തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 161 പുരുഷന്മാരും 165 വനിതകളും ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്. പ്രതിവര്‍ഷം അരലക്ഷത്തിലധികം പേര്‍ക്ക് പുതുതായി ക്യാന്‍സര്‍ ബാധ കണ്ടെത്തുന്നു. ഇരുപതിനായിരത്തിലേറെ പേര്‍ ക്യാന്‍സര്‍ ബാധ മൂലം മരണപ്പെടുന്നു. 

ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ കണക്കുകള്‍ എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി തന്നെയാണ് അര്‍ബുദമെന്ന വ്യാധി ഇത്രയും സങ്കീര്‍ണമാക്കാന്‍ കാരണന്നൊണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 

അതേസമയം രോഗനിര്‍ണയവും ചികിത്സയും വൈകുന്നതാണ് ക്യാന്‍സര്‍ മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം. പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. ഇതിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

ഒറ്റയ്ക്കും കൂട്ടമായും ബോധവത്കരണത്തിലൂടേയും സമയബന്ധിതമായ ചികിത്സയിലൂടേയും അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഈ ക്യാന്‍സര്‍ ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം.