ചെറിയ പ്രായത്തില്‍ തന്നെ പക്ഷാഘാതം വരുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. എന്നാല്‍ പക്ഷാഘാതം വന്നാല്‍ അത് ഓര്‍മയെ പോലും ബാധിക്കുമെന്ന് പുതിയ പഠനം. സ്‌ട്രോക്ക് അഥവാ പക്ഷാഘാതം വരുന്നവര്‍ക്ക് ഡിമന്‍ഷ്യവരാനുള്ള സാധ്യത കൂടുതലാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്റിര്‍ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 

32 ലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇതു കൂടാതെ രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയും മറവി രോഗത്തിലേയ്ക്കു നയിക്കാം. യൂണിവേഴ്‌സിറ്റി ഓഫ് എക്‌സ്റ്റിര്‍ മെഡിക്കല്‍ സ്കൂളിന്റെ പഠനമനുസരിച്ച് പക്ഷാഘാതം വന്നവര്‍ക്കു മറവിരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച 70 ശതമാനത്തോളം കൂടുതലാണ്. എന്നാല്‍ പക്ഷാഘാതം വന്ന എല്ലാവര്‍ക്കും മറവിരോഗം വരണമെന്ന് നിര്‍ബന്ധമില്ല. 

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 15 ദശലക്ഷം ആളുകളാണ് ഒാരോ വര്‍ഷവും പക്ഷാഘാത ബാധിതരാവുന്നത്. മറവി ബാധിക്കുന്നവരുടെ എണ്ണം 50 ദശലക്ഷത്തോളമാണെന്നും കണക്കുകള്‍ പറയുന്നു. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യകള്‍ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. അല്‍ഷിമേഴ്‌സ് ആന്‍ഡ് ഡിമന്‍ഷ്യ ജേണലിലാണ് പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.

Content Highlights: Strokes are linked to dementia, increases risk of the brain disease