hairതല ചീകുന്ന സന്ദര്‍ഭത്തില്‍ കൊഴിയുന്ന ഏതാനും മുടി പോലും വലിയ നഷ്ടമായി കരുതുന്നവരുമുണ്ട്. ഇത് മനപ്രയാസമുണ്ടാക്കുന്നു. മുടികൊഴിച്ചിലിന് പ്രതിവിധി തേടി 'പരസ്യച്ചതി'യില്‍ കുടുങ്ങി തല വ്യാജമരുന്നുകളില്‍ ചുട്ടെടുക്കുന്ന അനവധി പേരെ സമൂഹത്തില്‍ കാണാം.
ത്വക്കിനടിയില്‍ സ്ഥിതിചെയ്യുന്ന വിവിധ കോശങ്ങളെയും ഹോര്‍മോണ്‍ ഗ്രന്ഥികളെയും മറികടന്ന് മുളച്ച് അഴകില്‍ വളര്‍ന്നു നില്‍ക്കുന്നവയാണ് മുടി.

ആരോഗ്യസംബന്ധമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്കൊപ്പം കാണുന്ന ലക്ഷണങ്ങളാണ് മുടിഊരല്‍, അകാലനര, താരന്‍ എന്നിവ. ദീര്‍ഘനാള്‍ നിലനിന്നിരുന്ന ജ്വരം, അതിസങ്കീര്‍ണമായ ശസ്ത്രക്രിയ, മാനസിക സമ്മര്‍ദ്ദം എന്നിവ മുടിയുടെ നിലനില്‍പ്, ഭംഗി, വളര്‍ച്ച തുടങ്ങിയവയെ സ്വാധീനിക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, രക്തക്കുറവ്, ത്വഗ്രോഗങ്ങള്‍, കാന്‍സര്‍, കാന്‍സര്‍ ചികിത്സകള്‍, ചിലതരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയവയും മുടിവളര്‍ച്ചയെ തടസ്സപ്പെടുത്തും.

താരന്‍ എന്ന ഫംഗസ് രോഗമാണ് സാധാരണവും വ്യാപകവുമായി മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നത്. എണ്ണമയമുള്ള ധൂളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് താരന്‍. ഇത് ശിരോചര്‍മത്തിന് വായുസഞ്ചാരവും രക്തപ്രവാഹവും അന്യമാക്കി രോമകൂപങ്ങള്‍ അടയ്ക്കുകയും കിളിര്‍ക്കുന്ന മുടിക്ക് നിലനില്‍പ്പില്ലാതാക്കുകയും ചെയ്യുന്നു. ചിലരില്‍ നാണയത്തിന്റെ വട്ടത്തില്‍ പലഭാഗങ്ങളില്‍ മുടി ഇളകിവീഴുന്നത് താരന്‍ പിടികൂടുന്നതു മൂലമാണ്. ഇത് പാരമ്പര്യമില്ലാതെ തന്നെ കഷണ്ടിയിലേക്ക് നയിക്കാറുണ്ട്.

കുട്ടികളില്‍ ഇതിനോടു സമാനമായ മുടികൊഴിച്ചില്‍ കാണുന്നു. തലയില്‍ കാണുന്ന ഒരുതരം വട്ടച്ചൊറിയാണ് ഇതിന്റെ കാരണം. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ കഴിയുന്നവര്‍ തലമുടി വലിച്ചും പറിച്ചും ഇരിക്കുന്നത് കാണാം. മാനസിക സംഘര്‍ഷത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഈ സ്വഭാവം കൂടുതലായി കാണുന്നു. തലച്ചോറിന്റെ രാസഘടനയിലെ അസന്തുലിതമായ അവസ്ഥ (ീയലെശൈ്‌ല രീാുൗഹശെ്‌ല റശീെൃറലൃ) എന്ന നിലയിലാണ് ഇത് ശ്രദ്ധേയമാകുന്നത്.

മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട സുഖക്കേടുകള്‍ക്ക് 50ല്‍പരം ഔഷധങ്ങള്‍ ഹോമിയോപ്പതി ശുപാര്‍ശ ചെയ്യുന്നു. വ്യക്തിഹിത സവിശേഷതകള്‍ കൂടി നിരീക്ഷിച്ചാണ് ഔഷധ നിര്‍ണയം. ഉദാഹരണമായി വിവിധ തരത്തിലുള്ള മുടികൊഴിച്ചില്‍ പ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു മരുന്നിന്റെ സവിശേഷ ലക്ഷണ സംഗ്രഹം താഴെ ചേര്‍ക്കുന്നു. ഹോമിയോപ്പതിയില്‍ മരുന്നുകളുടെ ലക്ഷണവും രോഗി കാട്ടുന്ന ലക്ഷണങ്ങളും ഒന്നാണെന്നോര്‍ക്കുക.

സെപ്പിയ (sepia):

കരള്‍സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന മുടികൊഴിച്ചില്‍, താരന്‍, മുഖക്കുരു എന്നിവയ്ക്കാണ് ഈ മരുന്ന് ഫലപ്രദമാവുക. ഈര്‍പ്പം തട്ടുന്നതോടെ തല ചൊറിഞ്ഞ് മുടി ഊരിപ്പോവുക, മുഖത്ത് ഭാഗികമായും നെറ്റി പൂര്‍ണമായും കുരുക്കള്‍ വരിക, തണുപ്പ് അസഹ്യമായി തോന്നുക, ദാഹക്കുറവ്, ഏകാഗ്രത നഷ്ടപ്പെടുക, അകാരണ ഭയം, ഉല്‍ക്കണ്ഠ, സങ്കടം എന്നിവയാണ് ഈ മരുന്നിന്റെ മറ്റു പ്രത്യേകതകള്‍. ഇത്തരം ലക്ഷണം കാട്ടുന്ന രോഗിയിലാണ് ഈ മരുന്ന് ഫലപ്രദമാവുക.

ഫോസ്ഫറസ് (phosphorus):

ഹൃദ്യമായ പെരുമാറ്റമുള്ള, മെലിഞ്ഞ് ഉയരവും സൗന്ദര്യവുമുള്ള 'നെര്‍വസ്' വിഭാഗക്കാരിലാണ് ഈ മരുന്ന് ഫലപ്രദം. ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം തലയില്‍ താരന്‍ നിറഞ്ഞ് അകാലനരയും മുടികൊഴിച്ചിലും മുഖം നിറയെ കുരുക്കള്‍ പടരുകയും ചെയ്യുന്ന അവസ്ഥയില്‍ ഫോസ്ഫറസ് ഉപയോഗിക്കാം. ക്ഷീണം, ലൈംഗികത, ഉപ്പ്, മധുരപദാര്‍ഥങ്ങള്‍ എന്നിവ അമിതമാകുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഫോസ്ഫറസ് ഉപയോഗിക്കാവുന്ന ലക്ഷണങ്ങളില്‍ പെടുന്നു.

മറ്റു മരുന്നുകള്‍ ഓരോന്നും സവിശേഷ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഹോമിയോപ്പതിയില്‍ വൈദഗ്ധ്യം നേടിയവരുടെ സഹായത്തോടെ വേണം ഔഷധനിര്‍ണയവും ചികിത്സയും.