കോഴിക്കോട്: ആര്‍.എസ്.ബി.വൈ. ഇന്‍ഷുറന്‍സ് പദ്ധതി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യിലേക്ക് മാറിയതിനുശേഷം പല ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുന്നില്ലെന്ന് രോഗികള്‍. തൈറോയ്ഡ് കാന്‍സറിന് ഉപയോഗിക്കുന്ന റേഡിയോആക്ടീവ് അയഡിന്‍ തെറാപ്പി എന്ന ന്യൂക്‌ളിയര്‍ മെഡിസിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം നിര്‍ത്തി. മെഡിക്കല്‍ കോളേജുകളില്‍ ഡോസ് അനുസരിച്ച് 40,000 രൂപവരെ വിലവരുന്ന മരുന്നിന് ഇന്‍ഷുറന്‍സ് ആനുകൂല്യം ഉള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായിരുന്നു. കാസ്പ് പദ്ധതിയില്‍നിന്നുള്ള ആനുകൂല്യം നിര്‍ത്തലാക്കിയതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന മരുന്നിന് വലിയവില നല്‍കേണ്ട അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരുലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്.

കാസ്പിന്റെ പാക്കേജില്‍ ഇല്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണംചെയ്യുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ (കെ.എം.എസ്.സി.എല്‍.) വിതരണ പട്ടികയിലുള്ളതാണെങ്കില്‍ അണ്‍സ്‌പെസിഫൈഡ് വിഭാഗത്തില്‍പ്പെടുത്തി ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാം. എന്നാല്‍ കെ.എം.എസ്.സി.എലിന്റെ പട്ടികയില്‍നിന്ന് റേഡിയോആക്ടീവ് അയഡിന്‍ തെറാപ്പി മരുന്നടക്കമുള്ളത് ഒഴിവാക്കുന്നതിനാല്‍ ആനുകൂല്യം നല്‍കാന്‍ സാധിക്കില്ലെന്ന് കാസ്പ് അധികൃതര്‍ പറയുന്നു.

എന്നാല്‍ കാസ്പിന്റെ ലിസ്റ്റിലുള്ള അപൂര്‍വ, അവശ്യ മരുന്നാണെങ്കില്‍ സമര്‍പ്പിക്കുന്ന അപേക്ഷക്കനുസരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ് രീതി. കെ.എം.എസ്.സി.എലിന്റെ പക്കല്‍ ഇല്ലാത്ത മരുന്നിന് നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് (എന്‍.എ.സി.) നല്‍കുന്നതോടെ കാസ്പിന് നിയമാനുസൃതമായി മരുന്ന് പുറത്തുനിന്ന് വാങ്ങി രോഗികള്‍ക്ക് നല്‍കാവുന്നതാണെന്ന് കെ.എം.എസ്.സി.എല്‍. അധികൃതര്‍ വെളിപ്പെടുത്തി.

വിതരണം നിര്‍ത്തിയതായി അറിയിച്ചത് രണ്ടാഴ്ച മുമ്പ്

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോആക്ടീവ് അയഡിന്‍ തെറാപ്പിക്കുള്ള മരുന്ന് മുംബൈ ബാബാ അറ്റോമിക് സെന്ററില്‍ നിന്നാണെത്തുന്നത്. രണ്ടാഴ്ച മുമ്പ് കാസ്പില്‍നിന്നുള്ള ഇ-മെയില്‍ സന്ദേശത്തിലാണ് ഇന്‍ഷുറസ് ആനുകൂല്യം നിര്‍ത്തിവെച്ചതായി വിവരം ലഭിച്ചത്. മരുന്നിനായി 700-ഓളം രോഗികള്‍ കാത്തിരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content highlights: insurance benefit stopped for thyroid cancer medication