ലണ്ടന്‍: മരണശേഷം തനിക്ക് ജീവന്‍ തിരികെ കിട്ടാനുള്ള മാര്‍ഗം സമീപഭാവിയില്‍ വന്നാലോ? എങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനായി തന്റെ ശരീരം സൂക്ഷിക്കപ്പെടണം. അതിനുള്ള കോടതിവിധി മരണത്തിന് തൊട്ടുമുമ്പ് നേടുന്നതില്‍ ലണ്ടന്‍ സ്വദേശയായ ഒരു 14 കാരി വിജയിച്ചു. 

മരണത്തിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വരാമെന്ന് കരുതി ശരീരം സൂക്ഷിച്ചുവെക്കുന്നവര്‍ ധാരാളമുണ്ട് അമേരിക്കയിലും റഷ്യയിലും. മരണശേഷം ശരീരം താഴ്ന്ന താപനിലയില്‍ ദ്രവരൂപത്തിലുള്ള നൈട്രജനില്‍ സൂക്ഷിക്കുകയാണ് ഇതിനായി ചെയ്യുക. ഈ നടപടി പക്ഷേ, മറ്റ് രാജ്യങ്ങളില്‍ നിയമവിരുദ്ധമാണ്. 

എങ്കിലും, അപൂര്‍വമായ കാന്‍സര്‍ ബാധിച്ച് മരണത്തോട് മല്ലിടുന്നതിനിടെ, ലണ്ടന്‍ സ്വദേശിയായ കുട്ടിക്ക്  ഇതിനുള്ള അവസരം കോടതി അനുവദിക്കുകയായിരുന്നു. 

ഒക്ടോബറിലാണ് പെണ്‍കുട്ടി മരിച്ചത്. അവളുടെ ശരീരം ശീതികരിച്ച് സൂക്ഷിക്കാനുള്ള അവകാശം പിതാവിനല്ല, മാതാവിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. 

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ശരീരം ശീതികരിച്ച് സൂക്ഷിക്കാന്‍ അമേരിക്കയിലേക്ക് കൊണ്ടുപോയി. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചവരെ ജീവിപ്പിക്കാനുള്ള ടെക്നോളജി മനുഷ്യന്‍ കണ്ടുപിടിക്കും എന്ന പ്രതീക്ഷയിലാണ് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിച്ചു വെയ്ക്കുന്നത്. 

മരണത്തിന് ശേഷം ശരീരം ഇത്തരത്തില്‍ സൂക്ഷിക്കാന്‍ ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ്. 

തനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ മരിക്കുമെന്ന് തനിക്കറിയാമെന്നും ചിലപ്പോള്‍ ഇത്തരത്തില്‍ ശരീരം സൂക്ഷിക്കുന്നതുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുവാനുള്ള എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തണമെന്നും കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ശരീരം ശീതികരിച്ച് സൂക്ഷിക്കുവാന്‍ കോടതി അനുമതി നല്‍കിയത്. 

പരീക്ഷണങ്ങള്‍ വിജയിച്ച് 200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതെങ്കിലും, പെണ്‍കുട്ടിക്ക് അന്ന് 14 വയസ്സ് മാത്രമെ പ്രായമുണ്ടാകൂ.