രോഗ്യത്തിനു ദോഷകരമായ 328 മരുന്നുസംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചു. ഇവയുള്‍പ്പെടുന്ന പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വില്‍ക്കാനോ സാധിക്കില്ല. കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് നിരോധനം. ഈ മരുന്നുകള്‍ക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പ്രമുഖ ബ്രാന്‍ഡുകളായ സറിഡോന്‍ (പിറമോള്‍), ടാക്‌സിം എ. ഇസഡ് (അല്‍ക്കേം ലബോറട്ടറീസ്), പാന്‍ഡേം പ്ലസ് ക്രീം (മക്ലിയോഡ്സ് ഫാര്‍മ) എന്നിവ നിരോധിച്ച മരുന്നുകളിലുള്‍പ്പെടുന്നു. ഇതോടെ ഇന്ത്യന്‍ ഔഷധ നിര്‍മാണ മേഖലയില്‍ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ടോ അതിലധികമോ ഔഷധച്ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍. ആരോഗ്യത്തിന് ഹാനികരമാകും വിധം മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് പല കമ്പനികളും മരുന്നുകള്‍ നിര്‍മിക്കുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രൊഫ. ചന്ദ്രകാന്ത് കോകാടെ സമിതി കണ്ടെത്തിയിരുന്നു.

സമിതിയുടെ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം 2016-ല്‍ 349 മരുന്നുസംയുക്തങ്ങള്‍ നിരോധിച്ചത്. ഇവയില്‍ 1988-നു മുന്‍പ് അംഗീകാരം ലഭിച്ച 15 മരുന്നുസംയുക്തങ്ങളും നിയന്ത്രണമേര്‍പ്പെടുത്തിയ ആറു മരുന്നുസംയുക്തങ്ങളും ഒഴികെയുള്ള എല്ലാ മരുന്നുകള്‍ക്കും നിരോധനം ബാധകമാണ്.

പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന ഗ്ലൂക്കോനോം-പി.ജി., ബഹുരാഷ്ട്ര മരുന്നുകമ്പനി അബോട്ടിന്റെ ട്രൈബെറ്റ്, ലുപിന്റെ ട്രൈപ്രൈഡ്, തുടങ്ങിയവ ഉള്‍പ്പെടുന്ന ആറു മരുന്നു സംയുക്തങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ചുമ, പനി എന്നിവയ്ക്കു സാധരണയായി ഉപയോഗിക്കുന്ന ഫെന്‍സെഡില്‍, ഡി-കോള്‍ഡ് ടോട്ടല്‍, ഗ്രിലിന്‍ക്റ്റസ് തുടങ്ങിയവയ്ക്കും നിരോധനമില്ല. 1988-നു മുമ്പ് അംഗീകാരം ലഭിച്ച പതിനഞ്ചു മരുന്നു സംയുക്തങ്ങളെ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്.

നിയന്ത്രണമേര്‍പ്പെടുത്തിയ മരുന്നു സംയുക്തങ്ങള്‍

1. അമോക്‌സിലിന്‍ 250 എം.ജി.+ പൊട്ടാസ്യം ക്ലാവുലനേറ്റ് ഡൈലേറ്റഡ് 62.5 എം.ജി.

2. ഗ്ലിമെപിറൈഡ് + പയോഗ്ലിറ്റസോണ്‍ + മെറ്റ്ഫോര്‍മിന്‍

3. ഗ്ലൈബെന്‍ക്ലാമൈഡ് + മെറ്റ്ഫോര്‍മിന്‍ (എസ്.ആര്‍.) + പയോഗ്ലിറ്റസോണ്‍

4. ബെന്‍സോക്‌സോണിയം ക്ലോറൈഡ് + ലൈഡോകെയ്ന്‍

5. പാരസെറ്റമോള്‍ + പ്രോക്ലോപെറാസിന്‍ 

 

content highlight: Saridon Banned, D Cold Total Exempted As Health Ministry Bans 328 Fixed Drug Combinations Due To Safety Concerns