ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം എച്ച്1 എന്‍1 (പന്നിപ്പനി) മൂലം മരണപ്പെട്ടത് 2186 പേരെന്ന് ഔദ്യോഗിക കണക്കുകള്‍. രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി നവംബര്‍ 2017 വരെ റെക്കോര്‍ഡ് ചെയ്യപ്പെട്ട കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേല്‍ ആണ് ലോകസഭയില്‍ രേഖമൂലം എച്ച്1-എന്‍1 ബാധയെ കുറിച്ചുള്ള കണക്കുകള്‍ അവതരിപ്പിച്ചത്.

38,220 പേരില്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റെക്കോര്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ 752 പേര്‍ മഹാരാഷ്ട്രയില്‍ പന്നിപ്പനി മൂലം മരണപ്പെട്ടു. 

എച്ച്1 എന്‍1 ബാധയുടെ വ്യാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അതത് സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. 

രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും മരുന്നും എല്ലാ സംസ്ഥാനങ്ങളും ആവശ്യത്തിന് കരുതിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കുറവ് ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്രം അനുചിതമായി ഇടപെടുമെന്നും അവര്‍ വ്യക്തമാക്കി.