ഹോപ്കിൻസിലേക്ക് അയക്കുന്നത്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളുകൾ ആരംഭിക്കുന്നത് ഒക്കെ. ഇത് കേരളത്തിന് വളരെ മികച്ച ഒരു തുടക്കമായിരുന്നു. ഭദ്രമായ ഈ അടിത്തറയിൽനിന്ന് കെട്ടിപ്പൊക്കുന്ന കാര്യത്തിൽ തുടർന്നുവന്ന ജനാധിപത്യ സർക്കാരുകളും മികച്ച പങ്കുവഹിച്ചു. പ്രത്യേകിച്ചും സ്കൂൾവിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ. (സേതു പാർവതി ബായിയുടെ 1815-1829 സാർവദേശീയ സാക്ഷരതാ നയം ഒക്കെ പ്രത്യേകം പ്രാധാന്യമുള്ളതാണ്.) താഴ്ന്ന ജി.ഡി.പി. ഉള്ള പ്രദേശമായിട്ടും ആരോഗ്യരംഗത്തെ സൂചകങ്ങളുടെ കാര്യത്തിൽ വളരെ ഉയർന്ന നിലയിലെത്താൻ കഴിഞ്ഞ കേരള മോഡലിനെക്കുറിച്ച് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഒക്കെ മികച്ച കണ്ടെത്തലുകൾ നടത്തിയിട്ടുണ്ടല്ലോ.

പൊതുജനാരോഗ്യം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയാനാവുമോ

പൊതുജനാരോഗ്യം എന്നതിൽ പരിസരശുചിത്വം (ജലം, വായു, മണ്ണ് എന്നിവയുടെ ശുചിത്വവും മാലിന്യനിർമാർജനവും), മികച്ച പോഷകാഹാരം, ആരോഗ്യാവബോധം, രോഗപ്രതിരോധം തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു. ഇവയെല്ലാം സർക്കാരിന്റെ ഉത്തരവാദിത്വങ്ങളാണ്. വ്യക്തികൾക്കും സന്നദ്ധസംഘടനകൾക്കുമൊക്കെ ഇതിൽ പങ്കു വഹിക്കാനാവും. എന്നാൽ, അതൊക്കെ സർക്കാർ ചെയ്യുന്ന കാര്യങ്ങൾക്കൊപ്പമുള്ള പോരായ്മ നികത്തലുകളോ സഹായിക്കലുകളോ മാത്രമായിരിക്കും. സർക്കാരുകൾ ഏറ്റവും കൂടുതൽ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ട മേഖലകളിലൊന്നാണ് പൊതുജനാരോഗ്യത്തിന്റേത്.

ആയുർവേദാചാര്യന്മാർ ഇക്കാര്യത്തിൽ പുലർത്തിയിരുന്ന കാഴ്ചപ്പാട് എന്താണ്

ആയുർവേദത്തിൽ പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. സ്വസ്ഥവൃത്തവും ആതുരവൃത്തവും. രോഗങ്ങളിൽനിന്ന് മുക്തരായി ആരോഗ്യത്തോടെയും ആഹ്ലാദത്തോടെയും കഴിയാനാവുന്നതെങ്ങനെ എന്നു വിവരിക്കുന്നതാണ് സ്വസ്ഥവൃത്തം. ജീവിതചര്യകളും ഓരോ കാലാവസ്ഥയിലും പാലിക്കേണ്ട ഋതുചര്യകളുമൊക്കെ വിവരിക്കുന്നത് ഇവിടെയാണ്. ഭക്ഷണം, ശീലങ്ങൾ, ഉറക്കം, ലൈംഗികത, മൂല്യബോധത്തോടെയുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങളൊക്കെ വരുന്നതാണ് ജീവിതചര്യ. അതിൽനിന്ന് ഒന്നും ഒഴിവാക്കപ്പെടുന്നില്ല. രോഗബാധിതരായ ആളുകളെ ചികിത്സിക്കുന്നതിനെക്കുറിച്ചാണ് ആതുരവൃത്തം പറയുന്നത്. പൊതുജനാരോഗ്യം എന്നോ രോഗപ്രതിരോധം എന്നോ നമ്മൾ പറയുന്ന കാര്യങ്ങളൊക്കെ ഉൾക്കൊള്ളുന്നതാണ് ആയുർവേദത്തിലെ സ്വസ്ഥവൃത്തം. രോഗങ്ങളെ അകറ്റി നിർത്തുന്ന ഒരു ജീവിതക്രമം ചിട്ടപ്പെടുത്തുന്ന കാര്യത്തിൽ ആയുർവേദത്തിന് വലിയ പങ്കുവഹിക്കാനാവും.

കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള നമ്മുടെ പ്രയത്നങ്ങൾ ശരിയായ രീതിയിലാണോ? എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് വേണ്ടത്

ഒരു വർഷംമുമ്പ് കോവിഡിന്റെ ആദ്യതരംഗം ഉണ്ടായപ്പോൾ ലോക്ഡൗൺ പ്രഖ്യാപിച്ച് രോഗത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ നമുക്ക് കഴിഞ്ഞിരുന്നു. രോഗവ്യാപനം അത്ര ഗുരുതരമായിരുന്നില്ല. കേസുകളുടെ എണ്ണം മാത്രമല്ല മരണനിരക്കും കുറവായിരുന്നു. അത് ജനങ്ങളെയും സർക്കാരിനെയും ഒരളവു വരെയെങ്കിലും അലംഭാവത്തിലാക്കിയിരുന്നു. കോവിഡ്-19ന്റെ കാര്യത്തിൽ നാം അവസാന ഗെയിമിൽ എത്തിയിരിക്കുന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രഖ്യാപിക്കുകപോലും ചെയ്തു. മറ്റു രാജ്യങ്ങൾ രോഗത്തിന്റെ തീവ്രതയാർന്ന ഒരു രണ്ടാം തരംഗത്തെ നേരിടുന്നതും കോവിഡിനനുസൃതമായി സാഹചര്യങ്ങളെ ക്രമീകരിക്കുന്ന വലിയ നടപടികൾ എടുക്കുന്നതും എങ്ങനെയും വാക്സിൻ നേടിയെടുക്കാനുള്ള ഭീമമായ ശ്രമങ്ങളിൽ ഏർപ്പെടുന്നതും ഒന്നും കാണാൻ നമുക്കു കഴിഞ്ഞില്ല. ഉരുണ്ടുകൂടുന്ന പ്രതിസന്ധികളെ നാം അവഗണിക്കുകയും ഇന്ത്യയിലെമ്പാടും മതപരവും രാഷ്ട്രീയപരവുമായ ആൾക്കൂട്ടങ്ങളുണ്ടാക്കി ചുറ്റിസഞ്ചരിക്കുകയും ചെയ്തു. കോവിഡിനെ മെരുക്കാനാവുംവിധം സാഹചര്യങ്ങളെ ക്രമീകരിക്കാൻ നമുക്കു കഴിഞ്ഞില്ല. വാക്സിനുവേണ്ട ഓർഡർ നൽകിയതാകട്ടെ ഈ ജനുവരിയിൽ മാത്രവും. അതാണെങ്കിലോ നമ്മുടെ ജനസംഖ്യയിൽ 10 ശതമാനത്തിനുപോലും തികയാത്തത്ര മാത്രവും. അതിന്റെയൊക്കെ പരിണതഫലം എത്രമാത്രം ഭയാനകമായിരുന്നു എന്നതു പറയാൻ എളുപ്പമല്ലല്ലോ.

മുമ്പ് പരിചയമില്ലാതിരുന്ന പുതിയ തരം രോഗങ്ങളും രോഗാണുക്കളും ഒക്കെ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? അത്തരം അപകടസാധ്യതകളെ മനുഷ്യർക്ക് എങ്ങനെയാണ് അതിജീവിക്കാൻ കഴിയുക

നൂറുകൊല്ലംമുമ്പ് ഉണ്ടായിരുന്നതിനെക്കാൾ എത്രയോ വേഗത്തിലാണ് ജീവിതരീതിയിലും പരിസ്ഥിതിയിലും ഒക്കെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഇന്ത്യയിലെ ശരാശരി ആയുർ ദൈർഘ്യം 30 വയസ്സിനടുത്തായിരുന്നു. ഇന്ന് അത് 74 ആയി. മുപ്പതോ നാല്പതോ വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ വളരെ കൂടുതൽ ഹൃദ്രോഗം, കാൻസർ, വാഹനാപകടങ്ങൾ, മാനസികരോഗങ്ങൾ തുടങ്ങിയവയൊക്കെ നമ്മൾ ഇന്ന് കാണുന്നുണ്ട്. ടൈഫോയ്ഡ്, കോളറ, വസൂരി, പ്ലേഗ് തുടങ്ങിയ പകർച്ചവ്യാധികൾ മിക്കതും കാണാനേയില്ലാതായിക്കഴിഞ്ഞു. എന്നാൽ, വൈറൽരോഗങ്ങൾ ഇന്നൊരു വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. സാർസ് നിപ, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുകയും സാംക്രമിക രോഗങ്ങളോ മഹാമാരികളോ ആയി മാറുകയും ചെയ്തു. എന്തുകൊണ്ടാണ് കാലാകാലങ്ങളിൽ ഈ വൈറസുകൾ വരുന്നതെന്ന് നമുക്ക് കണ്ടെത്താനായിട്ടില്ല. അവയ്ക്ക് കൃത്യമായ ചികിത്സാസംവിധാനം ഒരുക്കാനുമായിട്ടില്ല.

പകർച്ചവ്യാധികളോ മഹാമാരികളോ ആയി മാറുന്ന ഇവയുണ്ടാക്കുന്ന വെല്ലുവിളി നേരിടുക എന്നത് സമ്പന്ന രാജ്യങ്ങൾക്കുപോലും അത്രയെളുപ്പമല്ല. വാക്സിനുകളും സാമൂഹിക ചിട്ടപ്പെടുത്തലുകളും മാത്രമാണ് രക്ഷാമാർഗം. രോഗത്തെ പൂർണമായി തടയാൻ വാക്സിനുകൾക്ക് കഴിഞ്ഞില്ലെങ്കിൽപോലും രോഗം വന്നാൽ തീവ്രത കുറയ്ക്കാനും അതിജീവനനിരക്ക് കൂട്ടാനും കഴിയും. അതുതന്നെയാണ് അതിജീവന വഴി.

ആരോഗ്യകാര്യങ്ങളിൽ മെച്ചപ്പെട്ട നിലയിലാണ് കേരളം എന്നു പറയാറുണ്ടല്ലോ. അത് കൃത്യമായും ശരിയാണോ? ചികിത്സാസൗകര്യങ്ങൾ ഒരുക്കാനും സൗകര്യങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിലുള്ളവർക്കു കൂടി പ്രാപ്യമായ വിധത്തിലുള്ള വിതരണക്രമം ഉണ്ടാക്കാനും കഴിഞ്ഞു എന്നതല്ലേ കേരളത്തിന്റെ നേട്ടം? പ്രമേഹം, രക്താതിമർദം, പൊണ്ണത്തടി, ഫാറ്റിലിവർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലൊക്കെ കേരളത്തിന്റെ നില പരിതാപകരമായ വിധത്തിലല്ലേ

ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് തുടങ്ങി പല കാര്യങ്ങളിലും കേരളം ഇന്ത്യയിലെ മറ്റു പലസംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട നിലയിൽത്തന്നെയാണ്. ആളുകൾക്ക് വേഗം എത്തിച്ചേരാവുന്ന തരത്തിൽ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും എല്ലായിടത്തും ഉണ്ട്. ജനസംഖ്യാനുപാതികമായി മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഡോക്ടർമാരും ഇവിടെയുണ്ട്. എന്നാൽ, നമ്മുടെ ഈ ആശുപത്രികളൊക്കെ എപ്പോഴും രോഗികളെക്കൊണ്ടു നിറഞ്ഞാണിരിക്കുന്നത്. ആ തിരക്ക് എപ്പോഴും കൂടിക്കൊണ്ടിരിക്കുകയുമാണ്. ചർച്ചകളല്ലാതെ, ഇംഗ്ലണ്ടിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കെയർ ആൻഡ് എക്സലൻസ് (NICE) പോലെ ഒരു സ്ഥാപനം നമുക്കില്ല. ആശുപത്രികൾക്കും ഡോക്ടർമാർക്കും ക്ലിനിക്കൽ പ്രാക്ടീസിന് കൃത്യമായ വ്യവസ്ഥകളുണ്ടാക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ഇത്തരമൊരു സ്ഥാപനം നമുക്ക് ആവശ്യമാണ്. പരിശോധനകളും ചികിത്സയുമൊക്കെ കൃത്യമായ മാർഗനിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്താൻ ഇങ്ങനെയൊരു സംവിധാനം സഹായകമാണ്. അതുണ്ടാകുന്നത് രോഗികൾക്കും ഡോക്ടർമാർക്കും വളരെയേറെ ഗുണം ചെയ്യും. ഹൃദ്രോഗങ്ങൾ, പ്രമേഹം, പൊണ്ണത്തടി തുടങ്ങി പല രോഗങ്ങളുടെ കാര്യത്തിലും രോഗപ്രതിരോധത്തിന് ആദ്യം വേണ്ടത് വ്യായാമമാണ്. എന്നാൽ, നമ്മുടെ ചെറുതും വലുതുമായ നഗരങ്ങളിലൊന്നും വ്യായാമത്തിന് സൗകര്യമില്ല. ആളുകൾക്ക് സുരക്ഷിതമായി നടക്കാനോ സൈക്കിളിൽ പോകാനോ കഴിയുന്ന നടപ്പാതകളോ സൈക്കിൾ പാതകളോ എവിടെയുമില്ല കേരളത്തിൽ. നമ്മുടെ റോഡുകളിലൂടെ നടന്നുപോവുന്നതു തന്നെ അങ്ങേയറ്റം ആപത്കരമായിരിക്കുമെന്ന് നമുക്കറിയാം. മഴക്കാലത്തൊക്കെ സാധാരണക്കാർക്ക് നടക്കാവുന്ന സ്ഥലങ്ങളോ നല്ല ജിമ്മുകളോ ഒന്നും കേരളത്തിലില്ലെന്നു പറയാം. എല്ലാ കാലാവസ്ഥയിലും ആളുകൾക്ക് സുഖമായി നടക്കാനോ ഓടാനോ നീന്താനോ ഒക്കെ കഴിയുന്ന നല്ല വ്യായാമ ഇടങ്ങൾ ഒരുക്കുന്ന കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളോ പൊതുജനങ്ങളോ ഒന്നും ഒരു താത്പര്യവുമെടുക്കാറില്ല. ഇതിനൊക്കെ അവസാനം, പ്രതിശീർഷ മദ്യ ഉപയോഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തു നിന്നുകൊണ്ട് നമുക്ക് ഒരു ആരോഗ്യ കേരളം കെട്ടിപ്പടുക്കുക അത്രയെളുപ്പമായിരിക്കില്ല.

ലോകത്ത് ഏതാണ്ടെല്ലാ രാജ്യങ്ങളിലും കോവിഡ് വന്നു. എന്നാൽ, അത് ഇത്ര വലിയൊരു ദുരന്തമായി മാറിയത് ഇന്ത്യയിലാണ് എന്നൊരു പ്രതീതി അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലുണ്ട്. ആരോഗ്യരംഗത്ത് ദേശീയ തലത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ള ആസൂത്രണങ്ങളും മേൽനോട്ടവും ആവശ്യമല്ലേ

കോവിഡ്-19 പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യക്കുണ്ടായ വലിയ പരാജയം ലോകമെമ്പാടുനിന്നും വ്യാപകമായ വിമർശനങ്ങളാണ് വിളിച്ചുവരുത്തിയത്. ഇപ്പോൾ ഈ ദുരന്തത്തെ എങ്ങനെയും നേരിടാനുള്ള ശ്രമങ്ങൾക്കിടെ നാം ഓർക്കേണ്ടൊരു കാര്യമുണ്ട്. നാം വിചാരിക്കുന്നതിനെക്കാൾ വേഗത്തിൽ ഇനിയും ഇത്തരം മഹാമാരികളുടെ ആക്രമണമുണ്ടാവും. പറ്റിയ പാളിച്ചകളിൽനിന്ന് പഠിക്കാൻ നമുക്കു കഴിയണം. വരുന്ന തലമുറകൾക്കെങ്കിലും അതിന്റെ ഫലങ്ങൾ കിട്ടണം. നാം സഹിച്ച ദുരന്തങ്ങൾ അവർക്കും നേരിടേണ്ടിവരരുത്. അക്കാര്യത്തിൽ എന്റെ സങ്കല്പങ്ങൾ ഇങ്ങനെയാണ്-ഒരു പകർച്ചവ്യാധിയോ മഹാമാരിയോ കേരളത്തിൽ വന്നതായി കണ്ടെത്തി പ്രഖ്യാപിച്ചാൽ ഉടൻ മുഖ്യമന്ത്രി ചെയർമാൻ ആയി ഒരു പ്രത്യേക ദൗത്യസംഘം രൂപവത്‌കരിക്കണം. പ്രതിസന്ധി നേരിടുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാൻ കഴിയുംവിധം വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഈ സമിതിയിലേക്ക് ഏകോപിപ്പിക്കണം. പ്രത്യേകിച്ച് ആരോഗ്യ വകുപ്പ്, ശാസ്ത്രസാങ്കേതിക വകുപ്പ്, ഐ.ടി., തദ്ദേശ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങിയവയൊക്കെ. ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിക്കുക, മരുന്നുകളുടെയും മറ്റും വിതരണം ചിട്ടപ്പെടുത്തുക, ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങൾ പൊതുസമൂഹത്തിന് കൃത്യമായി എത്തിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഫലപ്രദമായി നടപ്പാക്കാൻ ഈ ദൗത്യസംഘത്തിന് കഴിയണം. അയൽ സംസ്ഥാനങ്ങളായ കർണാടകത്തിന്റെയും തമിഴ്‌നാടിന്റെയും കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണവും ഉറപ്പാക്കാൻ കഴിയണം. യുദ്ധംപോലുള്ള അടിയന്തര ഘട്ടങ്ങളിൽ സൈന്യം ഇത്തരത്തിൽ ചില ദൗത്യസംഘങ്ങൾ രൂപവത്‌കരിക്കാറുണ്ട്. അതേ ഗൗരവത്തോടെ ഇത്തരമൊരു സംവിധാനം ഒരുക്കുകയും കൃത്യമായി പദ്ധതികൾ ആസൂത്രണംചെയ്ത് പരിശീലിക്കുകയും വേണം. അങ്ങനെയൊരു മുന്നൊരുക്കം നടത്താനും പദ്ധതികളുണ്ടാക്കാനും കേരളത്തിന് കഴിയും. കേരളം ഇന്ന് ചെയ്യുന്നതാണ് മറ്റു സംസ്ഥാനങ്ങൾ നാളെ ചെയ്യുക എന്ന അവസ്ഥ അപ്പോൾ ശരിക്കും ഫലിക്കും.

Content Highlights: Dr MS Valiathan Opens up About Public Health System Covid 19 Corona Nipah virus