പുരുഷനില്‍ വൃഷണങ്ങള്‍ വയറിന്റെ അകത്താണ് രൂപംകൊള്ളുന്നത്. പിന്നീടാണ് അവ താഴോട്ടിറങ്ങി വൃഷണസഞ്ചികളില്‍ സ്ഥലംപിടിക്കുന്നത്. വൃഷണങ്ങളുടെ ഈ താഴോട്ടുള്ള ഗതിയില്‍, ചിലപ്പോള്‍ വഴികളില്‍ ചില വിള്ളലുകള്‍ അവശേഷിക്കും. അതേമാതിരി ചിലപ്പോള്‍ പൊക്കിളിലുള്ള മാംസപേശികളിലും വിള്ളലുകളുണ്ടാകും. ഇവയില്‍ കൂടിയാണ് പില്‍ക്കാലത്ത് ഹെര്‍ണിയ ഉണ്ടാകുന്നത്.

ഭാരമായ ജോലികളെടുക്കുന്നത്, വിശിഷ്യ വയറിന്റെ അകത്തെ മര്‍ദം വര്‍ധിക്കുന്നത് ഹെര്‍ണിയ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. അതേമാതിരി വയറിലെ മര്‍ദം വര്‍ധിക്കുന്ന പ്രവണതകള്‍ (ഉദാ: ചുമ, മലബന്ധം) ഈ അവസ്ഥാവിശേഷത്തിന് കാരണമാവും. ഗര്‍ഭധാരണം, വയറിലുണ്ടാകുന്ന ട്യൂമറുകള്‍, തടിച്ച വ്യക്തികളുടെ പെട്ടെന്നുള്ള മെലിച്ചില്‍ എന്നിവയെല്ലാം ഈ രോഗത്തിനു കാരണമായിത്തീരാറുണ്ട്.


ഹെര്‍ണിയയുടെ ഭാഗങ്ങള്‍


ആദ്യം അവയവങ്ങളുടെ പുറമെയുള്ള ആവരണങ്ങളാണ് ഹെര്‍ണിയയിലൂടെ പുറത്ത് കാണപ്പെടുന്നത്. പില്‍ക്കാലത്ത് കുടലിന്റെ വിവിധ ഭാഗങ്ങളും വയറിലെ മറ്റവയവങ്ങളും ഹെര്‍ണിയയുടെ ഭാഗമായിത്തീരും. പെരിട്ടോണിയം, കുടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവയ്ക്ക് പുറമെ മൂത്രസഞ്ചിവരെ ഹെര്‍ണിയയിലൂടെ പുറത്തുവരാനുള്ള സാധ്യതകളുണ്ട്.


ഇന്‍ഗ്വയനല്‍ ഹെര്‍ണിയ


ഇതില്‍ ഇന്‍ഗ്വയനല്‍ ദ്വാരത്തിലൂടെയാണ് ഹെര്‍ണിയ പുറത്തുകടക്കുന്നത്. ജന്മനായുള്ള വൈകല്യങ്ങള്‍ മൂലമോ പില്‍ക്കാലത്തുണ്ടാകുന്ന കാരണങ്ങള്‍ മൂലമോ ഇത് കാണാവുന്നതാണ്. ഇവ ചെറിയ കുട്ടികളിലും ധാരാളമായി കാണുന്നുണ്ട്.
കുടലിന്റെ വിവിധ ഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധ്യതയുള്ള ഈ രോഗം സ്ഥായിയായിത്തീരുന്നതോടുകൂടി ഹെര്‍ണിയ വൃഷണസഞ്ചിയിലോ ലോബിലയിലോ സ്ഥിരപ്രതിഷ്ഠിതമായിത്തീരും.


ഫെമറല്‍ ഹെര്‍ണിയ


ഉടലിന്റെ ഭാഗങ്ങള്‍ ഇന്‍ഗ്വയനല്‍ ദ്വാരത്തില്‍ക്കൂടി പുറത്തുകടക്കുന്നതിനു പകരം, നേരിട്ട് തുടയുടെ മുകള്‍ഭാഗത്തായി ഫെമറല്‍ ദ്വാരത്തിലൂടെ പുറത്തുകടക്കുന്നതാണ് ഫെമറല്‍ ഹെര്‍ണിയ.
ഹെര്‍ണിയയെ പലപ്പോഴും മറ്റുപല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുഴകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഹൈഡ്രോസില്‍, ലസികാ ഗ്രന്ഥികളുടെ വീക്കം, മറ്റു വീക്കങ്ങള്‍ എന്നിവയെ ഹെര്‍ണിയയായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.


അംബിലിക്കല്‍ ഹെര്‍ണിയ


ഇത് സാധാരണ സ്ത്രീകളിലാണ് കണ്ടുവരാറുള്ളത്. പൊക്കിളിന്റെ നാലുഭാഗത്തുമുള്ള പേശിയുടെ ശക്തിക്കുറവും അപാകവുമാണ് പലപ്പോഴും കാരണമാകാറുള്ളത്. വയറിന്റെ ഒത്തനടുവിലുള്ള ഒരു മുഴയായിട്ടാണ് ഇത് സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്.


ചികിത്സ


ഏസ്‌കുലസ് ഹിപ് 30: ഇത് ഇന്‍ഗ്വയനല്‍ ഹെര്‍ണിയയ്ക്ക് പ്രത്യേകം ഗുണം കിട്ടുന്നതാണ്. കുട്ടികളില്‍ കാണുന്ന ഹെര്‍ണിയയ്ക്ക് ഓറം മെറ്റ് 30, ലൈകോപോഡിയം 200 എന്നിവ പ്രത്യേക ഫലം കാണുന്നുണ്ട്.

കെയ്ല്‍ കാര്‍ബ് 200: തടിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് ഇത് രണ്ടുനേരം വീതം ഏതാനും മാസങ്ങള്‍ കഴിച്ചാല്‍ ഗുണം കിട്ടും.

ലൈകോപോഡിയം 200 ഐ.എം: വലതുവശത്തുണ്ടാകുന്ന ഹെര്‍ണിയയ്ക്ക് പ്രത്യേക ഗുണം കിട്ടുന്നതാണ്.

നുക്‌സ്‌വോമികാ 200 ഐ.എം: ഇത് ഇടതുവശത്തുണ്ടാകുന്ന ഹെര്‍ണിയയ്ക്ക് കൂടുതല്‍ ഗുണകരമാണ്.

കോക്കുലസ് ഇന്‍ഡ് 30: ഇത് ഹെര്‍ണിയ ചികിത്സയില്‍ പ്രധാനപ്പെട്ടതാണ്.
ഇന്‍ഗ്വിനല്‍ ഗ്രന്ഥിക്ക് നീര്‍ക്കെട്ടും വേദനയും അനുഭവപ്പെട്ടാല്‍ സിലിക 200 കൊടുത്ത് സുഖപ്പെടുത്താവുന്നതാണ്. കൂടാതെ പ്ലാംബം, ലച്ചസിസ്, മഗ്കാര്‍ബ്, പെട്രോളിയം, ഫൊര്‍ഫൊറാസ്, സള്‍ഫര്‍, സിങ്കംമെറ്റ്, വേറാറ്റ് എയ്ബ് തുടങ്ങിയ ഔഷധങ്ങളും ലക്ഷണാനുസരണം ഉപയോഗിക്കാവുന്നതാണ്. നവജാത ശിശുക്കള്‍ മുതല്‍ 40 വയസ്സുവരെയുള്ളവരില്‍ ഏതാനും മാസം തുടര്‍ച്ചയായി ഹോമിയോ ചികിത്സ നടത്തിയാല്‍ രോഗം സുഖപ്പെടുന്നതായി കാണുന്നുണ്ട്. പ്രായംചെന്നവരില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഗുണം കിട്ടാം. പക്ഷേ, ഓപ്പറേഷന്‍ തന്നെയായിരിക്കും കൂടുതല്‍ നല്ലത്.


ഡോ. ഫിലിപ്പ് പൗലോസ്


കുണ്ടുകാട്, തൃശ്ശൂര്‍