chandran
കോട്ടയം മെഡിക്കല്‍ കോളേജിലെ 11-ാം
വാര്‍ഡിലുള്ള
അജ്ഞാതരോഗികളിലൊരാള്‍.
ചിത്രം: ജി ശിവപ്രസാദ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അജ്ഞാതരും അനാഥരുമായ രോഗികളുടെ എണ്ണം കൂടുന്നു. 2017 നവംബറില്‍മാത്രം ഇത്തരം 61 രോഗികളെ ചികിത്സിച്ചു. അപകടത്തില്‍പ്പെട്ടു ബോധരഹിതരായ അവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. കൂടെവന്നവര്‍ രോഗിയെ ഉപേക്ഷിച്ച് പോകുന്നു. ഇവര്‍ പിന്നീട് ആശുപത്രിജീവനക്കാരുടെ ദയകൊണ്ടു മാത്രമാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

മരിച്ചാല്‍ ദേഹം, രണ്ടാഴ്ച മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ഏതെങ്കിലും പത്രത്തില്‍ വാര്‍ത്ത നല്‍കും. നിശ്ചിതദിവസം കഴിഞ്ഞും ആരും വന്നില്ലെങ്കില്‍ കോട്ടയം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കും. 2016ല്‍ ഇങ്ങനെ 41 പേര്‍ അജ്ഞാതരായി മരിച്ചു.

നോ ബൈസ്റ്റാന്‍ഡര്‍, അണ്‍നോണ്‍ രജിസ്റ്ററില്‍ ഇവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. കൊണ്ടുവന്നവര്‍ നല്‍കുന്ന പേരും വിലാസവും മറ്റുമാണ് ഇതിലുണ്ടാകുക. എന്നാല്‍, ഇതു തെറ്റായിരിക്കും. പലപ്പോഴും, റോഡപകടത്തില്‍പ്പെട്ടവര്‍ എന്നനിലയിലാണ് ഇവരിലേറെപ്പേരെയും എത്തിക്കുന്നത്. ചിലര്‍ അബോധാവസ്ഥയിലുമായിരിക്കും.

ബോധംവീണാലും പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുപോലും ആരുടെയെങ്കിലും സഹായം വേണം. ആശുപത്രിജീവനക്കാരാണ് സഹായിക്കുന്നത്. സന്നദ്ധസംഘടനകള്‍ സൗജന്യമായി നല്‍കുന്ന ഭക്ഷണം ജീവന്‍ നിലനിര്‍ത്തുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും സമാനമായ അവസ്ഥയുണ്ടെന്നു ജീവനക്കാര്‍ പറയുന്നു. രോഗികളെ ഒരു ആശുപത്രിയില്‍നിന്നു മറ്റൊരിടത്തേക്കു മാറ്റിവിടുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞദിവസം രോഗം ഭേദമായശേഷം ഇവിടെനിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു തിരിച്ചുകൊണ്ടുപോയ രോഗിയെ അവിടെനിന്നു വീണ്ടും മടക്കി കൊണ്ടുവന്നു.

ചന്ദ്രന്റെ കഥ

ചോറ്റാനിക്കര ക്ഷേത്രത്തിലെ മണ്ഡ!ലംചിറപ്പില്‍ പങ്കെടുക്കാനാണ് അറുപത്തിരണ്ടു വയസ്സുള്ള ചന്ദ്രന്‍ പോയത്. അനാഥനാണ്. അവിടെയടുത്ത് പുറമ്പോക്കിലായിരുന്നു താമസം. ക്ഷേത്രത്തില്‍നിന്ന് രാത്രി താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ റോഡില്‍ ഇരുട്ടുള്ള ഭാഗത്തുവെച്ച് കല്ലില്‍ത്തട്ടി തലയടിച്ചുവീണു. 

വാഹനം ഉരുണ്ടുപോകാതിരിക്കാന്‍ വെച്ചിട്ട്, റോഡിലുപേക്ഷിച്ച കല്ലാണ് അപകടത്തിനിടയാക്കിയത്. ബോധംപോയി. രാത്രിയില്‍ ആരൊക്കെയോചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ബോധം വന്നെങ്കിലും പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാന്‍ ആകുന്നില്ല. കഴുത്തിനു പരിക്കുള്ളതിനാല്‍ കോളറിട്ടിരിക്കുന്നു. ഉടുക്കാന്‍ മറ്റൊരു തുണിയില്ല. സന്നദ്ധസംഘടനകള്‍ ഭക്ഷണം നല്‍കുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 വാര്‍ഡിലായി ഇപ്പോള്‍ 30 പേര്‍ ചികിത്സയിലുണ്ട്.

പ്രത്യേകവാര്‍ഡ് വേണം

അനാഥരും അജ്ഞാതരുമായ രോഗികള്‍ക്കായി പ്രത്യേകവാര്‍ഡും ചികിത്സാപദ്ധതിയും വേണം. അവിടെ പോളിട്രോമാകെയര്‍ സംവിധാനവും ഏര്‍പ്പെടുത്തണംഡോ. ടി.കെ.ജയകുമാര്‍, സൂപ്രണ്ട്, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി 

കൂടുതല്‍ നഴ്‌സുമാര്‍ വേണം

ഇത്തരം രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും പ്രത്യേകം നഴ്‌സുമാരെ നിയമിക്കണം. വളരെയധികം രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത് ഏറെ പ്രയാസങ്ങള്‍ക്കിടയാക്കുന്നുബി.ശാന്തകുമാരി, കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്.