തിരുവനന്തപുരം : പാരമ്പര്യ വൈദ്യ മേഖലയിലെ വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്താനും, ചികിത്സാ രംഗത്തെ ഇവയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേരളത്തിലെ പ്രഥമ വൈദ്യ മഹാസഭക്ക് തിരുവനന്തപുരത്ത് തുടക്കമായി.  

പൗരാണികവും ആധുനികവുമായ ആരോഗ്യ സംരക്ഷണ ചികിത്സാ മാര്‍ഗ്ഗങ്ങളുടെ ശാസ്ത്രീയതയും സാധ്യതകളും സമകാലിക പ്രസക്തിയും കണ്ടെത്താനായി നടത്തുന്ന വൈദ്യ മഹാസഭ മഹാസമ്മേളനം ഡിസംബര്‍ 7 മുതല്‍ 14 വരെ തിരുവനന്തപുരം പെരുന്താന്നിയിലുള്ള മിത്രനികേതന്‍ സിറ്റി സെന്ററില്‍ നടക്കും.

അഷ്ടദിന പഠനശിബിരം, സംസ്ഥാനതല ശില്പശാല, അപൂര്‍വ്വ ഔഷധസസ്യങ്ങള്‍, കറി ഇലകള്‍, എന്നിവയുടെ പ്രദര്‍ശനം, പ്രമുഖ നാട്ടുവൈദ്യന്മാരും ആദിവാസി, ഒറ്റമൂലി ചികിത്സകരും സമഗ്രചികിത്സാ വിദഗ്ധരും പങ്കെടുക്കുന്ന മെഗാ ചികിത്സാ ക്യാമ്പുകള്‍, വൈദ്യ ശ്രേഷ്ഠരെ ആദരിക്കല്‍, വിവാദ വിഷയങ്ങളില്‍ സംവാദം, പാരമ്പര്യ നാട്ടുവൈദ്യ സംഗമം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. 

അഷ്ടദിന പഠനശിബിരവും പാരമ്പര്യ വൈദ്യം - ഇന്നലെ, ഇന്ന്, നാളെ സംസ്ഥാനതല സെമിനാറും  കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.  വടകര സമുദ്ര ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം ആസ്ഥാന ഗുരുനാഥന്‍ കെ. ഗോപാലന്‍ വൈദ്യര്‍, യോഗാചാര്യ വൈദ്യ കേസരി കരിങ്ങന്നൂര്‍ കെ. പ്രഭാകരന്‍ വൈദ്യര്‍, അന്നമ്മ ദേവസ്യ (ചെടിയമ്മ) കോഴിക്കോട്, സ്വാമി നിര്‍മ്മലാനന്ദഗിരി പഠനകേന്ദ്രം ചീഫ് കോ ഓര്‍ഡിനേറ്റര്‍ അമ്പലമേട് കെ. രവീന്ദ്രനാഥന്‍, കാസര്‍ഗോഡ് പി.റ്റി. ലക്ഷ്മണന്‍ വൈദ്യര്‍, മടിക്കൈ കുമാരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.

വൈകിട്ട് 6ന് നടക്കുന്ന സംവാദത്തില്‍ ഡോ: ജേക്കബ് വടക്കഞ്ചേരി  പ്രമേഹവും രക്തസമ്മര്‍ദ്ദവും മാറാരോഗങ്ങളല്ല എന്ന വിഷയം അവതരിപ്പിക്കും. കൗമുദി ടി.വി.ന്യൂസ് ഹെഡ് ശങ്കര്‍ ഹിമഗിരി മോഡറേറ്ററായിരിക്കും.

ഡിസംബര്‍ 8ന് അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സംയോജിത ചികിത്സാ പരീക്ഷണ ഫലങ്ങളും നാട്ടുചികിത്സകളും സെമിനാര്‍ നടക്കും. RCC കാന്‍സര്‍ റിസര്‍ച്ച് ഡിവിഷന്‍ അസോസിയേറ്റ്‌പ്രൊഫസര്‍ ഡോ.കെ.സുജാതന്‍ മോഡറേറ്ററായിരിക്കും. പ്രമുഖ കാന്‍സര്‍ ചികിത്സകരായ ഡോ. സി.പി. മാത്യു (കോട്ടയം), ഡോ.സി.എന്‍.ടി.നമ്പൂതിരി (കിടങ്ങൂര്‍), പ്രൊഫ. എ. വിജയന്‍ (പാലക്കാട്), ജോണ്‍തോമസ് (ചേര്‍ത്തല), കെ.കെ. സുബ്രഹ്മണ്യന്‍ (വൈബ്രിയോണിക്‌സ്, കാസര്‍ഗോഡ്), നാരായണന്‍ വട്ടോളി (യൂറിന്‍ തെറാപ്പി, കോഴിക്കോട്), മഞ്ഞപ്രരാജു ജോസഫ് വൈദ്യര്‍, കെ.തങ്കച്ചന്‍ വൈദ്യര്‍ (മാലോം, കാസര്‍ഗോഡ്), ടി.പി. വാസു വൈദ്യര്‍ (പാനൂര്‍, കണ്ണൂര്‍), ഡോ. റ്റി. കെ. ബി ജോയ് (കൊട്ടിയം, കൊല്ലം), കെ.ജെ.ജോണ്‍ (ചെറിയാന്‍ ആശ്രമം, കോട്ടയം) എന്നിവര്‍ അനുഭവങ്ങള്‍  പങ്കുവയ്ക്കും. വൈകിട്ട് 6ന്  ചികിത്സ ആര്‍ക്ക് - രോഗിക്കോ? രോഗത്തിനോ? ഡോക്ടര്‍ക്കോ? മരുന്ന് കമ്പനികള്‍ക്കോ? സംവാദം നടക്കും. അജിത് വെണ്ണിയൂര്‍ മോഡറേറ്ററായിരിക്കും. ജനാരോഗ്യ പ്രസ്ഥാനം ജനറല്‍ സെക്രട്ടറി കെ.വി.സുഗതന്‍ മുഖ്യപ്രഭാഷണം നടത്തും.

 തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ശാസ്ത്ര ഗവേഷണ സ്ഥാപന മേധാവികള്‍, ശാസ്ത്രജ്ഞര്‍, വിവിധചികിത്സാ വിഭാഗം പ്രതിനിധികള്‍, പാരമ്പര്യ-നാട്ടുവൈദ്യ ചികിത്സാരംഗത്തെ പ്രമുഖര്‍, നാട്ടറിവ് വിദഗ്ധര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, പത്രമാധ്യമ സംഘടനാ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എക്‌സിബിഷന്‍,  ചികിത്സാ ക്യാമ്പ്, സംവാദം എന്നിവയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.  സെമിനാര്‍, പഠനശിബിരം, സംവാദം, ചികിത്സാ ക്യാമ്പ് എന്നിവയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി  പേരു്  രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

Content highlights: Health, Vaidya mahasabha, Treatment, Trivandrum