കൊച്ചി: അസ്ഥിരോഗ ചികിത്സയില്‍ സുപ്രധാന കണ്ടുപിടിത്തത്തിന്റെ പടിവാതില്‍ക്കലാണ് ഗവേഷകര്‍. പല്ലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതുപോലെ എല്ലുകളും ചേര്‍ക്കാന്‍ കഴിയുന്ന പശ കണ്ടെത്താനുള്ള ഗവേഷണമാണ് ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലേക്കെത്തുന്നത്. വിജയംവരിച്ചാല്‍ ചികിത്സയിലെ ചെലവും സമയവും ഏറെ കുറയ്ക്കാനാകും. എന്നാല്‍, ഇന്നത്തെ ചികിത്സാരീതികള്‍ക്ക് മുഴുവന്‍ പകരമാകണമെങ്കില്‍ ഇനിയും ഏറെ മുന്നേറാനുണ്ട്.

സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും കരോലിന്‍സ്‌ക മെഡിക്കല്‍ സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഗവേഷണത്തിനുപിന്നില്‍. ദന്തചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പശയുടെ സ്വഭാവമുള്ളതാണ് പുതിയ വസ്തു. വെള്ളത്തിന്റെയും ഓക്‌സിജന്റെയും സമ്പര്‍ക്കത്തില്‍ കട്ടികൂടുമെന്നതാണ് ദന്തചികിത്സയിലെ പശയുടെ പ്രത്യേകത. ഈ സവിശേഷതകള്‍ നിലനിര്‍ത്തുമ്പോള്‍ 55 ശതമാനം കൂടുതല്‍ കട്ടിയുള്ളതാകും പുതിയ പശയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതായും ഇവര്‍ അറിയിച്ചു.

വയോജനങ്ങളില്‍ അസ്ഥിക്ഷയം കൂടുതലായ സാഹചര്യത്തില്‍ കണ്ടുപിടിത്തത്തിന് വലിയ പ്രസക്തിയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മൈക്കല്‍ മാല്‍ക്കോവ് പറയുന്നു. സങ്കീര്‍ണവും ഏറെ ക്ലിഷ്ടവുമായ അസ്ഥിക്ഷതങ്ങളുടെ ചികിത്സയിലെ പ്രശ്‌നങ്ങള്‍ പലതും ഒഴിവാക്കാന്‍ പുതിയ പശ സഹായിക്കും. ലോഹനിര്‍മിത ആണികളും തകിടുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുമാകും.

മൂന്നുപാളികളായാണ് പശയുടെ ഉപയോഗം. പ്രൈമറിന്റെ സ്വഭാവമുള്ള വസ്തുവാണ് ആദ്യം എല്ലുകള്‍ക്ക് മുകളില്‍ പുരട്ടുക. തുടര്‍ന്ന് നാരുകളാല്‍ സമൃദ്ധമായ പാളി പരിക്കുപറ്റിയ ഭാഗത്ത് പ്രയോഗിക്കും. ഇതിനുമുകളില്‍ ഒട്ടിപ്പിടിക്കുന്നതായ മൂന്നാമത്തെ പാളി സ്ഥാപിച്ച് എല്‍.ഇ.ഡി. വെളിച്ചത്തിന്റെ സഹായത്തോടെ പശ ഉണക്കും. എല്ലാത്തിനുംകൂടി പരമാവധി അഞ്ചുമിനിറ്റ് മാത്രമാണെടുക്കുകയെന്നും മൈക്കല്‍ പറയുന്നു.

ഇനിയുമേറെ പോകാനുണ്ട്

ഏറെക്കാലത്തെ ഗവേഷണങ്ങള്‍ ഫലപ്രാപ്തിയിലേക്കെന്ന സൂചനയാണിത്. ഒടിവുള്ള സ്ഥലങ്ങള്‍ ലോഹനിര്‍മിത വസ്തുക്കളുപയോഗിച്ച് ബന്ധിപ്പിച്ച് അവിടെ എല്ലുവളര്‍ന്നുമൂടാന്‍ അനുവദിക്കുന്നതാണിപ്പോഴത്തെ രീതി. ഇതിനു പൂര്‍ണമായും പകരമാകില്ല പുതിയ സംവിധാനം. എന്നാല്‍, പല സങ്കീര്‍ണാവസ്ഥകളും പരിഹരിക്കാന്‍ ഇതുപകരിക്കും.-ഡോ. എ.വി. ജയകൃഷ്ണന്‍, ഓര്‍ത്തോപീഡിക് ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജന്‍,ഇ.എം.എസ്. ആശുപത്രി, പെരിന്തല്‍മണ്ണ