ല്ലുകളുടെ സ്വാഭാവിക നിറം വെളുപ്പാണോ...? സംശയത്തിന് വിദഗ്ദ്ധര്‍ നല്‍കുന്ന ഉത്തരം അല്ലായെന്നു തന്നെ. ഇളം മഞ്ഞനിറമാണ് പല്ലുകളുടെ യഥാര്‍ത്ഥനിറമെന്നും അവര്‍ പറയുന്നു. പല്ലുകള്‍ വെളുപ്പിക്കുന്ന സ്വഭാവം ഗുണത്തെക്കാളധികം ദോഷവുമാണ്. പുളിപ്പുണ്ടാക്കുന്നതിനു പുറമേ വീണ്ടും വീണ്ടും വെളുപ്പിക്കല്‍ വേണ്ടിവരുെമന്നതാണ് കാരണം. തലയില്‍ ഡൈ ഉപയോഗിക്കുന്നതിന് സമാനമാണിതെന്നുമാണ് വിശദീകരണം.

ഞായറാഴ്ച സമാപിച്ച ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരളഘടകത്തിന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറുകളിലാണ് വിദഗ്ദ്ധര്‍ ആശയം പങ്കുവെച്ചത്. രാത്രിയിലെ പല്ലുതേപ്പ് ഒഴിവാക്കുന്നതാണ് ദന്താരോഗ്യം ക്ഷയിക്കുന്നതിന് പ്രധാന കാരണമെന്ന് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. സന്തോഷ് ശ്രീധര്‍ അഭിപ്രായപ്പെട്ടു.

രാത്രി പല്ല് തേക്കാതിരുന്നാല്‍, പകല്‍ കഴിക്കുന്ന ഭക്ഷണശകലങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരുന്ന് ഉമിനീരിനൊപ്പം കൂടിക്കലരുന്നത് ദന്തക്ഷയം ഊര്‍ജിതമാക്കാനുള്ള സാധ്യത ഏറെയാണ്. രാത്രി പല്ല് തേക്കുന്നത് വഴി പല്ലിനും മോണയ്ക്കും ഉണ്ടാവുന്ന പലവിധം രോഗങ്ങളെയും ചെറുക്കാനാകും.

മുഖ വൈരൂപ്യം പലപ്പോഴും എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയുടെ ഭാഗമാണ്. 18 വയസ്സോടെ എല്ലുകളുടെ വളര്‍ച്ച പൂര്‍ത്തിയാകും. പല്ല് പൊങ്ങിയതിനു 12 വയസ്സിനു ശേഷം ചികിത്സയെടുക്കാം. എല്ല് പൊങ്ങിയാല്‍ ആറു വയസ്സിനും 12 വയസ്സിനും മദ്ധ്യേ ചികിത്സിക്കുന്നതാണ് അഭികാമ്യമെന്ന് ദേശീയ തുടര്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ഡോ. എം. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

കോര്‍പ്പറേറ്റ് ആശുപത്രികള്‍ ഡെന്റല്‍ കൗണ്‍സിലിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ വിധത്തില്‍ ദന്തചികിത്സാ വിഭാഗത്തെപ്പറ്റി പരസ്യങ്ങള്‍ കൊടുക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. കൂടുതല്‍ അവസരങ്ങളുണ്ടാകാത്തപക്ഷം സമീപഭാവിയില്‍ കേരളത്തില്‍ ദന്തബിരുദധാരികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയുണ്ടാകാമെന്നും ആശങ്കയുന്നയിച്ചു.

മൂന്നു ദിവസങ്ങളിലായി വിദേശ പ്രതിനിധികളുള്‍പ്പടെ മൂവായിരത്തിയഞ്ഞൂറിലേറെ ദന്തരോഗ വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി സംഘാടക സമിതി അധ്യക്ഷന്‍ ഡോ. വി.എ. അഫ്‌സല്‍, സെക്രട്ടറി ഡോ. ബാലു സോമന്‍ എന്നിവര്‍ പറഞ്ഞു.