മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായതും സങ്കീര്‍ണമായ പ്രവര്‍ത്തന പദ്ധതിയുള്ളതുമായ ഒരു ജോഡി അവയവങ്ങളാണ് വൃക്കകള്‍. പല രോഗങ്ങളും വൃക്കകളുടെ പ്രവര്‍ത്തന തകരാറിന് ഇടയാക്കും.


രോഗ കാരണങ്ങള്‍


ഉയര്‍ന്ന രക്തസമ്മര്‍ദം: മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദനില കൃത്യമായി പരിരക്ഷിക്കുന്ന ചുമതല വൃക്കകള്‍ക്കാണ്. 35 വയസ്സിനു മുകളിലുള്ള 5-10 ശതമാനം രക്തസമ്മര്‍ദരോഗികള്‍ വൃക്കത്തകരാറുള്ളവരാണ്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം രക്തധമനികളെ തകരാറിലാക്കുന്നു. ഇത് വൃക്കകളെയും ബാധിക്കും.

പ്രമേഹം: പ്രമേഹം വൃക്കയുടെ ശേഷി കുറയ്ക്കും. ഉയര്‍ന്ന തോതില്‍ ഗ്ലൂക്കോസ് വൃക്കകള്‍ക്ക് കൂടുതല്‍ ജോലിഭാരമുണ്ടാക്കുന്നു. ഈ അധികജോലി ശുദ്ധീകരണശേഷി കുറയ്ക്കുന്നു. ഇത് വൃക്കയെ തളര്‍ത്തുന്നു.

അണുബാധ: അക്യൂട്ട് യൂറിനറി ട്രാക്റ്റ് അണുബാധകള്‍, ഹിമച്ച്യൂറിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ അസുഖങ്ങള്‍ വൃക്കരോഗമുണ്ടാക്കും. വൃക്കകളിലെ അണുബാധ ഏറെക്കാലം തുടരുന്നത് വൃക്കയുടെ ഘടനയ്ക്ക് ദോഷം ചെയ്യും. ഇത് വൃക്കയുടെ ശുദ്ധീകരണശേഷി കുറയ്ക്കുന്നു.

വൃക്കയിലെ കല്ല്: മിക്ക അവസരങ്ങളിലും കല്ലുണ്ടാകുന്നത് വെള്ളത്തിന്റെ കുറവുകൊണ്ടാണ്. കാത്സ്യം ലവണങ്ങളായ ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയവ അടങ്ങിയ കല്ലുകളാണ് വ്യാപകം. യൂറിക് അത്തില്‍നിന്നുണ്ടാകുന്ന കല്ലുകളും വ്യാപകമാണ്.
വയറിന്റെ ഒരു വശത്ത് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കാലുകളിലേക്ക് ഇറങ്ങുന്ന തീവ്രമായ വേദന, മൂത്രത്തില്‍ രക്തം, മൂത്രതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. കല്ലുകള്‍ കാരണമുണ്ടാകുന്ന മൂത്രതടസ്സം നെഫ്രോണുകളുടെ അരിക്കുന്ന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതെതുടര്‍ന്ന് വൃക്കകള്‍ തകരാറിലാകുന്നു.

മരുന്നുകള്‍: വൃക്കരോഗമുണ്ടാക്കുന്ന നിരവധി മരുന്നുകളുണ്ട്. വേദനസംഹാരികള്‍, ആന്‍റി ബയോട്ടിക്കുകള്‍ തുടങ്ങിയവ.


ഹോമിയോ മരുന്നുകള്‍


വൃക്കസംബന്ധമായ രോഗലക്ഷണങ്ങള്‍ക്കും ഉപലക്ഷണങ്ങള്‍ക്കും അനുസൃതമായി 200-ഓളം മരുന്നുകള്‍ സിന്തസിസ് പൈറട്ടറിയില്‍ പ്രതിപാദിക്കുന്നുണ്ട്. വൃക്കരോഗങ്ങള്‍ക്ക് പ്രധാനമായും ആറ് ഔഷധങ്ങളാണ് ഹോമിയോയില്‍ ഉപയോഗിക്കുന്നത്.


എപ്പിസ് മലിഫിക്ക


തലച്ചോറ്, ഹൃദയം, വൃക്കകള്‍, തൊലി എന്നിവയിലാണ് ഈ ഔഷധം പ്രവര്‍ത്തിക്കുന്നത്. പെട്ടെന്നുള്ള വൃക്കപരാജയത്തിനു കാരണമാകുന്ന വിഷബാധകളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.

ദേഹമാകെയുള്ള നീര്, കണ്ണിനു താഴെ മാത്രമുള്ള നീര്, കുത്തുന്ന വേദന, തൊടാന്‍ പോലും പറ്റാത്ത പുകച്ചില്‍, ദാഹമില്ലായ്മ, വിയര്‍പ്പ്, ചൂട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, മൂത്രതടസ്സം, വേദന, ചൊറിച്ചില്‍, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങളുള്ളവരില്‍ ഇതു ഫലപ്രദമാണ്.


കാന്‍താരിസ്


മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ഔഷധമാണിത്. മൂത്രാശയം, മൂത്രനാളി, മൂത്രദ്വാരം, ചര്‍മ്മം, ശ്വാസകോശം, ദഹനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം രോഗികളില്‍ രോഗലക്ഷണങ്ങള്‍ കാണുന്നു. അണുബാധകളിലാണ് ഈ ഔഷധം കൂടുതല്‍ ഫലപ്രദം.
മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചില്‍, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍, തൃപ്തിയില്ലായ്മ, മൂത്രം ഉറ്റിപ്പോവുക, മുറിയുന്നതുപോലെയുള്ള പുകച്ചില്‍, വേദന, രക്തസ്രാവം (ജനനേന്ദ്രിയങ്ങളിലോ മൂത്രാശയത്തിലോ), വിശപ്പും ദാഹവുമില്ലായ്മ, മൂത്രത്തില്‍ രക്തം, പഴുപ്പ്, തുള്ളിതുള്ളിയായുള്ള കൊഴുത്ത മൂത്രം, പഴകിയ ലൈംഗിക രോഗങ്ങള്‍ തുടങ്ങിയ രോഗലക്ഷണങ്ങളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.


ബെറിബറിസ് വള്‍ഗാരിസ്


ബെറിബറിസ് വള്‍ഗാരിസ് എന്ന ഔഷധത്തിന്റെ പ്രവര്‍ത്തനം വൃക്ക, ബ്ലാഡര്‍, കരള്‍, പിത്താശയം എന്നിവിടങ്ങളിലാണ്. വൃക്കയിലെ കല്ലുകള്‍ക്ക് ഫലപ്രദമാണ്. ഇടതു ഭാഗത്തുള്ള വൃക്കയിലാണ് ഈ ഔഷധം കൂടുതലായി പ്രവര്‍ത്തിക്കുന്നത്.
ഇടതു വൃക്കയിലുണ്ടാകുന്ന കല്ലു കാരണമുണ്ടാകുന്ന പുറംവേദന, തരിപ്പ്, കട്ടി, കിടക്കാന്‍ പറ്റാത്ത അവസ്ഥ, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, പച്ചനിറത്തിലും പഴുപ്പു നിറഞ്ഞതുമായ മൂത്രം, മൂത്രം പോകാത്ത അവസ്ഥ, വേദന, മഞ്ഞപ്പിത്തത്തോടു കൂടിയുണ്ടാകുന്ന വൃക്കരോഗങ്ങള്‍. കരള്‍ഭാഗത്തുള്ള വേദന, പിത്താശയത്തിലെ കല്ല് എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലാണ് ഈ ഔഷധം വ്യാപകമായി ഉപയോഗിക്കുന്നത്.


ലൈക്കോപോഡിയം


വലതുവശത്തുള്ള വൃക്ക, മൂത്രനാളി, ജനനേന്ദ്രിയങ്ങള്‍, ദഹനാവയവങ്ങള്‍ എന്നിവിടങ്ങളാണ് ഇതിന്റെ പ്രവര്‍ത്തനമേഖല.
പഴകിയ വൃക്കരോഗങ്ങള്‍, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വൃക്കരോഗങ്ങള്‍ (നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ്ട്രബിള്‍, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം തുടങ്ങിയവയുള്ള വൃക്കരോഗികള്‍), മൂത്രത്തില്‍ ചുവന്ന മണലുപോലുള്ള കല്ലുകള്‍, വലതുഭാഗത്ത് കൂടുതലായനുഭവപ്പെടുന്ന റീനല്‍ കോളിക്, ചുവന്നുകൊഴുത്ത മൂത്രം, മൂത്രം പോകുമ്പോഴുള്ള അതിശക്തമായ പുറംവേദന, പ്രോസ്റ്റേറ്റ് വീക്കം, ജനനേന്ദ്രിയങ്ങളിലെ തകരാറുകള്‍ എന്നിവയുള്ള വരില്‍ ഈ ഔഷധം ഉപയോഗിക്കുന്നു.


സരസപ്പാരില്ല


വൃക്കകള്‍, മൂത്രനാളി, ബ്ലാഡര്‍, ജനനേന്ദ്രിയങ്ങള്‍, മലാശയം, എല്ലുകള്‍ എന്നിവിടങ്ങളിലാണ് ഈ ഔഷധത്തിന്റെ പ്രവര്‍ത്തന മേഖല. അണുബാധകള്‍, കല്ലുകള്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന വൃക്കത്തകരാറിന്റെ പൊതുലക്ഷണങ്ങള്‍ ഈ രോഗികളില്‍ കാണപ്പെടുന്നു. കല്ലുകള്‍ കാരണമുണ്ടാകുന്ന അതിശക്തമായ വേദന, വലതുകാലുകളിലേക്കിറങ്ങുന്ന തീവ്രമായ വേദന, നിന്നാലുമിരുന്നാലും മൂത്രം പോകാത്ത അവസ്ഥ, തുള്ളിയായി പോവുക, വെളുത്ത മണലുപോലുള്ള കല്ലുകള്‍ മൂത്രത്തിലൂടെ പോവുക, ചൊറിച്ചില്‍, പൊട്ടലുകള്‍, ചുളിവ്, പഴുപ്പ്, വരണ്ട തൊലി എന്നിങ്ങനെയുള്ള രോഗികളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.


തൂജ


പഴകിയ വൃക്കരോഗങ്ങളില്‍ തൂജ ഉപയോഗിക്കുന്നു. ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗികരോഗങ്ങള്‍ അടിസ്ഥാനകാരണമായുള്ള രോഗങ്ങളില്‍ ബ്ലാഡറിനെയും മൂത്രനാളികളെയും വൃക്കകളെയും രോഗവിമുക്തമാക്കാന്‍ ഈ ഔഷധം ഉപയോഗിക്കുന്നു.


പ്രതിരോധ മാര്‍ഗങ്ങള്‍


പ്രമേഹരോഗവും രക്തസമ്മര്‍ദവും കര്‍ശനമായി നിയന്ത്രിക്കുക. അനുബന്ധമായ വൃക്കരോഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ സാധിക്കും.
വൃക്കയിലെ കല്ലുകള്‍ നേരത്തെ കണ്ടെത്തി നീക്കം ചെയ്യുക. കല്ലുകള്‍ പൊടിച്ചുകളയുകയോ സങ്കീര്‍ണമായ ശസ്ത്രക്രിയയോ വേണ്ടതില്ല. വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതി. കാന്‍താരിസ്, സരസപ്പാരില്ല,ലൈക്കോപോഡിയം തുടങ്ങിയവയില്‍ രോഗിക്ക് ചേരുന്നത് തിരഞ്ഞെടുത്താല്‍ മതി.

വേദന സംഹാരികളും ആന്‍റിബയോട്ടിക്കുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
പ്രോട്ടീന്‍ കൂടുതലായുള്ള മത്സ്യമാംസാദികള്‍, മുട്ട, കൃത്രിമ ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. സസ്യഭക്ഷണം മാത്രം ശീലമാക്കുക. മദ്യപാനവും പുകവലിയും നിര്‍ത്തുക. ശരിയായ ഭക്ഷണക്രമം പാലിക്കുക.

ജന്മനാലുണ്ടാകുന്ന വൃക്കത്തകരാറുകള്‍ 10 ശതമാനം കുട്ടികളില്‍ കാണപ്പെടുന്നു. കിഡ്‌നിയില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്ന പോളിസിസ്റ്റിക് ഇതിലൊന്നാണ്. ഇവ വളര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു. പാരമ്പര്യമായോ മൂത്ത കുട്ടികള്‍ക്കോ ഈ രോഗം വന്നിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ ശാരീരിക മാനസിക പ്രത്യേകതകള്‍ അപഗ്രഥിച്ച് സിഫിലിനം (ട്യുവ), (തൂജ), (കാര്‍സിനോസിനം), (സോറിനം) എന്നീ ഹോമിയോ മരുന്നുകള്‍ നല്‍കിയാല്‍ ജനിതക വൈകല്യങ്ങള്‍ ഒഴിവാക്കാം എന്ന് അനുമാനിക്കപ്പെടുന്നു.

പ്രോസ്റ്റേറ്റ്ഗ്രന്ഥി വലുതായി മൂത്രതടസ്സമുണ്ടാകുന്നത് വൃക്കരോഗങ്ങളുണ്ടാക്കുന്നുണ്ട്. കുട്ടികളിലും വൃദ്ധന്മാരിലും ഇത് കണ്ടുവരുന്നു. (കാല്‍ക്കേരിയ കാര്‍മ്പ്), (കോണിയം), (ഡിജിറ്റാലിസ്), (പള്‍സാറ്റില) എന്നീ മരുന്നുകള്‍ ഈ അസുഖത്തെ ഫലപ്രദമായി തടയുന്നു.


ഡോ. എം.ഒ. മിനി


'മിന്‍സി', മയ്യില്‍, കണ്ണൂര്‍